ചീഫ് ഓഫ് സ്റ്റാഫ് ആകാൻ അപേക്ഷ ക്ഷണിച്ച് സൊമാറ്റോ; ആദ്യ വര്‍ഷം ശമ്പളമില്ല, ₹20 ലക്ഷം കമ്പനിക്ക് നൽകണം

പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ ചീഫ് ഓഫ് സ്റ്റാഫിനെ തേടുകയാണ്. എന്നാല്‍ കമ്പനി സി.ഇ.ഒ ആയ ദീപിന്ദര്‍ ഗോയല്‍ പങ്കുവെച്ച അപേക്ഷകര്‍ക്കുള്ള ഉപാധികള്‍ ഉദ്യോഗാര്‍ഥികളെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കും. ആദ്യത്തെ ഒരു വര്‍ഷം ശമ്പളമൊന്നും ഉണ്ടാകില്ലെന്നും പകരം 20 ലക്ഷം രൂപ കമ്പനിക്ക് നല്‍കണമെന്നുമാണ് പ്രധാന ഉപാധി.
തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് സൊമാറ്റോ സി.ഇ.ഒ ഇത്തരമൊരു ഉപാധിയോടെ ജോലിക്ക് ആളെ തേടിയിരിക്കുന്നത്.
'അപ്ഡേറ്റ്: ഞാന്‍ എനിക്കായി ഒരു ചീഫ് ഓഫ് സ്റ്റാഫിനെ തിരയുകയാണ്' എന്ന കുറിപ്പോടെ ഏത് രീതിയിലുള്ള ഉദ്യോഗാര്‍ഥികളെയാണ് വേണ്ടതെന്നും അവരുടെ റോളുകളെ കുറിച്ചും ആവശ്യതകളും വിശദമാക്കിയ പോസ്റ്റാണ് ദീപിന്ദര്‍ ഗോയല്‍ പങ്കുവെച്ചിട്ടുള്ളത്.
ഉദ്യോഗാര്‍ഥി വിനയമുള്ള ആളായിരിക്കണമെന്ന് വ്യക്തമാക്കിയ ഗോയല്‍ അവരില്‍നിന്ന് ലഭിക്കുന്ന 20 ലക്ഷം രൂപ സൊമാറ്റയുടെ എന്‍ജിഒ ആയ ഫീഡിങ് ഇന്ത്യക്ക് കൈമാറുമെന്നും അറിയിച്ചു.
'ഞാന്‍ എനിക്കായി ഒരു ചീഫ് ഓഫ് സ്റ്റാഫിനെ തിരയുകയാണ്. ഇക്കാര്യങ്ങള്‍ അവര്‍ക്കുണ്ടാകണം..അത്യാവശ്യം സാമാന്യബുദ്ധി, സഹാനുഭൂതിയും ഉണ്ടായിരിക്കണം. കൂടുതല്‍ അനുഭവപരിചയം ആവശ്യം ഇല്ല. വിനയം ഉണ്ടായിരിക്കണം. മറ്റുള്ളവരെ അപ്രീതിപ്പെടുത്തുന്നതാണെങ്കിലും ശരിയായ കാര്യം ചെയ്യാന്‍ സാധിക്കണം. എ ഗ്രേഡ് ആശയവിനിമയ വൈദഗ്ധ്യം ആവശ്യമാണ്, ഏറ്റവും പ്രധാനമായി, പഠന മനോഭാവമുണ്ടായിരിക്കണം' പോസ്റ്റില്‍ പറയുന്നു.
സൊമാറ്റോയുടെയും അതിന്റെ മറ്റ് ബ്രാന്‍ഡുകളായ ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ്, ഹൈപ്പര്‍പ്യൂര്‍, ഫീഡിങ് ഇന്ത്യ എന്നിവയുടെ ഭാവിക്കായി 'എന്തും എല്ലാം' ചെയ്യുന്നതാണ് ജോലിയെന്നും അതില്‍ പറയുന്നു.
'ആദ്യ വര്‍ഷം ഈ റോളിന് ശമ്പളമില്ല. ഈ അവസരത്തിനായി നിങ്ങള്‍ 20 ലക്ഷം രൂപ നല്‍കേണ്ടിവരും. ഈ ഫീസിന്റെ 100% ഫീഡിങ് ഇന്ത്യയിലേക്ക് നേരിട്ട് സംഭാവനയായി നല്‍കും (നിങ്ങള്‍ക്ക് ജോലി വാഗ്ദാനം ചെയ്യുകയും നിങ്ങള്‍ അത് അംഗീകരിക്കുകയും ചെയ്താല്‍)
ആദ്യ വര്‍ഷം നിങ്ങള്‍ക്ക് ശമ്പളം നല്‍കാതിരിക്കുന്നതിലൂടെ ഞങ്ങള്‍ ഇവിടെ പണം ലാഭിക്കുന്നില്ലെന്നും തെളിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു - ഒരു ചാരിറ്റിക്ക് ഞങ്ങള്‍ 50 ലക്ഷമോ അല്ലെങ്കില്‍ ഒരു ചീഫ് ഓഫ് സ്റ്റാഫിന്റെ ശമ്പളത്തിന് തുല്യമായതോ സംഭാവന നല്‍കും. അത് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.
രണ്ടാം വര്‍ഷം മുതല്‍, ഞങ്ങള്‍ നിങ്ങള്‍ക്ക് സാധാരണ ശമ്പളം നല്‍കി തുടങ്ങും. (തീര്‍ച്ചയായും 50 ലക്ഷത്തില്‍ കൂടുതലായിരിക്കും. എന്നാല്‍ വര്‍ഷം രണ്ടിന്റെ തുടക്കത്തില്‍ മാത്രമേ ഞങ്ങളതിനെ കുറിച്ച് സംസാരിക്കുകയുള്ളൂ)' പോസ്റ്റില്‍ പറയുന്നു.
താന്‍ പഠിതാക്കളെയാണ് അന്വേഷിക്കുന്നതെന്നും 'റെസ്യും ബില്‍ഡര്‍മാരെ' അല്ലെന്നും ജോലി 'ഫാസ്റ്റ് ട്രാക്ക് ലേണിംഗ് പ്രോഗ്രാം' ആണെന്നും ഗോയല്‍ പറഞ്ഞു. ഈ റോളിലേക്ക് അപേക്ഷിക്കുന്നതിന്, നിങ്ങള്‍ക്ക് 200-വാക്കുകളുള്ള കവര്‍ ലെറ്റര്‍ d@zomato.com ലേക്ക് ഇമെയില്‍ ചെയ്യാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Zomato CEO hiring Chief of Staff, says first year no salary and employee will have to pay Rs 20 lakh