കോടികൾ കൊയ്യുന്നുണ്ടോ അക്കരപ്പോകുന്ന മക്കൾ?, അപ്പന്റെ സിബിൽ സ്കോർ ഉയർത്തുന്ന ചില ചോദ്യങ്ങൾ

മല്ലു യൂത്ത്സ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ രണ്ട് പ്രശ്നങ്ങളാണ് സപ്ലിയും അപ്പന്മാരുടെ സിബില്‍ സ്‌കോറും. സപ്ലി തീര്‍ത്ത് വിദേശത്തേക്ക് കടക്കാമെന്ന് വച്ചാല്‍ അപ്പന്മാരുടെ കയ്യില്‍ പണമില്ല. ഇനി വിദ്യാഭ്യാസ വായ്പ എടുക്കാമെന്ന് വെ്ച്ചാല്‍ വായ്പ കിട്ടാനുള്ള ക്രഡിറ്റ് സ്‌കോറുമില്ല. നല്ല സ്‌കോറൊക്കെ കൊണ്ടുപോയി നശിപ്പിച്ചില്ലേ അച്ഛാ എന്ന് പിള്ളേര്‍ കുറ്റപ്പെടുത്തുമ്പോള്‍ അവരോര്‍ക്കില്ല പിള്ളാരെ പ്രൊഫഷണല്‍ വിദ്യാഭ്യാസം ചെയ്യിച്ചാണ് അപ്പന്മാരുടെ ക്രഡിറ്റ് സ്‌കോറൊക്കെ പോയതെന്ന്. പൊട്ടക്കണ്ണടയും ഒറ്റച്ചെരുപ്പും തേച്ച് തേച്ച് പിഞ്ഞിയ ഷര്‍ട്ടുമൊക്കെ ഇട്ട് എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ പോലെ ജീവിക്കുന്ന മിഡില്‍ ക്ലാസ് അച്ഛന്മാരുണ്ടോ അറിയുന്നു മക്കളുടെ ഭാവിയില്‍ തന്റെ ക്രഡിറ്റ് സ്‌കോര്‍ വിലങ്ങുതടിയാകുമെന്ന്. മക്കള്‍ക്ക് ലാപ്‌ടോപ്പും സാംസങ് ഫോണുമൊക്കെ വാങ്ങിക്കൊടുക്കുമ്പോള്‍ മുണ്ടു മാത്രമല്ല മുറുക്കിയുടുക്കേണ്ടിവരുന്നത്. ഇഎംഐ അടവുമൊക്കെ തെറ്റും. ഇത്തവണ നടക്കില്ല. അടുത്ത തവണ അതുകൂടി ചേര്‍ത്ത് ഇഎംഐ അടയ്ക്കാമെന്ന്് കരുതും. പക്ഷേ അടവ് തെറ്റും. ഇത്തരത്തിലുള്ള വായ്പ അടവ് പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി തെറ്റുമ്പോള്‍ ക്രഡിറ്റ് സ്‌കോറും തെറ്റും.
ഇനി മക്കളെ വായ്പയെടുത്ത് വിദ്യാഭ്യാസം ചെയ്യിപ്പിച്ച അപ്പന്മാരുടെ കാര്യമാണ് എങ്കില്‍ ഇതിനേക്കാള്‍ കഷ്ടമാണ്. പിള്ളാര് പഠിച്ച് ജോലി നേടിയെങ്കിലും വായ്പ ഇഎംഐ അടയ്ക്കാനുള്ള ശമ്പളം പോലും പലര്‍ക്കും ലഭിക്കുന്നില്ല. എല്ലാം ശരിയാകും എന്ന പ്രതീക്ഷയില്‍ പല ഇഎംഐയുടെ കൂടെ ഇത്തരം വിദ്യാഭ്യാസ വായ്പയുടെ ഇഎംഐ കൂടി അടച്ച് കാലം കഴിക്കുകയാണ് അവര്‍.
Content Highlights: Kerala education loan overseas education student loan financial crisis middle class India