പ്രവാസികള്‍ ആധുനിക കേരള ശില്പികള്‍- എം എന്‍ കാരശ്ശേരി

എം.എന്‍ കാരശ്ശേരി, നോവല്‍ കവര്‍
എം.എന്‍ കാരശ്ശേരി, നോവല്‍ കവര്‍

മുക്കം: എഴുത്തുകാരന്‍ അമ്മാര്‍ കീഴുപറമ്പ് രചിച്ച 'ഇഖാമ' നോവല്‍ മുക്കം ബി പി മൊയ്തീന്‍ സേവാ മന്ദിറില്‍ വെച്ച് എം എന്‍ കാരശ്ശേരി മാപ്പിളപാട്ടു ഗവേഷകന്‍ ഫൈസല്‍ എളേറ്റിലിന് നല്‍കി പ്രകാശനം ചെയ്തു.   ത്യാഗം നിറഞ്ഞ വഴികളിലൂടെ പായക്കപ്പലിലും പത്തേമാരികളിലും ലോഞ്ചുകളിലും കടല്‍ കടന്ന് മരുഭൂമിയില്‍ വിയര്‍പ്പ് ചിന്തി നേടിത്തന്നതാണ്  കേരളീയസമൂഹം ഇന്ന് അനുഭവിക്കുന്ന മെച്ചപ്പെട്ട ജീവിതമെന്നും അതിനാല്‍  പ്രവാസികളാണ് നവകേരളത്തിന്റെ യഥാത്ഥ ശില്പികളെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു.

'ഭൂപരിഷ്‌കരണ നിയമം നിലവില്‍ വന്നപ്പോള്‍ ഉരുത്തിരിഞ്ഞുവന്ന തൊഴില്‍ പ്രതിസന്ധിയെ മലബാര്‍ മറികടന്നത് ഗള്‍ഫ് പ്രവാസം കൊണ്ടാണ്.  കേരളത്തിന്റെ സാമൂഹിക - സാമ്പത്തിക  മുന്നേറ്റത്തെക്കുറിച്ച് പറയുമ്പോള്‍, അവികസിതമായ ആ  കാലഘട്ടത്തില്‍ ത്യാഗോജ്വലമായ യാത്രയിലൂടെ   ഗള്‍ഫ് നാടുകളിലെത്തി വികസിത കേരളത്തിന് അടിത്തറ പാകിയ ആദ്യകാല ഗള്‍ഫ് പ്രവാസികളെ മറന്നുപോകരുത് - എം. എന്‍ കാരശ്ശേരി  ചൂണ്ടിക്കാട്ടി.   

ചരിത്രത്തില്‍ അടയാളപ്പെടാതെ പോയ ആദ്യകാല ഗള്‍ഫ് പ്രവാസികളുടെ ചരിത്രം രേഖപ്പെടുത്തുന്നതാണ് 'ഇഖാമ'എന്ന നോവലെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു. 'ഇഖാമ'എന്ന അറബി പദത്തിന് 'റെസിഡന്‍സ് - താമസം' എന്നാണ്  അര്‍ത്ഥം. ഗള്‍ഫ്പ്രവാസികളുടെഅതാത് രാജ്യങ്ങളിലെ താമസ  രേഖയാണ്അത്.

 ഗഫൂര്‍ കുറുമാടന്‍, മലിക് നാലകത്ത്, സലാം കൊടിയത്തൂര്‍, ബന്ന ചേന്ദമംഗല്ലൂര്‍, ഉബൈദ് എടവണ്ണ, ലുഖുമാന്‍ അരീക്കോട് എന്നിവര്‍ സംസാരിച്ചു.
 

Content Highlights: mn karassery released the novel iqama by ammar keezhuparamba