കമ്പനി/ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ്: പിഎസ്‌സി വിജ്ഞാപനം 30-ന്, ഡിസംബര്‍ മൂന്നുവരെ അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

തിരുവനന്തപുരം: കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്സ് ഉള്‍പ്പെടെ 20 തസ്തികകളിലേക്കുള്ള പുതിയ വിജ്ഞാപനം പിഎസ്‌സി യോഗം അംഗീകരിച്ചു. 30-ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഡിസംബര്‍ മൂന്നുവരെ അപേക്ഷിക്കാം. നവംബര്‍ ആദ്യം പ്രസിദ്ധീകരിക്കുന്ന 'മാതൃഭൂമി തൊഴില്‍വാര്‍ത്ത'യില്‍ വിശദാംശങ്ങളുണ്ടാകും.

നിലവിലെ റാങ്ക്പട്ടികയ്ക്ക് 2027 ജനുവരി 11 വരെ കാലാവധിയുണ്ട്. ആ വര്‍ഷം ജനുവരിയില്‍ത്തന്നെ പുതിയ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നതിനാണ് ഇപ്പോള്‍ വിജ്ഞാപനം തയ്യാറാക്കിയത്. ഏഴാം ക്ലാസ് ജയമാണ് യോഗ്യത. ഉയര്‍ന്നയോഗ്യതയുള്ളവര്‍ക്കും ഈ തസ്തികയ്ക്ക് അപേക്ഷിക്കാം. പ്രായം 18-36. വിജ്ഞാപനം പ്രസിദ്ധീകരിച്ചശേഷം ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

പോലീസ് ബാന്‍ഡില്‍ കോണ്‍സ്റ്റബിള്‍ (ബാന്‍ഡ്/ബ്യൂഗ്ലര്‍/ഡ്രമ്മര്‍), ഫിഷറീസ് വകുപ്പില്‍ ഫിഷറീസ് ഓഫീസര്‍, മില്‍മയില്‍ സ്റ്റെനോഗ്രാഫര്‍, ജലഗതാഗതവകുപ്പില്‍ ബോട്ട് ലാസ്‌കര്‍, വ്യവസായ വികസന കോര്‍പ്പറേഷനില്‍ അക്കൗണ്ടന്റ് തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറായ മറ്റു തസ്തികകള്‍.

സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റ്, എന്‍സിഎ വിജ്ഞാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്.

കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നവംബര്‍ 19 വരെ അപേക്ഷിക്കാം.

Content Highlights: Kerala PSC announces recruitment for Last Grade Servants and 20 other posts in Companies/Boards/Corporations.