ഭാഷ തെയ്യം കെട്ടിയാടുന്ന ‘മരണവംശം’

#വിനോദ്. പി
പി.വി. ഷാജികുമാർ, പുസ്തകത്തിന്റെ കവര്‍ പേജ്
പി.വി. ഷാജികുമാർ, പുസ്തകത്തിന്റെ കവര്‍ പേജ്

1979-ൽ ഞാൻ പ്രീ ഡിഗ്രി വിദ്യാർഥിയായിരിക്കെ, ഞങ്ങളുടെ അധ്യാപകനും, അന്നു പിജി വിദ്യാർഥിയുമായിരുന്ന സുജാതൻ സർ, ഞങ്ങളോടു വായിക്കാൻ നിർദേശിച്ച നോവൽത്രയമാണ് മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളും ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും ആനന്ദിന്റെ ആൾക്കൂട്ടവും.

മയ്യഴിപുഴയിലൂടെ വായനയുടെ മധുരവും ഖസാക്കിലൂടെ വായനയുടെ സൗന്ദര്യവും ആൾക്കൂട്ടത്തിലൂടെ വായനയുടെ ആഴവും ഒരു പരിധി വരെ തിരിച്ചറിഞ്ഞ് തുടങ്ങിയത് അങ്ങനെയാണ്. ഔദ്യോഗികജീവിതത്തിനു ശേഷം, ഒട്ടും മുറിയാതെ, ഇമ്പമുള്ള ഒരു വായനാനുഭവമുണ്ടായത് ഇപ്പോഴാണ്. ആർ. രാജശ്രീയുടെ ആത്രേയകവും എസ്. ഹരീഷിന്റെ പട്ടുനൂൽപ്പുഴുവും പി.വി. ഷാജികുമാറിന്റെ മരണവംശവും പുതിയ കാലത്തെ ഒരു നോവൽത്രയമായി കടന്നുവരികയാണ്.

മരണവംശം വല്ലാതെ വിസ്മയപ്പെടുത്തി. താരതമ്യേന ചെറുപ്പമായ ഒരു യുവാവിന്റെ ആദ്യ നോവലെന്നത്, ആദ്യം അവിശ്വസനീയമായി തോന്നി. എഴുത്തിന്റെ പാരമ്പരാഗത രീതികളെ തീർത്തും ആട്ടിമറിക്കുന്ന നോവൽ. അതിനായി അദ്ദേഹം ഉപയോഗിക്കുന്ന ഭാഷയ്ക്കു എന്താ ഒരു ചന്തം! ഭാഷ തെയ്യം കെട്ടിയാടുകയാണ്, മരണവംശത്തിൽ.

ഉത്തരകേരളത്തിലെ, കർണാടകയോട് ചേർന്നുള്ള ഏർക്കാന എന്ന സാങ്കല്പിക ദേശത്തിന്റെ കഥയാണിത്. അതുകൊണ്ട് തന്നെ കന്നഡ ഭാഷയും പ്രാദേശിക പദങ്ങളും ശൈലികളും ലയിച്ചു ചേർന്ന മലയാളത്തിൽ, ഒഴുക്കോടെ കടന്നു പോകുന്നു വായന. പാലോർ പുഴയുടെ തീരത്തും മൈത്താണികാട്ടിലും പേത്താളങ്കാനത്തും ചാവടുക്കയിലുമൊക്കെയായി, മരിക്കാതിരിക്കാനായി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ. ദൈവങ്ങളും മനുഷ്യരും ഒരുപോലെ നിസ്സഹായരായി മാറുന്ന നാട്. അക്ഷരങ്ങളിലൂടെ അവരെ അറിയുമ്പോൾ, സപ്ത ഭാഷാഭൂമിയുടെ ആകാശത്തു മാരിവില്ലിന്റെ ഏഴു നിറങ്ങളും വന്നു നിറയുന്നതു പോലെയാണ് വായനാനുഭവം.

ഇതിൽ നൂറിലധികം കഥാപാത്രങ്ങളുണ്ട്. ഇത്രമാത്രം കഥാപാത്രങ്ങൾ കടന്നുവരുമ്പോൾ, പണ്ടു വായിച്ച പാറപ്പുറത്തിന്റെ അരനാഴികനേരം നോവൽ ഒരു നിമിഷം ഓർമയിൽ തെളിഞ്ഞു. മരണം, പിംഗള കേശിനിയായി നിരന്തരം വന്നു പോകുമ്പോൾ, എസ്.എൻ. കോളേജ് ലൈബ്രറിയിൽ നിന്നും മുമ്പു വായിച്ച ജോർജ് റെയ്‌നോൾ ഡ്സിന്റെ ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങളിലെ ചോര മണക്കുന്ന മരണങ്ങളും, ഒരു നിമിഷം മിന്നി മറഞ്ഞു. കഥാപാത്രങ്ങളുടെയും മരണങ്ങളുടെയും ആധിക്യത്തിന്റെ കാര്യത്തിലല്ലാതെ, മറ്റു യാതൊരു വിധ താരതമ്യത്തിനും ഇവിടെ പ്രസക്തിയില്ലെന്നത് മറ്റൊരു കാര്യം.

മനുഷ്യനെന്നാൽ, കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ മാത്രമായി തീരുന്ന മഹാദുരന്തം കാണാം, മരണവംശത്തിൽ. ആസക്തിയും ആർത്തിയും ചൂഷണവും കുടിപ്പകയും പ്രതികാരവും ദാരിദ്ര്യവും പ്രണയവും രതിയുമെല്ലാം ചേർന്നു ഏർക്കാനയെ, നമുക്കെന്നും ഓർക്കാനുള്ള ഒരു നാടാക്കി തീർക്കുകയാണ്, നോവലിസ്റ്റ്.

തെയ്യവും പൂരവുമില്ലാതെ ഏർക്കാനയില്ല. കോരിത്തരിപ്പിക്കുന്ന കോഴിപ്പോര്, ഇതിലെ ഒരു പ്രധാന സംഭവം തന്നെ. ചിരുകണ്ടൻ എന്ന പോരുകോഴിക്ക്, വടക്കൻ പാട്ടിലെ ചേകവരെപ്പോലെ മനസ്സിൽ ഇടം നേടി കൊടുക്കുന്നത്, ഷാജികുമാറിന്റെ വശ്യമായ, ആ ചേലൊത്ത ഭാഷ തന്നെ. കേരളപ്പിറവിയുടെ കാലം മുതൽ അടിയന്തരാവസ്ഥയുൾപ്പെടെ കടന്നുവരുന്ന ഈ കൃതിയിൽ ഏർക്കാനായിലെ ആളുകളെയും ജീവിതത്തെയും രാഷ്ട്രീയരംഗവുമായി ഒത്തിണക്കുന്ന സന്ദർഭങ്ങളിൽ, കുറച്ചു കൂടി ഇഴയടുപ്പവും സൂക്ഷ്മതയും ആകാമായിരുന്നുവെന്നു തോന്നുന്നു.

ഇതിൽ ഭാസ്‌കരനും ചന്ദ്രനുമൊപ്പം പ്രകൃതിയും നായകസ്ഥാനത്ത് നിൽക്കുന്നു. മരങ്ങളും പക്ഷികളും മൃഗങ്ങളും ദൈവങ്ങളും, എന്തിനു മുളിപുല്ലുകൾ പോലും സംസാരിക്കുന്നു. തന്റെ മുന്നിൽ, പ്രാർഥിച്ചതു പോലെ കാര്യങ്ങൾ നടക്കാത്തവരെ കാണുമ്പോൾ, കാട്ടിലെ കൽരൂപങ്ങളിലെ ദൈവങ്ങൾ, ജാള്യതയോടെ വള്ളിചെടികൾക്കും വേരുകൾക്കുമിടയിൽ ഒളിക്കുന്നതൊക്കെ, എത്ര രസകരവും മനോഹരവുമാണ്.

റാക്ക് എന്ന നാടൻ ചാരായമില്ലാതെ ഏർക്കാനയില്ല. അവിടെ ജീവിക്കുന്നവർ മോന്തുന്ന റാക്കാണ്, വായനയിൽ നമുക്ക് ലഹരി പകരുന്നത്. കുഞ്ഞമ്മാറും വെള്ളച്ചിയും കൊട്ടനും നളിനിയും ഭാസ്‌കരനും ചന്ദ്രനും കോമൻ നായരുമൊക്കെ നാളേറെ കഴിഞ്ഞാലും കണ്മുന്നിൽ തന്നെയുണ്ടാകും. കാരണം വായന കഴിഞ്ഞാലും, നമുക്ക് ഏർക്കാനയിൽ നിന്ന് ഉടനെയൊന്നും മടങ്ങാൻ കഴിയില്ലല്ലോ.

മരണവംശം

357

കാസർഗോഡ് ഇതിവൃത്തമാകുന്ന നിരവധി രചനകൾ, ഈയിടെ തിരക്കഥകളായും കവിതകളായും നോവലുകളുമായൊക്കെ വന്നിട്ടുണ്ട്. അവയെല്ലാം തന്നെ ശ്രദ്ധേയവുമാകുന്നു. ഷാജികുമാർ അവിടെ നിന്നും ഖനനം ചെയ്‌തെടുത്ത മരണവംശം സുവർണ ശോഭയോടെ തിളങ്ങുകയാണ്. മലയാള നോവൽ ശാഖയിൽ, മരണവംശം വർഷങ്ങളോളം ചർച്ച ചെയ്യപ്പെടുമെന്നത് തീർച്ച.

Content Highlights: Detailed analysis of PV Shajikumar's debut novel Maranavamsham., Explores the unique linguistic style likened to the performance of Theyyam., Highlights the fictional setting of Erkana and its cultural significance., Examines the themes of life, death, and human nature within the narrative., Evaluates the novel's contribution to contemporary Malayalam literature.