ആരുമില്ലാത്തവരെ മണ്ണിലുറക്കികിടത്തി ഉണര്‍ന്നിരിക്കുന്ന വിനു; 'ഈ മനുഷ്യനെ മരിച്ചവര്‍ക്ക് ആവശ്യമുണ്ട്'

#വൈ. ഷെറിന്‍
വിനു പി.
വിനു പി.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നിയാസ് കരീമിന്റെ 'മരണക്കൂട്ട് - ഒരു 'ശവംവാരി'യുടെ ആത്മകഥ' എന്ന പുസ്തകത്തെക്കുറിച്ച്;

'ഏതൊരഗ്‌നിപര്‍വതത്തിനും ജീവിച്ചിരിക്കുന്നവര്‍ക്കാര്‍ക്കും വേണ്ടാത്ത ജീവനാണ് എന്റേത്. പക്ഷേ, മരിച്ചവര്‍ക്ക് എന്നെ വേണം. ആ ഒരു ചിന്തയുള്ളതുകൊണ്ടുമാത്രം ഞാന്‍ ആത്മഹത്യ ചെയ്തില്ല. എങ്കിലും അവഗണനയുടെ തീക്കാറ്റില്‍ വെന്തുപൊള്ളിയും വെറുപ്പിന്റെ പെരുമഴയില്‍ തുള്ളിവിറച്ചും എന്റേതല്ലാത്ത ഏതൊക്കെയോ ഇടങ്ങളിലൂടെ നടക്കുകയാണ് ഞാന്‍.'

പേര് വിനു. ആലുവക്കാരന്‍. എന്നാല്‍, ശവംവാരി എന്ന് പറഞ്ഞാലേ നാട്ടുകാര്‍ക്ക് അറിയൂ. അവര്‍തന്നെ ചാര്‍ത്തിനല്‍കിയ പട്ടമാണ്. ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ പേരിലല്ല, തനിക്കുവേണ്ടിയും അനാഥര്‍ക്കുവേണ്ടിയും ഒരു മനുഷ്യനെടുക്കുന്ന തൊഴിലിന് സമൂഹം നല്‍കിയ പ്രതിഫലമാണ് ഈ പേരും ഇരുട്ടും. ഇരുട്ടാണ് വിനുവിന് കൂട്ട്; മരണവും. മാധ്യമപ്രവര്‍ത്തകനായ നിയാസ് കരീം എഴുതിയ 'മരണക്കൂട്ട്'  വിനുവിന്റെ ആത്മകഥയാണ് - ഒരു 'ശവംവാരി'യുടെ ആത്മകഥ.

അപമൃത്യുവിനിരയായ മൃതദേഹങ്ങള്‍ എടുക്കുന്നതാണ് തൊഴില്‍. അത് പരമ്പരാഗതമായി കിട്ടിയതല്ല. പതിനഞ്ചാം വയസില്‍ കരയില്‍ നിന്ന് തടിക്കക്കടവ് പുഴയാഴങ്ങളിലേക്ക് എടുത്തുചാടി കരകയറുമ്പോള്‍ കൂടെകൂടിയതാണ്. ഉറ്റസുഹൃത്തിന്റെ ജഡം എടുക്കാനായിരുന്നു ആ ചാട്ടം. തോളില്‍ കൈയിട്ടുനടന്ന മിഥുന്റെ തണുത്ത കാലില്‍ പിടിച്ച് അഴുകിയ മാംസവുമായി കരകയറുമ്പോള്‍ പത്താംക്ലാസുകാരന്റെ മനസും ചത്തു. അന്നുതുടങ്ങിയതാണ്. ട്രെയിനിടിച്ചു ചിന്നിചിതറിയ, വെള്ളത്തിലും കൊക്കയിലും തീട്ടക്കുഴിയിലും വീണഴുകിയതുമായ മൃതദേഹം വാരിയെടുക്കുന്നത് 23 വര്‍ഷമായി തുടരുന്നു.

1500-ഓളം മൃതദേഹങ്ങള്‍ ഇത്തരത്തില്‍ എടുത്തു. അത് ജീവിതചര്യ മാത്രമായിരുന്നില്ല, അനാഥത്വത്തിന്റെ അശാന്തതീരങ്ങളില്‍ വന്നടിയുന്നവരില്‍ ആത്മബന്ധുക്കളെ കണ്ടെത്തുകയായിരുന്നു.

പുസ്തകത്തിന്റെ കവര്‍ പേജ്‌

ആശാന്മാരും പോലീസുമായിരുന്നു വിനുവിന്റെ ആശ്വാസത്തുരുത്ത്. അപകടത്തില്‍ തെറിച്ചുപോയ ഒരു കൈ എടുത്തുകൊടുത്ത പൊടിമീശക്കാരനെ പോലീസ് ചേര്‍ത്തുപിടിച്ചു. അങ്ങനെയെങ്കില്‍ ബോഡി മൊത്തോം എടുത്തുകൊടുക്കുന്ന ആശാന്മാരെ എന്തായിരിക്കും ചെയ്യുന്നെ? അവന്‍ ആശാന്മാരുടെയൊപ്പം കൂടി. റെയില്‍വേപ്പാലത്തിന് താഴെ അവര്‍ക്കൊപ്പം ഇരിക്കും, മൃതദേഹങ്ങള്‍ എടുത്തുകൊടുക്കുമ്പോള്‍ പോലീസ് പണം നല്‍കും. 

എന്നാല്‍ നാട്ടില്‍ അപമാനിതമായി. ഒന്നല്ല, ഒരുപാട്. ഹോട്ടലില്‍ നിന്നും പണിയിടങ്ങളില്‍നിന്നും ഇറക്കിവിട്ടു. കളിയാക്കിവിളിച്ചു. പതിയെ അയാള്‍ ഇരുട്ടിലും ശ്മശാനത്തിലും അഭയം തേടി. വിനുവിന് ശ്മശാനം മൂകമല്ല, തനിക്ക് പറയാനുള്ളത് കേട്ടിരിക്കുന്നവരായിരുന്നു ചുറ്റും. അയാള്‍ പറയുന്നുണ്ട് - 'കേട്ടിരിക്കാന്‍ ആളുണ്ടാവുക. അതാണ് ഭൂമിയിലെ ഓരോ മനുഷ്യന്റെയും ആവശ്യം.'

ഉള്ളാകെ ആളുമ്പോള്‍ വിനു ബീഡി കൊളുത്തും. തന്നെ ചുറ്റിപടരുന്ന ബീഡിപ്പുകയും ഇരുട്ടുപോലെ അയാള്‍ക്കൊരു മറയാണ്. വേട്ടമൃഗമായപ്പോഴും ഒറ്റയായപ്പോഴും സാന്ത്വനിപ്പിക്കുന്നത് അയാള്‍ നെഞ്ചോടുചേര്‍ത്ത് എടുക്കുന്ന ആരുടെയൊക്കെയോ ആത്മാക്കളായിരുന്നു. ജീവിതത്തിന് അര്‍ഥമുണ്ട്. മനുഷ്യര്‍ ജീവനില്ലാത്ത വെറും മാംസപിണ്ഡങ്ങളായി മാറുമ്പോള്‍ അവരെ ഭൂമിയിലേക്ക് യാത്രയയക്കാന്‍ താത്കാലികമായി നിയോഗിക്കപ്പെട്ട സാരഥിയാണ് താനെന്നറിഞ്ഞു.

മൃതദേഹം കൊണ്ടുപോകാന്‍ താത്പര്യമില്ലാത്തവര്‍ 'വിനുവിന് വിട്ടുകൊടുക്കുന്നു' എന്ന് എന്‍.ഒ.സി. എഴുതി ഒപ്പിട്ടു നല്‍കിയാല്‍ അത് സുരക്ഷിതകരങ്ങളിലാണെന്നാണ് ഉറപ്പിക്കാം. അനാഥമൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്വന്തം പറമ്പ് നല്‍കിയ വ്യക്തിയും ആംബുലന്‍സ് വാങ്ങി നല്‍കിയ ഏതോ ഒരമ്മയും അങ്ങനെ കരുതലിന്റെ കരംനീട്ടിയവരെയും വിനു മറക്കുന്നില്ല. 

അസാധാരണമായൊരു സ്വപ്നമാണ് മുപ്പത്തെട്ടുകാരന്റെ കാല്‍വെപ്പിന് കരുത്താവുന്നത്. ഒരു ശ്മശാനം വേണം, തനിക്കല്ല, താനെടുക്കുന്ന ആരെന്നറിയാത്തവരെ, ആരുമില്ലാത്തവരെ മണ്ണിലുറക്കികിടത്തി ഉണര്‍ന്നിരിക്കാന്‍. ജീവിച്ചിരിക്കുന്നവരെക്കാള്‍ മരിച്ചവരെ ബഹുമാനിക്കണമെന്ന തത്വചിന്തയിലാണ് വിനുവിന്റെ ജീവിതഗതി. തങ്ങളുടെ ശരീരം വിനുവില്‍ ഇറക്കിവെച്ച് അജ്ഞാതമൃതദേഹങ്ങളുടെ ആത്മാക്കള്‍ സ്വതന്ത്രരാവുന്നു.

സാധാരണമല്ലാത്ത ആത്മകഥയില്‍ കലര്‍ന്ന കണ്ണീര്‍നനവ് വായനക്കാരിലേക്കും പടര്‍ത്തിയ നിയാസ് കരീമിന് സ്‌നേഹാദരവ്. മനുഷ്യര്‍ ഇരുട്ടിലാക്കിയ ശവംവാരിയെ വെളിച്ചത്തിന്റെ പറുദീസയിലേക്ക് ചേര്‍ത്തെടുത്തതിനും. വിനുവില്‍ തുടങ്ങിയത് വിനുവില്‍ അവസാനിക്കട്ടെ - അയാള്‍ പറയുന്നു; 'മൃത്യു മാത്രമാണ് ഏറ്റവും വലിയ സത്യം. കാലമാണെന്റെ ഈശ്വരന്‍.'

Content Highlights: Book review of Maranakkoottu book by Vinu P. and Niyas Kareem