ഒന്നാം റാങ്കുകാരനും നിയമനമില്ല, റാങ്ക് പട്ടികയിൽ 999 പേർ;അധ്യാപക നിയമനത്തിന് ‘തലയെണ്ണൽ’തടസ്സമാകുന്നു

കാസർകോട്: മുറതെറ്റാതെ പി.എസ്.സി. പരീക്ഷകൾ നടത്തും. എന്നാൽ റാങ്ക് പട്ടിക നിലവിൽവന്നാലും നിയമനകാര്യത്തിൽ മെല്ലെപ്പോക്കെന്ന ആക്ഷേപം ശക്തമാകുന്നു. പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന ഭരണപരിഷ്‌കാരവകുപ്പിന്റെ സർക്കുലർ നിലനിൽക്കുമ്പോഴും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികളും നിരാശയിലാണ്. കാസർകോട് ജില്ലയിലെ എൽ.പി.എസ്.എ. മലയാളം റാങ്ക് പട്ടിക നിലവിൽവന്ന് ഒൻപത് മാസമാകുമ്പോഴും ഒരാൾക്കും ശുപാർശ അയച്ചിട്ടില്ല. ഒന്നാം റാങ്കുകാരനുൾപ്പെടെ കാത്തിരിപ്പിലാണ്.
മുഖ്യപട്ടികയിൽ മാത്രം 504 പേരുൾപ്പെടെ 999 പേരാണ് 2025 മേയ് 31-ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിലുള്ളത്. നിലവിൽ ഭിന്നശേഷി വിഭാഗത്തിലെ ബാക്ക് ലോഗ് ഒഴിവുകളിൽ മാത്രമാണ് നാമമാത്രമായ നിയമന ശുപാർശ നടന്നത്. ഇതിൽപ്പോലും നിയമന ഉത്തരവ് നൽകാൻ വിദ്യാഭ്യാസവകുപ്പ് തയ്യാറായിട്ടില്ല. 2025 മേയ് 30-ന് കാലാവധി കഴിഞ്ഞ മുൻ റാങ്ക് പട്ടികയിലെ 10 പേർക്കും 13 എൻ.സി.എ.ക്കാർക്കും 12 ഭിന്നശേഷിക്കാർക്കും കൊടുക്കാൻവേണ്ടി ഒഴിവുകൾ മാറ്റിവെച്ചത് നിയമനങ്ങളെ ബാധിച്ചിരിക്കുകയാണെന്ന് റാങ്ക് ഹോൾഡർമാർ പറയുന്നു.
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും, സർക്കുലർ പ്രകാരമുള്ള ഒഴിവുകൾ ഉടൻ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യണമെന്നുമാണ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷന്റെ ആവശ്യം. തൊട്ടുമുൻപത്തെ റാങ്ക് പട്ടികയിൽ ആദ്യ വർഷത്തിൽ 249 പേർ ജോലിയിൽ പ്രവേശിച്ചിരുന്നു. കാലാവധിക്കുള്ളിൽ 420-ലേറെ നിയമനങ്ങളും നടന്നിരുന്നു. വിരമിക്കലും സ്ഥലംമാറ്റവുമായി ഒഴിവുകൾ ഉണ്ടായെങ്കിലും, ആധാർഅധിഷ്ഠിത തലയെണ്ണൽ കാരണം കുട്ടികൾ ഉണ്ടായിട്ടും ഡിവിഷനുകൾ ഇല്ലാതായതാണ് നിയമനങ്ങൾ നടക്കാത്തതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. തസ്തിക നിർണയത്തിന് അധ്യാപക നിയമന അനുപാതം 1:25 ആക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
Content Highlights: Kasaragod PSC exams conducted, but appointment delays spark protest.