‘ഒന്നരവര്‍ഷം സംഭാഷണങ്ങളിലൂടെ സമാഹരിച്ച വിവരങ്ങളും ചേര്‍ത്താണ് എംടിയുടെ ജീവചരിത്രം തയ്യാറാക്കിയത്’

കോട്ടയം: എല്ലാവരും പറഞ്ഞും കേട്ടും വായിച്ചും അറിഞ്ഞ എംടിയെക്കുറിച്ചല്ല, എംടി വാസുദേവന്‍നായരെക്കുറിച്ച് ആരും ഇതേവരെ ചര്‍ച്ചചെയ്യാത്ത ഏടുകളെക്കുറിച്ചായിരുന്നു ഡോ. കെ. ശ്രീകുമാറിന്റെ വാക്കുകളത്രയും.
എംടിയുടെ ജീവചരിത്രകാരന്‍ ശ്രീകുമാര്‍, കോട്ടയം തിരുനക്കര ബസ്സ്റ്റാന്‍ഡ് മൈതാനത്ത് നടന്നുവരുന്ന മാതൃഭൂമി മെഗാ ബുക് ഫെയറിലെ 'ആ അനശ്വരകാലം' സായാഹ്നപരിപാടിയില്‍ വെള്ളിയാഴ്ചയാണ് മനസ്സ് തുറന്നത്.
വാക്കുകളില്‍ പിശുക്കുകാട്ടുന്ന വലിയ എഴുത്തുകാരനില്‍നിന്ന് അദ്ദേഹത്തിന്റെ ജീവിതം എങ്ങനെ ചോദിച്ചറിഞ്ഞുവെന്ന് ശ്രീകുമാര്‍ വിശദീകരിച്ചു. തുടര്‍ച്ചയായി ഒന്നരവര്‍ഷം, സംഭാഷണങ്ങളിലൂടെ സമാഹരിച്ച വിവരങ്ങളും ചേര്‍ത്താണ് മാതൃഭൂമി പ്രസിദ്ധീകരിച്ച എംടിയുടെ ജീവചരിത്രം തയ്യാറാക്കിയത്.
പലദിവസങ്ങളിലും ഒന്നോ, ഒന്നരയോ മണിക്കൂര്‍മാത്രം സംസാരം. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് അന്നേവരെ ആരും കേട്ടിട്ടില്ലാത്ത ജീവിതാനുഭവങ്ങള്‍ ഒരോന്നായി എംടി ശ്രീകുമാറിനോട് പങ്കിട്ടു. സോഷ്യല്‍ മീഡിയയില്‍ എംടിയെക്കുറിച്ച് പ്രചരിച്ച പല തെറ്റിദ്ധാരണകള്‍ക്കും ഈ ജീവചരിത്രഗ്രന്ഥം ഉത്തരം നല്‍കുന്നു.
എല്ലാക്കാര്യത്തിലും എംടി മൗനംപാലിച്ചില്ല. പ്രലോഭനങ്ങള്‍ക്ക് തെല്ലും വഴങ്ങാത്ത എംടി മനുഷ്യത്വത്തിനെതിരേ ഉയര്‍ന്ന കടന്നാക്രമണങ്ങളിലെല്ലാം ശക്തമായും കൃത്യമായും പ്രതികരിച്ചു.
ആരാധകന്റെ കുപ്പായം അഴിച്ചുവെച്ചശേഷം എഴുതാനിരുന്നതിനാല്‍ സത്യസന്ധമായ ജീവതാവതരണം സാധ്യമാക്കിയെന്ന് ശ്രീകുമാര്‍ പറഞ്ഞു. വായനക്കാരുടെ പ്രതിനിധിയായെത്തിയ ഡോ. കെ. സുബ്രഹ്‌മണ്യം ചര്‍ച്ചാവേദിയെ ആദ്യന്തം സജീവമാക്കി. സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ശ്രീകുമാര്‍ മറുപടി നല്‍കി.
Content Highlights: Discover the untold life of MT Vasudevan Nair, revealed through extensive interviews. This biography sheds light on personal experiences and clarifies misconceptions.