'ടിറ്റു കുരച്ച് തോണ്ടിയത് കൊണ്ട് മാത്രമാണ് ഈ കഥ പറയാന്‍ ഇവിടെ എത്തിയത് ഇല്ലെങ്കില്‍ ഞങ്ങളും പോയേനെ'

സന്ധ്യാരാഗം
#ബി. സന്ധ്യ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഉരുള്‍പൊട്ടലിനെ കുറിച്ചുള്ള ഓര്‍മ്മ... അച്ഛന്റെ ലാബില്‍ പ്രാക്ടീസിനായി വരുന്ന പ്രിയചേച്ചി ഒരാഴ്ചയായി ലാബില്‍ വരുന്നില്ല. മേലുകാവില്‍ ഉരുള്‍പൊട്ടലുണ്ടായി എന്ന വാര്‍ത്ത പാലായിലും എത്തിയിരുന്നു. അതു കൊണ്ട് ചേച്ചി വരാത്തതില്‍ ഞങ്ങളൊക്കെ അല്പം ആശങ്കയിലാണ്. പിന്നത്തെ തിങ്കളാഴ്്ച ചേച്ചിയെത്തി. 'ഞങ്ങളുടെ ടിറ്റു കാരണം ഞങ്ങളൊക്കെ ഇന്നു ജീവനോടെയിരിക്കുന്നു. നാട്ടില്‍ ഒരുപാട് നാശനഷ്ടങ്ങളാണ്. കൃഷിയും വീടുമൊക്കെ പലര്‍ക്കും നഷ്ടപ്പെട്ടു'. 'ടിറ്റു എങ്ങനെയാ ചേച്ചീ നിങ്ങളെ രക്ഷിച്ചത്?' അന്നെന്റെ ചോദ്യം. 'അതോ ഞങ്ങളെല്ലാം നല്ല ഉറക്കത്തിലായിരുന്നു. ടിറ്റു കുരച്ചുകൊണ്ടുവന്ന് ഞങ്ങളെ ഓരോരുത്തരെയും തോണ്ടി വിളിച്ചു. ടിറ്റൂനെന്തുപറ്റി എന്നു ചോദിച്ചോണ്ടു ചാച്ചനെണീറ്റു. ഞങ്ങളെല്ലാം പിറകേ എണീറ്റു. ടിറ്റു ഉറക്കെ കുരച്ചുകൊണ്ടു മുറ്റത്തേക്ക് ചാടി. അവന്റെ വെപ്രാളം കണ്ട് ഞങ്ങളും കാര്യമറിയാനായി പുറത്തേക്കിറങ്ങി അവന്റെ പിന്നാലെ വേഗം ഓടി. കുറ്റാക്കുറ്റിരുട്ടില്‍ ചാച്ചന്റെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഭീകരമായ ഒച്ചയോടെ ഞങ്ങളുടെ വീടപ്പാടെ ഇടിച്ചു നിലംപറ്റിച്ചു കൊണ്ട് വലിയ പാറക്കല്ലുകള്‍ വന്നുവീണു. ടിറ്റു വന്ന് വീണ്ടും വീണ്ടും തോണ്ടി വിളിച്ചപ്പോള്‍ കിടന്നുറങ്ങെടാ എന്നവനോട് ഞാന്‍ പറഞ്ഞതാ. പക്ഷേ, അവന്‍ ദേഷ്യപ്പെട്ട് കുരച്ച് തോണ്ടിയത് കൊണ്ട് മാത്രം പുറത്തേക്കിറങ്ങിയതാ. അതുകൊണ്ട് ഈ കഥ പറയാന്‍ ഞാനിന്നിവിടെ എത്തി. ഞങ്ങളെല്ലാം പോയേനേ... ടിറ്റു ഇല്ലായിരുന്നെങ്കില്‍! ഞങ്ങള്‍ക്കുള്ളതൊക്കെ പോയെങ്കിലും ഞങ്ങളു ജീവിച്ചല്ലോ! ഞങ്ങടെ പൊന്നു ടിറ്റൂന്റെ രൂപത്തിലാ ഈശ്വരന്‍ ഞങ്ങളെ രക്ഷിച്ചത്!'

കനത്തമഴ ദിവസങ്ങളോളം തുടരുമ്പോള്‍ മീനച്ചിലാറ്റിലെ വെള്ളമൊക്കെ കലങ്ങിമറിയും. പെട്ടെന്ന് ആറ്റിലെ വെള്ളം ക്രമാതീതമായി ഉയര്‍ന്നാല്‍ മുതിര്‍ന്നവര്‍ പറയും, കിഴക്കെങ്ങോ ഉരുളു പൊട്ടിക്കാണും. പാറപിളര്‍ന്നു മലവെള്ളം കുത്തിയൊലിക്കുന്ന പ്രതിഭാസം എന്നു വിശദീകരണം ചോദിച്ചാല്‍ ഉത്തരം. എങ്കിലും വെള്ളപ്പൊക്കം കുട്ടിക്കാലത്ത് ഒരു ഭീതിദമായ അനുഭവമല്ല. അതൊരു ആഘോഷമായിരുന്നു. രാത്രി ഉറക്കമിളച്ചിരുന്ന് വെള്ളത്തിന്റെ വരവ് ശ്രദ്ധിക്കുക, വിലപ്പിടിപ്പുള്ള സാധനങ്ങള്‍ തട്ടിന്‍ മുകളില്‍ കയറ്റിവെയ്ക്കുക, ചായ്പ്പില്‍ കെട്ടിവെച്ചിരിക്കുന്ന വള്ളം താഴെയിറക്കുക തുടങ്ങിയവയൊക്കെ കുട്ടികള്‍ക്ക് വളരെ ഉത്സാഹമുള്ള കാര്യങ്ങളാണ്. പിറ്റേന്നു സ്‌കൂള്‍ കാണില്ല. വള്ളമിറക്കി വരവുവെള്ളത്തില്‍ കളിയ്ക്കാം എന്നതു തന്നെ വലിയ ഉത്സാഹമുണ്ടാക്കുന്ന പ്രതീക്ഷയാണ്. പ്രതീക്ഷിച്ച പോലെ വെള്ളം പൊങ്ങാതിരുന്നാല്‍ മുതിര്‍ന്നവര്‍ക്ക് ആശ്വാസം. കുട്ടികള്‍ക്ക് ഗൂഢമായ നിരാശ.
 
മലവെള്ളത്തില്‍ ഒഴുകി വരുന്ന പ്ലാസ്റ്റിക്കില്ല. ഇടയ്ക്ക് ഒഴുകി വരുന്ന അറവുശാലയിലെ മാലിന്യം കണ്ട ഓര്‍മയുണ്ട്. അത് നിമിഷങ്ങള്‍ക്കകം മറയും. ചത്ത ചില കന്നുകാലികളെ കണ്ടതുമോര്‍ക്കുന്നു. ആരോ വളര്‍ത്തിയ കന്നുകാലികള്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയതാണല്ലോ എന്നോര്‍ത്ത് സങ്കടവും വന്നിട്ടുണ്ട്. എങ്കിലും വെള്ളപ്പൊക്കം നാട്ടിലാകെ ഉത്സാഹം വിതറുന്ന ഓര്‍മ്മയാണ് മുന്നിട്ടുനില്‍ക്കുന്നത്. മുതിര്‍ന്നശേഷം എ.എസ്.പി.യായും എസ്.പി.യായും ആലത്തൂരും കൊല്ലത്തും തൃശൂരുമൊക്കെ വലിയ വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോഴും മലവെള്ളം കുട്ടിക്കാലത്തേ പരിചയമുള്ളതിനാല്‍ അറപ്പോ പേടിയോ ഉളവാക്കിയിട്ടില്ല. ജലം കൊണ്ട് മുറിവേറ്റവരെ രക്ഷിക്കുക, ചേര്‍ത്തുപിടിക്കുക എന്നതിനപ്പുറം അതില്‍ വലിയ ആശങ്കയും തോന്നിയിട്ടില്ല. എന്നാല്‍ പുതിയ നൂറ്റാണ്ടിന്റെ പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും നമ്മുടെ നാടിനുണ്ടായ മാറ്റങ്ങള്‍ എത്ര ഭീകരമായിത്തീര്‍ന്നു! വെള്ളത്തിലിറങ്ങേണ്ടി വന്നാല്‍ ദേഹമാകെ എത്ര കഴുകിയാലും പോകാത്ത മാലിന്യം പറ്റിയെന്ന തോന്നല്‍. എലിപ്പനി വരാതിരിക്കാനുള്ള ടാബ്ലറ്റ് കഴിക്കാന്‍ സേനാംഗങ്ങളോട് പറയേണ്ട അവസ്ഥ. 2018 ലെ പ്രളയത്തോടെ വെള്ളപ്പൊക്കം അതീവ ദുഃഖകരമായ ഓര്‍മ്മയായി... ഒരിക്കല്‍ ഏറ്റവുമധികം ഉത്സാഹം മനസ്സില്‍ നിറച്ചിരുന്ന പ്രതിഭാസം ജീവിതസമരത്തിലെ ഏറ്റവും വിഷമം പിടിച്ച അധ്യായമായി മാറി. പ്രളയശേഷം ആറ്റുതീരത്തുകൂടി സഞ്ചരിച്ചാല്‍ ആറ്റുവഞ്ചിപ്പടര്‍പ്പിലും മരങ്ങളിലും തൂങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് നല്‍കുന്ന ജുഗുപ്സാവഹമായ കാഴ്ച തീരങ്ങളില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ കുറിച്ചുള്ള ദുഃഖിപ്പിക്കുന്ന ഓര്‍മ്മ. കാലവും നാടും എത്ര മാറിപ്പോയി.

Content Highlights: DGP B Sandhya, landslide, flood, mundakkai, chooralmala, fire and rescue

Continue reading