'എത്ര ആണുങ്ങളുണ്ടാകും കുട്ടികൾ അപ്പിയിട്ടാ കഴുകാനറിയുന്നവർ? എണ്ണിയെടുക്കാന്‍ പറ്റും അല്ലേ'

വീട് അടച്ചുപൂട്ടി, സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് ജയശ്രീ ടീച്ചര്‍ക്ക് മോട്ടര്‍ ഓഫ് ചെയ്തില്ലെന്ന ഓര്‍മ വന്നത്. അല്ലെങ്കിലേ വൈകി... വീണ്ടും വീട് തുറന്ന് അകത്തുകയറി എല്ലാ സ്വിച്ചും ഓഫാണെന്ന് ഉറപ്പിച്ചു. അങ്ങനെയും പത്തു മിനിറ്റ് വൈകി. റോഡിലെ ട്രാഫിക്കും താണ്ടി സെമിനാര്‍ ഹാളിലെത്തിയപ്പോള്‍ സ്വാഗതപ്രസംഗം കേട്ടു. ബൈക്ക് സ്റ്റാന്‍ഡില്‍ വയ്ക്കുമ്പോള്‍ സൗദ ഓട്ടോ ഇറങ്ങി. ചായയും വടയും കേക്കുമുള്ള പാത്രങ്ങള്‍ താഴെയിറക്കുന്ന തിരക്കിലാണ് സൗദ.
'ഞാന്‍ വൈകി സൗദേ...കേറട്ടെ...'
'ഞാനുമതേ ടീച്ചറേ... എല്ലാം തീര്‍ത്തിറങ്ങണ്ടേ'യെന്ന് മറുപടിയും കിട്ടി.
പടികയറുമ്പോള്‍ സെമിനാറില്‍ വിഷയമവതരിപ്പിക്കുന്ന ശബ്ദം അടുത്തുവന്നു. 'സ്ത്രീകള്‍ക്കുമുണ്ട് സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍. അതു തിരിച്ചറിഞ്ഞ് അവള്‍ ഉയരങ്ങളിലേക്ക് പറക്കണം. വീടിന്റെ, അടുക്കളയുടെ, ഉത്തരവാദിത്തങ്ങളെല്ലാം കെട്ടിവയ്ക്കാനുള്ള ഇടമല്ല അവള്‍. ഇന്നത്തെ സ്ത്രീകള്‍ പഴയ കാലത്തെപ്പോലെ കരിയും പുകയും കൊണ്ടുകിടക്കുന്നവരല്ല, സ്വപ്നങ്ങളാണ് അവരുടെ ജീവിതത്തിന് നിറമേകുന്നത്....'
ജയശ്രീ ടീച്ചര്‍ രണ്ടാമത്തെ വരിയിലെ അറ്റത്തെ കസേരയിലിരുന്നു.
'എന്താണ് ടീച്ചറേ, സമയത്തിന് വന്നുകൂടെ.... രണ്ടു മാസത്തിലൊരിക്കലാണ് സംഘടന ഒരു സെമിനാര്‍ നടത്തുന്നത്' മോഹനന്‍ മാഷിന്റെ ചോദ്യത്തിനുള്ള മറുപടി ജയശ്രീ മനസ്സിലാണ് പറഞ്ഞത്.
'സമയം-അതാണല്ലോ ഇല്ലാത്തത്. രാവിലെ എണ്ണീറ്റാല്‍ എത്ര ഓടിയാലും തീരാത്ത ജോലികള്‍. സമയത്തിന്റെ വേഗത്തിനു മുന്‍പില്‍ തോറ്റുപോകാന്‍ തുടങ്ങിയിട്ട് എത്രനാളായി?'
ചിന്തയെ മുറിച്ച് മൈക്കിലൂടെ വീണ്ടും പ്രഭാഷകയുടെ ശബ്ദം.
'നമ്മുടെ അമ്മൂമ്മയും അമ്മയും വീട്ടമ്മമാര്‍ മാത്രമായി. നമ്മുടെ തലമുറ കുറേക്കൂടി മുന്നോട്ടുപോയി. സാമ്പത്തിക സുരക്ഷയുള്ളവളാണ് ഇന്നത്തെ സ്ത്രീ...'
കുറച്ചുനേരമങ്ങനെ കേട്ടിരുന്നപ്പോള്‍ ജയശ്രീയുടെ ഓര്‍മ വീണ്ടും വീടിനെക്കുറിച്ചായി.
ഞായറാഴ്ച പുട്ടും കടലയുമുണ്ടാക്കണമെന്ന് ഉണ്ണിയേട്ടന്‍ പറഞ്ഞതാണല്ലോ. രാത്രി കടല വെള്ളത്തിലിടണം, ഉള്ളിയും മുറിച്ച് വച്ചാല്‍ അത്രയും പണി ലാഭം. അപ്പോഴാണ് വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് എഴുതാന്‍ മറന്നുവല്ലോയെന്ന് ഓര്‍ത്തത്. വാട്‌സ്ആപ്പിലെ സ്വന്തം നമ്പറിലേക്ക് തന്നെയെഴുതിയിടുന്നതാണ് പുതിയ ശീലം. മല്ലിപ്പൊടി, മുളകുപൊടി, പേസ്റ്റ്, ഡിഷ് വാഷര്‍, മോന്റെ ബൂസ്റ്റ്, ഉണ്ണിയേട്ടന്റെ ഓട്‌സ്... എല്ലാം തീരാറായെന്ന് ജയശ്രീ ഓര്‍ത്തു.
ഇടയ്ക്ക് ഫോണ്‍ വന്നപ്പോള്‍ പുറത്തുപോയി. പ്ലംബര്‍ ഗോപിയാണ്.
'അല്ല ടീച്ചറേ, നിങ്ങള്‍ ഇന്നുണ്ടാവുമെന്ന് പറഞ്ഞതല്ലേ, ഞാന്‍ വന്നപ്പോള്‍ വീടു പൂട്ടികിടക്കുന്നു. മൂപ്പരില്ലേ...'
'ഉണ്ണിയേട്ടന്‍ ആഴ്ചയിലൊരിക്കലാണ് വരുക. ശനിയാഴ്ച രാത്രി വരും. തിങ്കളാഴ്ച പുലര്‍ച്ചെ പോകും. ഗോപി നാളെ വരാമോ?'
ടീച്ചറുടെ ഉത്തരത്തെക്കാളുച്ചത്തില്‍ പ്രഭാഷകയുടെ ശബ്ദം.
'പെണ്‍മക്കള്‍ക്ക് വിഭ്യാഭ്യാസം കൊടുക്കണം. അതാണ് അവര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്പത്ത്. ആ കരുത്തിലാണ് അവള്‍ നാളെയുടെ പ്രതിനിധികളാവുക...'
ഹാളില്‍ കയറാന്‍ തുടങ്ങുമ്പോ സൗദ ചോദിച്ചു.
'ഇവര് പറയണതൊക്കെ പോയിന്റാ അല്ലേ, ടീച്ചറേ... എനിക്ക് നല്ല ഇഷ്ടമായി. ചായക്കിറങ്ങുമ്പോ പറ്റിയാല്‍ പരിചയപ്പെടണം. ടിവീല് കാണണപ്പോലെത്തന്നെ.. എന്തു ഭംഗിയാ ല്ലേ...'
തലയാട്ടി അകത്തുകയറാനൊരുങ്ങുമ്പോ സൗദ വീണ്ടും ചോദിച്ചു.
'പക്ഷേ ടീച്ചറേ, സത്യത്തില്‍ ഈ സ്ത്രീകള്‍ക്ക് കൂടുതല്‍ ദുരിതം ഇപ്പോഴല്ലേ... പഠിച്ചതുകൊണ്ട് ഓഫീസിലും ജോലിചെയ്യണം. അത് കഴിഞ്ഞ് വീട്ടുജോലിയും ചെയ്യണം. പണം കിട്ടിയാല്‍ അത് ഇഷ്ടത്തിന് ചെലവാക്കാന്‍ പറ്റുമോ, അതുമില്ല.
പെണ്ണ് പഠിച്ചാലും അടുക്കളജോലി ചെയ്യണം. പഠിച്ചില്ലെങ്കിലും അടുക്കളയില്‍ കിടന്നു കഷ്ടപ്പെടണം എന്നത് സങ്കടമാണല്ലേ..'
അതു ശരിയാണല്ലോയെന്നായി ജയശ്രീ.
'ഇനി പഠിക്കാത്ത എന്നെപ്പോലെയുള്ളോര്‍ടെ തലയിലെഴുത്താണ് ശരിക്കും സങ്കടം. കുടുംബം നോക്കാനും അടുക്കളയില്‍ കേറണം. ചായയും കടിയും വിറ്റ പൈസ കൊണ്ട് വേണം, വീടു കഴിയാന്‍. മൂപ്പര്‍ക്ക് പണിക്കു പോവാന്‍ മടി. ഞാന്‍ രാവിലെ 100 ആപ്പം ഉണ്ടാക്കും, അടുത്തുള്ള ഹോട്ടലിലേക്ക്. അവര്‍ക്കുതന്നെ വടയും സമൂസയും വൈകിട്ട് ഞാനെത്തിക്കും. പിന്നെ കല്യാണ കാറ്ററിങ്ങിന് ടേബിള്‍ തുടയ്ക്കാനും പാത്രം കഴുക്കാനും പോവും. മൂന്നു മക്കളെ നോക്കണ്ടേ... അതിന്റെടേല് ഈ പറഞ്ഞ പോലെ സ്വപ്നം കാണാനും ചിറകുവിരിക്കാനും ഒന്നും പറ്റൂല. എങ്ങനേലും നടുനിവര്‍ത്തണം, പുലര്‍ച്ചെ എണീക്കണം, മക്കളെ നോക്കണം-ഇതല്ലാതെ വേറെ ചിന്ത പോലും എനിക്കില്ല ടീച്ചറേ...'
തട്ടം ശരിയാക്കുന്ന സൗദ അടുത്തയാളെ കണ്ട് ചിരിച്ചു. അതു ശാലിനി ടീച്ചറാണ്. സ്‌കൂളു വേറെയാണ്. ആളിപ്പോ പ്രസവാവധി കഴിഞ്ഞ് ജോലിയില്‍ കേറിയിട്ടേയുള്ളൂ.
Content Highlights: women`s rights gender equality women in india family responsibilities work-life balance modern women