തുടക്കം ഫാക്ടറി ഫ്‌ളോറിൽ അപ്രന്റിസായി; താഴേത്തട്ടിൽ ജോലിചെയ്താണ് സ്ഥാപനത്തിന്റെ തലപ്പത്തെത്തിയത്

#ആര്‍. റോഷന്‍
രത്തന്‍ ടാറ്റ |  PTI
രത്തന്‍ ടാറ്റ | PTI

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച, രത്തൻ ടാറ്റയുടെ മലയാളത്തിലെ ആദ്യ സമഗ്ര ജീവചരിത്രഗ്രന്ഥമായ 'രത്തൻ ടാറ്റ ഒരു ഇന്ത്യൻ വിജയഗാഥ'യിൽനിന്ന് ഒരു ഭാഗം. 

അമേരിക്കയിലെ പ്രശസ്തമായ കോർണേൽ സർവകലാശാലയിൽനിന്ന് ആർക്കിടെക്ചറിൽ ബിരുദം പൂർത്തിയാക്കിയശേഷം 'ജോൺസ് ആൻഡ് എമ്മൻസ്' എന്ന ആർക്കിടെക്ട് സ്ഥാപനത്തിൽ രത്തൻ ടാറ്റ ജോലിയിൽ കയറി. ഇതിനിടെ, മുത്തശ്ശി നവാജ്ബായിയുടെ ആരോഗ്യം മോശമായി. രത്തൻ അടുത്തുവേണമെന്ന് അവർക്ക് നിർബന്ധം. തന്റെ ഏറ്റവും വലിയ ശക്തിയായ മുത്തശ്ശിയെ പരിചരിക്കാനായി നാട്ടിലേക്ക് മടങ്ങാൻതന്നെ അദ്ദേഹം തീരുമാനിച്ചു.

1962-ൽ അമേരിക്കയിൽനിന്ന് നാട്ടിൽ തിരിച്ചെത്തിയ രത്തൻ ടാറ്റ നേരേ ബോംബെയിലെ ടാറ്റാ ഹൗസിലെത്തി (രത്തൻ ടാറ്റയുടെ കുടുംബവീട്) മുത്തശ്ശി നവജ്ബായി ടാറ്റയെ കണ്ടു. അവരുടെ ആരോഗ്യം കഴിഞ്ഞതവണ കണ്ടതിനെക്കാൾ മോശമായിട്ടുണ്ടായിരുന്നു. രത്തൻ അവരോടൊപ്പം കുറേനേരം ഇരുന്നു. ഇനി തന്റെയൊപ്പംതന്നെയുണ്ടാകണമെന്ന് മുത്തശ്ശി രത്തനോട് ആവശ്യപ്പെട്ടു. താൻ ഇവിടെത്തന്നെയുണ്ടാകുമെന്ന് പറഞ്ഞ് അദ്ദേഹം അവരെ സമാധാനിപ്പിച്ചു.

രത്തൻ അമേരിക്കയിലേക്കുപോയ 1955-ൽ തന്നെ പിതാവ് നവൽ രണ്ടാമത് വിവാഹം കഴിച്ചിരുന്നു, സ്വിറ്റ്സർലൻഡുകാരിയായ സിമോണിനെ. അതിൽ പിറന്ന മകന് ഇപ്പോൾ അഞ്ചുവയസ്സായി. പേര് നോയൽ. സിമോണിനെ വിവാഹംകഴിക്കുന്ന കാര്യം ആറുവർഷംമുൻപ് നവൽതന്നെ രത്തനോടു പറഞ്ഞിരുന്നു. എംപ്ലോയേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് എന്ന നിലയിൽ സ്വിറ്റ്സർലൻഡിന്റെ തലസ്ഥാനമായ ജനീവയിലുള്ള അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ.എൽ.ഒ.)യുടെ യോഗങ്ങളിൽ പങ്കെടുക്കാനായി എത്തിയ സമയത്താണ് നവലും സിമോണും അടുക്കുന്നത്. ഒരിക്കൽ നവൽതന്നെ രത്തന് സിമോണിനെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഇപ്പോഴിതാ അമേരിക്കൻവാസം കഴിഞ്ഞ് രത്തൻ നാട്ടിൽ തിരിച്ചെത്തുമ്പോൾ ടാറ്റാഹൗസിൽ മുത്തശ്ശിക്കൊപ്പം നവലും സിമോണും നോയലുമൊക്കെയുണ്ട്. തന്നെക്കാൾ ഏഴുവയസ്സ് മാത്രമേ കുറവുള്ളൂവെങ്കിലും സിമോണിന് രത്തനോടു വലിയ വാത്സല്യമായിരുന്നു. വസ്ത്രധാരണത്തിൽ രത്തൻ പുലർത്തുന്ന താത്പര്യം അവർക്ക് വലിയ ഇഷ്ടമായിരുന്നു. അമേരിക്കൻതാരം ഫ്രാങ്ക് സനാട്ര ധരിക്കുന്നതുപോലുള്ള തൊപ്പി രത്തനും ഉണ്ടായിരുന്നു. അത് അണിഞ്ഞുകാണുമ്പോൾ രത്തനെ അവർ ഫ്രാങ്ക് സനാട്ര എന്നുവിളിച്ച് കളിയാക്കും. രത്തനും അവരോടു വലിയ കൂട്ടായിരുന്നു.

മുത്തശ്ശിയുടെ ആരോഗ്യനില മോശമായതിനാൽ ഉടനൊന്നും യു.എസിലേക്ക് തിരിച്ചുപോകാൻ പറ്റില്ലെന്ന് രത്തന് മനസ്സിലായി. ഒന്നു രണ്ടു സ്ഥലങ്ങളിൽ ജോലിക്കായി ശ്രമിച്ചു. ആഴ്ചകൾക്കുള്ളിൽ ഐബിഎമ്മിൽ ജോലി ലഭിച്ചു. മുംബൈയിൽ ചർച്ച് ഗേറ്റിന് സമീപമാണ് ഓഫീസ്. ഇതിനിടെ ഒരുദിവസം ടാറ്റസൺസിന്റെ ഡയറക്ടർകൂടിയായ നവാജ്ബായിയെ കണ്ട് രോഗവിവരങ്ങൾ അന്വേഷിക്കാൻ ടാറ്റഗ്രൂപ്പിന്റെ അന്നത്തെ ചെയർമാൻ ജെ.ആർ.ഡി. ടാറ്റയെത്തി. രത്തൻ ഓഫീസിലാണ്. ഇതറിഞ്ഞ് ജെ.ആർ.ഡി. ഐബിഎം ഓഫീസിലേക്ക് ഫോൺ ചെയ്ത് രത്തനോടു സംസാരിച്ചു.

രത്തൻ ടാറ്റ ജെ.ആർ.ഡി. ടാറ്റയ്ക്കൊപ്പം (കടപ്പാട്: ടാറ്റാ ട്രസ്റ്റ്സ്)

''ഇന്ത്യയിലാണെങ്കിൽ നിനക്ക് ഐബിഎമ്മിൽ ജോലിചെയ്യാൻ കഴിയില്ല. നിനക്ക് ഏറ്റവും പറ്റിയ ഇടം ഇവിടെയായിരിക്കും'' ടാറ്റയിൽ ജോലിക്കു കയറണമെന്ന ഉദ്ദേശ്യത്തോടെ ജെ.ആർ.ഡി. പറഞ്ഞു. എത്രയും പെട്ടെന്ന് ബയോഡേറ്റയുമായി തന്നെ വന്നുകാണാൻ ആവശ്യപ്പെട്ടാണ് അദ്ദേഹം ഫോൺവെച്ചത്.

രത്തൻ ഓഫീസിൽ തന്റെ മുന്നിലുള്ള ഇലക്ട്രിക് ടൈപ്പ് റൈറ്ററിൽ മനോഹരമായ സി.വി. (ബയോഡേറ്റ) തയ്യാറാക്കി, വൈകീട്ട് ഫോർട്ടിലെ ഹുതാത്മ സ്മാരകത്തിനടുത്തുള്ള ടാറ്റ സൺസിന്റെ ആസ്ഥാനമന്ദിരമായ ബോംബെഹൗസിലെത്തി ജെ.ആർ.ഡി.യെ നേരിട്ടുകണ്ട് കൈമാറി. അദ്ദേഹം അമേരിക്കയിൽ വരുന്ന സമയങ്ങളിൽ ചിലപ്പോഴൊക്കെ രത്തൻ അദ്ദേഹത്തെ ചെന്നുകണ്ടിരുന്നു. അമേരിക്കൻജീവിതമെങ്ങനെയുണ്ടെന്നും എന്താണ് ഭാവിപരിപാടിയെന്നുമൊക്കെ രത്തനോട് ജെ.ആർ.ഡി. അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, തനിക്ക് അദ്ദേഹത്തിൽനിന്ന് ജോലി വാഗ്ദാനം ലഭിക്കുമെന്ന് രത്തൻ കരുതിയിരുന്നില്ല.

ബയോഡേറ്റ കൊടുത്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ ടാറ്റ ഗ്രൂപ്പിന്റെ താരതമ്യേന പ്രാധാന്യം കുറഞ്ഞ പ്രൊമോട്ടർ കമ്പനിയായ ടാറ്റ ഇൻഡസ്ട്രീസിൽനിന്ന് ജോബ് ഓഫറെത്തി. അങ്ങനെ, ഐബിഎമ്മിൽ രണ്ടാഴ്ചമാത്രം ജോലിചെയ്ത് രത്തൻ ടാറ്റ, ടാറ്റ ഗ്രൂപ്പിന്റെ പടികൾ കയറി, 1962-ൽത്തന്നെ. ഏതാനും മാസങ്ങൾക്കുള്ളിൽ മൂന്നാമത്തെ ജോലി. ആദ്യം അമേരിക്കയിലെ ആർക്കിടെക്ചർ സ്ഥാപനത്തിൽ. പിന്നെ ഐബിഎമ്മിൽ, ഇപ്പോഴിതാ ടാറ്റ ഗ്രൂപ്പിൽ.

ആദ്യ ആറുമാസം ബിഹാറിലെ (ഇന്നത്തെ ത്സാർഖണ്ഡ്) ജംഷേദ്പുരിലുള്ള ടെൽകോ (ടാറ്റാ എൻജിനിയറിങ് ആൻഡ് ലോക്കോമോട്ടീവ് കമ്പനി)യിലായിരുന്നു ജോലി. ഇന്നത്തെ ടാറ്റാ മോട്ടോഴ്സിൽ. ഫാക്ടറി ഫ്‌ളോറിൽ അപ്രന്റിസായിട്ടായിരുന്നു തുടക്കം. നീല യൂണിഫോമുമിട്ട് മറ്റു ഫാക്ടറി ജീവനക്കാരെപ്പോലെ. അമേരിക്കയിൽ പഠിച്ചുവന്ന രത്തനെ ഫാക്ടറിജോലികൾ പറഞ്ഞുമനസ്സിലാക്കാൻ അവിടെയുള്ള സൂപ്പർവൈസർമാർക്ക് മടിയായിരുന്നു. എന്നാൽ, യാതൊരു മുഷിപ്പുമില്ലാതെ എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന രത്തന്റെ സ്വഭാവം അവരെ ആകർഷിച്ചു. താഴേത്തട്ടിലുള്ള തൊഴിലാളികളോടുപോലും അദ്ദേഹം ചേർന്നുപ്രവർത്തിച്ചു. വളരെ വേഗത്തിൽ കാര്യങ്ങൾ പഠിച്ചെടുക്കുകയും ചെയ്തു.

അപ്രന്റീസുകൾക്കുള്ള താമസസ്ഥലത്താണ് രത്തൻ ടാറ്റയ്ക്കും താമസസൗകര്യമൊരുക്കിയത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള പുതിയ തൊഴിലാളികൾ പരിശീലനകാലത്ത് ഇവിടെയാണ് താമസം. പ്രത്യേക പരിഗണന എന്നനിലയിൽ രത്തന് ഗ്രൗണ്ട് ഫ്ളോറിൽത്തന്നെ ഒരു 'ഡബിൾ റൂം' അനുവദിച്ചു. ജംഷേദ്പുരിലെ ചൂടിൽ എ.സി. പോലുമില്ലാത്ത മുറി. ബാത്ത് അറ്റാച്ച്ഡുമല്ല. മുറികൾക്കിടയിലുള്ള ഇടനാഴിയുടെ അറ്റത്താണ് ശൗചാലയം. താമസയിടത്തുനിന്ന് ഫാക്ടറിയിലേക്ക് പോകാനും തിരിച്ചുവരാനും മറ്റുതൊഴിലാളികളെപ്പോലെ സൈക്കിളാണ് അദ്ദേഹം ജംഷേദ്പുരിൽ ഉപയോഗിച്ചത്.

ടാറ്റാ മോട്ടോഴ്സിൽ ആറുമാസത്തെ പരിശീലനം പൂർത്തിയാക്കിയ അദ്ദേഹത്തെ 1963-ൽ ജംഷേദ്പുരിലെത്തന്നെ ടിസ്‌കോ(ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനി)യിലേക്കാണ് പിന്നീട് അയച്ചത്. ഇപ്പോഴത്തെ ടാറ്റാ സ്റ്റീൽ. അമേരിക്കയിൽ തണുപ്പ് താങ്ങാൻ ബുദ്ധിമുട്ടിയ രത്തന് ടിസ്‌കോയിലെ അന്തരീക്ഷം പൊള്ളുന്നതായിരുന്നു. അവിടെ സൂപ്പർവൈസർമാർ ഓരോകാര്യവും വളരെ വിശദമായി പറഞ്ഞുമനസ്സിലാക്കിക്കൊടുത്തു. സ്റ്റീൽ നിർമാണത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കാൻ അത് അദ്ദേഹത്തെ സഹായിച്ചു. രണ്ടുവർഷം കഴിഞ്ഞപ്പോൾ, 1965-ൽ ഫാക്ടറി ഫ്‌ളോറിൽനിന്ന് ടാറ്റാ സ്റ്റീലിന്റെ എൻജിനിയറിങ് ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം. സ്റ്റീൽപ്ലാന്റിന്റെ ഡയറക്ടർ-ഇൻ-ചാർജായ എസ്.കെ. നാനാവതിയുടെ ടെക്നിക്കൽ അസിസ്റ്റന്റ് ചുമതല.

കമ്പനിയുടെ വികസനപ്രവർത്തനങ്ങൾക്കായുള്ള യോഗങ്ങളിലൊക്കെ രത്തനെ നാനാവതി പങ്കെടുപ്പിച്ചു. ഇതിനിടെ, പ്ലാന്റിന്റെ പ്രവർത്തനങ്ങൾ കൃത്യമായി പഠിച്ചുമനസ്സിലാക്കിയ രത്തൻ കുറച്ചുകൂടി ഫലപ്രദമായ ഏതാനം നിർദേശങ്ങൾ മുന്നോട്ടുവെച്ചു. നാനാവതിയുടെ അംഗീകാരത്തോടെ അത് വേഗത്തിൽ നടപ്പാക്കുകയുംചെയ്തു. പ്ലാന്റിന്റെ കാര്യക്ഷമത മൊത്തത്തിൽ ഉയർത്തുന്നതായിരുന്നു ആ മാറ്റങ്ങൾ. ഉത്പാദനക്ഷമതയും ഉയർന്നു. ഇതു മനസ്സിലാക്കി ടാറ്റ മോട്ടോഴ്സ് അധികൃതരുമെത്തി. രത്തന്റെയും ടാറ്റ സ്റ്റീലിന്റെയും സഹായത്തോടെ ടാറ്റ മോട്ടോഴ്സിലും മാറ്റങ്ങൾ നടപ്പാക്കി. ഇറക്കുമതിക്ക് കടുത്ത നിയന്ത്രണമുണ്ടായിരുന്ന ആ കാലത്ത് നിലവിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയായിരുന്നു അവ നടപ്പാക്കിയത്. അതിനാൽ, ചെലവും കുറവായിരുന്നു.

മുത്തശ്ശിയോടൊപ്പം നിൽക്കാനാണ് രത്തൻ നാട്ടിൽ തിരിച്ചെത്തിയെങ്കിലും ജംഷേദ്പുരിലായിരുന്നതിനാൽ മുംബൈയിൽ സ്ഥിരമായി എത്താൻ കഴിയുമായിരുന്നില്ല. രണ്ടുമാസം കൂടുമ്പോഴൊക്കെയാണ് മുംബൈയിലേക്ക് പോകാറ്. ഇതിനിടെ, നവാജ്ബായിയുടെ ആരോഗ്യനില വഷളായി. 1965 ഓഗസ്റ്റിൽ ഒരു വെള്ളിയാഴ്ച വെളുപ്പിന് രത്തന് ഫോൺകോളുകൾ ഒന്നിനുപുറകെ ഒന്നായി വരാൻ തുടങ്ങി. ''നവാജ്ബായിയുടെ ആരോഗ്യം തീരെ മോശമായിരിക്കുന്നു. എത്രയുംവേഗം ബോംബെയിലെത്തണം''.

ബോംബെയിലേക്ക് വിമാനം പിടിക്കണമെങ്കിൽ റാഞ്ചിയിലെത്തണം. റോഡ് മാർഗമേ അവിടെയെത്താൻ പറ്റുകയുള്ളൂ. നാല്-അഞ്ച് മണിക്കൂർകൊണ്ട് റാഞ്ചി വിമാനത്താവളത്തിലെത്തി. അവിടെനിന്ന് മുംബൈയിലേക്ക് നേരിട്ട് വിമാനമില്ല. ഹൈദരാബാദ് വഴിയേ വിമാനമുള്ളൂ. അപ്പോഴാണ് ടാറ്റാ സ്റ്റീലിന്റെ ഡയറക്ടർ-ഇൻ-ചാർജ് ജഹാംഗീർ ഗൻഡിയെ അവിടെ കാണുന്നത്. മുത്തശ്ശി അത്യാസന്ന നിലയിലാണെന്നും വേഗം മുംബൈയിലെത്തണമെന്നും രത്തൻ അദ്ദേഹത്തോടു പറഞ്ഞു. ഹൈദരാബാദിലേക്ക് കമ്പനിവിമാനത്തിൽപോകാനിരുന്ന ജഹാംഗീർ, രത്തനെയും ഒപ്പംകൂട്ടി.

''എന്നെ ഹൈദരാബാദ് ഇറക്കി, ഈ വിമാനത്തിൽത്തന്നെ രത്തൻ മുംബൈയിലേക്ക് പൊയ്ക്കോളൂ.'' ജഹാംഗീറിന്റെ വാക്കുകൾ രത്തന് വലിയ ആശ്വാസമായി. അങ്ങനെ ഉച്ചകഴിഞ്ഞതോടെ മുംബൈയിലെത്തിയ രത്തൻ, നേരേ ടാറ്റാ ഹൗസിലേക്ക് പുറപ്പെട്ടു. ആശുപത്രിയിലേക്ക് പോകാൻ വിസമ്മതിച്ചിരുന്ന നവാജ്ബായ്, ടാറ്റാ ഹൗസിൽത്തന്നെയുണ്ടായിരുന്നു. രത്തനെ കണ്ടയുടൻ അവർ കൈമുറുകെപ്പിടിച്ചു. ക്ഷീണിതയാണെങ്കിലും ചെറുമകനെ അടുത്തിരുത്തി കുറേനേരം സംസാരിച്ചു. പിന്നീട് സംസാരം കുറഞ്ഞുകുറഞ്ഞുവന്നു. ശബ്ദം കുഴയുന്നുണ്ട്. രാത്രി എട്ടുകഴിഞ്ഞപ്പോൾ അവർ ശാന്തമായി മരണത്തിന് കീഴടങ്ങി. അനുശോചനാർഥം പിറ്റേന്ന്, 1965 ഓഗസ്റ്റ് 21-ന് ടാറ്റാ ഗ്രൂപ്പ് കമ്പനികൾക്ക് അവധിയായിരുന്നു. അന്ത്യകർമങ്ങൾ പൂർത്തിയാക്കി വൈകാതെ രത്തൻ ജംഷേദ്പുരിലേക്ക് മടങ്ങി.

നവാജ്ബായി മരിച്ചതോടെ, ടാറ്റാ ഹൗസ് വിൽക്കാൻ നവൽ ടാറ്റ തീരുമാനിച്ചു. നവലും ഷപൂർജി പല്ലോൻജിയും ചേർന്ന് രൂപവത്കരിച്ച എസ്.പി. കോർപ്പറേഷൻ എന്ന പാർട്ണർഷിപ്പ് സ്ഥാപനമാണ് കൊട്ടാരസമാനമായ ടാറ്റാ പാലസ് സ്വന്തമാക്കിയത്. 1992-ൽ അത് അവരിൽനിന്ന് ഡോയിച്ച് ബാങ്ക് സ്വന്തമാക്കി. ബാങ്കിന്റെ ഇന്ത്യാ ആസ്ഥാനമന്ദിരമായി അതോടെ അതുമാറി.

Content Highlights: Discover Ratan Tata`s incredible rise within the Tata Group, starting from the factory floor to leadership. Learn about his early career, family life, and the pivotal moments that shaped his legacy.