നെഹ്‌റുവിന്റെ ആശങ്കയ്ക്ക് പരിഹാരമായി ജെ.ആര്‍.ഡി. ടാറ്റ തുടങ്ങിയ സംരംഭം; ചുമതല ഏല്‍പ്പിച്ചത് സിമോണിനെ

#ആര്‍. റോഷന്‍
സിമോൺ ടാറ്റ, ജെ.ആര്‍.ഡി. ടാറ്റ | Photo: X.com, Tata.com
സിമോൺ ടാറ്റ, ജെ.ആര്‍.ഡി. ടാറ്റ | Photo: X.com, Tata.com

ആര്‍. റോഷന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച രത്തന്‍ ടാറ്റയുടെ ജീവചരിത്രമായ ‘രത്തന്‍ ടാറ്റ ഒരു ഇന്ത്യന്‍ വിജയഗാഥ’ എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം വായിക്കാം. 

കുഞ്ഞുന്നാളില്‍ അവധിക്കാലത്ത് രത്തന്‍ ടാറ്റ കേരളത്തിലെത്തുമായിരുന്നു. രത്തന്റെ പിതാവ് നവല്‍ ടാറ്റ അന്ന് കൊച്ചിയിലെ ടാറ്റാപുരത്തുള്ള ടാറ്റാ ഓയില്‍ മില്‍സ് കമ്പനി (ടോംകോ)യുടെ മാനേജിങ് ഡയറക്ടറായിരുന്നു. പിന്നീട് ഹൈക്കോടതി സ്ഥാപിച്ചതിനു പുറകുവശത്തായുള്ള ടാറ്റാ ഓയില്‍ മില്‍സിലെത്തി ഹമാം, ഒ.കെ, മോത്തി സോപ്പുകള്‍ ഉണ്ടാക്കുന്നത് നോക്കിനില്‍ക്കും. മഞ്ഞനിറത്തിലുള്ള 501 ബാര്‍ സോപ്പാണ് ഫാക്ടറിയില്‍ നിര്‍മിക്കുന്ന മറ്റൊരു പ്രധാന ഉത്പന്നം. എല്ലാത്തിനും മികച്ച വില്‍പനയാണ്.

വൈകുന്നേരങ്ങളില്‍ അനുജന്‍ ജിമ്മിയും പിതാവ് നവലുമൊത്ത് നഗരം ചുറ്റാനിറങ്ങും. മറൈന്‍ ഡ്രൈവും ഫോര്‍ട്ട് കൊച്ചിയുമൊക്കെ കറങ്ങും. ഹിന്ദുസ്ഥാന്‍ ലിവറും പ്രോക്ടര്‍ ആന്‍ഡ് ഗാംബിളും ഗോദ്റേജുമൊക്കെ വിപണി പിടിച്ചതോടെ ടാറ്റാ സോപ്സിന് മേല്‍ക്കൈ നഷ്ടപ്പെട്ടു. 1991-ല്‍ ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് രത്തന്‍ എത്തുമ്പോള്‍ ടോംകോയുടെ സ്ഥിതി പിന്നെയും ദയനീയമായി. 1991-92 സാമ്പത്തികവര്‍ഷം 13.21 കോടി രൂപയുടെ നഷ്ടത്തിലായി കമ്പനി. ഇതിനിടെ, ഗ്രൂപ്പിനുള്ളിലെ മറ്റൊരു കമ്പനിയായ ടാറ്റാ കെമിക്കല്‍സ് 'ശുദ്ധ്' എന്ന പേരില്‍ പ്രീമിയം ഡിറ്റര്‍ജന്റ് പൗഡര്‍ വിപണിയിലെത്തിച്ചു.

ഗ്രൂപ്പിനുള്ളിലുള്ള കമ്പനികള്‍തന്നെ പരസ്പരം മത്സരിക്കുന്ന അവസ്ഥ. ടാറ്റാ ഗ്രൂപ്പിനു കീഴിലാണെങ്കിലും പല കമ്പനികള്‍ക്കും വലിയ വളര്‍ച്ചാസാധ്യതയോ വിപണിമേധാവിത്വമോ ഇല്ല. ഈ സാഹചര്യത്തില്‍ ഗ്രൂപ്പിനുള്ളില്‍ ശുദ്ധികലശം ആവശ്യമാണെന്ന് രത്തന്‍ ടാറ്റയ്ക്കു ബോധ്യമായി. ഒരേ സ്വഭാവത്തിലുള്ള കമ്പനികള്‍ ലയിപ്പിക്കാനും പ്രാധാന്യമില്ലാത്തവ വിറ്റൊഴിയാനും തീരുമാനിച്ചു. ഗ്രൂപ്പിന്റെ ദീര്‍ഘകാലതന്ത്രങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത കമ്പനികളും വില്‍ക്കാന്‍ തീരുമാനിച്ചു. ആ പട്ടികയില്‍ ആദ്യത്തേതായിരുന്നു ടാറ്റാ ഓയില്‍ മില്‍സ്. അത് ഉപഭോക്തൃ ഉത്പന്ന (എഫ്.എം.സി.ജി.) രംഗത്തെ വമ്പന്മാരായ ഹിന്ദുസ്ഥാന്‍ ലിവറിനു (ഇപ്പോഴത്തെ ഹിന്ദുസ്ഥാന്‍ യൂണീലിവര്‍) വില്‍ക്കാന്‍ ധാരണയായി. 1993-ലായിരുന്നു വില്‍പ്പന പൂര്‍ത്തിയായത്. ടാറ്റാ ഓയില്‍ മില്‍സ് കൊടുത്തപ്പോള്‍ പകരം ലഭിച്ചത് ഹിന്ദുസ്ഥാന്‍ ലിവറിന്റെ ഒരു ശതമാനം ഓഹരി.

പട്ടികയില്‍ രണ്ടാമത്തെ കമ്പനി ലാക്മെ ആയിരുന്നു. ഇന്ത്യയിലെ സമ്പന്നവനിതകള്‍ സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ക്കായി വിദേശത്തേക്ക് പണമൊഴുക്കുന്നതായുള്ള, അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ആശങ്കയ്ക്കു പരിഹാരമായി 1952-ല്‍ ജെ.ആര്‍.ഡി. ടാറ്റ തുടങ്ങിയ സംരംഭമാണ് ലാക്മെ. ലക്ഷ്മീദേവിയുടെ ഫ്രഞ്ച് പര്യായമായിരുന്നു ലാക്മെ എന്ന വാക്ക്. ലിപ്സ്റ്റിക്, കണ്മഷി, മറ്റു സൗന്ദര്യവര്‍ധകവസ്തുക്കള്‍ എന്നിവയായിരുന്നു പ്രധാന ഉത്പന്നങ്ങള്‍. നവല്‍ ടാറ്റയുടെ രണ്ടാംഭാര്യ സ്വിറ്റ്സര്‍ലന്‍ഡുകാരി സിമോണിനെയാണ് ജെ.ആര്‍.ഡി. ഈ കമ്പനിയുടെ ചുമതല ഏല്‍പ്പിച്ചത്. 1996-ല്‍ ഹിന്ദുസ്ഥാന്‍ ലിവര്‍തന്നെ ഈ കമ്പനിയെയും ഏറ്റെടുത്തു, 200 കോടി രൂപയ്ക്ക്. ലാക്മെ ബ്രാന്‍ഡ് വിറ്റെങ്കിലും ലാക്മെ ലിമിറ്റഡ് എന്ന കമ്പനി നിലനിര്‍ത്തി. ഇതാണു പിന്നീട് ട്രെന്റ് ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്തത്.

അതേവര്‍ഷംതന്നെ, വോള്‍ട്ടാസ് എന്ന കമ്പനിയില്‍നിന്ന് ഗൃഹോപകരണം, റഫ്രിജറേറ്റര്‍ ബിസിനസ്സുകള്‍ വേര്‍പെടുത്തി വിദേശ കമ്പനിയായ ഇലക്ട്രോലക്സുമായുള്ള സംയുക്തസംരംഭത്തിനു വിറ്റു. പകരം വോള്‍ട്ടാസ് എയര്‍ കണ്ടീഷണര്‍, കൊമേഴ്സ്യല്‍ റഫ്രിജറേഷന്‍ വിഭാഗങ്ങളില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചു.

പുസ്തകത്തിന്റെ കവര്‍ പേജ്

മരുന്ന് ഉത്പാദനമായിരുന്നു ടാറ്റയ്ക്കു മുന്നേറാന്‍ കഴിയാത്ത മറ്റൊരു മേഖല. മെറിന്‍ഡ് എന്ന പേരിലുള്ള ഫാര്‍മ കമ്പനി വില്‍ക്കാന്‍ തീരുമാനിച്ചതോടെ ഏറ്റവും വലിയ മരുന്നുകമ്പനിയായ വൊക്കാര്‍ഡുതന്നെ രംഗത്തെത്തി. മെറിന്‍ഡും ഉപകമ്പനിയായ ടാറ്റ ഫാര്‍മയുംകൂടി 1998 ഫെബ്രുവരിയില്‍ 95 കോടി രൂപയ്ക്കാണ് വൊക്കാര്‍ഡിനു വിറ്റത്. അതിനുമുമ്പ് റാലീസ് ഇന്ത്യ, ലാക്മെ എന്നീ ഗ്രൂപ്പുകമ്പനികളുടെ ഫാര്‍മ ഡിവിഷനുകളും വളര്‍ച്ച അസാധ്യമായതോടെ വിറ്റിരുന്നു.

തുടര്‍ച്ചയായുള്ള വില്‍പ്പനകളെക്കുറിച്ച് മാധ്യമങ്ങള്‍ മോശം റിപ്പോര്‍ട്ടുകള്‍ നല്‍കിയെങ്കിലും, രത്തന്‍ ടാറ്റ തിരുത്തല്‍നടപടികളുമായി മുന്നോട്ടുപോയി. ഗുഡ്ലാസ് നെരോലാക്കിലുള്ള ഓഹരിപങ്കാളിത്തം വിറ്റഴിച്ചുകൊണ്ട് പെയിന്റ് വിപണിയില്‍നിന്നും ഗ്രൂപ്പ് പിന്മാറി. 1999-ല്‍ നെരൊലാക് പെയിന്റ് കമ്പനിയിലെ 25.85 ശതമാനം ഓഹരികള്‍ ജപ്പാനിലെ കന്‍സായി ഗ്രൂപ്പിന് 98.56 കോടി രൂപയ്ക്കാണു വിറ്റഴിച്ചത്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ കമ്പനിയുള്ള ടാറ്റയ്ക്ക് സിമന്റു വിപണിയില്‍ കണ്ണുണ്ടായിരുന്നു. ഈ മേഖലയിലേക്കു ചുവടുവെച്ചെങ്കിലും കാര്യമായി മുന്നേറാനായില്ല. ഒടുവില്‍ വിവിധ വ്യവസായ ഗ്രൂപ്പുകളുടേതായി പത്തു സിമന്റ് കമ്പനികള്‍ ലയിപ്പിച്ച് അസോസിയേറ്റഡ് സിമന്റ് കമ്പനീസ് എന്ന എ.സി.സി. സിമന്റ്സിന് 1936-ല്‍ രൂപംനല്‍കിയപ്പോള്‍ ടാറ്റയും അതില്‍ പങ്കാളിയായിരുന്നു. എ.സി.സി. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റു നിര്‍മ്മാതാക്കളായി മാറി. എന്നാല്‍, കമ്പനിയില്‍ ടാറ്റയ്ക്ക് ഓഹരിപങ്കാളിത്തം ഉയര്‍ത്താനായില്ല, പതിനാലു ശതമാനത്തില്‍ ഒതുങ്ങി. അതിനാല്‍, 1999-2000 കാലയളവില്‍ എ.സി.സിയിലുള്ള ഓഹരി ടാറ്റാ ഗ്രൂപ്പ് പൂര്‍ണ്ണമായി വിറ്റൊഴിഞ്ഞു. ഗുജറാത്ത് അംബുജ സിമന്റ്സാണ് ടാറ്റയുടെ ഓഹരി വാങ്ങിയത്, 925 കോടി രൂപയ്ക്ക്.

കമ്പ്യൂട്ടര്‍ ഹാര്‍ഡ്വേര്‍ രംഗത്ത് വലിയ സ്വപ്നങ്ങളുമായി 1992-ല്‍ രത്തന്‍ ടാറ്റ തുടങ്ങിയതാണ് അമേരിക്കന്‍ ബഹുരാഷ്ട്ര ടെക്നോളജി കമ്പനിയായ ഐ.ബി.എമ്മുമായുള്ള സംയുക്തസംരംഭം-ടാറ്റാ ഐ.ബി.എം. (ടാറ്റാ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്) ഇരുകൂട്ടര്‍ക്കും അന്‍പതു ശതമാനം വീതം പങ്കാളിത്തം. പക്ഷേ, ഗ്രൂപ്പിനു സാന്നിദ്ധ്യമുള്ള സുപ്രധാന മേഖലകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ടാറ്റ തങ്ങളുടെ ഓഹരികള്‍ ഐ.ബി.എമ്മിനുതന്നെ വിറ്റു. ഉപചാരം എന്ന നിലയില്‍ ഒരു ശതമാനം ഓഹരി മാത്രം നിലനിര്‍ത്തി നാല്‍പ്പത്തിയൊന്‍പതു ശതമാനം ഓഹരികളാണ് 1999-ല്‍ വിറ്റൊഴിഞ്ഞത്. ഇതോടെ, കമ്പനിയുടെ പേര് 'ഐ.ബി.എം. ഇന്ത്യ' എന്നാക്കി. ഐ.ബി.എമ്മിന്റെ ഇന്ത്യയിലെ ഐ.ടി. സേവന കമ്പനിയായ ഐ.ബി.എം. ഗ്ലോബല്‍ സര്‍വീസസില്‍ ടാറ്റയ്ക്കു പത്തു ശതമാനം ഓഹരിയുണ്ടായിരുന്നു. അതും ഇടപാടിന്റെ ഭാഗമായി ടാറ്റ ഒഴിവാക്കി.

ടാറ്റാ ഗ്രൂപ്പിന്റെ ഐ.ടി. സേവന കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടി.സി.എസ്.) ഇതിനൊപ്പം ഐ.ബി.എമ്മിനു വില്‍ക്കാന്‍ രത്തന്‍ ടാറ്റ ഒരുങ്ങിയിരുന്നെന്ന് അഭ്യൂഹമുണ്ടായിരുന്നു. രത്തന്റെ പിന്‍ഗാമിയായി എത്തിയ സൈറസ് മിസ്ത്രി ഇക്കാര്യം പില്‍ക്കാലത്ത് (2016-ല്‍) ആരോപണമായി ഉന്നയിച്ചിരുന്നു. എന്നാല്‍, ടി.സി.എസ്. മുന്‍ ചെയര്‍മാന്‍ എഫ്.സി. കോലി ഇക്കാര്യം നിഷേധിച്ചു. പുനഃസംഘടനയുടെ ഭാഗമായി ഏറ്റവും അവസാനം വിറ്റൊഴിഞ്ഞത് ടെലികോം ഘടകകമ്പനിയായ ടാറ്റാ ടെലികോമിലെ ഓഹരികളായിരുന്നു.

സംയുക്തസംരംഭത്തിലെ പങ്കാളിയായ 'അവയ' എന്ന അമേരിക്കന്‍ ടെക്നോളജി കമ്പനിക്കായിരുന്നു 25.1 ശതമാനം ഓഹരികള്‍ വിറ്റത്. ഈ ഇടപാടുകളിലൂടെ ടാറ്റാ ഗ്രൂപ്പിന് സുപ്രധാന ബിസിനസ്സുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റിയെന്നു മാത്രമല്ല, പണം സ്വരൂപിക്കാനും കഴിഞ്ഞു.

വെസ്റ്റ്സൈഡും സൂഡിയോയും, പിന്നെ തനിഷ്‌കും
ടാറ്റയുടെ സൗന്ദര്യവര്‍ധക ബ്രാന്‍ഡായ ലാക്മെ 1998-ല്‍ ഹിന്ദുസ്ഥാന്‍ ലിവറിനു വിറ്റതോടെ ലാക്മെ ലിമിറ്റഡ് എന്ന കമ്പനിക്കു കീഴില്‍ കാര്യമായ ബിസിനസ് ഒന്നുമില്ലാതെയായി. 1998-ല്‍ത്തന്നെ കമ്പനിയുടെ പേര് ട്രെന്‍ഡ് ലിമിറ്റഡ് എന്നാക്കി മാറ്റി.

ഇന്ത്യന്‍ സ്ത്രീകളുടെ ജനപ്രിയ വസ്ത്രമായ സല്‍വാര്‍ കമ്മീസ് രൂപാന്തരംപ്രാപിക്കാന്‍ തുടങ്ങിയ സമയമായിരുന്നു അത്. കുര്‍ത്തി ട്രെന്‍ഡായി മാറിത്തുടങ്ങുന്ന സമയം. സ്ത്രീകള്‍ക്കുള്ള സൗന്ദര്യവര്‍ധക ബിസിനസ് വിറ്റെങ്കിലും സ്ത്രീകള്‍ക്കുള്ള വസ്ത്ര ബിസിനസ്സില്‍ വലിയ സാധ്യതയുണ്ടെന്ന് രത്തന്‍ ടാറ്റ തിരിച്ചറിഞ്ഞു. അങ്ങനെയാണ് ട്രെന്‍ഡ് ലിമിറ്റഡിനു കീഴില്‍ വെസ്റ്റ്സൈഡ് എന്ന പേരില്‍ ഫാഷന്‍ വ്യാപാരശൃംഖലയൊരുക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. ഫാഷന്‍ വ്യാപാരശൃംഖലയാകുമ്പോള്‍ സ്ത്രീകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തേണ്ടതില്ലെന്നു മനസ്സിലാക്കി, പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങള്‍ അണിനിരത്തി. ഒപ്പം, പാദരക്ഷകളും ബാഗുകളുമൊക്കെ, മിക്കതും ഇന്‍ഹൗസ് ഉത്പന്നങ്ങള്‍.

സത്യത്തില്‍ ബ്രിട്ടീഷ് റീട്ടെയില്‍ ബ്രാന്‍ഡായ ലിറ്റില്‍ വുഡ്സിനെ ഏറ്റെടുത്തുകൊണ്ടായിരുന്നു ട്രെന്‍ഡിന്റെ തുടക്കം. ഇന്ത്യയില്‍ ബെംഗളൂരുവില്‍ മാത്രം സ്റ്റോറുള്ള ലിറ്റില്‍വുഡ്സിന് വിചാരിച്ച രീതിയില്‍ മുന്നോട്ടുപോയില്ല. ഇതോടെയാണ് ഇതിനെ വെസ്റ്റ്സൈഡ് ആക്കി മാറ്റിയത്. ഇതിനൊപ്പം മുംബൈയിലും വെസ്റ്റ്സൈഡ് സ്റ്റോര്‍ തുറന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ വന്‍കിട നഗരങ്ങളിലേക്കുകൂടി സാന്നിധ്യം വ്യാപിപ്പിച്ചു. അതിനു പിന്നാലെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വെസ്റ്റ്സൈഡിനു സാന്നിധ്യമായി. ലാക്മെയ്ക്ക് നേതൃത്വം നല്‍കിയിരുന്ന രത്തന്റെ രണ്ടാനമ്മ സിമോണ്‍ ടാറ്റതന്നെയായിരുന്നു ട്രെന്‍ഡ് ലിമിറ്റഡിന്റെയും ചെയര്‍പേഴ്സണ്‍. അവരുടെ മകനും രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരനുമായ നോയല്‍ ടാറ്റയെ 1999-ല്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറാക്കി.

വെസ്റ്റ്സൈഡില്‍ മാത്രം ഒതുങ്ങാതെ കൂടുതല്‍ റീട്ടെയില്‍ മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നോയലിനോടു രത്തന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് 'സൂഡിയോ'പോലുള്ള ശൃംഖലകളിലേക്കു വളര്‍ന്നത്. ഇന്ത്യപോലെയൊരു വിപണിയില്‍ വളര്‍ന്നുവരുന്ന യുവതലമുറയ്ക്ക് ട്രെന്‍ഡി വസ്ത്രങ്ങളും മറ്റു ഫാഷന്‍ ഉത്പന്നങ്ങളും കുറഞ്ഞവിലയ്ക്കു ലഭ്യമാക്കണമെന്ന ചിന്ത 'സൂഡിയോ' എന്ന ബ്രാന്‍ഡിന്റെ പിറവിക്കു വഴിവെച്ചു. പെട്ടെന്നു മാറിമറിയുന്ന ഫാഷന്‍ ഉത്പന്നങ്ങളും വസ്ത്രങ്ങളും ചെറുപ്പക്കാര്‍ക്ക്, പ്രത്യേകിച്ച് കൗമാരക്കാര്‍ക്ക് 999 രൂപയില്‍ താഴെ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. ഈ രംഗത്തെ ആഗോള ബ്രാന്‍ഡായ 'സാറ'യില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു സൂഡിയോ എന്ന ബ്രാന്‍ഡ് ടാറ്റ അവതരിപ്പിച്ചത്. 2016-ലാണ് ആദ്യ സൂഡിയോ സ്റ്റോര്‍ തുറക്കുന്നത്. ആദ്യം പുരുഷന്മാരുടെ വസ്ത്രങ്ങള്‍ മാത്രമാണ് അവതരിപ്പിച്ചതെങ്കില്‍ പിന്നീട് സ്ത്രീകളുടെയും കുട്ടികളുടെയുമൊക്കെ ഉത്പന്നങ്ങള്‍ അണിനിരത്തി.

മാസ് മാര്‍ക്കറ്റ് ഫാഷന്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുന്നതായിരുന്നു സൂഡിയോയുടെ കുതിപ്പ്. ബള്‍ക്ക് മാനുഫാക്ചറിങ്ങിലൂടെയായിരുന്നു വില കുറച്ചുനിര്‍ത്തിയത്. ഉത്സവകാലം, വിവാഹം തുടങ്ങിയവയ്ക്ക് അനുയോജ്യമായ സീസണല്‍ വസ്ത്രശേഖരമൊന്നുമില്ലാതെ, എപ്പോഴും വാങ്ങാവുന്ന ഉത്പന്നങ്ങളാണ് അവതരിപ്പിച്ചത്. ചെലവു ചുരുക്കാനായി സ്റ്റോറുകളും പ്രത്യേക തരത്തില്‍ ഒരുക്കി. സ്റ്റോറുകള്‍തന്നെയായിരുന്നു പരസ്യം, അല്ലാതെ പരസ്യങ്ങളുണ്ടായിരുന്നില്ല. ജീവനക്കാരും കുറവ്. സാധാരണഗതിയില്‍ ഡിസ്‌കൗണ്ടുമില്ല.

വന്‍നഗരങ്ങളില്‍ മാത്രമല്ല, ചെറുപട്ടണങ്ങളിലേക്കുപോലും സൂഡിയോ സാന്നിധ്യം അറിയിച്ചു. വില്‍പ്പനയില്‍ ഓരോ വര്‍ഷവും പുതിയ റെക്കോഡുകള്‍ ഭേദിച്ചു. റിലയന്‍സ് റീട്ടെയില്‍ ഉള്‍പ്പെടെയുള്ള വമ്പന്മാര്‍ പലരും അനുകരിക്കാന്‍ ശ്രമിച്ചെങ്കിലും സൂഡിയോ ഈ രംഗത്തെ കരുത്തരായി തുടര്‍ന്നു. ഗ്രോസറി (പലവ്യഞ്ജനം) വിപണിയിലേക്കും ടാറ്റയുടെ റീട്ടെയില്‍ സംരംഭമായ ട്രെന്‍ഡ് സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് റീട്ടെയില്‍ ശൃംഖലയായ ടെസ്‌കോയുമായി ചേര്‍ന്ന് സ്റ്റാര്‍ ബസാര്‍ എന്ന പേരിലാണ് ഇത്. സ്പാനിഷ് ഫാഷന്‍ റീട്ടെയില്‍ ശൃംഖലയായ സാറ ഉള്‍പ്പെടെ ഏതാനും വിദേശ ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ സ്റ്റോറുകളും ട്രെന്‍ഡിനു കീഴിലുണ്ട്.

സ്വര്‍ണ്ണവിപണി പിടിച്ച തനിഷ്‌ക്
പൊതുമേഖലയിലെ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് എന്ന എച്ച്.എം.ടി. അരങ്ങുവാണിരുന്ന 1980-കളിലാണ് വാച്ച് വിപണിയിലേക്ക് ടാറ്റ ചുവടുവെച്ചത്. തമിഴ്നാട് വ്യവസായ വികസന കോര്‍പ്പറേഷന്‍ (ടിഡ്കോ) എന്ന സംസ്ഥാന പൊതുമേലാ സ്ഥാപനവുമായി ചേര്‍ന്ന് 'ടൈറ്റന്‍' എന്ന പേരില്‍ സംയുക്തസംരംഭം ഉണ്ടാക്കിക്കൊണ്ടായിരുന്നു അത്, ഹൊസൂരിലായിരുന്നു ഫാക്ടറി. സാധാരണ വാച്ചുകളെക്കാള്‍ കൃത്യതയുള്ള ക്വാര്‍ട്സ് വാച്ചുകളായിരുന്നു ടൈറ്റന്‍ നിര്‍മ്മിച്ചത്. 1993 ആയപ്പൊഴേക്കും ഇന്ത്യന്‍ വാച്ചുവിപണിയുടെ 12 ശതമാനം ടൈറ്റന്‍ സ്വന്തമാക്കി. ക്വാര്‍ട്സ് വാച്ചുകളുടെ വിഭാഗത്തില്‍ 60 ശതമാനമായിരുന്നു ടൈറ്റന്റെ വിപണിവിഹിതം.

സ്വര്‍ണ്ണാഭരണവിപണിയുടെ സാധ്യത തിരിച്ചറിഞ്ഞ ടൈറ്റന്‍ മാനേജിങ് ഡയറക്ടര്‍ സെര്‍സെസ് ദേശായി അതിനായുള്ള നിര്‍ദ്ദേശം ടാറ്റാ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ മുമ്പാകെ സമര്‍പ്പിച്ചു. കയറ്റുമതിയെക്കാള്‍ ഇറക്കുമതി വന്‍തോതില്‍ കൂടിയതുമൂലം കുതിച്ചുയര്‍ന്ന വ്യാപാരക്കമ്മി എന്ന പ്രതിസന്ധി മറികടക്കാനായി കയറ്റുമതി കൂട്ടാന്‍ വ്യവസായ സ്ഥാപനങ്ങളോടു കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്ന സമയമായിരുന്നു അത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വാച്ചുകളും സ്വര്‍ണ്ണാഭരണവും കയറ്റുമതി ചെയ്യാനായിരുന്നു ടൈറ്റന്റെ പ്ലാന്‍. യൂറോപ്പില്‍നിന്നുള്ള ഡിസൈനര്‍മാരെയും കൊണ്ടുവന്നു. സ്വര്‍ണ്ണാഭരണ ഫാക്ടറി തുടങ്ങാന്‍ 65 കോടി രൂപ വേണം, രത്തന്‍ ടാറ്റ അത് അനുവദിച്ചു.

ഫാക്ടറിയുടെ നിര്‍മ്മാണം തുടങ്ങി കയറ്റുമതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോഴാണ് അത് അത്ര എളുപ്പമല്ലെന്നു മനസ്സിലായത്. എങ്കിലും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് വലിയ സാധ്യതയുണ്ടെന്നു ടൈറ്റന്‍ സംഘം കണക്കൂകൂട്ടി. സെലസ്റ്റ് എന്ന പേരില്‍ ഇന്ത്യയില്‍ത്തന്നെ വില്‍ക്കാമെന്നായിരുന്നു പ്ലാന്‍. എന്നാല്‍, പേരു പിന്നീട് 'തനിഷ്‌ക്' എന്നാക്കി. 'തന്‍' എന്നാല്‍ ശരീരം, 'നിഷ്‌ക്' എന്നാല്‍ സ്വര്‍ണ്ണാഭരണം. പേരിന് രത്തന്‍
ടാറ്റയുടെ 'ഒ.കെ.' ലഭിച്ചു.

തുടക്കത്തില്‍ യൂറോപ്യന്‍ വിപണി ലക്ഷ്യമിട്ടിരുന്നതിനാല്‍ 18 കാരറ്റ് ആഭരണങ്ങളാണു വികസിപ്പിച്ചത്. 1994-ല്‍ ആഭരണങ്ങളുടെ നിര്‍മ്മാണം തുടങ്ങി. 1996 ജൂലായില്‍ ചെന്നൈയിലെ കത്തീഡ്രല്‍ റോഡില്‍ തനിഷ്‌കിന്റെ ആദ്യ സ്റ്റോര്‍ തുറന്നു, മുഴുവന്‍ 18 കാരറ്റിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍. പക്ഷേ, സ്റ്റോറില്‍ അധികമാരും കയറിയില്ല. കയറിയവരാകട്ടെ, 18 കാരറ്റു കണ്ട് ഒന്നും വാങ്ങാതെ മടങ്ങി. കാരണം, ഇന്ത്യന്‍ വിപണിയില്‍ 22 കാരറ്റിനാണ് പ്രിയം.

22 കാരറ്റില്‍ 91.6 ശതമാനം സ്വര്‍ണ്ണമാണെങ്കില്‍ 18 കാരറ്റില്‍ 75 ശതമാനം മാത്രമാണ് സ്വര്‍ണ്ണമുള്ളത്. അതിനാല്‍, ആനുപാതികമായി വില കുറയും. ഇതിന്റെ നേട്ടം പ്രയോജനപ്പെടുത്താനായി ഉപഭോക്താക്കള്‍ വൈകിയാണെങ്കിലും തനിഷ്‌ക് സ്റ്റോറുകളിലേക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, കണക്കൂട്ടലുകള്‍ തെറ്റി. ജനത്തിന് തന്റെ തൊട്ടടുത്തുള്ള ചെറുകിട വ്യാപാരികളെയായിരുന്നു കൂടുതല്‍ വിശ്വാസം. നഷ്ടം കുമിഞ്ഞുകൂടി. 2001 ആയപ്പോഴേക്കും തനിഷ്‌കിനു മാത്രം 150 കോടി രൂപയുടെ നഷ്ടം. ടൈറ്റന്‍ ഓഹരിവില വെറും രണ്ടുരൂപയിലേക്കു കൂപ്പുകുത്തി. പ്രതിസന്ധി രൂക്ഷമായതോടെ, പരിഹാരം തേടാന്‍ ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ 'മക്കിന്‍സി'യെ ചുമതലപ്പെടുത്തി. ഇതിനിടെ, സെര്‍സെസ് ദേശായി വിരമിക്കുകയും ഭാസ്‌കര്‍ ഭട്ട് എം.ഡിയായി ചുമതലയേല്‍ക്കുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മക്കന്‍സിയുടെ റിപ്പോര്‍ട്ട് എത്തി. ജൂവലറി ബിസിനസ് അടച്ചുപൂട്ടാനായിരുന്നു അവരുടെ നിര്‍ദേശം.

എന്തു ചെയ്യണമെന്നറിയാതെ ഭാസ്‌കര്‍ ഭട്ട്, രത്തന്‍ ടാറ്റയുടെ മുന്നിലെത്തി. അക്കാലത്ത് വന്‍കിട കമ്പനികള്‍ കാര്യമായി ഇല്ലാത്ത ജൂവലറി രംഗത്ത് വലിയ സാധ്യതകളുണ്ടെന്ന് രത്തന്‍ ടാറ്റയ്ക്ക് ഉറപ്പായിരുന്നു.

'ഏതായാലും ഇപ്പോള്‍ പൂട്ടേണ്ട, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പറ്റുമോ എന്നു നോക്കൂ.' രത്തന്റെ വാക്കുകള്‍ ഭാസ്‌കര്‍ ഭട്ടിന് വലിയ ആശ്വാസം പകര്‍ന്നു.

മുംബൈയിലെയും മൈസൂരിലെയും പരമ്പരാഗത ആഭരണനിര്‍മ്മാതാക്കളെ തനിഷ്‌കിന്റെ സംഘം ചെന്നുകണ്ടു. ഉപഭോക്താക്കളുടെ അഭിരുചി മനസ്സിലാക്കി അവര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കി. തനിഷ്‌കിന്റെ സ്റ്റോറുകളില്‍ 18 കാരറ്റ് ആഭരണങ്ങള്‍ക്കു പകരം 22 കാരറ്റ് നിറയ്ക്കാന്‍ തുടങ്ങി. പക്ഷേ, എന്നിട്ടും ജനത്തിനു കയറാന്‍ മടി. കാരണം, ഉപഭോക്താക്കളുടെ വിശ്വാസ്യത ഇനിയും നേടാന്‍ കഴിഞ്ഞിട്ടില്ല. ഓരോ പ്രദേശത്തെയും ചെറുകിട വ്യാപാരികളില്‍ ചിലര്‍ അമിതലാഭത്തിനായി സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയില്‍ വെള്ളം ചേര്‍ക്കുന്നുണ്ടായിരുന്നു.

22 കാരറ്റിന്റെ സ്ഥാനത്ത് 21 കാരറ്റോ 20 കാരറ്റോ ഒക്കെയേ ശരിക്ക് ഉണ്ടാവുകയുള്ളൂ. കാരറ്റ് അറിയാനുള്ള 'കാരറ്റ് മീറ്റര്‍' എന്ന മെഷീന്‍ തനിഷ്‌കിന്റെ സ്റ്റോറുകളില്‍ സ്ഥാപിച്ചു. പോരാത്തതിന് ഏതു ജൂവലറിയില്‍നിന്നു വാങ്ങുന്ന സ്വര്‍ണ്ണാഭരണവും പരിശോധിക്കാനുള്ള സൗകര്യവുമൊരുക്കി. പണിക്കൂലി മാത്രം നല്‍കി അവ 22 കാരറ്റിന്റെ പുതിയ സ്വര്‍ണ്ണാഭരണമായി മാറ്റിവാങ്ങാനുള്ള അവസരവും അവതരിപ്പിപ്പിച്ചു. ഇതോടെ, ജനം തനിഷ്‌ക് ഷോറൂമുകളിലേക്ക് വരാന്‍ തുടങ്ങി. ഓരോ പ്രദേശത്തിന്റെയും അഭിരുചിക്കനുസരിച്ചുള്ള ആഭരണങ്ങള്‍ അണിനിരത്തിയും സുതാര്യത ഉറപ്പാക്കിയും തനിഷ്‌ക് ക്രമേണ സ്വര്‍ണ്ണാഭരണവിപണി പിടിച്ചു. കൂടുതല്‍ നഗരങ്ങളില്‍ സ്റ്റോറുകള്‍ ആരംഭിക്കുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ സംഘടിത ജൂവലറി ബ്രാന്‍ഡായി തനിഷ്‌കിനു മാറാന്‍ അധികസമയം വേണ്ടിവന്നില്ല. മാത്രമല്ല, ടൈറ്റന്റെ വരുമാനത്തിന്റെ 80 ശതമാനത്തിനു മുകളില്‍ ജൂവലറി ബിസിനസ്സില്‍നിന്നായി. 

Content Highlights: Explore Ratan Tata`s transformative decisions, including divesting from Tomco and establishing Tanishq. A deep dive into a chapter from 'Ratan Tata: Oru Indian vijayagadha'.