'യുഎസിലേക്ക് വരൂ, അമേരിക്കക്കാരെ പരിശീലിപ്പിക്കൂ, തിരിച്ചുപോകൂ; ഇതാണ് ട്രംപിന്റെ എച്ച്-1ബി വിസ നയം'

എച്ച്-1ബി വിസ വിഷയത്തില്‍ ഡൊണാള്‍ഡ് ട്രംപിന് മനംമാറ്റമുണ്ടായതിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് രംഗത്ത്. വിദേശ തൊഴിലാളികളെ ദീര്‍ഘകാലത്തേക്ക് ആശ്രയിക്കുന്നതിന് പകരം ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമുള്ള ജോലികളില്‍ അമേരിക്കക്കാരെ പരിശീലിപ്പിക്കുന്നതിനായി വിദേശികളെ താല്‍ക്കാലികമായി അമേരിക്കയിലേക്ക് കൊണ്ടുവരിക എന്നതാണ് ട്രംപിന്റെ പുതിയ നയമെന്ന് അദ്ദേഹം വിശദീകരിച്ചു.
അമേരിക്കയുടെ നിര്‍മ്മാണ മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു 'വിജ്ഞാന കൈമാറ്റ' ശ്രമമായാണ് ട്രംപിന്റെ പുതിയ എച്ച്-1ബി വിസ സമീപനത്തെ ബെസ്സെന്റ് വിശേഷിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി പുറംകരാര്‍ നല്‍കുന്ന രീതിക്ക് പകരം യുഎസ് നിര്‍മ്മാണ മേഖലയെ പുനര്‍നിര്‍മ്മിക്കുക എന്നതാണ് പുതിയ സമീപനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിരല്‍ ഞൊടിച്ചാല്‍ ഒറ്റരാത്രികൊണ്ട് കപ്പലുകള്‍ ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. അര്‍ദ്ധചാലക വ്യവസായം (സെമികണ്ടക്ടര്‍) യുഎസിലേക്ക് തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അരിസോണയില്‍ വലിയ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ യുഎസ് തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനായി മൂന്നോ അഞ്ചോ ഏഴോ വര്‍ഷത്തേക്ക് വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ കൊണ്ടുവരിക എന്നതാണ് ട്രംപിന്റെ കാഴ്ചപ്പാട്. അതിനുശേഷം അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം. യുഎസ് തൊഴിലാളികള്‍ ആ ജോലികള്‍ ഏറ്റെടുക്കും. വിദേശ പങ്കാളികള്‍ വന്ന് അമേരിക്കന്‍ തൊഴിലാളികളെ പഠിപ്പിക്കുക എന്നത് ഒരു വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള പ്രതിഭകളെ യുഎസിലെത്തിക്കണമെന്ന് ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം ട്രംപ് ആഹ്വാനം ചെയ്തിരുന്നു. രാജ്യത്ത് ചില പ്രത്യേക മേഖലകളില്‍ പ്രതിഭകളുടെ കുറവുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. എച്ച്1ബി വിസ ദുരുപയോഗം ചെയ്യുന്ന വിദേശകമ്പനികള്‍ക്കെതിരേ ട്രംപ് സര്‍ക്കാര്‍ നടപടി ശക്തമാക്കിയത് ഇന്ത്യയില്‍നിന്നടക്കമുള്ള ടെക് പ്രൊഫഷണലുകളെ ബാധിച്ചിരുന്നു. എച്ച്1ബി വിസ പദ്ധതി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റബറില്‍ പുതുതായി ഈ വിസയ്ക്കപേക്ഷിക്കുന്നവര്‍ക്കുള്ള ഫീസ് 2000 ഡോളറില്‍നിന്ന് ഒരുലക്ഷം ഡോളറായി യുഎസ് വര്‍ധിപ്പിച്ചിരുന്നു. പിന്നാലെയാണ് ട്രംപിന് മനംമാറ്റമുണ്ടായത്.
Content Highlights: Treasury Secretary Scott Bessent explains Trump`s new H-1B visa policy: temporary skilled workers train Americans for high-tech jobs, revitalizing US manufacturing. Learn more