രത്തന്‍ ടാറ്റ വ്യവസായലോകത്തിന് പ്രചോദനം -ഓക്സിജന്‍ സിഇഒ ഷിജോ കെ. തോമസ്

തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനിയിലെ മാതൃഭൂമി മെഗാ ബുക് ഫെയര്‍ വേദിയില്‍ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച, 'രത്തൻ ടാറ്റ, ഒരു ഇന്ത്യൻ വിജയഗാഥ' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള 'ടാറ്റ ടോക്സി'ല്‍ 'ഓക്സിജൻ' സിഇഒ ഷിജോ കെ. തോമസ് സംസാരിക്കുന്നു. പുസ്തകത്തിന്റെ രചയിതാവ് ആര്‍. റോഷൻ സമീപം.
തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനിയിലെ മാതൃഭൂമി മെഗാ ബുക് ഫെയര്‍ വേദിയില്‍ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച, 'രത്തൻ ടാറ്റ, ഒരു ഇന്ത്യൻ വിജയഗാഥ' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള 'ടാറ്റ ടോക്സി'ല്‍ 'ഓക്സിജൻ' സിഇഒ ഷിജോ കെ. തോമസ് സംസാരിക്കുന്നു. പുസ്തകത്തിന്റെ രചയിതാവ് ആര്‍. റോഷൻ സമീപം.

കോട്ടയം: രത്തന്‍ ടാറ്റ എന്ന വ്യവസായിയുടെ അല്ലെങ്കില്‍ വ്യക്തിയുടെ ജീവിതത്തെ എങ്ങനെ കാണുന്നു? മാതൃഭൂമി ബിസിനസ് വാര്‍ത്താ വിഭാഗം ചീഫ് സബ് എഡിറ്റര്‍ ആര്‍. റോഷന്റെ ചോദ്യം. 'ഓക്സിജന്‍' സിഇഒ ഷിജോ കെ. തോമസിന്റെ മറുപടി രത്തന്‍ ടാറ്റയുടെ ജീവിത സംഗ്രഹം തന്നെയായിരുന്നു.

''വ്യവസായിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും രത്തന്‍ ടാറ്റ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചു. അവസരങ്ങള്‍ മുന്നിലെത്തിയപ്പോള്‍ മടിയില്ലാതെ റിസ്‌ക് എടുക്കാനുളള കഴിവാണ് ഏറ്റവും ആകര്‍ഷിച്ചത്. നിരവധി കമ്പനികള്‍ ഏറ്റെടുത്തു. കൈക്കൂലി കൊടുത്ത് ബിസിനസ് വളര്‍ത്തിയില്ല. പണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുംവേണ്ടി ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചു.''-ഷിജോ കെ. തോമസ് പറഞ്ഞു. 

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച, ആര്‍. റോഷന്‍ എഴുതിയ 'രത്തന്‍ ടാറ്റ ഒരു ഇന്ത്യന്‍ വിജയഗാഥ' എന്ന പുസ്തകത്തെ ആസ്പദമാക്കി നടത്തിയ 'ടാറ്റ ടോക്സി'ല്‍ സംവദിക്കുകയായിരുന്നു ഇരുവരും. ടാറ്റയുടെ വളര്‍ച്ച, സംസ്‌കാരം, മൂല്യങ്ങള്‍ എല്ലാം ഒരുസിനിമ കാണുന്നതുപോലെ പുസ്തകം പ്രതിപാദിക്കുന്നുണ്ടെന്നും ബിസിനസുകാര്‍ക്ക് പുസ്തകം 'ബൈബിള്‍'പോലെ കരുതാമെന്നും ഷിജോ കെ. തോമസ് പറഞ്ഞു. 

''ഒരേസമയം ശാന്തനും ശക്തനുമായിരുന്നു രത്തന്‍ ടാറ്റ. വളര്‍ത്തുനായയോടുള്ള സ്നേഹം കാരണം ബ്രിട്ടീഷ് കൊട്ടാരത്തില്‍നിന്ന് കിട്ടുമായിരുന്ന പുരസ്‌കാരം വേണ്ടെന്നുവെച്ചത് ഉള്ളിലെ അനുകമ്പയുടെ തെളിവാണ്. ഇതെല്ലാം പുസ്തകത്തില്‍നിന്ന് കിട്ടുന്ന പ്രചോദനമാണ്''-അദ്ദേഹം വിവരിച്ചു.

കോട്ടയം ചെല്ലിയൊഴുക്കം റോഡില്‍ 150 സ്‌ക്വയര്‍ ഫീറ്റ് സ്ഥാപനത്തില്‍നിന്നുള്ള തന്റെ ബിസിനസ് തുടക്കവും, രത്തന്‍ ടാറ്റയുടെ ജീവിതം മുന്‍നിര്‍ത്തി ഷിജോ കെ. തോമസ് അനുസ്മരിച്ചു. തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനിയിലെ മാതൃഭൂമി മെഗാ ബുക് ഫെയര്‍ വേദിയിലായിരുന്നു ചര്‍ച്ച.

എഴുത്തനുഭവങ്ങള്‍ രചയിതാവായ ആര്‍. റോഷന്‍ പങ്കുവെച്ചു. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ആര്‍. റോഷന്‍ ഷിജോ കെ. തോമസിന് നല്‍കി പ്രകാശനംചെയ്തു. മാതൃഭൂമി റീജണല്‍ മാനേജര്‍ ടി. സുരേഷ്, മീഡിയാ സെല്യൂഷന്‍സ്(പ്രിന്റ്) ചീഫ് മാനേജര്‍ കെ. അജിത്കുമാര്‍, സംരംഭക പരിശീലകനും പ്രഭാഷകനുമായ ഡോ. കെ.സുബ്രഹ്‌മണ്യം, മാതൃഭൂമി സെയില്‍സ് ഓര്‍ഗനൈസര്‍ ആര്‍. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: Oxygen CEO Shijo K. Thomas on Ratan Tata`s life lessons. Discover inspiring business ethics & values from `Ratan Tata: An Indian Success Story` book.