ഈ ജീവിതം മത്സരമല്ല, ഓട്ടപ്പന്തയമല്ല, പ്രകടനമല്ല, നിങ്ങൾ വിജയിച്ചെടുക്കേണ്ട എന്തോ ഒരു സംഗതിയും അല്ല

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ആർക്കും ആരുമല്ലാത്ത എല്ലാവർക്കും’ എന്ന പുസ്തകത്തിൽനിന്ന്;
ദ ബൈപോളാർ
മൂൺ...
My mind invaded
an ant colony
and asked
does any of you ever get depressed?
My heart crept into
a pattern of flocking birds
and screamed
does any of you ever get lonely?
My vision broke into
a rainbow
just to see
does it ever hold darkness within?
Clueless me
just sat there
waiting for my only friend
the bipolar moon.
നേരം വെളുത്ത സമയമാണെങ്കിൽ, അടുക്കള എത്തുന്നതിനു മുന്നേ പല വഴി ആക്രോശങ്ങൾ കേൾക്കാം: 'അവനെ ക്രൂശിക്കുക. അവനെ ക്രൂശിക്കുക.' നേരം ഇപ്പോഴും എന്നെപ്പോലെ ഇരുട്ടിലായതിനാൽ എന്റെ കുരിശു മാത്രേ ഉള്ളൂ, കല്ലേറില്ല. എന്നെ പിടിച്ചെഴുന്നേൽപ്പിച്ച്, എന്നെക്കൊണ്ട് കടുപ്പത്തിലൊരു കട്ടനുണ്ടാക്കിച്ച്, ഒരു സ്റ്റീൽ കപ്പിലാക്കി കൈയിൽ കൊടുത്ത്, ഉന്തിത്തള്ളി പര്യേപ്പുറത്തു കൊണ്ടുചെന്നാക്കി ചുമരിൽ ചാരിയിരുത്തി. 'അൽപ്പനേരത്തിനുള്ളിൽ ശരിയായിക്കോളും,' മനസ്സിന്റെ കഴുത്തുപിടിച്ചു ഞാൻ പറഞ്ഞു:
പര്യേപ്പുറത്തേക്കു വേരുറപ്പിച്ച മാവും കശുമാവും പ്ലാവും തെങ്ങും അതിനിടയിൽ ഒരിടത്തും വേരുറപ്പിക്കാത്ത ഞാനും. ഒന്നും നോക്കാതെ ചുമരിൽച്ചാരി. ചാരിയ ചുമർ ഇനി പിന്നിൽനിന്നു കുത്തുവോന്ന സംശയമായി അപ്പോൾ! 'അവിശ്വാസിയാകാതെ വിശ്വാസിയാകൂ' എന്ന് ചാരിയ ചുമരാണോ അതോ മുന്നിൽ കാണുന്ന പള്ളിയാണോ പറഞ്ഞതെന്ന് ഒരു പിടിയുമില്ല. എന്തായാലും ചാരി, നന്നായിത്തന്നെ ചാരി. താഴോട്ടു നോക്കിയപ്പോൾ 'മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയതിനെപ്പറ്റി'യും കശുമാവിനെ നോക്കിയപ്പോൾ 'അണ്ടിപോയ അണ്ണാനെപ്പറ്റി'യും ഓർമ്മവന്നതിനാൽ പിന്നെ ഒന്നും നോക്കാൻനിൽക്കാതെ നേരേ ആകാശം പിടിച്ചു. ആകാശം നോക്കി ഇരുന്നപ്പോൾ ശൂന്യമായ ആകാശമാണോ അതോ സമ്പന്നമായ ആകാശമാണോ എന്നൊന്നും ചിന്തയിൽ വന്നില്ല എന്നത് പ്രത്യേകം ഓർക്കുന്നു.
'ആകാശത്തിൽ പറക്കുന്ന കിളികളെ നോക്കുവിൻ, ഭൂമിയിൽ പറക്കുന്ന കിളിപോയവരെ നോക്കുവിൻ' എന്നൊക്കെ പറയാൻ ശ്രമിച്ച ആ ആൾ, ദേ ഒരു കിളിപോലും തിരിഞ്ഞുനോക്കാതെ, ആടിനെയും പിടിച്ച്, പള്ളിക്കുമേലേ ലോകത്തോടുതന്നെ പുറംതിരിഞ്ഞു നിൽപ്പാണ്; ഒരു ലോകവും അറിയാണ്ട്. മൂന്നു പ്രാവശ്യം ഗഡിയെ തള്ളിപ്പറഞ്ഞ പത്രോസേട്ടനെ ഓർമ്മിപ്പിക്കാനെന്നോണം, ഒരു കാക്ക മൂന്നു പ്രാവശ്യം പള്ളിയെ മുറിച്ചുപറന്നു.
വിഷാദം ബാധിച്ച കാക്കയാകാനേ സാദ്ധ്യതയുള്ളൂ ഇങ്ങനെ ലൂപ്പിൽ പെടാൻ, അല്ലേൽ ഈ കാക്കക്കിത് എന്തിന്റെ കേടാ? അബ്രഹാം കാർന്നോർക്കു കൊടുത്ത വാക്കുപ്രകാരം ആകാശത്തിലെ നക്ഷത്രങ്ങളെക്കാളും തലമുറകളെ കൊടുത്തിട്ടും അതിലെ ഒരെണ്ണംപോലും തിരിഞ്ഞുനോക്കാതെ, ആകാശത്തെ നക്ഷത്രങ്ങൾക്കു മാത്രം കാഴ്ചയായി യേശു ഗെഡി അപ്പോഴും അങ്ങനെ നിൽപ്പുതന്നെ, ആടിനെ നിലത്തുവെക്കാതെ. ആടിനെ പിടിച്ചു കൈ കഴയ്ക്കുമ്പോൾ അതൊന്നു മാറിപ്പിടിക്കാൻ ഒരു ശിമെയോനും, വെയിലും മഞ്ഞുമേറ്റങ്ങനെ നിൽക്കുമ്പോൾ ഒരു തൂവാലയുമായി വരുവാൻ ഒരു വെറോണിക്കയും ഇല്ല എന്നത് ഒരു വ്യാകുലംതന്നെ. ചത്തിട്ടും മോക്ഷം കിട്ടാത്ത ആത്മാക്കളും ജീവിച്ചിരുന്നിട്ടു ഗതികിട്ടാത്ത ആത്മാക്കളും ഒരുപോലെ ആ ആളെ നോക്കി വ്യസനപ്പെടുന്നുണ്ടാകും എന്ന തോന്നൽ മാത്രം ബാക്കി.
ഇത്രയൊക്കെ ആയപ്പോഴേക്കും, എന്തൊക്കെയോ ഒരു അടുപ്പം അകലത്തിരുന്നു തോന്നി (ആരോട്? പള്ളിക്കു മുകളിലെ യേശു ഗെഡിയോട്!). അതെന്താണെന്നുവെച്ചാൽ ആ നിൽപ്പ് ഈ അടുത്ത കാലത്തൊന്നും അവസാനിക്കില്ലല്ലോ എന്നൊരു കുണ്ഠിതത്തിൽനിന്നുരുത്തിരിഞ്ഞ സഹതാപത്തിൽനിന്ന് വേർപിരിയാൻ പറ്റാത്ത ആ ഒരു അവസ്ഥയുണ്ടല്ലോ? കുറച്ചുനേരത്തേക്ക്... അതിന്റെ ഒരു താദാത്മ്യപ്പെടൽ…
എന്തോന്ന്? എങ്ങനെ? ഏയ്, കാര്യമാക്കേണ്ട. ആ അടുപ്പം, കടുപ്പത്തിൽ ഒരു ചായ കുടിച്ചപ്പോ മുറിഞ്ഞു. ഞാനിനിയും 'ആടിനെയും മേയ്ച്ച് ഈ വഴി' വരുവോന്നറിയില്ല. പക്ഷേ, ആളവിടെ ആടിനേം പിടിച്ച് ഇനീം നിൽക്കും, കൊറേ നിൽക്കും, നിന്നോണം നിൽക്കും. ഞാൻ പക്ഷേ, സൈക്കിൾ മേയ്ച്ച് ഇന്നിറങ്ങും. എന്നെത്തന്നെ തിരികെ പിടിക്കാനുള്ള ഒടുക്കത്തെ ഒരു ശ്രമം.
വീടിന്റെ പര്യേപ്പുറത്ത്, ഏതൊക്കെയോ സെന്റർ ജയിലിനെ ഓർമ്മിപ്പിക്കുന്ന മതിലാണ്. കാഴ്ച ഇറങ്ങി ഓടിയാൽ, മതിലിൽ ചെന്നിടിച്ച്, ഇറങ്ങി ഓടിയ അതേ വേഗത്തിൽ തിരികെ വന്നു കണ്ണിൽക്കുത്തി തെറിവിളിക്കും. സത്യം എന്താണെന്നുവെച്ചാൽ ഞാൻ എഴുന്നേൽക്കാൻ പോകുന്നേയുള്ളൂ.
ഒരു ബന്ധുവീടിന്റെ പിറകുവശം പള്ളിയാണ്. എന്റെ ലൂപ്പിലെ നിതാന്തസാന്നിദ്ധ്യമായ പള്ളി. ആ കാഴ്ചയും അറിവും പുലർച്ചെ സൈക്ലിങ് തുടങ്ങണം എന്ന തീരുമാനവും ഒരു പാതിസ്വപ്നമായി ഞാൻ അറിയുകയായിരുന്നു. പതിയേ എഴുന്നേറ്റു. ഇനി ഞാനും ഞാനും യുദ്ധം ചെയ്തു സൈക്കിൾവരെ എത്തണം. അതിനായി എന്നെ, ഞാൻതന്നെ കട്ടിലിൽനിന്നു വലിച്ചു താഴെയിട്ടു.
അറിയാവുന്നതല്ല, അടുപ്പമുള്ള വളരെക്കുറച്ച് ആളുകളോട് (നാലിനു താഴെ- ഉറപ്പിക്കാം. അതും വല്ലപ്പോഴും) സംസാരിക്കാൻ (മാനസികാവസ്ഥയെപ്പറ്റിയും വിഷാദത്തെപ്പറ്റിയും) ശ്രമിച്ചപ്പോൾ എന്തുകൊണ്ടോ ആരും കേട്ടില്ല. സകലമാന ആളുകളും ഒന്നൊന്നുമാവില്ല, ഒരുമാതിരി കൈയും കണക്കുമില്ലാത്ത കുരിശുകളും ചുമന്നാണു പൊയ്ക്കൊണ്ടിരിക്കുന്നുണ്ടാകുക. വെറുതേ എന്തിനാ ഞാനെന്ന കുരിശുകൂടെ സ്ഥാപിച്ച്, മറ്റുള്ളവരെ ബലമായി പിടിച്ചുകൊണ്ടുവന്ന്, ആണിയടിച്ച് അതിൽ കയറ്റുന്നേ!
ആരെങ്കിലും സ്നേഹത്തോടെ 'വേണേൽ എന്നെ കുരിശിൽ തറച്ചോ മോനേ. ഞാൻ ഫ്രീയാണ്, റെഡിയാണ്' എന്നും പറഞ്ഞു വരുന്നതും നോക്കിയിരിപ്പായിരുന്നു ഞാൻ (ഉവ്വ, നടന്നതെന്നെ!). അങ്ങനെ കുറേനാൾ കഴിഞ്ഞപ്പോൾ, ആരുമില്ലാത്തവർക്ക് എല്ലാം -ചുറ്റിലും ഉള്ള എല്ലാം -എല്ലാമാണ് ഒരുതരത്തിൽ അല്ലെങ്കിൽ എല്ലാത്തരത്തിലും എന്നും ലോകമിങ്ങനെ നീണ്ടും ചുരുണ്ടുമൊക്കെ നമുക്കായി കിടക്കയല്ലേ എന്നുമുള്ള ഒരറിവ് എവിടെനിന്നോ കയറിവന്നു കസേര വലിച്ചിട്ട് ഇരിപ്പായി.
'എനിക്കു വയ്യാ, എനിക്കു പകരം ഇനി നിങ്ങളോടണം,'
'എനിക്കു വയ്യാ, എനിക്കു പകരം ഇനി നിങ്ങളോടണം,'
'എനിക്കു വയ്യാ, എനിക്കു പകരം ഇനി നിങ്ങളോടണം,'
'എനിക്കു വയ്യാ, എനിക്കു പകരം ഇനി നിങ്ങളോടണം'
എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ്, വേഗത്തിൽ നടന്നുപോകുന്ന ഒരു ചേട്ടൻ എന്റെ സ്‌കൂൾകാല ഓർമ്മകളിലുണ്ട്. കണ്ടവരും കേട്ടവരും, കണ്ണു കാണാത്തപോലെയും ചെവി കേൾക്കാത്തപോലെയും സ്വന്തം ജീവിതത്തെ അൽപ്പംകൂടെ മുറുകെപ്പിടിച്ച് പുറംതിരിഞ്ഞു നിൽക്കും. ചിലർ പറയും, 'ഭ്രാന്തൻ.'
കൊല്ലങ്ങൾക്കിപ്പുറം, ആ ചങ്ങാതിയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് എനിക്കും ലോകത്തോട് സംസാരിക്കണം, വിളിച്ചു പറയണം. ഒരാളും അതു കേട്ടില്ലെങ്കിലും, കേട്ടാലും.
ഞാനിങ്ങനെ ലോകത്തോടു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പാടത്തെ ചെറിയ കൽപ്പാലത്തിലിരുന്ന് വിശാലതയോട്, കാറ്റിനോട്, വെയിലിനോട്, കിളികളോട്, ദേശാടനപ്പക്ഷികളോട്, ഞെട്ടിത്തെറിച്ചു പിന്നിലേക്കു മാറിയിട്ടാണെങ്കിലും പാമ്പിനോട്, ഒറ്റപ്പെട്ട വഴികളോട്, വഴികളിൽ നഷ്ടപ്പെട്ടുനിൽക്കുന്ന കാട്ടുചെടികളോട്, മരങ്ങളോട്, മുറിയിൽ നിറഞ്ഞുനിൽക്കുന്ന ഏകാന്തതയോട്, എന്റെ സ്വന്തം സമയത്തോട്, സ്ഥലത്തോട്, ശ്വാസംപിടിച്ചു നിൽക്കുന്ന ശൂന്യതയോട്, വഴിതെറ്റിവന്ന് ആരെങ്കിലും എന്നെങ്കിലും നോക്കുന്ന എന്റെ യൂട്യൂബ് ചാനലിലൂടെ, അങ്ങനെയങ്ങനെ എങ്ങനെയൊക്കെയോ എന്തിനോടൊക്കെയോ സ്വയമറിയാതെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ സംസാരിച്ച്, സംസാരിച്ച് ഞാൻ എഴുതുവാൻ തുടങ്ങി:
ആർക്കും ആരുമല്ലാത്ത എല്ലാവർക്കും…
ഒരു ചിരി കടം തരുമോ? കുറച്ചു സ്നേഹം കടം തരുമോ? പലിശസഹിതം ഞാൻ പിന്നീട് തിരികെ തന്നുകൊള്ളാം. വിഷാദം വലിച്ചുമുറുക്കിയ മുഖത്ത് ഒരു ചിരി പടർന്നാൽത്തന്നെ തകർന്നുപോകുന്ന പിരിമുറുക്കങ്ങളുണ്ട്. കുറച്ചു സ്നേഹം, അതിലൂടെ വരുന്ന പ്രതീക്ഷ... അങ്ങനെ ഉള്ളിൽപ്പടരുന്ന വലിയൊരു വെളിച്ചമുണ്ട്. പലപ്പോഴും കുറേ ദൂരം പിന്നെയും മുന്നോട്ടുപോകുവാൻ അതു മതിയാകും.
വിഷാദംപിടിച്ച മനസ്സിൽ ചിലപ്പോഴൊക്കെ എല്ലാം കരച്ചിലായി മാറിക്കൊണ്ടിരുന്നു. 'എന്തുകൊണ്ട് ആരും എന്നെ കാണുന്നില്ല, കേൾക്കുന്നില്ല, മനസ്സിലാക്കുന്നില്ല?' എന്നത് പല കരച്ചിലുകളിലെ ഒരു കരച്ചിൽ മാത്രം. പലപ്പോഴും ആ കരച്ചിൽ നിൽക്കുമ്പോൾ, ഒരു വലിയ വിഷമം, എടുത്തുമാറ്റാൻ പറ്റാത്ത ഭാരമായി ഉള്ളിലിങ്ങനെ കനംവെച്ചുകൊണ്ടിരിക്കുന്നുണ്ടാകും. ആ ചോദ്യങ്ങൾ ഒരു നിസ്സഹായതയായി മനസ്സിൽ പിന്നെയും ചോദിച്ചുകൊണ്ടിരിക്കും.
ഞാനിവിടെ ഇല്ല.
ഞാനീ ലോകത്തിൽ ജീവിച്ചിരിപ്പില്ല.
അല്ല, ഈ ലോകത്തിനു ഞാൻ ജീവിച്ചിരിപ്പില്ല.
പിന്നെങ്ങനെ എന്റെ അവസ്ഥകൾക്കും എനിക്കും പ്രസക്തിയുണ്ടാകും?ആരുമില്ലാത്തവരെ കാണാൻ, ആരുമില്ലാത്തവരെ കേൾക്കാൻ ആരെങ്കിലും ഉണ്ടാകുമെന്നു വിചാരിക്കുന്നതുതന്നെ വലിയൊരു വേദനയാണ്. യാഥാർത്ഥ്യം അംഗീകരിക്കാനുള്ള കഷ്ടപ്പാടിലെ ഭ്രാന്തൻ അവസ്ഥയിൽനിന്ന് സ്വയം സംസാരിച്ചുതുടങ്ങി, ആരോടെന്നില്ലാതെ... ആരും കേട്ടില്ലെങ്കിലും, പറയുക എന്നത് ഒരു പ്രകടിപ്പിക്കൽതന്നെയാണ്; പ്രകടിപ്പിക്കൽ ഒരു ചെറിയ സുഖപ്പെടലും. അങ്ങനെയെങ്കിൽ മറ്റേച്ചങ്ങാതി സ്വയം സുഖപ്പെടുത്തി ഈ ഭൂമിയെത്തന്നെ വാരിപ്പുണർന്നു പൊയ്ക്കൊണ്ടിരിക്കുകയായിരുന്നില്ലേ?
എനിക്ക് എഴുന്നേറ്റുനിൽക്കാൻ ഒരു വിശ്വാസവും പ്രതീക്ഷയും വേണമായിരുന്നു. എനിക്കറിയാത്ത, ഇനിയും കണ്ടുമുട്ടിയിട്ടില്ലാത്ത, അടുത്തറിയാത്ത ആരൊക്കെയോ എവിടെയൊക്കെയോ ഉണ്ട്. അവരാണ് എനിക്കിനിയും കിട്ടിയിട്ടില്ലാത്ത മനസ്സിലാക്കലും പിന്തുണയും സ്നേഹവും. എന്നെങ്കിലും കണ്ടുമുട്ടുമെന്ന് വെറുതേയെങ്കിലും ഒരു പ്രതീക്ഷ. അങ്ങനെ എന്റെ ആത്മഗതങ്ങൾ പതിയപ്പതിയേ ഉച്ചത്തിലുള്ള വിളിച്ചുപറയലുകളായി; ആരോടെന്നില്ലാതെ, ഈ ലോകം മുഴുവനോടുമായി. അതങ്ങനെ അറിയാത്ത അപരിചിതരോടുള്ള എന്റെ സംസാരങ്ങളായി മാറി. നിന്നോടാണ്, നിങ്ങളോടാണ്; നിങ്ങൾക്കുവേണ്ടിയാണ്, നമ്മൾക്കുവേണ്ടിയാണ്. ആർക്കും ആരുമല്ലാത്ത എല്ലാവർക്കുംവേണ്ടിയാണ്.
ഈ സമയവും കടന്നുപോകും
ഞാൻതന്നെ അതിനു തെളിവ്
നളന്ദ യൂണിവേഴ്സിറ്റിയിലെ ലോനപ്പൻ പ്രൊഫസറും തക്ഷശില യൂണിവേഴ്സിറ്റിയിലെ വേലായുധൻ പ്രൊഫസറുംകൂടി പത്തഞ്ഞൂറു മത്തുണ്ണികളിൽ നടത്തിയ പഠനമോ ഭൂമിയുടെ സ്ഥാപകനും സൂര്യന്റെ മുതലാളിയും നക്ഷത്രവ്യൂഹങ്ങളുടെ നടത്തിപ്പുകാരനുമായ വിശ്വവ്യാഖ്യാത ഊർജ്ജതന്ത്രജ്ഞൻ അന്തപ്പൻ പ്രൊഫസറിന്റെ കണ്ടെത്തലുകളും പ്രബന്ധങ്ങളുമോ ഒരു 'ഉണങ്ങിയ ഇഞ്ചി'യുമല്ല, അതൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും നിരത്തി ഒന്നും സ്ഥാപിക്കാനുമില്ല.
ഒന്നും നിർവ്വചിക്കലോ സ്ഥാപിക്കലോ അല്ല, ഒന്നിനും ഉത്തരമോ പരിഹാരമോ പ്രതിവിധിയോ അല്ല. ഒപ്പമായിരിക്കലാണ്, വിഷാദമെന്ന ഈ അവസ്ഥയിൽ എത്ര തനിച്ചാണെന്നു തോന്നിയാലും 'നീ തനിച്ചല്ല' എന്നു പിന്നെയും പിന്നെയും ഓർമ്മപ്പെടുത്തലാണ്. എനിക്കും നിനക്കും മുന്നേ ഈ അവസ്ഥകൾ കടന്നുപോയവരുണ്ട്, അതിജീവിച്ചവരുണ്ട് എന്ന അറിവുതന്നെ ഒരു വലിയ പ്രതീക്ഷയാണ്. ആ പ്രതീക്ഷയ്ക്കായി ഞാൻ നിങ്ങളോടു സംസാരിക്കുകയാണ്, സംസാരിച്ചുകൊണ്ട് നിങ്ങളുടെ ഒപ്പമായിരിക്കാൻ ശ്രമിക്കുകയാണ്.
പ്രിയ സുഹൃത്തേ, നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ല!
എന്തിലൂടെയാണോ കടന്നുപോകുന്നത് അതിലൂടെ കടന്നുപോകുന്നത് നിങ്ങൾ മാത്രമാണെന്നു തോന്നിപ്പിക്കുംവിധം നിങ്ങളെ വിഷമത്തിലാക്കുവാൻ ഈ ലോകത്തിനു കഴിയും. പക്ഷേ, മറ്റൊരാൾ ഇതിലൂടെ കടന്നുപോയി ഇത് അതിജീവിച്ചെങ്കിൽ, ഒരുപക്ഷേ, നിങ്ങൾക്കും അതിനു കഴിയും. -ജെ.ജെ. ബോല
വൈദ്യസഹായം തേടുക എന്നതിനു പകരമല്ല ഈ പുസ്തകം (ഒരു പുസ്തകവും) എന്നുകൂടെ പറഞ്ഞുകൊണ്ട് ആമുഖത്തിനു വസ്തുതയുടെ ഉപസംഹാരം!
ആമുഖത്തിൽനിന്ന് വണ്ടികയറി ആദ്യ അദ്ധ്യായത്തിൽ എത്തുന്നതിനു മുമ്പേ ഒരു കാര്യം. അല്ല, രണ്ടു കാര്യം.
ഈ ജീവിതം-ഇതൊരു മത്സരമല്ല, ഒരു ഓട്ടപ്പന്തയമല്ല, ഒരു പ്രകടനമല്ല, നിങ്ങൾ വിജയിച്ചെടുക്കേണ്ട എന്തോ ഒരു സംഗതിയും അല്ല. വേഗത കുറയ്ക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല. ഗ്രേഡിനെക്കാളും മാർക്കിനെക്കാളും പ്രമോഷനുകളെക്കാളും ജോലിയെക്കാളും... എല്ലാത്തിനെക്കാളും ഉപരിയാണ് നിങ്ങളിവിടെ ഉണ്ടായിരിക്കുക എന്നത്. സ്റ്റാറ്റസോ ബാഹ്യരൂപമോ അഭിപ്രായമോ പുറംമോടിയോ നിരന്തരമായ ഓട്ടമോ എങ്ങനെയെങ്കിലും കഴിച്ചുകൂട്ടലോ ഒന്നുമല്ല ജീവിതം. നിങ്ങൾ അഭിനയിക്കേണ്ട കാര്യമില്ല.
ഇതൊക്കെ എല്ലാവരുടെ ഉള്ളിലും നടക്കുന്നുണ്ട്. നിങ്ങളുടെ ഹൃദയം തകർന്നിരിക്കുകയാണെങ്കിൽ, അതു തുറന്നുപറയുന്നതിൽ യാതൊരു കുഴപ്പവുമില്ല. നിങ്ങൾ ആകെ വഴിമുട്ടിനിൽക്കുകയാണെങ്കിൽ അതു തുറന്നുപറയുന്നതിലും യാതൊരു കുറവുമില്ല. ചിലതൊക്കെ വിട്ടുകളയാനാകുന്നില്ലെങ്കിലും അങ്ങനെതന്നെ. ഈ അനുഭവങ്ങളിലൊന്നും നിങ്ങൾ ഒറ്റയ്ക്കല്ല. മറ്റുള്ളവർക്കും ഇതെല്ലം മനസ്സിലാകും. നിന്റെ വേദനയെക്കാളുമൊക്കെ ഉപരിയാണ് നീ എന്ന വലിയ യാഥാർത്ഥ്യം. അദ്ഭുതങ്ങൾ ഇനിയും കാത്തിരിപ്പുണ്ട്.
സഹായം ചോദിക്കാൻ ഇനിയും സമയമുണ്ട്. വീണ്ടും തുടങ്ങുവാൻ ഇനിയും സമയമുണ്ട്. സ്നേഹം നിന്നെ തേടിയെത്താൻ ഇനിയും സമയമുണ്ട്. ഒന്നും വല്ലാതെ വൈകിയിട്ടില്ല. നീ ഒറ്റയ്ക്കല്ല. നിനക്കെന്താണോ ആവശ്യം, അതിന് എത്ര സമയമെടുത്താലും അതിനൊന്നും ഒരു കുഴപ്പവുമില്ല. ഒന്നിനും പറ്റുന്നില്ലെന്നു തോന്നിയാലും, നിങ്ങൾ ഇവിടെ തുടരണം. കാരണം, ഇപ്പോഴും സമയമുണ്ട്.' - ഇഫ് യൂ ഫീൽ റ്റൂ മച്ച്, ജെയ്മി റ്റ്വൊർകോവ്സ്‌കി (Jamie Tworkowski)
അതെ! അതുതന്നെ: നമ്മൾ ഇവിടെ തുടരണം, പിടിച്ചുനിൽക്കണം.
എളുപ്പമല്ല എന്നറിയാം. എന്നാലും ഇവിടെത്തന്നെ തുടരണം.
എനിക്കു വായിക്കുവാൻ പറ്റുന്ന
ഒരേയൊരു കവിത ഇതാണ്.
ഇത് എഴുതുവാൻ കഴിയുന്നത്
എനിക്കു മാത്രമാണ്.
ജീവിതത്തിൽ ഒന്നും ശരിയാകാതെവന്നപ്പോൾ
ഞാൻ എന്നെ ഇല്ലാതാക്കിയില്ല.
ഞാൻ മയക്കുമരുന്നിലേക്കോ
മറ്റ് ഉപദേശങ്ങളിലേക്കോ തിരിഞ്ഞില്ല.
ഞാൻ ഉറങ്ങുവാൻ ശ്രമിച്ചു.
ഉറങ്ങുവാൻ കഴിയാതെ വന്നപ്പോൾ
ഞാൻ എഴുതുവാൻ പഠിച്ചു.
ഇതുപോലെയുള്ള രാത്രികളിൽ
എന്നെപ്പോലെയുള്ള
മറ്റൊരാൾക്കു വായിക്കാവുന്ന ഒന്ന്
എഴുതുവാൻ ഞാൻ പഠിച്ചു.
-ലിയോനാർഡ് കൊഹെൻ
വലിയ വിശദീകരണങ്ങൾക്കൊന്നും നിൽക്കാതെ ഒന്നേ പറയുന്നുള്ളൂ, ഒന്നേ ഓർമ്മിപ്പിക്കാനുള്ളൂ - വീണ്ടും, വീണ്ടും.
'നാമോരോരുത്തരും ഒരു വലിയ പ്രതീക്ഷയാണ്!' അവരവർക്കും, മറ്റുള്ളവർക്കും. ഇന്ന് നിങ്ങൾക്കത് തിരിച്ചറിയുവാൻ സാധിക്കുന്നില്ലെങ്കിലും നാളെയത് സാധ്യമാകും. അതുകൊണ്ട് വീണ്ടും പറയുന്നു: 'നമ്മൾ ഇവിടെ തുടരണം.'
ഒരായിരം സ്വയം വെറുക്കൽ നാമജപങ്ങളെ മാറ്റിനിർത്തുവാൻ വേണ്ടുന്ന അത്രയും സ്നേഹം നിങ്ങൾക്കോരോരുത്തർക്കും.
Content Highlights: Life is not a competition or a performance to be won., Acknowledging feelings of depression and loneliness is the first step to healing., The importance of staying present and persisting through difficult phases., You are not alone; shared experiences provide hope and connection., Seeking professional help remains a vital step alongside personal reflection.