'ഓണക്കോടി ഏറ്റുവാങ്ങുന്നവരുടെ മുഖത്തുവിരിയുന്ന ആ ഓണനിലാവാകും ഞങ്ങളുടെ ഓണം'

#ഗിരിജ വാര്യര്‍
ഗിരിജ വാര്യര്‍ | ഫോട്ടോ: മാതൃഭൂമി
ഗിരിജ വാര്യര്‍ | ഫോട്ടോ: മാതൃഭൂമി

വേരുകള്‍ മറന്നുകൊണ്ടുള്ള മലയാളിയുടെ യാന്ത്രികപ്പാച്ചിലില്‍ എവിടെയോ നഷ്ടപ്പെട്ടുപോയ ഗ്രാമീണജീവിതത്തിന്റെയും നാട്ടുനന്മകളുടെയും വെളിച്ചം വീണ്ടെടുക്കുന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരമാണ് ഗിരിജ വാര്യരുടെ 'നിലാവെട്ടം'. പുസ്തകത്തിലെ 'ഓര്‍മ്മയില്‍ വിരിയുന്ന ഓണനിലാവ്' എന്ന ഭാഗം വായിക്കാം...

പുറത്ത് ഓണവെയിലിനു നല്ല ചേല്. നീലാകാശത്തിനു കീഴേ മനംനിറഞ്ഞു ചിരിക്കുന്ന മഞ്ഞവെയില്‍. കഴുകിത്തുടച്ചു വൃത്തിയാക്കിയപോലെ ഓണവെയിലില്‍ തിളങ്ങുന്ന പച്ചിലകളും പൂക്കളും. മതിലരികില്‍ വരിവരിയായി പൂത്തുനില്‍ക്കുന്ന കൃഷ്ണകിരീടത്തിന്റെ ചെടികള്‍. മുറ്റത്തു വെയിലില്‍ പാറിനടക്കുന്ന തുമ്പിക്കൂട്ടങ്ങള്‍. മഞ്ഞത്തുമ്പി മേലേ പറന്നാല്‍ മഴ ഇനിയും പെയ്യും എന്നാണത്രേ പറയുക. എന്തായാലും മഞ്ഞത്തുമ്പികള്‍ ഇവിടെയും അമ്പലമുറ്റത്തും തുരുതുരാ പാറിപ്പറക്കുന്നുണ്ട്. എന്തായാലും ഓണക്കാലത്ത് ഒരു കുഞ്ഞുമഴയൊക്കെ പെയ്യും എന്നത് ഉറപ്പാണ്. അപ്പോഴല്ലേ, 'അത്തം വെളുത്താല്‍ ഓണം കറുക്കും, അത്തം കറുത്താല്‍ ഓണം വെളുക്കും' എന്നുള്ള പഴഞ്ചൊല്ലിന് ഒരു അര്‍ത്ഥമുണ്ടാവൂ! ഓണത്തിനിടയ്‌ക്കൊരു മഴ കൊണ്ടാലല്ലേ, ഇത്തിരി നനഞ്ഞ ഒരു ഓണക്കോടിയുടെ സുഗന്ധം ആസ്വദിക്കാന്‍ പറ്റൂ. ചാണകം മെഴുകിയിട്ട പൂക്കളത്തിന് കുടചൂടിക്കൊടുത്ത് പൂക്കളത്തിന്റെ ഒരു വശം മഴവെള്ളത്തില്‍ ഒലിച്ചിറങ്ങുമ്പോള്‍ ഒന്ന് ശുണ്ഠിയെടുക്കാന്‍ പറ്റൂ! എന്തായാലും വരാന്തയിലെ ഈ ചാരുകസേരയില്‍ ലോകം നോക്കി കിടക്കുമ്പോള്‍ ദൂരെ എവിടെയോ ഒരു പൂവിളിയുടെ അലയൊലി എന്റെ ചെവിയില്‍ ഒഴുകിയെത്തുന്നുണ്ട്.

കുട്ടിക്കാലത്ത്, ഓണം വന്നെന്ന സന്തോഷം ആദ്യം പൊട്ടിവിടരുന്നത് വളക്കിലുക്കങ്ങളിലൂടെയാണ്. ഓണത്തിന് ഒരു രണ്ടാഴ്ച മുമ്പ് ഉണ്ണിപ്പിണ്ടിപോലെ ഉരുണ്ട്, നീളത്തിലുള്ള വളത്തണ്ടുകളില്‍ വര്‍ണ്ണവിസ്മയങ്ങളുടെ ചന്തം വിതറി, കുപ്പിവളകളും റബ്ബര്‍വളകളും ഒക്കെ അണിയിച്ച്, അതൊക്കെ ഒരു വെള്ള ഭാണ്ഡത്തിലാക്കി, മേനോന്‍പെറ്റപാറയും താലപ്പൊലിപ്പാറയും ഒക്കെ കേറിയിറങ്ങി ശാന്തശീലയായ ശാന്തച്ചെട്ടിച്ചിയാരെത്തും. അന്ന് ശാന്തച്ചെട്ടിച്ചിയാര്‍ക്ക് നല്ല കോളാണ്. അമ്മയുടെ വക എല്ലാവര്‍ക്കും ഓണസമ്മാനമായി വള കിട്ടും. ആ കുപ്പിവളക്കിലുക്കങ്ങള്‍ ഉണ്ടെങ്കിലേ ഓണത്തിന് ഒരു ചൂരും ചെത്തവുമൊക്കെയുണ്ടാവൂ എന്നാണ് അമ്മ പറയുക. അവനവന് ആവശ്യമായ വളകള്‍ സ്വയംതന്നെ നോക്കിയെടുത്തോളാന്‍ അമ്മ നേരത്തേ പറയും. ഓണക്കാലത്ത് വീടുമുഴുവന്‍ കുപ്പിവളക്കിലുക്കമായിരിക്കും. പക്ഷേ, ഒരു പ്രായംവരെ ഞങ്ങള്‍ കുട്ടികള്‍ക്ക് റബ്ബര്‍വളയേ അമ്മ വാങ്ങിത്തരുമായിരുന്നുള്ളൂ. 

അന്നത്തെ തറവാട്ടിലെ ഓണത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്നും മധുരമാണ്. രാവിലെ പശുവിനെ കറന്നുകഴിഞ്ഞു വന്നാലുടന്‍, നാലുകെട്ടിന്റെ നടുമുറ്റത്ത് തങ്കം ചാണകംകൊണ്ട് വട്ടത്തില്‍ രണ്ടു കളം മെഴുകിയിടും. ഒന്ന് ഒരല്‍പ്പം വലുതായിരിക്കും. മെഴുകിത്തീരുമ്പോഴേക്കും ഞാനും ഉണ്ണ്യേട്ടനും വിജയേട്ടനും ഒക്കെക്കൂടി പൂക്കള്‍ പറിച്ചുകൊണ്ടു വന്നിട്ടില്ലെങ്കില്‍, തങ്കംതന്നെ തൊടിയില്‍നിന്ന് ഒന്നോ രണ്ടോ മുക്കുറ്റിപ്പൂക്കള്‍ കളത്തില്‍ കൊണ്ടിടും. മെഴുകിയ വെറും കളം അങ്ങനെ കാലിയായി ഇടാന്‍ പാടില്ലത്രേ. അതിനു ശേഷമാണ് ഞങ്ങള്‍ കുട്ടികളുടെ കരവിരുത്. കരിങ്കല്‍മതിലിന്മേല്‍ വിരിയുന്ന കാക്കപ്പൂവും റോസ് നിറത്തിലുള്ള ഓണപ്പൂവും കാശിത്തുമ്പയും ദീപാരാധനത്തട്ടുപോലെയുള്ള കൃഷ്ണകിരീടപ്പൂവും ചെമ്പരത്തിയും കരവീരകവുമൊക്കെ നടുമുറ്റത്ത് കുമിഞ്ഞുകൂടും.

രാവണന്‍കൈ എന്നുപറയുന്ന ഇലച്ചെടി കാണാന്‍ നല്ല ഭംഗിയുള്ളതാണെങ്കിലും, ഓണം കഴിഞ്ഞാലേ അത് കളത്തിലിടൂ. ഓണം കഴിഞ്ഞാലും കുറേ ദിവസം, ആയില്യമകം വരെ പൂക്കളമിടല്‍ തുടരും. സത്യം പറഞ്ഞാല്‍ ഓണക്കാലങ്ങളിലാണ് കൊച്ചുപൂക്കളുടെ സൗന്ദര്യം കാണാന്‍ കഴിയാറ്. കരിനീല നിറത്തില്‍ കണ്ണുകളെഴുതി, പരന്ന നഖങ്ങളെ ഓര്‍മ്മിപ്പിക്കുന്ന കാക്കപ്പൂക്കള്‍. റോസ് നിറത്തില്‍, നടുവില്‍ മുന്തിരിപ്പൊട്ടുമായി ഓണപ്പൂ. ഓണവെയിലിന്റെ പുതുമയും നിറവുമായി കുഞ്ഞു മുക്കുറ്റിപ്പൂക്കള്‍. വെന്തുമലര്‍ന്ന പൊന്നിയരിച്ചോറിന്റെ ലാഘവത്തോടെ കുഞ്ഞുതുമ്പപ്പൂക്കള്‍. പല നിറത്തിലുള്ള ചെമ്പരത്തിപ്പൂക്കള്‍. കരവീരകപ്പൂവിന്റെ ഞെട്ടി പൊട്ടിച്ച് ഒന്നു കീറി നിവര്‍ത്തിയിട്ടാല്‍ പൂക്കളത്തില്‍ മഞ്ഞനിറത്തിലുള്ള ഓളങ്ങള്‍ അലയടിക്കുന്നതുപോലെ തോന്നും. എന്തായാലും ഒരു കളത്തില്‍ മറ്റേ കളത്തിലേതിനെക്കാള്‍ വരികളും വലിപ്പവും കുറവായിരിക്കണം എന്ന നിയമമുണ്ട്.

ഗിരിജ വാര്യരും മകള്‍ മഞ്ജു വാര്യരും | ഫോട്ടോ: എന്‍.എം. പ്രദീപ് 

ഓണക്കളത്തിലെ തൃക്കാക്കരപ്പന്റെ കാര്യമാണെങ്കിലും അങ്ങനെത്തന്നെ. നടുമുറ്റത്ത് വലുതും ചെറുതുമായ രണ്ടു കളങ്ങളില്‍ ചാണകം മെഴുകി, അതില്‍ തൂശനില വെച്ച്, അതിലാണ് തൃക്കാക്കരപ്പനെ വെക്കുക. ആദ്യത്തെ ദിവസം ഒരു കളത്തില്‍ ഒന്നും മറ്റേതില്‍ മൂന്നും, അടുത്ത ദിവസം ഒരു കളത്തില്‍ മൂന്നും മറ്റേ കളത്തില്‍ അഞ്ചും. അങ്ങനെ കൂടിക്കൂടിപ്പോകും തൃക്കാക്കരപ്പന്റെ എണ്ണം. തൃക്കാക്കരപ്പനെ വെച്ചുതുടങ്ങിയാല്‍ പിന്നെ ഞങ്ങള്‍ കുട്ടികള്‍ക്കു പണിയില്ല. തൃക്കാക്കരപ്പനെ ഉണ്ടാക്കുന്ന പണി മുഴുവന്‍ കുഞ്ഞീഷ്ണന്‍ നായര്‍ക്കാണ്. എവിടെനിന്നെങ്കിലും ചുവന്ന മണ്ണു കൊണ്ടുവന്ന് കുത്തിയിരുന്ന് നല്ല വടിവൊത്ത തൃക്കാക്കരപ്പനെ കുഞ്ഞീഷ്ണന്‍ നായര്‍തന്നെ ഉണ്ടാക്കും. വടക്ക്വോറത്തെ അമരത്തടത്തിനടുത്തിരുന്ന് വായില്‍ ഒരല്‍പ്പം മുറുക്കാനുമിട്ട് എത്ര തൃക്കാക്കരപ്പനെ വേണമെങ്കിലും കുഞ്ഞീഷ്ണന്‍ നായര്‍ സൃഷ്ടിച്ചെടുക്കും. ഞങ്ങള്‍ അതിന്റെയൊക്കെ മേല്‍നോട്ടവുമായി, തൊട്ടരികിലുള്ള കുഞ്ഞീഷ്ണന്‍ നായരുടെ മുറിയിലൊക്കെ കേറിയിറങ്ങും. കുഞ്ഞീഷ്ണന്‍ നായര്‍ ചെല്ലപ്പെട്ടിയില്‍ സൂക്ഷിച്ച, വാടിത്തുടങ്ങിയ വെറ്റിലയും നീറ്റടക്കയും നനവു വറ്റിത്തുടങ്ങിയ വെള്ളച്ചുണ്ണാമ്പും ചേര്‍ത്ത് ഞങ്ങളും മുറുക്കിത്തുടങ്ങും. വെള്ളച്ചുണ്ണാമ്പിന്റെ അളവൊന്നുമറിയാതെ മിക്കവാറും ഞങ്ങളുടെ നാവ് പൊള്ളും. ചെല്ലപ്പെട്ടിയുടെ ഉള്ളറയില്‍ കുഞ്ഞീഷ്ണന്‍ നായര്‍ പുകയില സൂക്ഷിച്ചിട്ടുണ്ടാവും. നല്ല മണമുള്ള പുകയില. 'യാപ്പാണം' പുകയില എന്നാണ് കുഞ്ഞീഷ്ണന്‍ നായര്‍ അതിനു പേരു പറയാറ്. അതില്‍ പക്ഷേ, ഞങ്ങള്‍ കൈവെക്കാറില്ല. അതൊക്കെ വായിലിട്ടാല്‍ തലകറങ്ങി വീഴും എന്നൊക്കെ തങ്കം ഞങ്ങള്‍ക്ക് പറഞ്ഞുതന്നിട്ടുണ്ട്. അതുകൊണ്ട്, ഞങ്ങള്‍ ഇടയ്‌ക്കൊക്കെ ആ ചെല്ലത്തിന്റെ രഹസ്യയറ തുറന്ന് ആ യാപ്പാണം പുകയിലയുടെ മണം ആസ്വദിക്കുക മാത്രമേ ചെയ്യാറുള്ളൂ.

കുഞ്ഞീഷ്ണന്‍ നായര്‍ തൃക്കാക്കരപ്പനെ ഉണ്ടാക്കുമ്പോള്‍, ചിലപ്പോള്‍ ഒരു കവുങ്ങിന്‍പാളയില്‍ കുറെ ചുവന്ന മണ്ണെടുത്ത് ഞങ്ങള്‍ക്ക് നീട്ടും. അതുകൊണ്ട് ഞങ്ങളുടെ ഭാവനയ്ക്കനുസരിച്ച് മുത്തിയമ്മ, കുട്ടിപ്പട്ടര്‍, അമ്മി, ആട്ടുകല്ല് ഒക്കെ ഉണ്ടാക്കും. മുത്തിയമ്മയുടെയും കുട്ടിപ്പട്ടരുടെയും വായില്‍, അവ ഉണ്ടാക്കുമ്പോള്‍ത്തന്നെ തീപ്പെട്ടിക്കൊള്ളിയുടെ ഒന്നോ രണ്ടോ ചെറിയ കഷ്ണങ്ങള്‍ അവിടവിടെ തിരുകിവെച്ചാല്‍ ശരിക്കും പല്ലുകള്‍പോലെ ഉണ്ടാവുമെന്ന് കണ്ടുപിടിച്ചത് ഉണ്ണ്യേട്ടനാണ്. തൃക്കാക്കരപ്പന്റെ കൂടെ മറ്റൊരു നാക്കിലയില്‍ ഓണത്തിന്റന്ന് ഇവയ്ക്കും നടുമുറ്റത്ത് ഒരു സ്ഥാനമുണ്ടാകും.

ഉത്രാടത്തിന്റെ അന്നാണ് ഞങ്ങളൊക്കെ ഓണക്കോടി ഉടുക്കുക. തിരുവോണത്തിന് ഞങ്ങള്‍ കോടി അലക്കിയതാണ് ഉടുക്കുക. പക്ഷേ, എനിക്ക് ഓണക്കാലത്ത് എന്നും മാറി മാറി ഉടുത്ത്, കൂട്ടുകാരുടെ കൂടെ വൈകുന്നേരങ്ങളില്‍ ഗമയില്‍ അമ്പലത്തില്‍ പോകാന്‍ ഓണക്കോടികളുണ്ടാവും. തങ്കച്ചേച്ചിയും കുഞ്ചേച്ചിയും ഏട്ടനും ഒക്കെ വരുമ്പോള്‍ എനിക്ക് കൊണ്ടുവരുന്ന ഉടുപ്പുകളൊക്കെ അമ്മ ഓണക്കോടികളായി മുണ്ട് പെട്ടിയില്‍ സൂക്ഷിച്ചുവെക്കും. ഓണക്കാലത്തേ അവ പുറത്തിറക്കൂ. പുതിയ ഉടുപ്പുകള്‍ കിട്ടിയാല്‍ പിന്നെ ഞാന്‍ പഴയ ഉടുപ്പുകളൊന്നും തിരിഞ്ഞുപോലും നോക്കില്ലെന്ന് അമ്മയ്ക്കു നന്നായി അറിയാം. അതുകൊണ്ട്, പുത്തനുടുപ്പുകളൊക്കെ ഓണക്കാലത്തേക്കുവേണ്ടി സൂക്ഷിച്ചുവെക്കുമായിരുന്നു അമ്മ. കൈതപ്പൂവിന്റെ മണമുള്ള അമ്മയുടെ മുണ്ടുപെട്ടിയില്‍നിന്ന് പുത്തനുടുപ്പുകള്‍ പുറത്തെടുക്കുമ്പോള്‍ മനംമയക്കുന്ന ഗന്ധമാണ്.

ഞങ്ങളുടെ നാട്ടില്‍ അന്നൊക്കെ ഓണസദ്യയ്ക്ക് പ്രത്യേക തയ്യാറെടുപ്പുകള്‍ തന്നെയുണ്ടായിരുന്നു. ചേന, ചേമ്പ് അടക്കമുള്ള ഉപ്പേരിവറവുകളും പുളിയിഞ്ചി, കാളന്‍ തുടങ്ങിയ രാജവിഭവങ്ങളുമൊക്കെ ഉത്രാടം ആവുമ്പോഴേക്കും തയ്യാറാകും. പിന്നെ ഉത്രാടം മുതല്‍ സദ്യയാണ്. അടുത്ത ബന്ധുക്കള്‍ വരുകയും ഓണപ്പുടവകള്‍ കൈമാറുകയും ചെയ്യുന്നത് അന്നാണ്. അന്ന് വരുന്ന ബന്ധുക്കള്‍ക്കൊക്കെ സദ്യ. ഓണത്തിന്റന്ന് എല്ലാ കുടുംബത്തിലും സദ്യതന്നെ. ഓണസദ്യ കഴിഞ്ഞാല്‍ പിന്നെ ഓണക്കളികളായി. മൂച്ചിക്കലെ പറമ്പില്‍ തടിമാടന്‍പുളിയില്‍ കെട്ടിയ മുളയൂഞ്ഞാലില്‍ ആടിത്തിമിര്‍ക്കലാണ് പ്രധാന ഓണവിനോദം.

പുസ്തകത്തിന്റെ കവര്‍

പുളിയുടെ ഉയരത്തിലുള്ള കൊമ്പില്‍ കാച്ചിയ പപ്പടം കെട്ടിത്തൂക്കും. മുളയൂഞ്ഞാലില്‍ എഴുന്നേറ്റുനിന്ന് കുതിച്ചാടി ആ പപ്പടം കടിച്ചെടുക്കണം. അതിനു വിരുതന്‍ എപ്പോഴും മൂച്ചിക്കലെ മുകുന്ദേട്ടനായിരുന്നു. രാമന്‍കുട്ട്യേട്ടനും വിജയേട്ടനും ഒക്കെ മത്സരിച്ച് പുറകേയുണ്ടാകുമെങ്കിലും മുകുന്ദേട്ടനാണ് ആദ്യം പപ്പടം കൈക്കലാക്കുക. വേറൊരു ഓണക്കളിയാണ് ഓണപ്പന്തുകളി. 'നാഗേല്‍'കളി എന്നും ഞങ്ങള്‍ ഇതിനെ പറയും. ഇതിനൊന്നും ഞങ്ങള്‍ കുട്ടികളെ ആരും അടുപ്പിക്കില്ല. ഞങ്ങള്‍ അവരുടെയൊക്കെ ആരാധകരായി അവിടെയൊക്കെ ചുറ്റിപ്പറ്റി നടക്കും. ഇടയ്ക്ക് ഒരു സൗജന്യംപോലെ ഞങ്ങളെ മുളയൂഞ്ഞാലില്‍ കേറ്റിയിരുത്തി ഒന്നുരണ്ടു തവണ ഒന്ന് പതുക്കെ ആട്ടിവിടും. അത്രതന്നെ. 'നാഗേല്‍'കളിക്കാനാണെങ്കില്‍, കൊച്ചുകുട്ടികള്‍ വെറുതേ പന്തേറു കൊള്ളണ്ടാ എന്നു പറഞ്ഞ് ഞങ്ങളെ സ്‌നേഹപൂര്‍വ്വം മാറ്റിനിര്‍ത്തും.

ഓണത്തിന്റെ പിറ്റേന്ന് അവിട്ടംനാള്‍ എനിക്ക് ഏറെ ഇഷ്ടമാണ്. അന്നാണ് തറവാട്ടിലെ ആശ്രിതര്‍ക്കൊക്കെ ഓണസദ്യ. അച്ഛന്‍ അവര്‍ക്കൊക്കെ ഓണക്കോടി കൊടുക്കും. അവര്‍ ആരും വെറുംകൈയോടെ വരില്ല. അവനവന്‍ കൃഷി ചെയ്ത എന്തെങ്കിലും പച്ചക്കറികളോ നല്ല ചങ്ങാലിക്കോടന്‍ നേന്ത്രക്കുലകളോ അല്ലെങ്കില്‍ അവനവന്റെ ആലയില്‍ കാച്ചിയെടുത്ത ഒരു കത്തിയോ ചിലര്‍ നല്ല മരത്തടിയില്‍ പണിതെടുത്ത ആവണിപ്പലകകളോ തൃക്കാക്കരപ്പനെ വെക്കാനുള്ള പീഠങ്ങളോ-അങ്ങനെയെന്തെങ്കിലുമൊക്കെ അവര്‍ കാഴ്ചയായി കൊണ്ടുവന്ന് ഉമ്മറത്തു വെക്കും. ചിലര്‍ തമ്പുരാട്ടിക്കുട്ടികള്‍ക്കും കുട്ടിത്തമ്പുരാക്കന്മാര്‍ക്കുമായി നല്ല പിഞ്ച് കക്കിരിക്കകള്‍ കൊണ്ടുവരും. ഇവര്‍ക്കൊക്കെവേണ്ടി അടുക്കളയില്‍ ഗംഭീരസദ്യ ഒരുക്കീട്ടുണ്ടാവും അമ്മ. ഊണിനു സമയമാവുമ്പോള്‍ വടക്ക്വോര്‍ത്ത് അവര്‍ നിരന്നിരിക്കും. ചിലര്‍ ഒരു തോര്‍ത്തു വിരിച്ച് അതിലാണ് സദ്യയുടെ വിഭവങ്ങള്‍ വാങ്ങിക്കുക. അവര്‍ അത് ആ തോര്‍ത്തില്‍ത്തന്നെ കെട്ടി വീട്ടിലേക്ക് കൊണ്ടുപോകും. മറ്റുചിലര്‍ അവിടെയിരുന്നുതന്നെ ഉണ്ണും. അവര്‍ കഴിക്കുന്നതു കാണാന്‍തന്നെ ഒരു കൗതുകമാണ്. ഇലയില്‍ കൂമ്പാരംപോലെ ചോറും അതിനു തക്കവണ്ണം കറികളും... അവര്‍ അത് ആര്‍ത്തിയോടെ കഴിക്കുന്നതു കാണുമ്പോള്‍ അങ്ങനെയൊക്കെ നമുക്കും കഴിക്കാന്‍ തോന്നും. അവര്‍ക്കൊക്കെ വീണ്ടും വീണ്ടും വിളമ്പിക്കൊടുക്കാന്‍ അമ്മയ്ക്കും ഭയങ്കര ഇഷ്ടമായിരുന്നു. അന്നത്തോടുകൂടി ഞങ്ങളുടെ നാട്ടില്‍ ഓണം കൊടിയിറങ്ങും. ഉത്രാടം, തിരുവോണം, അവിട്ടം ദിവസങ്ങളിലൊക്കെ വാര്യേത്തെ തെക്കിനിയില്‍ അമ്മയുടെ നേതൃത്വത്തില്‍ കൈകൊട്ടിക്കളിക്കും മുടക്കമുണ്ടാകാറില്ല. വാരിയങ്ങളില്‍നിന്നും പുഷ്‌പോത്തുനിന്നും പൊതുവാട്ടില്‍നിന്നും ഒക്കെ കൈകൊട്ടിക്കളിക്കാന്‍ ആളെത്തുമ്പോള്‍ തെക്കിനി നിറയും.

പക്ഷേ, ഇവിടെ തൃശ്ശൂരില്‍ ഓണം തുടങ്ങുന്നത് അപ്പോഴാണ്. നാലോണവും പുലിക്കളിയും ഒക്കെയായി ഓണം അങ്ങനെ നീണ്ടുനീണ്ടു പോകും. നേന്ത്രക്കുലകള്‍, ശബരിമലവ്രതക്കാരെപ്പോലെ കറുപ്പുവസ്ത്രമണിഞ്ഞ് അവശരാവുന്ന നാലോണത്തിന് നാലുംവെച്ചൊരു സദ്യകൂടിയാവുമ്പോഴാണ് ഇവിടങ്ങളില്‍ ഓണത്തിന് കൊടിയിറങ്ങുക. ഓണക്കോടിയുടുത്ത് ബന്ധുവീടുകളിലൊക്കെ വിരുന്നുപോകുന്നതും ഓണത്തിന്റെ മറ്റൊരു മുഖംതന്നെ.

ഇതൊന്നുമല്ലാതെ ഞങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയിട്ടുള്ള ഒരുപാട് ഓണങ്ങള്‍ വേറെയുമുണ്ട്. ഓണത്തിന്റെ സ്മരണപോലും വരാത്തവിധം തമിഴ്‌നാട്ടില്‍ മുങ്ങിപ്പോയ പല ഓണങ്ങള്‍. പല മതത്തിലുമുള്ള സുഹൃദ്വലയത്തില്‍ ഓണം സൃഷ്ടിച്ചെടുക്കുന്ന തൃശ്ശൂര്‍ക്കാരിയായി മാറി ഞാന്‍. പക്ഷേ, ചില വര്‍ഷങ്ങളില്‍ ഞങ്ങള്‍ ഉണ്ട ഓണം കാണം വിറ്റിട്ടുതന്നെയായിരുന്നു എന്നത് മാധേട്ടന്‍ ഞങ്ങളെ അന്നൊന്നും അറിയിച്ചിരുന്നേയില്ല. ഇപ്പോള്‍ എനിക്ക് അതില്‍ വല്ലാതെ വിഷമം തോന്നുന്നു. തമിഴ്‌നാട്ടിലായിരുന്ന ചില വര്‍ഷങ്ങളില്‍ ഓണത്തിന് നാട്ടിലേക്കുള്ള യാത്രകള്‍ മനഃപൂര്‍വം ഒഴിവാക്കേണ്ടിവന്നിട്ടുണ്ട്. വീട്ടില്‍ അച്ഛന്‍, അമ്മ തുടങ്ങി എല്ലാവര്‍ക്കും ഓണക്കോടി, യാത്രാച്ചെലവുകള്‍ ഒക്കെയോര്‍ക്കുമ്പോള്‍ ഉള്ളതുകൊണ്ടൊക്കെ ഓണം നാഗര്‍കോവിലില്‍ത്തന്നെ തട്ടിക്കൂട്ടിയ കുറച്ചുവര്‍ഷങ്ങള്‍.

നാട്ടില്‍ സ്ഥിരമായതിനു ശേഷമാണ് ഓണം, ഓണമായി അനുഭവിക്കുന്നത്. വരാന്തയിലെ ചാരുകസേരയിലിരുന്ന് മാധേട്ടന്‍ നീട്ടുന്ന ഓണക്കോടികള്‍ ഏറ്റുവാങ്ങുന്ന ആശ്രിതരെ കാണുമ്പോള്‍ മനസ്സ് പഴയകാലത്തിലേക്ക് ചെല്ലും. തറവാട്ടില്‍ അച്ഛനും അമ്മയുമൊക്കെ ഉണ്ടായിരുന്നപ്പോഴത്തെ ആ പ്രതാപകാലത്തിലേക്ക്. ഓണക്കോടി ഏറ്റുവാങ്ങുന്നവരുടെ മുഖത്തു വിരിയുന്ന ആ ഓണനിലാവാകും ഞങ്ങളുടെ ഓണം. മുറ്റത്ത് മൂവാണ്ടന്‍ മാവിന്‍ചുവട്ടില്‍ ഓണദിവസങ്ങളില്‍ കൈകൊട്ടിക്കളിയും വടംവലിയും ഒക്കെ അരങ്ങേറും. പുള്ളിലെ പെണ്‍പ്രജകള്‍ ഞങ്ങളുടെ മുറ്റം ശബ്ദമുഖരിതമാക്കും. ഓണത്തലേന്നു രാത്രി ഉണങ്ങിയ വാഴയിലകള്‍കൊണ്ട് കുപ്പായമണിഞ്ഞ കുമ്മാട്ടികള്‍ പാട്ട കൊട്ടി, പപ്പടവും പഴവും ചോദിച്ചുകൊണ്ട് എത്തും. കുട്ടികളെ പേടിപ്പിക്കാന്‍ അടുത്തേക്ക് ഓടിയെത്തും. അവര്‍ ചോദിക്കുന്നത് കൊടുത്തില്ലെങ്കില്‍ അത്യാവശ്യം ചെറിയ തെറികളൊക്കെ വിളിക്കാനും അവര്‍ക്കു മടിയില്ല. ഉണക്കയിലകള്‍ക്കുള്ളിലെ 'പുള്ളുകാരന്‍' ആരാണെന്ന് ആര്‍ക്കും മനസ്സിലാവില്ലല്ലോ. അവരുടെ ഡിമാന്റുകള്‍ അത്ര വലുതാവാറില്ലെന്നും കൂട്ടിക്കോളൂ.

ഇവിടെ ഓണപ്പൂക്കളത്തിനു വലിയ പ്രത്യേകതകളൊന്നും ഉണ്ടാവാറില്ല. സാധാരണപോലെ, ചാണകം മെഴുകിയ കളത്തില്‍ ഭാവനയ്ക്കനുസരിച്ച് അത്തം മുതല്‍ ഓണംവരെ ഓരോ വര്‍ണ്ണപ്പൂക്കളം. മൂലം നാള്‍ മാത്രം മൂലയോടു മൂല ചേര്‍ത്ത് ഒരു ചതുരപ്പൂക്കളം. തിരുവോണത്തിന്റന്ന് തുമ്പക്കുടങ്ങള്‍ക്കു നടുവില്‍ പീഠത്തില്‍ അഞ്ചു തൃക്കാക്കരപ്പന്മാര്‍. തൃക്കാക്കരപ്പന്മാരെ ചുറ്റിക്കെട്ടി വെള്ള നൂല്‍. അത് തൃക്കാക്കരപ്പനുള്ള ഓണക്കോടിയാണത്രേ. പൂക്കള്‍ ചൂടി സുന്ദരനായ തൃക്കാക്കരപ്പന് തലയ്ക്കു മുകളില്‍ ഓലക്കുട. കുടുംബനാഥന്റെ വക നേന്ത്രപ്പഴവും പൂവടയും തേങ്ങാമുറിയും നിവേദിച്ചുകഴിഞ്ഞാല്‍, പിന്നെ ഓണസദ്യയുടെ വട്ടങ്ങളായി. അതിനു മുമ്പ് പ്രാതല്‍. നല്ല ചെങ്ങാലിക്കോടന്‍ നേന്ത്രപ്പഴം പുഴുങ്ങിയതും നേന്ത്രക്കായ നാലുകീറി വറുത്തതും പൂവടയും പപ്പടം കാച്ചിയതുംതന്നെ പ്രാതല്‍. നാലോണം കഴിയുന്നതുവരെ ഇഡ്ഡലിക്കും ദോശയ്ക്കുമൊക്കെ അവധി!

മാധേട്ടന്റെ വിയോഗത്തിനും പിന്നെ കൊറോണാ വര്‍ഷങ്ങള്‍ക്കുംശേഷം ഇപ്പോള്‍ ഇതാ വീണ്ടും മോഹിപ്പിക്കുന്ന ഓണവെയില്‍. അതങ്ങനെ പാടത്തെ വെള്ളിനിറമുള്ള ജലപ്പരപ്പിനും അമ്പലത്തിന്റെ ഓടുകള്‍ക്കും ചെമ്പോലയ്ക്കും മീതേ പരന്നുമിന്നുന്നു. മൂവാണ്ടന്‍മാവിന്റെ നിഴല്‍വീണ മുറ്റം ഓണത്തുടിപ്പുകള്‍ക്കായി കാതോര്‍ത്തുകിടക്കുന്നു. പറമ്പില്‍ വിളഞ്ഞുനില്‍ക്കുന്ന ഈ നേന്ത്രക്കുലകളെയും എനിക്ക് കണ്ടില്ലെന്നു നടിക്കാനാവുന്നില്ല. അങ്ങനെ വീണ്ടും ഒരു ഓണക്കിനാവുകൂടി മനസ്സില്‍ പൂവിളിയുയര്‍ത്തുന്നു.


 

Content Highlights: Onam memories of Girija Warrier, Nilavettom book excerpt, Mathrubhumi books