അര്‍ണോസ് പാതിരി: ഭാരതീയ സംസ്‌കൃതിയെ സ്നേഹിച്ച വൈദികന്‍

ഭാരത സംസ്‌കാരത്തിന്റെ കവാടങ്ങള്‍ യൂറോപ്പിന് ശാസ്ത്രിയമായി തുറന്നുകൊടുത്ത ജര്‍മ്മന്‍ ഈശോ സഭ വൈദികനായിരുന്നു അര്‍ണോസ് പാതിരി. 1681ല്‍ ജര്‍മ്മനിലെ ഓഷ്നാം ബ്രൂക്കിനടുത്തുള്ള ഓസ്റ്റര്‍ കാപ്നം എന്ന സ്ഥലത്ത് ജനിച്ച അര്‍ണോസ് 1699ല്‍ ആണ് ഭാരതത്തിലെ സൂറത്തിൽ എത്തുന്നത്. അവിടെനിന്ന് 1701ല്‍ കേരളത്തില്‍ എത്തി. മലയാളത്തില്‍ വ്യാകരണവും നിഘണ്ടുവും രചിച്ച അര്‍ണോസ് പാതിരി കേരളത്തില്‍ എത്തി ആദ്യം താമസിച്ചത് ചാലക്കുടി അമ്പഴക്കാടിനടുത്തുള്ള സമ്പാളൂരിലാണ്. തൃശ്ശൂര്‍ ജില്ലയില്‍ ഈശോസഭ വൈദിക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുവാന്‍ സമ്പാളൂരില്‍ സ്ഥാപിച്ച സെമിനാരിയില്‍ ആയിരുന്നു താമസം. അര്‍ണോസ് തന്റെ വൈദികപഠനം പൂര്‍ത്തിയാക്കിയതും ആദ്യ ദിവ്യബലി സമര്‍പ്പിച്ചതും ഇവിടെ വെച്ചായിരുന്നു.
അന്ന് കേരളത്തില്‍ സംസ്‌കൃത പണ്ഡിതന്‍മാരുടെ കേന്ദ്രസ്ഥാനങ്ങളില്‍ ഒന്ന് തൃശ്ശിവപേരൂര്‍ എന്ന തൃശ്ശൂരായിരുന്നു. തൃശ്ശൂരില്‍ അക്കാലത്ത് പ്രസിദ്ധമായ ഒരു പണ്ഡിത പരിഷത്ത് നിലനിന്നിരുതായി പ്രാചീനരേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ പരിഷത്തിനെ തൃശ്ശിവപേരൂര്‍ സര്‍വ്വകലാശാലയെന്നും വിളിച്ചിരുന്നുന്നവത്രെ. സംസ്‌കൃത പണ്ഠിതന്‍മാരായിരുന്ന അവരില്‍ ചിലരെ തിരിഞ്ഞുപിടിച്ച് പരിചയപ്പെട്ട് നൂറു ശതമാനവും ശിഷ്യപ്പെട്ട് അവരില്‍ നിന്നാണ് അര്‍ണോസ് പാതിരി സംസ്‌കൃതവും മലയാളവും പഠിച്ചത്. ഈ അറിവ് ഉപയോഗിച്ചാണ് അര്‍ണോസ് മലയാളത്തിലെ ആദ്യത്തെ വ്യാകരണവും നിഖണ്ഡുവും രചിച്ചത്. തൃശ്ശൂരിനടുത്തുള്ള വേലൂര്‍ പള്ളിമേടയില്‍ താമസിച്ചുകൊണ്ടായിരുന്നു രചന. വിദേശീയരായ ക്രിസ്ത്യാനികളില്‍ കവിത്വം കൊണ്ട് പ്രഥമഗണനീയനായി ശോഭിക്കുന്നത് അര്‍ണോസ് പാതിരിയാണ് എന്ന് മഹാകവി ഉള്ളൂരും മലയാളത്തില്‍ കവിതയെഴുതിയ ഏക വിദേശ മിഷനറി അര്‍ണോസ് പാതിരിയാണ് എന്ന് ശൂരനാട് കുഞ്ഞന്‍പിള്ളയും അഭിപ്രായപ്പെട്ടിട്ടുണ്ട്.
Content Highlights: Father Arnos Arnos Paathiri Jesuit priest Malayalam grammar Sanskrit scholar Kerala literature India