കഥയിലെ മനുഷ്യര്‍ വന്നത് എന്റെ ജീവിതത്തില്‍നിന്നാണ് - ടി.ഡി. രാമകൃഷ്ണന്

കൊച്ചി: സ്വന്തം ജീവിതവും കണ്ടതും തേടിച്ചെന്നതുമായ ആളുകളുടെ അനുഭവങ്ങളും ചേര്‍ന്നതാണ് തന്റെ കഥകളെന്ന് ടി.ഡി. രാമകൃഷ്ണന്. ''ആറു വിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി എന്ന പുതിയ പുസ്തകത്തിലെ കഥാപാത്രങ്ങള്‍ എന്റെ ജീവിതത്തില്നിന്നുള്ളവരാണ്. ഞാന്‍ കണ്ട മനുഷ്യരാണ്. പല കാലങ്ങളിലായി എന്റെ മനസ്സില്‍ കുടിയേറിയവരാണ് അവര്‍. പുസ്തകത്തിലെ ബാക്കി കഥകളായ പലുകേ ബംഗരമായേനാ, അഭയാര്‍ത്ഥികള്‍, അന്നം, കാശി, ഇര, ശിവലേഖയുടെ അമ്മ കഥയും കാലവും... എല്ലാത്തിലും നിറഞ്ഞുനില്ക്കുന്നത് ഞാന്‍ കണ്ട കഥാപാത്രങ്ങളാണ്'' - കലൂര്‍ മാതൃഭൂമി ബുക്സിലെ അക്ഷരക്കൂട്ടില്‍ സംസാരിക്കവേ ടി.ഡി. രാമകൃഷ്ണന് പറഞ്ഞു.
ടി.ഡി. രാമകൃഷ്ണന്റെ ആറുവിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി എന്ന പുതിയ പുസ്തകവും അദ്ദേഹത്തിന്റെ നോവല്‍ ജീവിതത്തെക്കുറിച്ചുള്ള അധികാരാസക്തിയുടെ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ എന്ന ഡോ. സി.കെ. ദീപയുടെ പുസ്തകവുമാണ് വായനക്കൂട്ട് ചര്‍ച്ചചെയ്തത്.
സേതുവിന്റെ ദൂത് ആണ് വായനയില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥയെന്ന് ടി.ഡി. രാമകൃഷ്ണന് പറഞ്ഞു. ''മലയാളം കണ്ട ഏറ്റവും അദ്ഭുതപ്പെടുത്തുന്ന എഴുത്തുകാരില്‍ ഒരാളാണ് സേതു. പണ്ട് ദൂത് വായിച്ചത് ഇന്നും മനസ്സില്‍ മറയാതെയുണ്ട്. രണ്ടാളുകളുടെ സംഭാഷണങ്ങളിലൂടെയാണ് ആ കഥ പറയുന്നത്. ആ പ്രേരണയില്‍ എഴുതിയതാണ് ആറു വിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി എന്ന പുതിയ പുസ്തകം''.
ടി.ഡി. രാമകൃഷ്ണന്റെ ആറ് നോവലുകളെപ്പറ്റി പഠനം നടത്തി അധികാരാസക്തിയുടെ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ എന്ന പുസ്തകം എഴുതിയ ഡോ. സി.കെ. ദീപ രചനയുടെ കഥ വിവരിച്ചു.
സെയ്ന്റ് ആല്‍ബര്‍ട്സ് കോളേജ് അധ്യാപിക ദേവിക സജീവ് ആറുവിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി എന്ന പുസ്തകത്തെക്കുറിച്ച് സംസാരിച്ചു.
Content Highlights: Book discussion at Mathrubhumi books