ബിലാന്‍ കൂത്ത്: പുസ്തകം അടച്ചുവെച്ചാലും മനസില്‍ നിന്ന് മായാതെ നില്‍ക്കുന്ന ആ പെണ്ണുങ്ങള്‍!

.
.

രിത്രവും മിത്തും ഭാവനയും  ഒരേ അനുപാതത്തില്‍ ആറ്റിക്കുറിക്കിയെഴുതിയ നോവലാണ് ബിലാന്‍ കൂത്ത്. ബിലാന്‍ കൂത്ത്  ഒരു നാടിന്റെ ചരിത്രമല്ലെന്നും പക്ഷേ ആ നാട് കടന്നുപോയ ചരിത്ര സംഭവങ്ങളും കഥകളുകളുമെല്ലാംനോവലിലുണ്ടെന്നും നോവലിസ്റ്റ്  ഷഹല വെളിയംകോട്‌ ആമുഖത്തില്‍ തന്നെ പറഞ്ഞുവയ്ക്കുന്നുമുണ്ട്. ഒട്ടും മടുപ്പില്ലാതെ, ബുദ്ധിയെയും ചിന്തകളെയും അലോസരപ്പെടുത്താതെ, എന്നാല്‍ 90 കളില്‍ ജനിച്ച ഒരാളെ ഗൃഹാതുരത്വത്തിലേക്ക് കൂട്ടികൊണ്ട് പോകാന്‍ കഴിയുന്ന ഒരു കുഞ്ഞ് നോവല്‍. ഷഹല വെളിയംകോടിന്റെ  ആദ്യ നോവലാണ് ബിലാന്‍ കൂത്ത്. എന്നാല്‍ തുടക്കക്കാരിയുടെ പരിഭ്രമമോ പരിചയക്കുറവോ എഴുത്തിലെവിടേയും കാണാനുമാകില്ല. 

ഒരു ഗ്രാമത്തിനെയോ ദേശത്തിനെയോ ഇതിവൃത്തമാക്കിയുള്ള എണ്ണം പറഞ്ഞ രചനകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. എന്നിട്ടും ഇതിവൃത്തത്തിലും കഥപറച്ചില്‍ രീതിയിലും ഒട്ടും ആവര്‍ത്തന വിരസത തോന്നാതിരിക്കാന്‍ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിലാന്‍കൂത്ത് പുതുമയുള്ള വായാനാനുഭവം സമ്മാനിക്കുന്നു. 

സമൂഹം സൃഷ്ടിച്ച നിയമത്തിനും ധാര്‍മ്മിമതയ്ക്കും അപ്പുറം സ്വന്തമായൊരു ലോകത്ത് ജീവിക്കുന്നയാളാണ് ബിലാന്‍കൂത്തിലെ നായകന്‍. അയാളുടെ ഭ്രാന്തമായ
 ചിന്തകള്‍, അയാളുടെ ദേശാടനങ്ങള്‍, അയാളുടെ ഇറങ്ങിപ്പോകലുകളെല്ലാമാണ്  ബിലാന്‍കൂത്തിനെ ജീവന്‍വെപ്പിക്കുന്നത്. അയാളുടെ തിരിച്ചുവരവിന് വേണ്ടിയാണ് ബിലാന്‍കൂത്തിന്റെ കാത്തിരിപ്പ് പോലും. ബിലാന്‍കൂത്തില്‍ ജനിച്ച് അയാളുടെ പ്രിയപ്പെട്ടവളായി കുട്ടിക്കാലം ചിലവഴിച്ച് ഡല്‍ഹിലെ മാധ്യമപ്രവര്‍ത്തകയായി വളര്‍ന്ന കുഞ്ഞാമിയിലൂടെയാണ് ബിലാന്‍കൂത്തിന്റെ കഥ ചുരുളഴിയുന്നത്.കുഞ്ഞാമിയും നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകരായിരുന്നതിനാലും നോവലിസ്റ്റിനും മുമ്പുള്ള ഷഹലയെ പരിചയമുള്ളതുകൊണ്ടും കുഞ്ഞാമിയില്‍ നോവലിസ്റ്റിന്റെ ആത്മാംശങ്ങള്‍ ഒളിഞ്ഞിരിപ്പില്ലേയെന്ന് സംശയം തോന്നാം.  

ബിലാന്‍കൂത്തിലേക്കുള്ള ഒടുവിലയാളുടെ മടക്കം കുഞ്ഞാമിയോടൊപ്പം വായനക്കാരനെയും സങ്കടപ്പെടുത്തുന്നതിനാണ് നോവലിന്റെ വിജയം. അവധൂതനെപ്പോലെയുള്ള വല്യമൂത്താക്കയെ കുഞ്ഞാമി മാത്രമല്ല നമ്മളും ഇഷ്ടപ്പെട്ടുപോകും.

മലബാര്‍ ഗ്രാമ്യഭാഷയിലാണ് ബിലാന്‍കൂത്തുകാര്‍ സംസാരിക്കുന്നതെങ്കിലും ഒട്ടും ആ ഭാഷ പരിചയമില്ലാത്തവര്‍ക്ക് പോലും കല്ലുകടിയില്ലാതെ ആസ്വദിക്കാനാകുംവിധാമാണ് ഷഹലയുടെ എഴുത്ത്.

ബിലാന്‍കൂത്തിലെ കഥാപാത്രങ്ങളൊന്നും നമുക്ക് അപരിചിതരല്ല, പേറ്റിച്ചിയും വേശ്യയും ആനക്കാരനും നക്‌സലൈറ്റും അയാളുടെ കാമുകിയും വൈദ്യരും ടീച്ചറും അങ്ങനെ എല്ലാവരുടേതുമാണ് ബിലാന്‍കൂത്ത്. ഓരോ കഥാപാത്രങ്ങള്‍ക്കും നമ്മളെ അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വമുണ്ട് താനും. മെയ്തുമാപ്ലയുടെ വീടിന്റെ അടിത്തറയ്ക്ക് ശക്തിപകരാന്‍ ബലികഴിക്കപ്പെട്ട തമിഴത്തിയും വീട് വിട്ടിറങ്ങിയ ഭര്‍ത്താവിന് വേണ്ടി ഒരായുസ് മുഴുവന്‍ കാത്തിക്കുന്ന സുലേഖയുമെല്ലാം മനസിന്റെ നീറ്റലായി മാറും. ബിലാന്‍കൂത്തിലെ സ്ത്രീകഥാപാത്രങ്ങള്‍ ഓരോന്നും വളരെ ശക്തമാണ്. അവരെല്ലാം സ്വന്തമായി വ്യക്തിത്വവും തീരുമാനങ്ങളുമുള്ളവരാണ്. ബിലാന്‍കൂത്ത് വായിച്ച് തീര്‍ത്ത് പുസ്തകം അടച്ചുവെച്ചാലും  ആ പെണ്ണുങ്ങളെല്ലാം മനസില്‍ നിന്ന് മായാതങ്ങനെ നില്‍ക്കും. 

അപ്പു ആനയുടെ ആരാധകനായ സതീശന്‍ എന്ന കുട്ടി ഏതൊരു ആനപ്രേമിയുടെയും കുട്ടിക്കാലമാണ്. എലന്തക്കമുട്ടായിയും പനങ്കുരുവുമെല്ലാം വായനക്കാരെയും സ്‌കൂള്‍കുട്ടിയാക്കും. ജനനവും മരണവും പ്രണയവും വിരഹവും കാമവും ഭ്രാന്തും, ആത്മീയയും എന്തിന് സ്വവര്‍ഗാനുരാഗം തുടങ്ങി എല്ലാ മാനുഷിക വികാരങ്ങളെയും ബിലാന്‍കൂത്ത് മനോഹരമായി കാണിച്ചുതരുന്നു.  കണ്ടറിഞ്ഞ ജീവിതങ്ങളും കേട്ടറിഞ്ഞ കഥകളുമെല്ലാം ഷഹല ബിലാന്‍കൂത്തിനൊപ്പം ചേര്‍ത്തുവെച്ചിട്ടുണ്ട്.മനുഷ്യമനസിന്റെ സങ്കീര്‍ണതകളെ ജീവിതം കാണിച്ചുതരുന്ന അനിശ്ചിതാവസ്ഥകള്‍, ആകസ്മികതയുടെ സൗന്ദര്യം, എല്ലാം ബിലാന്‍കൂത്തില്‍ അനുഭവിച്ചറിയാം.  


 

Content Highlights: Bilankoothu, Shahala Veliyamkode, Review, Alphonsa P George , Mathrubhumi Books