ഭക്തിഗാനം സൃഷ്ടിക്കാൻ ഭക്തനാവണോ? 'കണികാണും നേരം' പിറന്ന കഥ

'കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി'' എന്ന സ്തോത്രമില്ലാതെ മലയാളികള്‍ക്കെന്ത് വിഷു?തലമുറകളില്‍ നിന്ന് തലമുറകളിലേക്കൊഴുകി അനശ്വരത നേടിയ ഈ ലളിതസുന്ദര ഭക്തിഗീതം പാടുമ്പോള്‍ അതിന് ഈണമിട്ട ഈശ്വരവിശ്വാസിയല്ലാത്ത ഒരു മഹാസംഗീതകാരനെയും നമുക്കോര്‍ക്കാം- ജി ദേവരാജനെ. പൂന്താനം രചിച്ചതെന്ന് കരുതപ്പെടുന്ന ഈ കൃഷ്ണസ്തുതി ഇന്ന് പാടിക്കേള്‍ക്കുന്ന മട്ടില്‍ ചിട്ടപ്പെടുത്തിയത് ദേവരാജന്‍ മാസ്റ്ററാണ് - 1964 ല്‍ പുറത്തിറങ്ങിയ 'ഓമനക്കുട്ടന് '' എന്ന ചിത്രത്തിനു വേണ്ടി. കുട്ടിക്കാലത്ത് ദിവസവും വെളുപ്പിന് അമ്മ ചൊല്ലിക്കേട്ടിരുന്ന സ്തോത്രം ഈണവും താളവും ചെറുതായി മാറ്റി 'തേച്ചുമിനുക്കി'' സിനിമയില്‍ ഉപയോഗിക്കുകയായിരുന്നു മാസ്റ്റര്‍.
'അമ്മ വലിയ ദൈവഭക്തയായിരുന്നു. സംഗീതബോധവും താളബോധവും കുറവെങ്കിലും സ്തോത്രങ്ങളും ശ്ലോകങ്ങളും മറ്റും അവരുടേതായ രീതിയില്‍ ചൊല്ലും. അക്കാലത്ത് അമ്മ പാടിക്കേട്ട ഒരു സ്തോത്രത്തിന്റെ ഓര്‍മ്മയിലാണ് ഞാന്‍ 'കണികാണും നേരം'' ചിട്ടപ്പെടുത്തിയത്. ചടുലതാളത്തിലാണ് അമ്മ ആ സ്തുതി ചൊല്ലുക. ഭക്തിഗാനത്തിനിണങ്ങും വിധം സിനിമക്കുവേണ്ടി ഞാനത് കുറച്ചു മന്ദതാളത്തിലാക്കി.'' - ദേവരാജന്‍ മാസ്റ്ററുടെ ഓര്‍മ്മ. 'ഓമനക്കുട്ട''നില് പി ലീലയും രേണുകയും ചേര്‍ന്നാണ് ഈ ഗാനം പാടിയത്.
Content Highlights: The story behind iconic Malayalam devotional songs composed by G. Devarajan, a non-believer