അറിവിന്റെ മാമാങ്കമായ കടവല്ലൂര്‍ അന്യോന്യം

പാശ്ചാത്യലോകം കിഴക്കിനോടു കടപ്പെട്ടിരിക്കുന്ന ഏറ്റവും വിലപിടിച്ച സമ്മാനം ഭാരതത്തിന്റെ വേദങ്ങളാണെന്നു വിളിച്ചുപറഞ്ഞത് ഫ്രഞ്ച് തത്വചിന്തകനായ വോള്‍ട്ടയറായിരുന്നു. വേദങ്ങളില്‍ ഏറ്റവും പ്രധാനം ഋഗ്വേദവും. ലോകത്തെ അറിവിന്റെ ആദ്യ സമാഹാരമായ ഋഗ്വേദം സഹസ്രാബ്ധങ്ങളായി ഇവിടെ നിലനില്‍ക്കുന്നുണ്ട്. വേദപാഠശാലകളും വേദപരീക്ഷകളും രാജ്യത്ത് പലയിടങ്ങളിലും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ തികച്ചും വ്യത്യസ്തമാണ് കേരളീയ പാരമ്പര്യം.
കൈ കൊണ്ട് മുദ്ര കാട്ടിയും തലയാട്ടിയും അര്‍ത്ഥം തെറ്റാതെ പ്രത്യേക രീതിയില്‍ ഋക്ക് ചൊല്ലുന്ന രീതി കേരളീയ വേദപഠന പാരമ്പര്യത്തിന്റെ പ്രത്യേകതയാണ്. ഈ ആലാപനരീതിയാണ് വിഖ്യാതമായ കടവല്ലൂര്‍ അന്യോന്യത്തില്‍ പരീക്ഷിക്കുന്നത്. കേരളത്തിലെ വേദബ്രാഹ്‌മണന്മാരുടെ മത്സരപരീക്ഷയാണ് കടവല്ലൂര്‍ അന്യോന്യം. ഇത് ഒരു തരത്തില്‍ വേദോച്ചാരണം അല്ലെങ്കില്‍ വേദപാരായണ മത്സരമാണെന്നും പറയാം. കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂരില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ഋഗ്വേദ പാരായണ മത്സരമാണ് കടവല്ലൂര്‍ അന്യോന്യം. അധികാരം നിലനിര്‍ത്താന്‍ പണ്ട് ഭാരതപ്പുഴയുടെ തീരത്ത്, തിരുനാവായ മണപ്പുറത്ത് മാമാങ്കത്തില്‍ ഏറ്റുമുട്ടിയിരുന്നതു സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മിലായിരുന്നുവെങ്കില്‍ അറിവിന്റെ മാമാങ്കമായ കടവല്ലൂര്‍ അന്യോന്യത്തില്‍ ഏറ്റുമുട്ടുന്നത് സാമൂതിരി രാജ്യത്തിന്റെ വേദ മികവും കൊച്ചിരാജ്യത്തിന്റെ വൈദിക പാരമ്പര്യവുമാണ്.
Content Highlights: Kadavalloor Anyonyam Vedic recitation Kerala Brahmin competition ritual tradition Rigveda Thrissur