ഏറുമാടങ്ങളിൽ ഇരുന്നല്ല കാട്ടുകൊമ്പന്മാരെ വെടിവയ്ക്കുന്നത്, ദാ,ഇങ്ങനെ നേർക്കുനേർ നിന്ന് | വനപർവ്വം11

സാധാരണ അറസ്റ്റ് ചെയ്യുമ്പോൾ കൃത്യസ്ഥലത്തുവച്ചുതന്നെ പ്രതികളിൽനിന്ന് മൊഴി രേഖപ്പെടുത്തി വാങ്ങാറുണ്ട്. കാട്ടിനകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളായതിനാൽത്തന്നെ വനം കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന പ്രതികളുടെ മൊഴി രേഖപ്പെടുത്തുമ്പോൾ പുറത്തുനിന്നുള്ള സാക്ഷികളുടെ സാന്നിധ്യം ആവശ്യമില്ല. (സാധാരണയായി കുറ്റകൃത്യം നടക്കുന്ന കാടിനകത്തു സാക്ഷികളായി വനം വകുപ്പ് ഉദ്യോഗസ്ഥന്മാരല്ലാതെ ആരും കാണുകയും ഇല്ലല്ലോ.) പോലീസ് കേസുകളിലേതിന് വിഭിന്നമായി വനം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അത്തരത്തിൽ കുറ്റാരോപിതരിൽനിന്നും എടുക്കുന്ന കുറ്റസമ്മതമൊഴികൾ 'തെളിവായി' കോടതികൾ പരിഗണിക്കുകയും ചെയ്യും എന്നൊരു മെച്ചവുമുണ്ട്.
എന്തായാലും ഇപ്പോൾ റാഫിക്ക് എന്നെ തീരെ ഭയമില്ല തന്നെ. ഞാൻ മൊഴി രേഖപ്പെടുത്തുമെന്നും അത് കോടതിയിൽ ഉപയോഗിക്കുമെന്നും അയാൾ വിശ്വസിക്കുന്നുമില്ല. കാരണം, ഞാനതിന് മുമ്പ് തന്നെ എന്റെ സുഹൃത്തായ വാർഡ് മെമ്പർ മുഖേന അയാളോടത് വ്യക്തമായി പറഞ്ഞിരുന്നു. എനിക്ക് നടന്ന കാര്യങ്ങൾ അറിഞ്ഞാൽ മാത്രം മതി.