'മനുഷ്യനെന്നത് ഭൂമിയിലെ ദിവസങ്ങളാണ്, നിമിഷങ്ങളാണ്, ഓര്‍മകളാണ്, ശബ്ദങ്ങളാണ്, രുചികളാണ്...'

ഒരാളുടെ ജീവിതത്തിലെ അനുഭവങ്ങള്‍ക്ക് മറ്റുള്ളവര്‍ ഉത്തരവാദികളല്ലെന്നതാണ് ആത്രേയകത്തിന്റെ നിയമം. ജീവിതവും മരണവും തമ്മിലുള്ള എള്ളിട അകലത്തിനുള്ളില്‍ ഇന്ദ്രജാലങ്ങള്‍ കാട്ടുന്നവരുടെ നാട്. മരണത്തിന്റെ വാതില്‍ക്കല്‍ നിന്ന് തിരിച്ചുവരുന്നവരുടെ മൂര്‍ച്ചയേറിയ ഓര്‍മകളെ പൂര്‍വസ്ഥിതിയിലാക്കുന്ന ചികിത്സകരുടെ ദേശം. അവിടെ മനുഷ്യനും പ്രകൃതിയും ഒന്നാണ്. സങ്കടങ്ങളില്‍ കൂടെയിരുന്ന് കരയുന്ന മഴയുണ്ടവിടെ. ഏകാകികള്‍ക്ക് അലിവിന്റെ മടിത്തട്ടാകുന്ന വെള്ളിമണല്‍ പുഴയോരങ്ങളുമുണ്ട്. വിഷാദിയായ മനുഷ്യനെ കനിവോടെ നോക്കുന്ന കാടാണ്. തീരാവേദനകളുടെ ചിതയ്ക്ക് താഴ്ചില്ലയിലെ ഏതാനും ഇലകളെ ബലിനല്‍കി തണലായി നില്‍ക്കുന്ന ശ്വേതകുടജ ആത്രേയകത്തിന്റെ ഒരു കോണിലുണ്ട്.
ഉടലുപേക്ഷിച്ച ആത്മാക്കളുടെ താവളമായ പുനര്‍ജനി വൃക്ഷങ്ങളാണ് അവിടം നിറയെ. എത്ര നിബിഢമായി ചേര്‍ന്നു വളര്‍ന്നാലും തമ്മിലുരസി തീപിടിക്കാത്ത വൃക്ഷങ്ങള്‍. ഭൂഗര്‍ഭത്തിലുമുണ്ട് വൃക്ഷങ്ങള്‍. ഞാണൊലിയില്‍ മണ്ണടരിലെ ജലതന്തുക്കളില്‍ നിന്നുയിര്‍ക്കുന്ന ജലവൃക്ഷങ്ങള്‍. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കതയുടെ രചയിതാവായ ആര്‍. രാജശ്രീ തന്റെ രണ്ടാമത്തെ നോവലിന് അരങ്ങൊരുക്കിയത് ആത്രേയകത്തിലാണ്. രക്ഷയും സ്നേഹവുമെന്നോണം തീവ്രമായി മോഹിപ്പിക്കുന്ന ആത്രേയകം. അധികാരത്തിന്റെ ഹസ്തിനപുരിയും ദുരയുടെ പാഞ്ചാലവും നിസഹായതയുടെ ദശാര്‍ണവും വിശാലമായ മദ്രവും നോവലിലുണ്ട്. എന്നിട്ടും രചയിതാവ് തന്റെ കൃതിക്ക് ആ കാടിന്റെ പേരാണ് നല്‍കിയത്. ആത്രേയകം.
Content Highlights: Book review of Athreyakam book written by R. Rajasree