പുസ്തകം പുറത്തിറങ്ങും മുമ്പേ വിടപറഞ്ഞവർ; അൻസൽ എന്ന പ്രതിഭയും ചിത്രലേഖയുടെ ആത്മകഥയും

ജാതീയതയുടെയും രാഷ്ട്രീയ ഗുണ്ടായിസത്തിന്റെയും ക്രൂരമായ വേട്ടയാടലുകൾക്ക് ഇരയായ, അധ്വാനിച്ച് ജീവിക്കാൻ കൊതിച്ച ഒരു സാധാരണ ദളിത് സ്ത്രീയായിരുന്നു ചിത്രലേഖ. വായ്പയെടുത്തും അമ്മമ്മയുടെ ആധാരം പണയം വെച്ചും പയ്യന്നൂരിനടുത്ത എടാട്ട് സ്റ്റാൻഡിൽ അവർ ഇറക്കിയ ഓട്ടോറിക്ഷ തല്ലിത്തകർത്തും, യൂണിയൻ പെർമിറ്റ് നിഷേധിച്ചും രാഷ്ട്രീയ ഗുണ്ടകൾ വേട്ടയാടിയപ്പോൾ, ആ സമരമുഖങ്ങളിൽ പ്രതിരോധത്തിന്റെ കരുത്തുറ്റ അക്ഷര കവചമായി വി.എൻ. അൻസൽ എന്ന മാധ്യമപ്രവർത്തകൻ ഒപ്പമുണ്ടായിരുന്നു. ചിത്രലേഖയ്ക്കും ഭർത്താവ് ശ്രീഷ്കാന്തിനും കേവലമൊരു പത്രപ്രവർത്തകൻ എന്നതിനപ്പുറം താങ്ങും തണലുമാകുന്ന ഒരു സഹോദരനായി മാറുകയായിരുന്നു അദ്ദേഹം.
ജീവിക്കാനായി വ്യവസ്ഥിതികളോട് നിരന്തരം പോരാടേണ്ടിവന്ന ഒരു സ്ത്രീയുടെ കനൽവഴികളായിരുന്നു 'ഒരു ദളിത് ഓട്ടോഡ്രൈവറുടെ ജീവിതം'. അൻസലിന്റെ തൂലികയിലൂടെ പിറന്ന ആ ആത്മകഥ ഒരേസമയം വേദനാജനകവും സാഹിത്യഭംഗി ചോരാത്തതുമായിരുന്നു. മാതൃഭൂമി ഡോട്ട്കോമിലൂടെ വായനക്കാരുടെ മനസ്സിനെ ഉലയ്ക്കുകയും പിന്നീട് മാതൃഭൂമി ബുക്സ് പുസ്തക രൂപത്തിലാക്കുകയും ചെയ്ത ഈ കൃതി, ആ മാധ്യമപ്രവർത്തകന്റെ മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമായിരുന്നു. എന്നാൽ, ആ അക്ഷരങ്ങൾ വെളിച്ചം കാണുന്നതിന് മുൻപ്, 2024 ഒക്ടോബറിൽ ചിത്രലേഖ ക്യാൻസറിന് കീഴടങ്ങി. ദൗർഭാഗ്യമെന്ന് പറയട്ടെ, പുസ്തകപ്രകാശനം നിശ്ചയിച്ച വായനദിനത്തിന് തൊട്ടുമുൻപ് പ്രിയപ്പെട്ട അൻസലും നമ്മെ വിട്ടുപിരിഞ്ഞു.
ആഴത്തിലുള്ള ആ സൗഹൃദത്തിന്റെ ഓർമയ്ക്കായി ചിത്രലേഖയുടെ കുടുംബം തങ്ങളുടെ പുസ്തകം അൻസലിനാണ് സമർപ്പിച്ചത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗവാർത്തയറിഞ്ഞ് ഭർത്താവ് ശ്രീഷ്കാന്ത് 'മാതൃഭൂമി'യോട് പങ്കുവെച്ച വാക്കുകളിൽ ആ വേർപാടിന്റെ ശൂന്യത മുഴുവനുമുണ്ട്:
'ഞങ്ങളുടെ കുടുംബത്തിന് നീതി കിട്ടാൻ വേണ്ടി അൻസൽ ചെയ്ത സഹായങ്ങൾ ഒരിക്കലും മറക്കാനാവില്ല. അന്ന് ചിത്രലേഖ മരിച്ചപ്പോൾ ഞങ്ങൾക്ക് അനുഭവപ്പെട്ട അതേ ശൂന്യത തന്നെയാണ് ഇന്ന് അൻസലിന്റെ മരണവാർത്ത കേട്ടപ്പോഴും അനുഭവപ്പെടുന്നത്.'
വാർത്തകൾ എന്നത് കേവലം അച്ചടി മഷിയാൽ എഴുതപ്പെടുന്ന വാക്കുകളല്ല, മറിച്ച് ജീവിക്കുന്ന മനുഷ്യരുടെ ഹൃദയമിടിപ്പുകളും ജീവിതയാഥാർത്ഥ്യങ്ങളുമാണെന്ന് അൻസൽ വിശ്വസിച്ചിരുന്നു. മരണത്തിന്റെ തണുത്ത വിരലുകൾ വന്ന് തൊടും മുൻപ് വരെയും അൻസൽ മാധ്യമലോകത്ത് സജീവമായിരുന്നു. ഒച്ചയുള്ള ചിരിയും, പെട്ടെന്ന് കയറിവരുന്ന കോപവും, മീൻ കൂട്ടാത്ത ഭക്ഷണമേശയും, ശരീരത്തിന്റെ കരുത്ത് നിലനിർത്താൻ ദിവസവും ശീലമാക്കിയ നേന്ത്രപ്പഴവും... പത്രപ്രവർത്തകർക്കിടയിൽ വി.എൻ. അൻസൽ എന്ന പേര് വെറുമൊരു 'ബൈലൈൻ' ആയിരുന്നില്ല. അതൊരു സവിശേഷമായ വ്യക്തിത്വത്തിന്റെ അടയാളപ്പെടുത്തലായിരുന്നു.
ചെറുപ്പത്തിലേ അൻസലിന്റെ മനസ്സിൽ വീണ വിത്ത് ഒരു കുറ്റാന്വേഷകനാകുക എന്നതായിരുന്നു. പരന്ന വായനയും സമൂഹത്തിലെ അനീതികൾ കണ്ടെത്താനുള്ള ആഗ്രഹവുമായിരുന്നു അതിന് പിന്നിൽ. വളപട്ടണം സ്കൂളിൽ നിന്ന് തുടങ്ങിയ ആ അക്ഷരവേരുകൾ തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെത്തിയപ്പോഴേക്കും കൂടുതൽ പടർന്നു. ഡിഗ്രിക്ക് പഠിക്കുമ്പോൾ മാതൃഭൂമി, ദേശാഭിമാനി വാരികകളുടെ ബാലപംക്തികളിൽ കഥകളെഴുതിക്കൊണ്ടാണ് സാഹിത്യരംഗത്തേക്ക് പ്രവേശിക്കുന്നത്. ഇതേ കാലയളവിൽ തന്നെ കോഴിക്കോട് സർവകലാശാലയുടെ റെസ്ലിങ്ങ് ചാമ്പ്യൻപട്ടം തുടർച്ചയായി രണ്ടു വർഷം നിലനിർത്തിക്കൊണ്ട് തന്റെ കായികക്കരുത്തും തെളിയിച്ചു.
'സുദിനം' സായാഹ്ന പത്രത്തിൽ റിപ്പോർട്ടറായി തുടങ്ങിയ പത്രപ്രവർത്തന ജീവിതം സുദർശനം, സാരഥി, 'ചിക്കാഗോ' എന്നിവയിലൂടെ വളർന്നു. ആദ്യകാലത്ത് ചന്ദ്രികയുടെ സ്പോർട്സ് പേജുകളിൽ നിറഞ്ഞുനിന്ന അൻസൽ പിന്നീട് രാഷ്ട്രീയ റിപ്പോർട്ടിങ്ങിലേക്ക് ചുവടുമാറ്റി. പത്രപ്രവർത്തക യൂണിയന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ എന്നീ നിലകളിലും ഒടുവിൽ 'കണ്ണൂർ മെട്രോ' എന്ന പത്രത്തിന്റെ അമരക്കാരനായും അദ്ദേഹം പ്രവർത്തിച്ചു.
Content Highlights: VN Ansal's pivotal role in documenting the struggle of Dalit activist Chitralekha., The journey of the book 'Oru Dalit Autodriverude Jeevitham'., Ansal's transition from sports journalism to investigative and political reporting., A tribute to the professional integrity and humanitarian efforts of the late journalist.