പ്രതിവര്‍ഷ ശമ്പളം 3ലക്ഷം രൂപയില്‍ നിന്ന് 33ലക്ഷത്തിലേക്ക്, ചെയ്തത് ഇത്രമാത്രം; വിജയകഥയുമായി സംരഭകന്‍

Amkur Warikoo/Image: https://www.linkedin.com/in/warikoo/
Amkur Warikoo/Image: https://www.linkedin.com/in/warikoo/

വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ ശമ്പളം പ്രതിവര്‍ഷം 3 ലക്ഷം രൂപയില്‍ നിന്ന് 33 ലക്ഷം രൂപയായി എങ്ങനെ വര്‍ദ്ധിച്ചുവെന്ന് പറയുകയാണ് സംരംഭകനും എഴുത്തുകാരനുമായ അങ്കൂര്‍ വാരിക്കു. തന്റെ ലിങ്ക്ഡിന്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

24-ാം വയസ്സില്‍ ഭാവിയെക്കുറിച്ച് അനിശ്ചിതത്വത്തിലായിരുന്ന തനിക്ക് എങ്ങനെയാണ് അടിയന്തരമായി ഒരു ജോലി ആവശ്യമുണ്ടായിരുന്നത് എന്നും അതിനായി യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിവന്നതും അദ്ദേഹം ഓര്‍ത്തെടുത്തു. അദ്ദേഹത്തിന്റെ ആദ്യത്തെ ശമ്പളം പ്രതിമാസം വെറും 14,746 രൂപയായിരുന്നു. 'എനിക്ക് 24-ാം വയസ്സില്‍ ആദ്യത്തെ ജോലി ലഭിച്ചു, പ്രതിമാസം 14,746 രൂപയായിരുന്നു ശമ്പളം. 26-ാം വയസ്സില്‍ ഞാന്‍ പ്രതിവര്‍ഷം 12 ലക്ഷം രൂപ സമ്പാദിച്ചു. 29-ാം വയസ്സില്‍ 33 ലക്ഷം രൂപ പ്രതിവര്‍ഷം,' അങ്കൂര്‍ പറഞ്ഞു.

'24-ാം വയസ്സില്‍ ഞാന്‍ യുഎസിലെ എന്റെ പിഎച്ച്ഡി പഠനം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരികെ വന്നു. പ്ലാനുകളില്ലാതെയും ഭാവിയെക്കുറിച്ച് വ്യക്തതയില്ലാതെയുമാണ് വന്നത്. എനിക്ക് സാമ്പത്തിക സ്ഥിരത ആവശ്യമായിരുന്നു. എനിക്ക് ഒരു ജോലി ലഭിക്കണമായിരുന്നു. ഞാന്‍ എന്റെ (പരിമിതമായ) നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചു, പത്ര പരസ്യങ്ങള്‍ വഴി അപേക്ഷിച്ചു, വാക്ക്-ഇന്‍ അഭിമുഖങ്ങള്‍ക്ക് പോയി. 45 ദിവസത്തിന് ശേഷം, ഞാന്‍ NIS Spartaയില്‍ അവസാന റൗണ്ടില്‍ പങ്കെടുത്തു. അവര്‍ എന്റെ ശമ്പള പ്രതീക്ഷകള്‍ എന്താണെന്ന് ചോദിച്ചു. കയ്യില്‍ 15,000 രൂപ അവര്‍ വാഗ്ദാനം ചെയ്തു. ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആയിരുന്നു ആ തുക'- അങ്കൂര്‍ പറഞ്ഞു.

എന്നാല്‍ താമസിയാതെ, അദ്ദേഹം തന്റെ പരിമിതികള്‍ തിരിച്ചറിഞ്ഞു. മാനേജ്‌മെന്റ് ഡിഗ്രി ഉള്ള സഹപ്രവര്‍ത്തകര്‍ക്ക് ജോലിയെക്കുറിച്ച് കൂടുതല്‍ ധാരണയുണ്ടായിരുന്നു. അപ്പോഴാണ് അദ്ദേഹം ഒരു വര്‍ഷത്തെ എംബിഎ പ്രോഗ്രാമിനെ കുറിച്ച് മനസ്സിലാക്കിയത്.

'ഞാന്‍ എന്നോട് തന്നെ ചോദിച്ചു, എംബിഎയ്ക്ക് ശേഷം പ്രതിമാസം കുറഞ്ഞത് 35,000 രൂപ ശമ്പളമുള്ള ഒരു ജോലി നേടാന്‍ എനിക്ക് കഴിയുമോ?  ഞാന്‍ ആ റിസ്‌ക് എടുത്തു.'

മികച്ച കണ്‍സള്‍ട്ടിംഗ് ഷോര്‍ട്ട്ലിസ്റ്റില്‍ എത്താന്‍ പാടുപെട്ടതില്‍ നിന്ന് ഒടുവില്‍ ATKearney-യില്‍ ജോലി നേടുന്നത് വരെയുള്ള വാരിക്കുവിന്റെ വളര്‍ച്ച ഒട്ടും എളുപ്പമായിരുന്നില്ല. ''എന്റെ ബിസിജി അഭിമുഖം മോശമായി. ATK-യുടെ രണ്ടാം റൗണ്ടിലും പിഴച്ചു. എന്നാല്‍ ആരോ എനിക്ക് മറ്റൊരു അവസരം നല്‍കി. ഞാന്‍ അതിന് എന്റെ എല്ലാം നല്‍കി.''

പ്രതിവര്‍ഷം 12 ലക്ഷം രൂപയുടെ പാക്കേജില്‍ അങ്കൂറിന് ജോലി ലഭിച്ചു, വെറും 18 മാസത്തിനുള്ളില്‍, സ്ഥാപനത്തിലെ ഏറ്റവും വേഗത്തില്‍ സ്ഥാനക്കയറ്റം ലഭിച്ച ജീവനക്കാരനായി അദ്ദേഹം മാറി. 2009-ല്‍ അദ്ദേഹം പോകുമ്പോഴേക്കും പ്രതിവര്‍ഷം 33 ലക്ഷം രൂപ സമ്പാദിച്ചിരുന്നു.

''ഞാന്‍ ഇവിടെയെത്തിയത് ആളുകള്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ചതുകൊണ്ടാണ്. ഞാന്‍ നന്ദിയുള്ളവനായിരിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്തു. ആരെങ്കിലും നിങ്ങളില്‍ വിശ്വാസമര്‍പ്പിച്ചാല്‍, ഇരട്ടിയാക്കുക. നിങ്ങളില്‍ തന്നെ.''- അങ്കൂര്‍ കുറിച്ചു

പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വൈറലായി. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥയെയും നിശ്ചദാര്‍ഢ്യത്തെയും ഏവരും പ്രശംസിച്ചു
 

Content Highlights: Ankur Warikoo shares how his salary increased