ജലം, വനം, നിലം എന്നിവയ്ക്കു വേണ്ടിയുള്ള പോരാട്ടങ്ങൾ

മുന്നോട്ടും പിന്നോട്ടുമായി വായിച്ചു തീർത്ത പുസ്തകമാണ് അരുൺ സെബാസ്റ്റ്യൻ എഴുതിയ ജൽ... ജംഗൽ... ജമീൻ എന്ന പുതിയ നോവൽ. പരിചിതമല്ലാത്ത മണ്ണും മനുഷ്യരും സ്ഥലനാമങ്ങളും കഥാപാത്രപ്പേരുകളും ഭൂപ്രകൃതിയും ആവാസരീതികളുമൊക്കെ വായനയ്ക്ക് അല്പസ്വല്പം തടസ്സം സൃഷ്ടിച്ചെങ്കിലും അതിനെയൊക്കെ മറികടന്ന് വളരെ വേഗം വായിച്ചു തീർക്കാനായ ഒരു പുസ്തകം കൂടിയാണിത്. കഥാഭൂമികയുടെ സവിശേഷതകളും പ്രമേയക്കരുത്തും കഥാപാത്രസൃഷ്ടിയും നോവൽ മുന്നോട്ടു വയ്ക്കുന്ന പുതിയ രാഷ്ട്രീയ ഭാവുകത്വവുമൊക്കെയാണ് വായനയുടെ വേഗത വർദ്ധിപ്പിച്ച പ്രധാന ഘടകങ്ങൾ.
ഇരുനൂറ്റിപ്പതിനാല് പേജുകളുള്ള നോവൽ പ്രത്യേക അടയാളങ്ങൾ നൽകി വേർതിരിച്ചിട്ടില്ലെങ്കിലും രണ്ടു ഭാഗങ്ങളായി സങ്കല്പിച്ചാണ് അതിന്റെ ശില്പനിർമ്മിതി നിർവഹിച്ചിട്ടുള്ളതെന്നു കാണാം. നൂറു പേജുകൾ വരുന്ന ഒന്നാം പകുതിയിൽ പ്രധാനമായും ഛത്തീസ്ഗഢിലെ ഗോത്രഗ്രാമമായ നീൽഗുണ്ടയിലെ മണ്ണിനേപ്പറ്റിയും മനുഷ്യരേപ്പറ്റിയുമാണ് പ്രതിപാദിക്കുന്നത്. ജലം, വനം, നിലം എന്നിവ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള കടുത്ത പോരാട്ടമാണ് രണ്ടാം പകുതിയിലെ പരാമർശവിഷയങ്ങൾ.
ട്രൈബൽ ഫോക്ലോറിന്റെ എലമെന്റുകൾ
ട്രൈബൽ ഫോക്ലോറിന്റെ എലമെന്റുകളുടെ സവിശേഷമായ അടയാളപ്പെടുത്തലുകൾ കൊണ്ട് സമ്പന്നമാണ് നോവലിന്റെ ആദ്യ ഭാഗങ്ങൾ. തനതായ ആചാരങ്ങളും വിശ്വാസങ്ങളും ജീവിതചര്യകളും ആട്ടവും പാട്ടും കലയും സാഹിത്യവും നാടൻ കളികളും ആയോധന വിനോദങ്ങളും ഒക്കെയായി താരതമ്യേന മെച്ചപ്പെട്ടതും സംതൃപ്തവുമായ ജീവിതം നയിക്കുന്നവരാണ് മിക്കവാറും എല്ലാ ഗോത്രങ്ങളും. പ്രതികൂലമായ പ്രകൃതിയോടും മൃഗങ്ങളോടും മറ്റ് ബാഹ്യശക്തികളോടും ഇണങ്ങിയും പിണങ്ങിയും പോരടിച്ചും സന്ധി ചെയ്തും ചോരയും കണ്ണീരും നൽകി വളർത്തിയെടുത്തതാണ് ഇത്തരം എല്ലാ സാംസ്കാരിക ഈടുവയ്പുകളും. ജനനം, മരണം, വിവാഹം, പ്രസവം, പേരിടൽ, ഉത്സവം, വിനോദം തുടങ്ങി ജീവിതവുമായി ബന്ധമുള്ള എന്തിലും തങ്ങളുടേതു മാത്രമായ രീതിയിലുള്ളതും പ്രാക്തനവുമായ ഇത്തരം നിരവധി ചിട്ടപ്പെടുത്തലുകൾ ദർശിക്കാം. ഇടുക്കിയിലും വയനാട്ടിലും ഛത്തീസ്ഗഢിലും ലോകത്തെവിടെയും അതങ്ങനെ തന്നെയാണ്. ചില കേവല വ്യത്യസ്തതകൾ കണ്ടേക്കാമെങ്കിലും പൊതുവേ സമാനതകൾ ഏറെയാണ്.
ഇവിടെ നീൽഗുണ്ടയിലെ ഗോത്രജനതയെ സംബന്ധിച്ചും മാറ്റമൊന്നുമില്ല. അവരുടെ തനത് പാരമ്പര്യവും ജീവിതരീതികളും ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം നോവലിൽ നിറയുന്നു. ഉൽപ്പത്തിക്കഥകൾ, ഐതിഹ്യങ്ങൾ, മിത്തുകൾ, പ്രകൃതി ആരാധന, കല, സാഹിത്യം, പാട്ട്, നൃത്തം, കരകൗശലം, പാചകരീതികൾ, ഗൃഹനിർമ്മാണം തുടങ്ങി ട്രൈബൽ ഫോക്ലോറിന്റെ അനന്തവും ചാരുതയാർന്നതുമായ ധാരാളം അടയാളപ്പെടുത്തലുകൾ കൊണ്ട് വേറിട്ടതാവുന്നു ഈ നോവൽ. പുസ്തകം വായിച്ചു പോകുമ്പോൾ ഇടുക്കിയിലെ പ്രബല ഗോത്രസമൂഹങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും ജീവിതരീതികളുമൊക്കെ നമ്മുടെ ഓർമ്മകളിൽ തെളിഞ്ഞു വരും.
ഈറ്റപ്പുരകൾ ഗോത്രജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. പ്രസവിക്കാറായ ഊരാളിപ്പെണ്ണിന് അഭയം പാട്ടുപുര. അവിടെ മാതാവിനു പോലും പ്രവേശനമില്ല. നീൽഗുണ്ടയിലെ ഘോട്ടുൽ മുതുവാന്മാരുടെ "ചാവടി"യെ ഓർമ്മിപ്പിക്കും. സൽഫിയും മഹുവാ ചാരായവും ഊരാളിമാർ ആയം പന ചെത്തിയെടുക്കുന്ന കള്ളിന്റെ ഓർമ്മകൾ കൊണ്ടുവരും. നീൽഗുണ്ടയിലെ കുട്ടപ്പണി സമ്പ്രദായം മന്നാൻമാർക്കിടയിലും ഉണ്ടായിരുന്നു. മുളയുടെയും ഈറ്റയുടെയും ഭൗതിക മൂല്യം തിരിച്ചറിയുന്നവരാണ് എല്ലാ ഗോത്രങ്ങളും. ഇല്ലി ചതച്ചുണ്ടാക്കുന്ന തൈതൽ പലകയുടെ ഉപയോഗം എല്ലാ ഗോത്രങ്ങളിലുമുണ്ട്. അവരിൽ നിന്ന് കുടിയേറ്റ ജനത അത് കടം കൊണ്ടിട്ടുമുണ്ട്.
ഇത്തരത്തിൽ ട്രൈബൽ ഫോക്ലോറുമായി ബന്ധപ്പെട്ട നിരവധി രേഖപ്പെടുത്തലുകൾ ഈ പുസ്തകത്തിൽ നിന്ന് വായിച്ചെടുക്കാം. സാഹിത്യത്തിലെ ഫോക് എലമെന്റുകൾ തിരയുന്ന പഠിതാക്കൾക്ക് പ്രയോജനപ്പെടുത്താവുന്ന ഒരു പുസ്തകമായിട്ടു കൂടി മാറുന്നുണ്ട് ഈ നോവൽ.
ജലം, വനം, നിലം എന്നിവയ്ക്കു വേണ്ടിയുള്ള പോരാട്ടങ്ങൾ
നോവലിന്റെ ആത്മാവ് കുടികൊള്ളുന്നത് രണ്ടാം ഭാഗത്താണ്. ജലം, വനം, നിലം എന്നിവ സംരക്ഷിക്കുന്നതിനുള്ള പോരാട്ടമായി അതിനെ ഒറ്റ വാചകത്തിൽ നിർവചിക്കാം. നാടും വീടും കുടിയും ഉറ്റവരും ഉടയവരും ജീവിതസാഹചര്യങ്ങളും എന്നെന്നേക്കുമായി നഷ്ടപ്പെട്ടവരുടെ നിലവിളികൾ നമ്മളിവിടെ കേൾക്കുന്നു. സമകാലീന ഇന്ത്യൻ പൊളിറ്റിക്സിന്റെ ഒരു പരിഛേദം എന്നു വിശേഷിപ്പിക്കാവുന്ന സംഭവവികാസങ്ങൾ. ഭരണകൂട ഭീകരതകളും നക്സലൈറ്റ് നരനായാട്ടും കോർപ്പറേറ്റ് അധിനിവേശവും സൃഷ്ടിക്കുന്ന ഭീതിയും അരക്ഷിതാവസ്ഥകളും പകരത്തിനു പകരമായി ചെയ്യുന്ന കൂട്ടക്കൊലപാതകങ്ങളും മണ്ണിനെയും മലകളെയും നിഷ്കളങ്കമായി സ്നേഹിച്ച് ജീവിച്ചുപോന്ന ഒരുപറ്റം മനുഷ്യരെ എങ്ങനെ ജീവിക്കുന്ന ശവങ്ങളാക്കി മാറ്റി എന്നതിന്റെ ഞെട്ടിക്കുന്ന കഥകളാണ് അരുൺ ഇവിടെ വരച്ചിട്ടിരിക്കുന്നത്.
ഇതിനെല്ലാമെതിരെ തങ്ങളാലാവുംവിധം നിവർന്നുനിന്ന് പോരാടാൻ നീൽഗുണ്ടക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഏതവസ്ഥയിലും നിരായുധരായിപ്പോയ ആ പാവപ്പെട്ട ജനതക്ക് വിജയിക്കാൻ കഴിയുന്നില്ല. നീൽഗുണ്ട അങ്ങനെ മനുഷ്യരില്ലാത്ത, ഗാവോൺ കുന്തുകൾ മാത്രമുള്ള പ്രേതപ്പറമ്പായി മാറുന്നു. ഘോട്ടുലുകൾ ഇല്ലാത്ത, ആഘോഷങ്ങളില്ലാത്ത, ജീവിച്ചിരിക്കേ മരിച്ചവരായി മാറിയ ആ ഗ്രാമത്തിന്റെ ഗോകമൂക ചിത്രം ആരെയാണ് നൊമ്പരപ്പെടുത്താത്തത്?
കവിതകൾ, പാട്ടുകൾ, മുദ്രാവാക്യങ്ങൾ
നോവൽ ഏറെ ഹൃദ്യവും ആകർഷകവുമായി മാറുന്നതിൽ ഈ മൂന്നു ഘടകങ്ങൾ വലിയ പങ്കു വഹിക്കുന്നുണ്ട്. നോവലിലെ വൈകാരിക സന്ദർഭങ്ങൾക്ക് മൂർച്ച കൂട്ടാനും കൂടുതൽ മികവ് ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു. ഇതിലൂടെ കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ നന്നായി വെളിപ്പെടുത്താനാവുന്നു:
ജൊഹാരിയാകുന്നിനു മേലെ....
അരുപിയായ മരമുണ്ടല്ലോ
ആ മരത്തിൻ കാതലിനുള്ളിൽ
കർത്താവാം അരശനുമുണ്ടേ
അർശ്ശനൊപ്പം കണ്ണകിയുണ്ടേ
കാവലിനായ് ഗാവോൺ കുന്തുകൾ
കൗശലും ആൽക്കയും കൂടി കാളവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ കൗശൽ പാടുന്നതായി ചിത്രീകരിച്ചിരിക്കുന്ന ഒരു പാട്ടുഭാഗമാണിത്. നോവലിന്റെ പല സന്ദർഭങ്ങളിലും ഇത്തരം പാട്ടുകളോ കവിതാരൂപങ്ങളോ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്നേഹത്തിന്റെ മഹാസമുദ്രമായ ഘോട്ടുലിൽ ഒത്തു ചേരുന്ന ചേലിക്കുകളും മൊട്ടാരികളും പാട്ടുകളിലൂടെയാണ് പരസ്പരം സംവദിക്കുന്നത്.
വിശുദ്ധമായ ചുവരുകളോട്
ഞാൻ നിന്നെ ചേർത്തു നിർത്തും
നിൻ്റെ മാർവ്വിടങ്ങൾ എൻ നെഞ്ചിലമരുമ്പോൾ
നിൻ്റെ കണ്ണുകളിൽ ഞാൻ എന്നെക്കാണും
(ആൺപാട്ട്)
മരത്തിൽ പടർന്നു കയറുന്ന വള്ളിപോലെ
ഒരു കാൽപ്പാദത്തിലൂന്നി മറുകാലു കൊണ്ട്
തുടയിൽ ചവിട്ടി
ഒരു കൈ ചുമലിൽ വച്ചും
മറുകയ്യാൽ ചുറ്റിപ്പിടിച്ചും
ഞാൻ നിന്നിൽ പടർന്നു കയറും
(പെൺപാട്ട്)
ജലത്തിനും വനത്തിനും നിലത്തിനും വേണ്ടി കഥാനായികയായ മീര നയിക്കുന്ന സമരം മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പരമ്പരാഗതമായ സമരരീതികളിൽ നിന്നും തികച്ചും വ്യത്യസ്തവും സർഗ്ഗാത്മകവുമാണ്.
പാട്ടുകൾ കൊണ്ടും നൃത്തം കൊണ്ടും വാദ്യമേളങ്ങൾ കൊണ്ടും കവിത തുളുമ്പുന്ന മുദ്രാവാക്യങ്ങൾ കൊണ്ടും ഏറെ വ്യത്യസ്തവും നവീനവുമായ ഒരു സമരരീതി. വായന ഈ ഭാഗങ്ങളിലൂടെ കടന്നുപോയപ്പോൾ ജന്തർ മന്ദർ സമരവേദിയാണ് ഓർമ്മ വന്നത്. അവർ വിളിക്കുന്ന മുദ്രാവാക്യം നോക്കൂ:
ഞങ്ങൾ വിതക്കും
ഞങ്ങൾ നനക്കും
നിങ്ങള് കൊയ്താൽ
ഞങ്ങൾ എതിർക്കും
ഞങ്ങടെ വീടീ
കരിംപച്ചക്കാടുകൾ
ജൽ ജംഗൽ ജമീൻ...
നോവൽ പറയുന്ന രാഷ്ട്രീയം
നോവൽ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം മീരയും ജോസഫും തമ്മിലുള്ള ദീർഘമായ സംഭാഷണങ്ങളിലൂടെയും മീരയുടെ തുടർന്നുള്ള ചിന്തകളിലൂടെയും വെളിവാക്കപ്പെടുന്നുണ്ട്. അത് സമരത്തിന്റെ മാർഗ്ഗമാണ്. ഒരുമയുടെ മാർഗ്ഗമാണ്. സ്നേഹത്തിന്റെ മാർഗ്ഗമാണ്. ജനാധിപത്യത്തിന്റെ മാർഗ്ഗമാണ്. ആയുധം കയ്യിലെടുക്കാത്ത, രക്തച്ചൊരിച്ചിലകൾ ഇല്ലാത്ത മറ്റൊരു മഹാവിപ്ലവത്തിന്റെ മാർഗ്ഗം. നോവൽ വിഭാവന ചെയ്യുന്ന ആ മഹാവിപ്ലവത്തിന്റെ രാഷ്ട്രീയത്തെ ഇങ്ങനെയൊരു സമവാക്യം കൊണ്ട് പൂരിപ്പിക്കാമെന്നു തോന്നുന്നു: ഗാന്ധിജി + അംബേദ്കർ + മാർക്സ് = നീൽഗുണ്ടൻ വിപ്ലവം അഥവാ ഇന്ത്യൻ വിപ്ലവം.
Content Highlights: Detailed review of Arun Sebastian's latest Malayalam novel 'Jal Jangal Jameen'., Exploration of tribal folklore, indigenous lifestyle, and cultural traditions in Chhattisgarh and Idukki/Wayanad., Analysis of the second half focusing on the struggle for water, forest, and land against corporate and state oppression., Insight into the unique protest methods involving folk songs, poetry, and creative resistance., Political commentary blending Gandhian, Ambedkarite, and Marxist philosophies.