ശാസനങ്ങളില്‍ ഉറങ്ങി കിടക്കുന്നുണ്ട് പുരാതന കേരളത്തിന്റെ ചരിത്രം

#ജി.വേണുഗോപാൽ
നെടുമ്പ്രയൂര്‍ തളി ക്ഷേത്രത്തിലെ ശാസനം
നെടുമ്പ്രയൂര്‍ തളി ക്ഷേത്രത്തിലെ ശാസനം

ഴയകാല ഗ്രന്ഥങ്ങള്‍, രാജ്യത്ത് നിലനിന്നിരുന്ന പഴയകാല നാണയങ്ങള്‍, പ്രശസ്തമായ സ്മാരകങ്ങള്‍, മണ്ണിനടിയില്‍ നിന്ന് ലഭിച്ച പഴയകാല വിഗ്രഹങ്ങള്‍, ഉപകരണങ്ങള്‍, ഭരണികള്‍, ലോഹ അവശിഷ്ടങ്ങള്‍, ഗുഹകള്‍, കോട്ടകൊത്തളങ്ങള്‍, ക്ഷേത്രങ്ങളുടെ മുമ്പിലും പൊതുസ്ഥലങ്ങളിലും കൊത്തിവച്ചിരിക്കുന്ന ശാസനങ്ങള്‍ തുടങ്ങി നമ്മുടെ പ്രാചീന ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്ന ധാരാളം സ്രോതസ്സുകളുണ്ട്. ഗ്രന്ഥങ്ങള്‍, നാണയങ്ങള്‍, പഴയകാലകൊട്ടാരങ്ങള്‍, പഴയകാല ആയുധങ്ങള്‍ തുടങ്ങിയ നിരവധി ഉപാധാന വസ്തുക്കളെ പോലെത്തന്നെ ചരിത്രത്തെക്കുറിച്ച് വെളിച്ചം വീശുന്ന മറ്റൊരു പ്രധാന രേഖ ശാസനങ്ങളാണ്. കല്ലേപിളര്‍ക്കുന്ന കല്‍പ്പനകള്‍ പുറപ്പെടുവിച്ച ഭരണാധികാരികള്‍ തങ്ങളുടേതായ അധീശത്വം ഊട്ടിയുറപ്പിക്കാന്‍ വേണ്ടി കല്‍പ്പനകള്‍ പുറപ്പെടുവിച്ചിരിക്കുന്നു. നാടുവാഴികളുടെ അഥവാ ദേശാധികാരികളുടെ ഇത്തരം കല്പനകളാണ് ശാസനങ്ങളുടെ ഉള്ളടക്കം.

ഭാഷയുടെ വരമൊഴി രൂപത്തിലുള്ള പ്രാചീനരേഖകളായി ശാസനങ്ങളെ കണക്കാക്കുന്നു. ഗദ്യഭാഷയുടെ ആദ്യകാല മാതൃകകളാണിവ. പുരാതനശാസനങ്ങള്‍ എല്ലാം കല്ലിലോ, ചെമ്പുതകിടിലോ ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. കല്ലില്‍ രേഖപ്പെടുത്തിയിരുന്ന ശാസനങ്ങള്‍ ശിലാശാസനങ്ങളെന്നും ചെമ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നവ താമ്രശാസനങ്ങള്‍ അഥവാ ചെപ്പേടുകള്‍ എന്നും അറിയപ്പെട്ടു. തരീസാപ്പള്ളി ശാസനം എന്നറിയപ്പെടുന്ന കോട്ടയം ചെപ്പേടും എ.ഡി ഒമ്പതാം ശതകത്തിലെ രാജശേഖരന്റെ വാഴപ്പിള്ളി ശാസനവും കോതഇരവിയുടെ അവിട്ടത്തൂര്‍ ശാസനവും തിരുവടിക്കോട് ശാസനം, കണ്ടിയൂര്‍ ശാസനം, കേരളപുരം ശാസനം, കല്‍ക്കുളം ശാസനം, പാലയൂര്‍ പട്ടയം, തിരുവല്ല ശാസനം, പാലിയം ശാസനം, വെള്ളായണി ശാസനം, മാമ്പിള്ളി ശാസനം, മണലിക്കര ശാസനം തുടങ്ങി പ്രാചീന കേരളത്തിന്റെ ഏടുകളില്‍ കണ്ടെത്തിയിട്ടുള്ള ശാസനങ്ങള്‍ നിരവധിയാണ്. അക്കാലത്ത് നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക വ്യവസ്ഥിതിയുടെ പരിച്ഛേദം ശാസനങ്ങളില്‍ വ്യക്തമാകുന്നു. ചരിത്രത്തിന്റെ നാള്‍വഴികളില്‍ സംഭവിച്ച ഗതിവിഗതികളെ ശാസനങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയും.

Content Highlights: ancient inscriptions of kerala, kerala history

Continue reading