വാർദ്ധക്യത്തെ ഭയപ്പെടേണ്ട; അൽപ്പം ശ്രദ്ധിച്ചാൽ വാർദ്ധക്യകാലത്തും ചുറുചുറുക്കോടെ ജീവിക്കാം

#പ്രൊഫസർ പി എ വർഗീസ്
പ്രൊഫ. പി എ വർഗീസ്
പ്രൊഫ. പി എ വർഗീസ്

വാർദ്ധക്യത്തെ നാമെല്ലാവരും ഭയപ്പെടുന്നു. ആഗ്രഹിച്ചാലും ഇല്ലെങ്കിലും അത് നമ്മെ പിടികൂടും. അൽപ്പം ശ്രദ്ധിച്ചാൽ വാർദ്ധക്യകാലത്തും ചുറുചുറുക്കോടെ ജീവിക്കാനാകും. വേഗത്തിൽ പ്രായമാകുന്നത് ഒഴിവാക്കാനും പ്രായാരിഷ്ടതകളിൽനിന്ന് മോചനം നേടാനും കഴിയും.
പ്രായമാകുന്നത് പ്രകടമാവുന്നതെപ്പോൾ എന്നത് ഒരു പരിധിവരെ നമ്മുടെ ദൈനംദിനശീലങ്ങളെയും ജീവിതശൈലിയെയും ആശ്രയിച്ചിരിക്കുന്നു. ചിലർ സമയത്തിനുമുമ്പ് വാർദ്ധക്യത്തിൽ എത്തുന്നു. അതായത്, അവരെ കണ്ടാൽ ഉള്ളതിൽ കവിഞ്ഞ പ്രായം തോന്നും. ചിലർ വാർദ്ധക്യത്തിലും യൗവനം കാത്തുസൂക്ഷിക്കുന്നു.
പ്രായം കൊണ്ടുവരുന്ന പല ബുദ്ധിമുട്ടുകൾ ഉണ്ട്. ആധിയും ശോകഭാവവും പോഷകാഹാരക്കുറവും വ്യായാമക്കുറവും അവയിൽ ചിലതു മാത്രമാണ്. സന്തോഷകരമായ കുടുംബജീവിതവും കർമ്മനിരതയും ജോലിയോടുള്ള താത്പര്യവും പ്രായത്തിന്റെ ബുദ്ധിമുട്ടുകളെ അകറ്റിനിർത്തും. മനസ്സ് സന്തോഷിക്കുകയും ശരീരം വ്യായാമത്തിലൂടെയും പോഷകാഹാരത്തിലൂടെയും ആരോഗ്യം നിലനിർത്തുകയും ചെയ്താൽ വാർദ്ധക്യം ഓടിവരില്ല.
ആരോഗ്യവാനായിരിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ
• എല്ലാത്തിനോടും നന്ദിയുള്ള മനസ്സും, മറ്റുള്ളവരെ സഹായിക്കാനുള്ള ചിന്തയും അഭിലഷണീയംതന്നെ.
• നല്ല ലൈംഗികബന്ധവും ഉറക്കവും ആവശ്യത്തിനുള്ള ഉല്ലാസവും സഹായിക്കാതിരിക്കില്ല.
• തമാശപ്പടങ്ങൾ കണ്ടും, ഫലിതബിന്ദുക്കൾ വായിച്ചും ചിരിക്കുക. ആധി കുറയും, സമ്മർദ്ദങ്ങൾ പമ്പകടക്കും.
• ചർമ്മസംരക്ഷണത്തിനും സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾക്കുമായി നാം ധാരാളം പണം ചെലവഴിക്കാറുണ്ട്. ചർമ്മത്തിന്റെ ആരോഗ്യത്തെക്കാൾ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ് പ്രധാനം. ചർമ്മസംരക്ഷണം വേണ്ടെന്നല്ല. അതിനെക്കാൾ പ്രധാനമായ മറ്റു പലതുമുണ്ട് എന്നോർക്കുക.
• രക്തസമ്മർദ്ദം സാധാരണനിലയിലാക്കാനും സമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗത്തിനുള്ള സാദ്ധ്യത കുറയ്ക്കാനുമൊക്കെ വ്യായാമം സഹായിക്കും.

വെയ്റ്റ് ലിഫ്റ്റിങ്, മാംസപേശികൾ തൂങ്ങാതിരിക്കാനും ദൃഢമാകാനും ഉപകരിക്കും. ദിവസേനയുള്ള വ്യായാമം ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ സുഗമമാക്കും, ഭാരം നിയന്ത്രിക്കും. ഓരോ സന്ധിയെയും ലൂബ്രിക്കേറ്റു ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ‘ഫ്‌ളെക്‌സിബിലിറ്റി’ വ്യായാമമുറകളും ശീലിക്കണം. ഓരോ ദിവസവും നാലഞ്ചു കിലോമീറ്റർ നടക്കണം അല്ലെങ്കിൽ അത്ര സമയം സൈക്കിൾ ചവിട്ടാം, അല്ലെങ്കിൽ നീന്താം. വളരെ പ്രയാസമുള്ള വ്യായാമമുറകൾ വേണ്ട.
വിറ്റാമിൻ സപ്ലിമെന്റുകൾ
എല്ലാ വിറ്റാമിനുകളും മിനറൽസും നമുക്ക് ആവശ്യത്തിനു ലഭിച്ചെന്നുവരില്ല. ഇവയുടെ അഭാവംമൂലം നിങ്ങളുടെ ശരീരം ആവശ്യമായ ചില ഘടകങ്ങൾ ആഗിരണം ചെയ്യുകയോ ഉത്പാദിപ്പിക്കുകയോ ചെയ്യാതെവരും. ഈ അവസ്ഥ പരിഹരിക്കാൻ വിറ്റാമിൻ സപ്ലിമെന്റുകൾ ആവശ്യമാണ്. അതിനായി നിങ്ങളുടെ ഡോക്ടറുടെ അഭിപ്രായം തേടുക.
കാൽസ്യം
പ്രായം കൂടുംതോറും നിങ്ങളുടെ ശരീരം ആഗിരണം ചെയ്യുന്നതിനെക്കാൾ കൂടുതൽ കാൽസ്യം ശരീരത്തിൽനിന്നു നഷ്ടപ്പെടാൻ തുടങ്ങും. ഇതിന്റെ അഭാവം അസ്ഥികളെ വേഗത്തിൽ ക്ഷയിപ്പിക്കും. ആർത്തവവിരാമത്തിനുശേഷം ചില സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ് കണ്ടുവരുന്നുണ്ട്. പാൽ, തൈര്, ചീസ് എന്നിവ കാൽസ്യം ലഭിക്കുന്നതിനുള്ള നല്ല ഭക്ഷണസ്രോതസ്സുകളാണ്.
കാൽസ്യം ആഗിരണം ചെയ്യാൻ നിങ്ങളുടെ ശരീരത്തിന് വിറ്റാമിൻ ഡി ആവശ്യമാണ്. നിങ്ങളുടെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം തട്ടിക്കുക. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായ സാൽമൺ, അയില, മത്തി തുടങ്ങിയ മത്സ്യങ്ങൾ കഴിക്കുക.
പിരിമുറുക്കം കുറയ്ക്കണം. സ്‌ട്രെസ്സാണ് പല രോഗങ്ങളുടെയും ആദികാരണം. ധ്യാനവും യോഗയുമെല്ലാം ചെയ്യുന്നത് നല്ലതാണ്.
പിരിമുറക്കം കോശങ്ങളിലെ ഡി.എൻ.എയെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇഷ്ടപ്പെടുന്ന ജോലിയേ
ചെയ്യാവൂ. വീട്ടിൽ സന്തോഷമുള്ള സാഹചര്യം ഉണ്ടാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
വേഗത്തിൽ പ്രായമാകുന്നത് ആരെയും ഭയപ്പെടുത്തും
ചുളിവുകൾ വരുന്നതും, ത്വക് കീഴ്ന്നുകിടക്കുന്നതും, ഓടാനോ ചാടാനോ വയ്യാതാകുന്നതും തടിയും കുടവയറും കൂടുന്നതുമൊക്കെ പ്രായത്തിന്റെ കടന്നുകയറ്റമാകാം; കേൾവി കുറയുന്നതും വാതം പിടിമുറുക്കുന്നതും കാഴ്ച മങ്ങുന്നതുമൊക്കെ. പ്രായത്തെ ആർക്കും ചെറുക്കാനാവില്ല. പക്ഷേ,
അതിന്റെ അരിഷ്ടതകളിൽനിന്ന് രക്ഷ നേടാമെന്നു മാത്രം. അറിഞ്ഞോ അറിയാതെയോ നിങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാകും ഇങ്ങനെ സംഭവിക്കുന്നത് എന്ന് കരുതരുത്. തിരുത്തേണ്ട ചില കാര്യങ്ങളിൽ ശ്രദ്ധ ഉണ്ടാവുകയും വേണം.
വശംചെരിഞ്ഞു കിടന്നുറങ്ങുന്നവർക്ക് മുഖത്ത് ചുളിവുകൾ ഉണ്ടാകാം. ഇത് ക്രമേണ ചർമ്മത്തിന് അധികം പ്രായം തോന്നിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കും. അതുപോലെതന്നെ കഠിനമായ സൂര്യപ്രകാശം
ഏൽക്കുന്നതും സൺസ്‌ക്രീൻ ഉപയോഗിക്കാതിരിക്കുന്നതും ചർമ്മപ്രശ്‌നങ്ങൾക്ക് കാരണമാകും.
എങ്ങനെ കിടന്നുറങ്ങുന്നു എന്നതിനെക്കാൾ എല്ലാ ദിവസവും 7–8 മണിക്കൂർ നല്ല ഉറക്കം ലഭിക്കുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. അധികം സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തിന് ഒട്ടും ആരോഗ്യകരമല്ല. പക്ഷേ, ഓരോ ദിവസവും അര മണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളണം എന്നാണ് വിദഗ്ദ്ധ ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ആവശ്യത്തിന് വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുവാൻ അത് അത്യന്താപേക്ഷിതമാണ്.
പുകവലിയും മദ്യപാനവും ഒഴിവാക്കൂ. പുകവലി ആരോഗ്യത്തിനു ഹാനികരമാണ്. എന്നിരുന്നാലും പുകവലിക്കുന്നവർ ഏറെയാണ്. ഇത് വിവിധ അവയവങ്ങളുടെ ആരോഗ്യകരമായ അവസ്ഥയെ വഷളാക്കുന്നു, വാർദ്ധക്യം വേഗത്തിലാക്കുന്നു. പതിവായി മദ്യം കഴിക്കുന്നതും വാർദ്ധക്യത്തെ വിളിച്ചുവരുത്തും. നിങ്ങളുടെ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതികളും പ്രായമാകൽപ്രക്രിയ ത്വരിതപ്പെടുത്തുന്നതിനു കാരണമായേക്കാം എന്നു പ്രസ്താവിച്ചല്ലോ. പ്രായമാകുന്നതിനെ മന്ദഗതിയിലാക്കുന്നത് എന്താണെന്ന് ആരോഗ്യവിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ട്. കൃത്യസമയത്ത് ചില നല്ല നടപടികൾ കൈക്കൊള്ളുന്നത് നിങ്ങളുടെ ആരോഗ്യം കൂടുതൽ കാലം നിലനിർത്താൻ സഹായിക്കുന്നു.
നിങ്ങൾ കഴിക്കുന്ന ഭക്ഷണം
പോഷകസമൃദ്ധമായ ആഹാരം തിരഞ്ഞെടുക്കൂ. എല്ലാ പോഷകങ്ങളും–അന്നജം, പ്രോട്ടീൻ, കൊഴുപ്പ്–വിറ്റാമിനുകളും മിനറൽസും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. ആവശ്യമുള്ള പ്രോട്ടീൻ ലഭിക്കുന്നതിന് മുട്ടയും, പുല്ലു തിന്നുന്ന മൃഗങ്ങളുടെ ഇറച്ചിയും, മീനും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഒലിവ് ഓയിലിലും വെളിച്ചെണ്ണയിലും മുട്ടയിലും മാംസത്തിലും ചില മത്സ്യങ്ങളിലും കൊഴുപ്പുണ്ട്. ഇന്നത്തെ ശാസ്ത്രചിന്തയനുസരിച്ച് അന്നജം കുറച്ചേ കഴിക്കാവൂ. തികച്ചും ഒഴിവാക്കണമെന്നാണ് ‘കീറ്റോ ഡയറ്റ്’ നിർദ്ദേശിക്കുന്നത്. പക്ഷേ, അത്തരം സർക്കസുകൾ വേണ്ട. ഭക്ഷണം കഴിക്കുന്നതിന്റെ ഇടവേള കൂട്ടി പോഷകസമൃദ്ധമായ ആഹാരം കഴിക്കുക.
ആവശ്യത്തിന് വെള്ളം കുടിക്കുക. സാധാരണരീതിയിൽ നമ്മുടെ കാലാവസ്ഥയിൽ രണ്ടു ലിറ്ററൊക്കെ മതിയാകും. തിളപ്പിച്ചാറ്റിയ വെള്ളം മതി. ശുദ്ധമായ വെള്ളം കുടിക്കാതിരുന്നാൽ ചർമ്മം വാർദ്ധക്യചാപല്യങ്ങൾ കൊണ്ടുവരും.
നിങ്ങളുടെ പ്രായം കൂടുന്തോറും ശരീരചലനങ്ങൾ അൽപ്പം മന്ദഗതിയിലാകും. ശരീരത്തെയും തലച്ചോറിനെയും ആരോഗ്യകരമായി നിലനിർത്തേണ്ടത് പ്രധാനമാണ്. അതിനാൽ വ്യായാമം നിങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കണം. അസ്ഥികൾ, പേശികൾ, സന്ധികൾ എന്നിവയ്ക്ക് ഇത് വളരെയേറെ സഹായകമാണ്.
പ്രായമാകുന്നത് എങ്ങനെ ഒഴിവാക്കാം?
നമ്മളെല്ലാവരും പ്രായമാകാൻ ആഗ്രഹിക്കാത്തവരാണ്. മരണമെന്നൊരു വസ്തുത അംഗീകരിക്കാൻപോലും പലപ്പോഴും നമുക്കു കഴിയാറില്ല. പ്രായമാകുന്നത് എങ്ങനെ തടയാമെന്നു മുമ്പേ സൂചിപ്പിച്ചു. മരണമില്ലാത്ത ഒരു കാലം വരുമോ? ചില ശാസ്ത്രജ്ഞർ അങ്ങനെയൊക്കെ തട്ടിവിടുന്നുണ്ടെങ്കിലും മരണം ഒരു യാഥാർത്ഥ്യമായി നിലകൊള്ളും. മരണത്തെ തോൽപ്പിക്കുവാൻ ശ്രമിക്കുന്നവർ ആദ്യം പ്രായമാകുന്നതിനെ തോൽപ്പിക്കുകയാണ് ചെയ്യേണ്ടത്. പക്ഷേ, മരണത്തെ തോൽപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യൻ പ്രായത്തിനു മുന്നിൽ തോറ്റുപോകും. പ്രായമാകുന്നതോടെ, നമ്മുടെ ശക്തിയും ഊർജ്ജവും കുറഞ്ഞുവരും. ജരാനരകൾ കടന്നുവരും. കാഴ്ചശക്തി കുറയും; കേൾവിശക്തിയും. ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവർത്തനം മന്ദഗതിയിലാകും. ഒരു മനുഷ്യന് (ഇന്നുവരെ) ഏറ്റവുമധികം ജീവിക്കാൻ കഴിഞ്ഞിട്ടുള്ളത് 122 വർഷങ്ങളാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
നിരാശ
കാണാനോ കേൾക്കാനോ കഴിയാതെ, നടക്കാനോ ചലിക്കാനോ കഴിയാതെ ശരീരത്തിന്റെ ശേഷി പൂർണ്ണമായും നഷ്ടമായിരിക്കെ ഒന്നു മരിച്ചുപോയാൽ മതിയായിരുന്നു എന്ന് മനുഷ്യൻതന്നെ ആഗ്രഹിച്ചുപോകുന്ന നിമിഷങ്ങൾ വന്നുചേരാം. ഇത്തരം അവസ്ഥകൾ ഇല്ലാതിരിക്കാൻ ജീവിക്കുന്ന അത്രയും കാലം ആരോഗ്യത്തോടെ ജീവിക്കുവാൻ ആഗ്രഹിക്കുക. മരണം വരും. പക്ഷേ, അന്നുവരെ ആരോഗ്യത്തോടെ ജീവിക്കുക. അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.
പ്രായമായവരിൽ ഭൂരിഭാഗവും സന്ധിവേദനയും വാതവുംകൊണ്ട് സഹനപാതയിലാണ്. വേദനകൊണ്ടു പുളയുന്നവരും കുറവല്ല. ചലിക്കാത്തതുകൊണ്ടും ജോയിന്റ്‌സിനെ ലൂബ്രിക്കേറ്റ് ചെയ്യാത്തതുകൊണ്ടുമാണ് ഇതൊക്കെ സംഭവിക്കുന്നത്.
സന്ധികൾ ചലിപ്പിക്കുക, ഓരോന്നിനും അനുയോജ്യമായ ഫ്‌ളെക്‌സിബിലിറ്റി വ്യയാമമുറകൾ ഉണ്ട്.