'പ്രായമായ പെണ്‍കുട്ടികളുള്ള വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവൻ എന്നൊരു ഇമേജും തന്നിട്ടുണ്ട് രതിനിർവേദം'

കറുത്ത ചില്ലുള്ള അംബാസഡര്‍ കാറിന്റെ ഡോര്‍ തുറന്ന്, കാറ്റില്‍ അനുസരണയില്ലാതെ പാറിക്കളിക്കുന്ന തലമുടി അലസമായി മാടിയൊതുക്കി ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിന്റെ പടി കയറി വരുന്ന ബെല്‍ബോട്ടം പാന്റ്‌സുകാരനാണ് എന്റെ ഓര്‍മയിലെ കൃഷ്ണചന്ദ്രന്‍. കുസൃതി കലര്‍ന്ന ഒരു പുഞ്ചിരിയുണ്ടായിരുന്നു ആ മുഖത്ത്. ചുറ്റും ഓടിക്കൂടി തന്റെ കൈ പിടിച്ചു കുലുക്കാന്‍ മത്സരിച്ച സമപ്രായക്കാരും മുതിര്‍ന്നവരുമായ ആരാധകരെ നിരാശരാക്കാതെ അവരുടെ സ്‌നേഹ പ്രകടനങ്ങളും തമാശയില്‍ പൊതിഞ്ഞ കമന്റുകളും ആസ്വദിച്ചു കൃഷ്ണചന്ദ്രന്‍ വരാന്തയിലൂടെ നടന്നു നീങ്ങവേ, പെട്ടെന്നൊരാള്‍ മുന്നില്‍ പൊട്ടി വീഴുന്നു. പ്രിയതാരത്തിന്റെ കൈകള്‍ രണ്ടും നെഞ്ചോട് ചേര്‍ത്ത്, അവയില്‍ ആവേശപൂര്‍വ്വം മാറി മാറി ചുംബിക്കുന്നു അയാള്‍.
ന്യൂമാന്‍ ഹോസ്റ്റലില്‍ എന്റെ സഹ അന്തേവാസിയായിരുന്നു ആ മാനന്തവാടിക്കാരന്‍. വൈകീട്ട് ഹോസ്റ്റല്‍ മുറിയില്‍ തിരിച്ചെത്തി കൊതുകു വലയ്ക്കുള്ളിലേക്ക് നൂണ്ടുകയറി വിശാലമായി മലര്‍ന്നു കിടന്ന് അവന്‍ പറഞ്ഞു ആത്മഗതമെന്നോണം. 'വലിയൊരു മോഹമായിരുന്നു ആ കൈകളില്‍ ഒന്ന് ഉമ്മ വെക്കണമെന്ന്. ജയഭാരതിയെ തലോടുകയും പുണരുകയും ചെയ്ത കൈകളല്ലേ? ഇന്നത് സാധിച്ചു, എല്ലാം ദൈവത്തിന്റെ കൃപ...''
പ്രീഡിഗ്രിക്കാലത്തിനു ശേഷം കണ്ടിട്ടില്ല ആ കൃഷ്ണചന്ദ്രഭക്തനെ. അധ്യാപകനായി ഏതോ മലയോര ഗ്രാമത്തില്‍ കഴിയുന്നുണ്ട് എന്നറിയാം. സ്വപ്ന സാഫല്യത്തിന്റെ ആ അനര്‍ഘ നിമിഷം ഇന്ന് അയാളുടെ ഓര്‍മയില്‍ ഉണ്ടാകുമോ ആവോ. ആരാധകസുഹൃത്തിന്റെ കഥ വിവരിച്ചപ്പോള്‍ കൃഷ്ണചന്ദ്രന്‍ സ്വതഃസിദ്ധമായ ശൈലിയില്‍ ആസ്വദിച്ചു ചിരിച്ചു: 'രതിനിര്‍വേദത്തിലെ അഭിനയം വേറെയും വിചിത്രമായ അനുഭവങ്ങള്‍ കൊണ്ടു തന്നിട്ടുണ്ട്. വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ഒരുത്തന്‍ എന്നായിരുന്നു ചിലരുടെ ഇടയില്‍ ഉണ്ടായ ഇമേജ്. പ്രത്യേകിച്ച് പ്രായമായ പെണ്‍കുട്ടികള്‍ ഉള്ള വീട്ടില്‍. സിനിമയിലെ എന്നെയല്ലേ അവര്‍ കണ്ടിട്ടുള്ളൂ. യഥാര്‍ത്ഥ ജീവിതത്തില്‍ നേരെനിന്ന് പെണ്ണുങ്ങളുടെ മുഖത്ത് നോക്കാന്‍ പോലും ധൈര്യമില്ലാത്തവനായിരുന്നു ഞാന്‍ എന്ന് അവരെങ്ങനെ അറിയാന്‍?''
ഈ നാട് എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഞങ്ങളുടെ കോളേജില്‍ വന്നതായിരുന്നു കൃഷ്ണ ചന്ദ്രന്‍. 'അഭിനയിക്കാന്‍ വേണ്ടിയല്ല ആദ്യം ആ പടത്തിന്റെ ആള്‍ക്കാര്‍ എന്നെ വിളിച്ചുകൊണ്ടു പോയത് . ഒരു തമാശപ്പാട്ട് പാടാനാണ് . 'തട്ടെടീ ശോശാമ്മേ'' എന്ന പാട്ട് സി.ഒ. ആന്റോ ചേട്ടനോടൊപ്പം പാടി ചെന്നൈ നുങ്കംപക്കത്ത് ലയോള കോളേജിനു മുന്‍ വശത്തുള്ള അമ്മൂമ്മയുടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ജിയോ മൂവീസിന്റെ ഓഫിസില്‍ നിന്നൊരു ഫോണ്‍: 'ഉടന്‍ വരണം.'
ചെന്നപ്പോള്‍ ഐ.വി. ശശി സാര്‍, ടി ദാമോദരന്‍ മാഷ്, ജിയോ കുട്ടപ്പന്‍ സാര്‍ എന്നിവര്‍ കാത്തിരിക്കുന്നു. എന്നെ കണ്ടതും ദാമോദരന്‍ മാഷ് ഒരു ചോദ്യം: 'നീ ഇന്ന് പാടിയ പാട്ടിന്റെ രംഗത്ത് നീ തന്നെ അഭിനയിക്കാന്‍ പോകുന്നു. എന്താ വിരോധമുണ്ടോ?' ആദ്യം ഞെട്ടിയെങ്കിലും പിന്നെ സമ്മതിച്ചു. രതിനിര്‍വേദത്തിനു ശേഷം നല്ലൊരു റോളിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാന്‍ .'' ഒന്ന് നിര്‍ത്തി കൃഷ്ണ ചന്ദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നു. '' പടം വന്‍ ഹിറ്റായി എന്നത് സത്യം. അഭിനയ ജീവിതത്തിനോ സംഗീത ജീവിതത്തിനോ അതുകൊണ്ടു വലിയ പ്രയോജനം ഒന്നും ഉണ്ടായില്ലെങ്കിലും, വ്യക്തി ജീവിതത്തില്‍ ഒരു ഗുണമുണ്ടായി വനിത എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് ആ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് .
കൃഷ്ണചന്ദ്രന്‍ സംസാരിച്ചു കൊണ്ടേയിരിക്കുന്നു. കഥകളും ഉപകഥകളും രസകരമായ അനുഭവങ്ങളും നിറഞ്ഞ ഒരു സ്മൃതിയാത്ര.'പലരും ചോദിച്ചിട്ടുണ്ട് സിനിമ നിങ്ങളോട് കാണിച്ചത് അനീതിയല്ലേ എന്ന്. പാവമായതു കൊണ്ടും എവിടെയും ഇടിച്ചു കയറാന്‍ നില്‍ക്കാത്തത് കൊണ്ടുമല്ലേ അവസരങ്ങള്‍ കൂടുതല്‍ ലഭിക്കാതെ പോയതെന്നും. ആവാം. പക്ഷെ അതോര്‍ത്തു വേവലാതിപ്പെടാറില്ല ഞാന്‍.... കൈവിട്ടു പോയ അവസരങ്ങളെ കുറിച്ച് ഓര്‍ത്തു ദുഃഖിക്കുന്നതിനേക്കാള്‍, കൈവന്ന മഹാഭാഗ്യങ്ങളില്‍ ആഹ്ലാദിക്കയല്ലേ വേണ്ടത്?. പാടിയ പാട്ടുകള്‍ ഭൂരിഭാഗവും തമാശപ്പാട്ടുകളും കോറസ് ഗാനങ്ങളുമായിരുന്നു. എണ്ണത്തില്‍ കുറവെങ്കില്‍ കൂടി കുറച്ച് നല്ല പാട്ടുകളും പാടാന്‍ അവസരമുണ്ടായി. അവയില്‍ ചിലതൊക്കെ നിങ്ങള്‍ ഓര്‍ത്തിരിക്കുന്നില്ലേ? സംതൃപ്തിക്ക് അതൊക്കെ ധാരാളം..'' കൃഷ്ണചന്ദ്രന്‍ പൊട്ടിച്ചിരിക്കുന്നു.
ഈ ചിരി, തന്നിലേക്ക് തന്നെ നോക്കിയുള്ള നര്‍മമധുരമായ ഈ ചിരിയാണ് സമകാലികരായ മറ്റു ഗായകരില്‍ നിന്ന് കൃഷ്ണചന്ദ്രനെ വേറിട്ടു നിര്‍ത്തുന്നതെന്ന് തോന്നാറുണ്ട്. അതൃപ്തരുടെ കൂടാരമാണ് സിനിമാലോകം. അര്‍ഹിച്ച അംഗീകാരം ലഭിച്ചില്ലെന്ന് ആവലാതിപ്പെടുന്നവര്‍; സിനിമയുടെ കപട ലോകത്ത് ആത്മാര്‍ഥ ഹൃദയമുണ്ടായതാണ് സ്വന്തം പരാജയമെന്ന് വിശ്വസിക്കുന്നവര്‍, ഗ്രൂപ്പുകളുടെയും ക്ലിക്കുകളുടെയും ഭാഗമാത്തത് കൊണ്ടു പുറമ്പോക്കില്‍ ചെന്നൊതുങ്ങിയെന്ന് വിലപിക്കുന്നവര്‍... അവര്‍ക്കിടയില്‍ കൃഷ്ണചന്ദ്രന്റെ ചിരി ഒരു വേറിട്ട കാഴ്ചയാകുന്നു. വീരവാദങ്ങളില്ല. നഷ്ടബോധവും: പാടിയ പാട്ടുകളില്‍ ചിലതൊക്കെ ബോറായിരുന്നു. കൊള്ളാവുന്ന പാട്ടുകള്‍ എനിക്ക് വിരലില്‍ എണ്ണി പറയാനാകും; ഇണയിലെ വെള്ളിച്ചില്ലും വിതറി, മംഗളം നേരുന്നുവിലെ അല്ലിയിളം പൂവോ, ഡേയ്‌സിയിലെ തേന്‍മഴയോ, മഹാബലിയിലെ സൗഗന്ധികങ്ങള്‍ വിടര്‍ന്നൂ, രംഗത്തിലെ വനശ്രീ മുഖം നോക്കും, സൂര്യ ഗായത്രിയിലെ രാഗം താനം...പിന്നെ തമിഴില്‍ ഇളയരാജയ്ക്ക് വേണ്ടി പാടിയ ചില പാട്ടുകള്‍.... തൃപ്തനാണ് ഞാന്‍...'
Content Highlights: one man suddenly appeared and kissed krishnachandran on hands ravi menon kathoram book