‘നമുക്ക് തായ്നദിയും അംബപേരാറും ഇവള്‍, ഈ പുഴ സംസ്‌കൃതിയുടെ പ്രാണനാളി’

ശ്രീകാന്ത് കോട്ടക്കലിന്റെ ‘ഇന്ത്യന്‍ യാത്രകള്‍’ എന്ന പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം.
നിളയുടെ നനവുകളും നിനവുകളും തേടി അലഞ്ഞ ഒരുപിടി ദിനങ്ങള്‍. കണ്ടതോ പൊള്ളിപ്പഴുത്ത മണല്‍പ്പരപ്പും എവിടെയൊക്കെയോ മാത്രം ജലസ്പര്‍ശവും. ആ വേദനയെ പിളര്‍ന്നുകൊണ്ട് പേരാറിന്റെ പ്രതാപകാലം മനസ്സിലൂടെ കടന്നുപോയി... സ്വപ്നത്തില്‍ പുഴ വീണ്ടും നിറഞ്ഞൊഴുകി....
മേഘങ്ങളൊഴിഞ്ഞ ആകാശത്തിനു കീഴെ മിഴിനീരുപോലെ നിളയൊഴുകുന്നു. മഹാസംസ്‌കാരവാഹിനിയായ പേരാറിന്റെ വഴികളില്‍ ഇന്ന് ശേഷിക്കുന്നത് അറ്റംമുട്ടിയ മണല്‍ക്കാടും അതിനു നടുവിലെ നേരിയ നീര്‍ച്ചാലും ആളുയരത്തില്‍ താന്തോന്നിപ്പുല്ലുകളും മാത്രം. വള്ളക്കടവുകളില്ല; തോണിയും തുഴയും ഒരിടത്തുമില്ല. നാട്ടുവഴക്കമുള്ള ഒരു കടത്തു കൂവലിന് കാതോര്‍ക്കുമ്പോള്‍ മണലൂറ്റിയ ലോറി പുഴ കയറിപ്പോകുന്നതിന്റെ ഇരമ്പം.
പുഴയോരത്ത്, കുറ്റിപ്പുറം പാലത്തില്‍, ബ്രഹ്‌മസ്വംമഠത്തിനു മുന്നിലെ ആല്‍ത്തറയില്‍, ലക്കിടിക്കടവില്‍ നില്ക്കുമ്പോള്‍ നിളയുടെ നീര്‍ക്കണമുള്ള കാറ്റിന് കൊതിച്ചുപോകും. പക്ഷേ, വരണ്ട മണല്‍ക്കാറ്റില്‍ വന്യതമാത്രം.
എല്ലാ നിനവുകള്‍ക്കും പിന്നില്‍ കാലത്തിന്റെ നിഗൂഢമായ ചിരിയുണ്ട്. നിള നമുക്ക് ആനമലനിരകളിലെ വനഗര്‍ഭങ്ങളിലൂറി, മണ്‍ഞരമ്പുകളിലൊഴുകി അറബിക്കടലിലലിഞ്ഞിരുന്ന വെറും പുഴയായിരുന്നില്ലല്ലോ. നമ്മുടെ സ്വപ്നങ്ങളില്‍, പുരാവൃത്തങ്ങളില്‍, സാഹിത്യത്തില്‍, കൃഷിയില്‍, മേളപ്പെരുമകളില്‍, ആട്ടച്ചുവടുകളില്‍, ജന്മാന്തരപ്രാര്‍ഥനകളില്‍ എല്ലാമെല്ലാം നിറഞ്ഞൊഴുകിയ നിത്യസാന്നിധ്യമായിരുന്നു നിള. നമുക്ക് തായ്നദിയും അംബപേരാറും ഇവള്‍. ഈ പുഴ നമ്മുടെ സംസ്‌കൃതിയുടെ പ്രാണനാളി.
ഇന്ന്, മണല്‍ ലേലംപിടിച്ച് ലാഭം കൂട്ടാനുള്ള തിരക്കില്‍ നാം നിളയെ തൂക്കിവിറ്റു. അതിന്റെ നന്മകളെ നാടുകടത്തി. നമ്മുടെ ഹൃദയതീരങ്ങളെ നനച്ചൊഴുകിയ ഒരു വലിയ സംസ്‌കാരത്തിന് ചരമക്കുറിപ്പെഴുതി. മണല്‍നിലങ്ങളെ മറന്ന് പുഴയുടെ യൗവനത്തിലേക്കിറങ്ങുക. ജനങ്ങള്‍ വന്നും പോയും തിരക്കുപിടിച്ച തോണിക്കടവുകള്‍. അവിടെ വരരുചിയും പറച്ചിയും കര്‍മഫലങ്ങളിലേക്ക് തിരിഞ്ഞുനോക്കാതെ കടവുകളില്‍നിന്നും കടവുകളിലേക്ക് പുരാവൃത്തങ്ങളുടെ പുഴ മുറിച്ചുപോകുന്നു.
ഒഴുകിമറഞ്ഞ തീരങ്ങളിലേക്ക് തിരിച്ചൊഴുകാത്ത പുഴപോലെ, പരമജ്ഞാനത്തിലേക്കുള്ള പ്രയാണം. പുഴക്കാറ്റിനെ തന്റെ പ്രതിഭയുടെ കല്ലില്‍ കെട്ടിയ തച്ചനും രായിരനല്ലൂര്‍മലയിലേക്ക് ഉന്തിക്കയറ്റിയുരുട്ടിയ ഉരുളന്‍കല്ലില്‍ സനാതന ജീവിതസാരം ഉന്മാദലിപികളിലെഴുതിയ ഭ്രാന്തന്‍ നാരായണനും. പറഞ്ഞു പറഞ്ഞ് കടവുകള്‍ നിറഞ്ഞ കഥകള്‍. ഒരു മുറം വിറ്റ ധനംകൊണ്ട് തൃപ്തനായ പാക്കനാര്‍, ഗാന്ധിക്കും ഷൂമാര്‍ക്കര്‍ക്കും മുന്‍പേ നടന്നുപോയി.
മനുഷ്യജീവിതത്തിന്റെ നിസ്സാരത. മനുഷ്യാവശ്യങ്ങളുടെ പരിമിതി. പുഴ പഠിപ്പിച്ച മഹാപാഠങ്ങള്‍. നിറഞ്ഞ പുഴയിലൂടെ എന്നും നിറഞ്ഞ വഞ്ചികളൊഴുകി. അതില്‍ ദേശാന്തരങ്ങളില്‍നിന്നും വണിക്കുകളും വൈദികരുമെത്തി. പുഴ ചെന്നലിഞ്ഞ പൊന്നാനി വലിയ വാണിജ്യസംസ്‌കൃതിയുടെ അഴിമുഖമായി. 'കുപ്പിവളകളും ചാന്തു സിന്ദൂരവും ചീര്‍പ്പുകണ്ണാടിയും മട്ടിപ്പശയുമായി' പടികടന്നുവന്ന 'കറുത്ത ചെട്ടിച്ചികള്‍' ഇടശ്ശേരിക്ക് കാവ്യമേഘമായി.
ജനിമൃതികളുടെ തിരുനാവാതീരത്ത് ജടയും രഥയും വിവിധ സ്വരാവേഗങ്ങളായി. മനസ്സ് യജ്ഞകുണ്ഡമാക്കിയ അഗ്‌നിഹോത്രിക്ക് സ്തുതി. ആദിവേദങ്ങളിലൂടെ, ആഹുതികളിലൂടെ പുഴ സാക്ഷാത്കരിച്ച വലിയ പ്രപഞ്ചസത്യം: 'ഇദം നഃ മമ'- ഇതെനിക്കു വേണ്ടിയല്ല.
ഈ നന്മ പുഴയ്ക്കൊപ്പം പുരുഷാന്തരങ്ങളിലേക്കൊഴുകി. പുഴ പുരാവൃത്തവും വാണിജ്യവും വൈദികവും മാത്രമായിരുന്നില്ല; ഭക്തിയും വേദാന്തവുംകൂടിയായിരുന്നു. ചമ്രവട്ടത്ത് വെള്ളം മൂടിയ ക്ഷേത്രത്തിനു മുകളില്‍ തോണിയിലെത്തി പുഴയിലേക്കു പൂജിക്കുന്ന കാഴ്ച നിറഞ്ഞ നിളയുടെ സാകാരഭക്തിയായി. വാടാത്ത വാക്കുകള്‍കൊണ്ട് എഴുത്തച്ഛന്‍ ഈ പുഴയോരത്തിരുന്ന് ഹാരം തീര്‍ത്തത് ഭാഷയ്ക്കോ പരമമായ ഭക്തിക്കോ? കുന്തിപ്പുഴത്തെളിനീരുപോലെ തീരത്ത് പൂന്താനത്തിന്റെ പാനയുടെയും ഘനസംഘത്തിന്റയും തെളിഞ്ഞ വേദാന്തം. ചന്ദനക്കാവിലെ ആലിലയിളക്കങ്ങളില്‍ ഭട്ടപാദരുടെ നാരായണീയത്തിന്റെ ആമന്ത്രണങ്ങള്‍. സ്മൃതിയില്‍പ്പോലും സുകൃതമായ പുഴ.
ഹരിതമായ മണ്ണില്‍ ഹരിതമായ ജീവിതവും തളിര്‍ക്കുന്നു. ഋതുപ്പകര്‍ച്ചകളെ വണങ്ങി വിരിപ്പും പുഞ്ചയും മുണ്ടകനും വിളയിച്ച് ഈ തീരം ഒരു ജനപദസംസ്‌കാരത്തിന് ഏറ്റവും പ്രബലമായ കാര്‍ഷികാടിത്തറ നല്കി. കുറ്റിപ്പുറത്തിന്റെ ഗ്രാമീണകന്യകയ്ക്കും വള്ളത്തോളിന്റെ കാറു കണ്ട കര്‍ഷകനും നിളയുടെ വളക്കൂറുള്ള മണ്ണിലേ ജന്മവും ജീവിതവുമുള്ളൂ. കര്‍ഷകലളിതമായ മനസ്സ് പുഴ നമുക്കു തന്നു. അതില്‍, നിരവധി നിറങ്ങളുള്ള സ്വപ്നങ്ങള്‍ സ്നേഹം നനഞ്ഞ് വളര്‍ന്നു.
വിളവെടുപ്പുകള്‍ പുഴയ്ക്ക് ഉത്സവകാലമായിരുന്നു. പുഴക്കടവുകളില്‍നിന്നും നാട്ടുപാതകളിലൂടെ സവിശേഷ ജനപദത്തിന്റെ നിറഭേദങ്ങളും ഗന്ധസമൃദ്ധികളുമൊഴുകി. തെച്ചിമലര്‍ നിറഞ്ഞ വേനലില്‍ അലറി പൂത്ത കാവുകളില്‍നിന്ന് കാവുകളിലേക്കു പോകുന്ന കോമരങ്ങള്‍.
കൊയ്തൊഴിഞ്ഞ വയലിന്‍നടുവില്‍, കരിയില നിറഞ്ഞ നടവഴികളില്‍ അകന്നുപോകുന്ന ചെമ്പട്ടുകാര്‍, ചിലമ്പൊലികള്‍, തീയാളും വെയിലില്‍ പള്ളിവാളിന്‍മിന്നായം, മഞ്ഞപ്പൊടിയും വിയര്‍പ്പും കലര്‍ന്ന ഗന്ധം, നെറ്റിയില്‍ രക്തസിന്ദൂരം, കടുനിറമാര്‍ന്ന കാഴ്ചകള്‍ ഇടശ്ശേരിയില്‍ കാവിലെ പാട്ടായി, എം.ടിയില്‍ പള്ളിവാളും കാല്‍ച്ചിലമ്പുമായി. കോമരങ്ങള്‍ക്കു പിറകേ വേലകള്‍ വിളംബരം ചെയ്ത് കാട്ടാളവേഷങ്ങള്‍ വന്നു. പൂതനും തിറയും വേലപ്പറമ്പുകളില്‍ നിറഞ്ഞാടി. നിളയ്ക്കു മാത്രം പറയാവുന്ന കഥകള്‍. നിളയുടെ മാത്രം കാഴ്ചകള്‍.
നക്ഷത്രരാവുകളെ നിറസമൃദ്ധമാക്കി. 'ചെമ്പൊന്നും പുറവടി'യും 'ഘനസംഘ'വും പാടി കളമെഴുത്തുപാട്ടുകളുയര്‍ന്നു. കെ.സി.എസ്സിന്റെയും എ.എസ്സിന്റെയും പത്മിനിയുടെയും നമ്പൂതിരിയുടെയും കാന്‍വാസുകളുടെ ആദിരൂപപ്രചോദനങ്ങള്‍ ഈ കളങ്ങളില്‍ കാണാം. അഞ്ജനമണിനാഗവും അനന്തനും വാസുകിയും പിണഞ്ഞ് ആയിരം ഫണം വിടര്‍ത്തിയാടുന്ന സര്‍പ്പംപാട്ടുകളില്‍ ഇഴുകിയ പുള്ളുവന്റെയും പുള്ളുവത്തിയുടെയും അനന്യസ്വരം. എല്ലാം പുഴയുടെ യൗവനപ്രസാദങ്ങള്‍. തലമുറയുടെ സര്‍ഗപ്രചോദനങ്ങള്‍.
ചില കാലങ്ങളില്‍ പുഴ കലങ്ങിമറിഞ്ഞ് തോണിയും ഗരുഡനും വിലങ്ങാതെ തടംകുലുക്കിയൊഴുകി. കൂലംകുത്തിയൊഴുകിയ അന്ധവിശ്വാസപ്പുഴയില്‍ വിപ്ലവത്തീയുമായി ഒറ്റയ്ക്കു തുഴഞ്ഞുപോയ വി.ടി.എന്ന യുഗപുരുഷനെ ഓര്‍ക്കുക. പുഴ നല്കിയ പാരമ്പര്യക്കരുത്തുമായി ഒഴുക്കിനെതിരെ തുഴഞ്ഞ് മാരാര്‍ മഹാഭാരതത്തിന്റെ ആരണ്യകത്തിലേക്കു കയറിപ്പോയി; ചെറുകാട് തോള്‍സഞ്ചിയുമായി ഒരിക്കലും തോല്ക്കാത്ത മനുഷ്യന്റെ ജീവിതപ്പാതയിലേക്കും. കാളിദാസകാവ്യങ്ങളുടെ ദേവദാരുപ്പൂവനങ്ങള്‍ തിരഞ്ഞ എം.പി. ശങ്കുണ്ണിനായര്‍ എന്നും ഒറ്റയാനായി. ധിഷണയുടെ തളരാത്ത തീരപ്രവാഹങ്ങള്‍.
കുഞ്ചനും വി.കെ.എന്നും പുഴയുടെ രണ്ടു ചിരികള്‍. ഇരു തീരങ്ങളില്‍ പകരംവയ്പില്ലാതെയുയര്‍ന്ന ഗോപുരപ്രതിഭകള്‍. ലക്കിടിക്കും തിരുവില്ല്വാമലയ്ക്കുമിടയില്‍ എങ്ങോട്ടു നോക്കി ചിരിക്കണമെന്നറിയാതെ പുഴ കുഴങ്ങുന്നു. പുന്നയൂര്‍ക്കുളത്തും പൊന്നാനിയിലും പുഴയുടെ സര്‍ഗധാര ധാരാളിത്തത്തിലേക്കൊഴുകി. നാലപ്പാടനില്‍നിന്ന് ജ്ഞാനത്തിന്റെ മറ്റൊരു പുഴ പുറപ്പെട്ടു. ബാലാമണിയമ്മയില്‍ ചുരന്ന കാവ്യമാതൃത്വത്തില്‍ നദീതടത്തിന്റെ നന്മകള്‍ പൂത്തു. മഞ്ഞുകാലത്തെ തെളിഞ്ഞ പുഴപോലെ മാധവിക്കുട്ടിയുടെ രചനാപ്രപഞ്ചം. ഉറൂബിന്റെ ഗദ്യം പ്രഭാതനദിപോലെ കവിതയോടടുത്തു. എം.ഗോവിന്ദന്‍ അറിവിന്റെ മറ്റൊരു അഴിമുഖമായി ഒടുങ്ങാത്ത അന്വേഷണങ്ങളുടെ തുഴയെറിഞ്ഞു.
മഞ്ഞില്‍ വിടര്‍ന്ന നിലാവു ചൂടി പുഴപോലും മയങ്ങിയ പാതിരാവില്‍, തീരത്ത് ഒറ്റയ്ക്ക് ഒരു മനുഷ്യന്‍ നില്ക്കുന്നു. വടക്ക് ചന്ദ്രഗിരിപ്പുഴയോരത്തു ജനിച്ച് നിളാതീരത്തേക്കു നാടുകടത്തപ്പെട്ട ഗന്ധര്‍വജന്മം, കുഞ്ഞിരാമന്‍നായര്‍. അതോ, നിള ദത്തെടുത്ത ധൂര്‍ത്തപുത്രനോ? പുഴയുടെ ഗ്രാമ്യതടങ്ങളിലങ്ങോളമിങ്ങോളം ഈ വരകവിയുടെ കാവ്യമയില്‍പ്പീലിത്തുണ്ടുകള്‍ വീണുകിടക്കുന്നു. പി.ക്ക് പുഴ കവിതയായി; കവിത പുഴയും.
പുഴ വറ്റിയതോടെ തീരത്തെ ഹരിതാഭമായ ജീവിതാവസ്ഥയും മറഞ്ഞു. ജീവിതഭാവനകളും ജീവിതകാമനകളും വറ്റി. പുഴയിലേക്കു പുലര്‍ന്ന ജീവിതങ്ങള്‍ ഗതിമാറിയൊഴുകി. നമ്മുടെ കവിതകളില്‍ ഇന്ന് നിളയുടെ താളങ്ങളില്ല. കഥകളില്‍ ആര്‍ദ്രമായ അലകളില്ല. രചനയുടെ പുതിയ പുല്‍നാമ്പുകള്‍പോലും വളരാത്തത്ര നിരാര്‍ദ്രമയി ഈ നിളാതീരം. അപൂര്‍വം ശേഷിക്കുന്നവര്‍ക്കോ പുഴ മറ്റു പലതുമാണ്.
നിളയെ പ്രണയിച്ചും പൊരുളു തേടിയും തീരങ്ങളില്‍ ഒരുപാടലഞ്ഞ കവി ആലങ്കോട് ലീലാകൃഷ്ണന് നിളയിന്ന് വിഷാദമാണ്. നിള വരണ്ടതോടെ അദ്ദേഹത്തിന്റെ സ്വാഭാവികപ്രചോദനവും വറ്റി. നിളയോട് ഗൃഹാതുരത തോന്നാത്ത, ഈ തീരത്തുകൂടെ 'കാവേരിയുടെ പുരുഷ'നെ തേടിപ്പോയ കഥാകൃത്ത് പി.സുരേന്ദ്രന് നിള ഭയം കലര്‍ന്ന അനുഭവമാണ്. മാലിന്യക്കൂമ്പാരമായ പുഴയോടുള്ള ഭയം. പി.പി.രാമചന്ദ്രന്‍ നിളയുടെ കാവ്യപാരമ്പര്യത്തില്‍ കണ്ണിയാവുമ്പോഴേക്കും കാല്പനികതയുടെ പുഴ വറ്റിയിരുന്നു.
ഇവ സൃഷ്ടിയുടെ ഈ തീരത്തെ ശേഷിക്കുന്ന അക്ഷരപ്പീലികള്‍. നിള കവിത മാത്രമായിരുന്നില്ല; താളംകൂടിയായിരുന്നു.
ചെണ്ട തോളിലേറ്റി ഉയരമുള്ള മനുഷ്യര്‍ പരന്ന തീരങ്ങളിലേക്ക് നിറഞ്ഞപുഴ കടന്നുവന്നു. കാട്ടുചെണ്ടയുടെയും പറച്ചെണ്ടയുടെയും പ്രാകൃതതാളങ്ങള്‍ ഈ തീരത്ത് പ്രണവശുദ്ധമായി.
പുഴയുടെ താരുണ്യത്തിന്റെ പതികാലങ്ങളില്‍ തിരുവില്വാമലയില്‍ വെങ്കിച്ചസ്വാമി മദ്ദളത്തില്‍ മന്ത്രതാളം മുഴക്കി. തുലാമാസപ്പുഴയോരംപോലെ കല്ലേക്കുളങ്ങരയില്‍ അച്യുതമാരാരുടെ ഇടംകൈ ഇടിനാദം; പല്ലശ്ശനയില്‍ പത്മനാഭമാരാരുടെ അടന്തയുടെ കാലപ്രളയം. പുഴയ്ക്കും ചെതലിമലത്താഴ്വരകള്‍ക്കുമിടെ, നീണ്ടുനിന്ന രാമമാരാരുടെ നേരുകോല്‍ പ്രതിദ്ധ്വനി. പല്ലാവൂരില്‍ അപ്പുമാരാരുടെയും ആലിപ്പറമ്പില്‍ ശിവരാമപ്പൊതുവാളുടെയും മന്ദാരക്കോലുകള്‍ ചെണ്ടയിലെ സംഗീതതീരങ്ങളെ തിരഞ്ഞു. തിരുവേഗപ്പുറയില്‍ രാമപ്പൊതുവാളുടെയും ശങ്കുണ്ണിപ്പൊതുവാളുടെയും പെരുക്കങ്ങള്‍ ഏതു വെള്ളപ്പൊക്കത്തിലും പുഴമുറിച്ചൊഴുകി. ഇനി തൃത്താല.
ശുക്ലപ്രതിപദനിലാവിനെ ചെണ്ടയില്‍ ചേര്‍ത്ത് താളസാധന തികഞ്ഞ ഈ മണ്ണിലാണ് തൃത്താല കേശവന്‍ പുഴയുടെ താളോത്സവത്തിന്റെ തിടമ്പെടുത്തത്. ആരും കൊട്ടാത്ത ചില എണ്ണങ്ങള്‍ നിളയുടെ സന്ധ്യകളില്‍ കേശവന്‍ കൊട്ടി. കര്‍ക്കിടകത്തിലെ കലങ്ങിയ പുഴപോലെ കേശവന്‍. കുഞ്ഞിക്കൃഷ്ണപ്പൊതുവാള്‍ ചെണ്ടയിലെ ശുദ്ധിയായപ്പോള്‍ അച്യുതപ്പൊതുവാള്‍ ഓങ്കാരമായി. തിരുമാന്ധാംകുന്നിലെ തൃപ്പടികളില്‍ ചെവി ചേര്‍ത്താല്‍ ഇടക്കയും ഘനസംഘവും ഇടകലര്‍ന്ന ഞരളത്തിന്റെ അവധൂതസ്വരം കേള്‍ക്കാം. പുഴപോലെ തിരിഞ്ഞുനോട്ടങ്ങളില്ലാത്ത ഒരു ജന്മം. ഇവരുടെ വിരലുകളില്‍ ഇവിടെ നാദം വേദമായി; നിള താളതീര്‍ഥമായി.
ചെണ്ടക്കോലുരുളുന്നതല്ലി ഞാന്‍
കുന്തിപ്പുഴേ കണ്ടത്
തരംഗിതമായ നിന്‍ തെളിനീരില്‍
-എന്ന് പുഴയുടെ കൈവഴിയോട് കവി.
പുഴ ശോഷിച്ചതോടെ ഉയര്‍ന്ന കാലത്തില്‍ മുഴങ്ങിയ താളസംസ്‌കാരവും തളര്‍ന്നു. മേളപ്പെരുക്കങ്ങളുടെ മേഘവര്‍ഷങ്ങള്‍ നിലച്ചു. ഏത് ആരവത്തിലും വേറിട്ടു കേള്‍ക്കാവുന്ന എണ്ണങ്ങളും ഏതു തിരക്കിലും ഉയര്‍ന്നുകാണാവുന്ന തലകളും അപ്രത്യക്ഷമായി. തൊഴില്‍ എന്നതിലുപരി മേളത്തെ കാണുന്നവര്‍ ഇന്ന് ഈ തീരത്തില്ല. പുതിയ കൈവഴികള്‍ ഒരിടത്തും പുറപ്പെടുന്നുമില്ല. 'മരണക്കൂറ്' കൊട്ടി പല്ലാവൂരും ചെണ്ട വെച്ചപ്പോള്‍ ശിവരാമപ്പൊതുവാളും കുഞ്ഞിക്കൃഷ്ണപ്പൊതുവാളും ശോഷിച്ച നിളയുടെ നീരൊഴുക്കുപോലെ ഈ തീരത്തു ബാക്കിയായി.
'പുഴ ഞങ്ങള്‍ക്ക് പാഠമായിരുന്നു. കഠിനസാധനയിലൂടെ വലുതാവാനുള്ള പാഠം. ഇന്നത്തെ താളശോഷണത്തിനു കാരണം ഉപാസനയില്ലായ്മതന്നെ. കരാറെടുത്ത് ഈ പുഴയിലെ മണലൂറ്റിക്കൊണ്ടുപോകുന്നതുപോലെ ഇവിടത്തെ താളസംസ്‌കാരത്തെയും പുതിയ കാലം കൊണ്ടുപോയി. ശേഷിക്കുന്നവരില്‍ പലരും തഞ്ചം പറഞ്ഞുനില്ക്കുന്നവരായി. അങ്ങനെയുള്ളവര്‍ക്ക് വലിയ ഈടുണ്ടാവില്ല. വറ്റിയ പുഴ തിരിച്ചുവരാത്തതുപോലെ മുറിഞ്ഞുപോയ താളധാരയും ഇനി തിരിച്ചുവരില്ല.'കുഞ്ഞിക്കൃഷ്ണപ്പൊതുവാള്‍ക്ക് ഇതേ പറയാനുള്ളൂ.
ജലസമൃദ്ധമായ നിളയുടെ ഹരിതതീരങ്ങളിലെ അവസാനിക്കാത്ത കലോത്സവങ്ങള്‍ക്ക് തിരിതെളിച്ചത് കളിയരങ്ങുകളായിരുന്നു. കേളീനാദമുഖരിതമായ സായന്തനങ്ങള്‍. വാഴേങ്കടയിലും ഒളപ്പമണ്ണയിലും നാറേരിയിലും ലക്കിടിയിലുമെല്ലാം കേമന്‍മാര്‍ കെട്ടിയാടിയ കത്തിയും പച്ചയും മിനുക്കും കാണാന്‍ ദേശാന്തരങ്ങളില്‍നിന്നും നിറഞ്ഞ വഞ്ചികളെത്തി. നിളാതടത്തിലെ കളിത്തട്ടിന്റെ കേമത്തത്തില്‍ മഹാകവി പുഴയ്ക്കഭിമുഖമായി ചെറുതുരുത്തിയില്‍ കലാമണ്ഡലം പണിത് മറ്റൊരു കളിയച്ഛനായി.
ചെത്തല്ലൂര്‍ സ്വദേശി പട്ടിക്കാംതൊടി പുഴ മുറിച്ചുകടന്ന് വെള്ളിനേഴിയിലെത്തിയതോടെയാണ് കഥകളിനവോത്ഥാനത്തിന്റെ തിരശ്ശീലയുണര്‍ന്നത് എന്നു നിരീക്ഷകര്‍. തുടര്‍ന്ന് വാഴേങ്കടയും കീഴ്പടവും വന്നു. കവളപ്പാറയും രാമന്‍കുട്ടിനായരും പത്മനാഭന്‍നായരും പുഴയ്ക്കൊപ്പം പിഴയ്ക്കാത്ത വേഷങ്ങള്‍ കെട്ടിയാടി. കോട്ടക്കല്‍ ശിവരാമന്റെ സ്ത്രീവേഷങ്ങള്‍ കുന്തിപ്പുഴയെപ്പോലെ ലാസ്യലാവണ്യമാര്‍ന്നു. ചികിത്സയില്ലാത്ത 'കളിഭ്രാന്തി'ല്‍ പുഴ കവിതയ്ക്കും കഥയ്ക്കുമൊപ്പം കഥകളിയുമായി.
ഇന്ന് പുഴ വറ്റി. നിറഞ്ഞ പുഴയോരത്തെ തെളിഞ്ഞ ആട്ടവിളക്കുകളണഞ്ഞു. കേമന്‍മാര്‍ മിക്കവരും കിരീടമഴിച്ചു. മുഖത്തു തേപ്പു മാച്ചു. കളിയോഗങ്ങള്‍ പിരിഞ്ഞ് പലതും കാപ്സ്യൂള്‍ ക്ലബ്ബുകളായി. മണിക്കൂറുകളിലൊതുങ്ങുന്ന കരാര്‍ക്കളികളില്‍ തൃപ്തമാണ് ഇന്ന് ഈ തീരത്തെ വറ്റിയ ആസ്വാദകമനസ്സുകള്‍. തന്റെ യൗവനങ്ങളില്‍ നിറഞ്ഞാടിയ വേഷങ്ങളെ മറന്ന് പേരാര്‍ പെട്ടിവെച്ചു കളിയിലാണിപ്പോള്‍.
പുഴയൊഴുകുന്നത് മണ്ണിലൂടെ മാത്രമല്ല, നിരവധി മനസ്സുകളിലൂടെയുമാണ്. മണ്ണിലെ പുഴ വറ്റുമ്പോള്‍ മനസ്സിലെ പുഴയും വറ്റുന്നു. പുഴ നനവു വാര്‍ന്ന്, മണല്‍ക്കാടു പടര്‍ന്ന മനസ്സില്‍ ഒരിക്കലും അക്ഷരങ്ങളുടെ സൗഗന്ധികങ്ങള്‍ പുഷ്പിക്കുന്നില്ല. കലയുടെ തേരുരുളുകള്‍ ചലിക്കുന്നുമില്ല. എല്ലാ കടവുകളുമൊഴിഞ്ഞ്, സ്വപ്നഭരിതമായ മനസ്സുകള്‍ അന്യംനിന്നു. കലോത്സവങ്ങള്‍ കരിന്തിരി കെട്ട നിളയുടെ ഉഷ്ണതീരങ്ങള്‍ ചുടുകാറ്റില്‍ ഒരു സത്യം പറയുന്നു-മഹാനദികളുടെ കാലം കഴിഞ്ഞു; മഹാപ്രതിഭകളുടെയും.
തിരുനാവായുടെ ശേഷിക്കുന്ന തീര്‍ഥതീരത്തിരുന്ന്, പ്രാക്തനസ്മൃതികളുടെ ഈറനണിഞ്ഞ അമൃതവാഹിനിയായിരുന്ന ഈ പുഴയ്ക്കായി ഒരു നാക്കില ചീന്തി എള്ളും പൂവും ചന്ദനവും നുള്ളിവെക്കുക- ഇനി നിളാശ്രാദ്ധം.
Content Highlights: Explore the rich history, cultural significance, and literary legacy of the Nila River, once the lifeblood of Kerala. A poignant reflection on its fading glory.