ദീപാവലി ബോണസ് കിട്ടിയില്ല, ടോൾ പ്ലാസ ജീവനക്കാർ സൗജന്യമായി കടത്തിവിട്ടത് 5000-ത്തിലധികം വാഹനങ്ങള്‍

പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

ആഗ്ര: ദീപാവലി ബോണസ് നല്‍കാത്തതിന്റെ പ്രതിഷേധമായി ടോള്‍ പ്ലാസയുടെ എല്ലാ ഗേറ്റുകളും തുറന്നിട്ട് ജീവനക്കാര്‍. ഉത്തര്‍പ്രദേശിലെ ഫത്തേഹാബാദിലെ ആഗ്ര-ലഖ്നൗ എക്‌സ്പ്രസ്വേയിലാണ് സംഭവം. ലക്ഷക്കണക്കിന് രൂപയാണ് ഇതോടെ കേന്ദ്രസര്‍ക്കാരിന് നഷ്ടം വന്നത്.

തിങ്കളാഴ്ചയാണ് ബോണസ് ലഭിക്കാത്തതിനെ തുടര്‍ന്ന് ടോള്‍ പ്ലാസ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ടോള്‍ പ്ലാസയിലെ ഗേറ്റുകള്‍ പൂര്‍ണമായും തുറന്നിട്ടായിരുന്നു പ്രതിഷേധം ആരംഭിച്ചത്. ഏകദേശം 5000-ത്തിലധികം വാഹനങ്ങള്‍ ടോള്‍ നല്‍കാതെ കടന്നുപോയതായാണ് കണക്കാക്കുന്നത്. ഡല്‍ഹിയെ ബന്ധിപ്പിക്കുന്ന പ്രധാന പാത കൂടിയാണിത്.

ആയിരക്കണക്കിന് വാഹനങ്ങള്‍ ടോള്‍ നല്‍കാതെ കടന്നുപോയതോടെ ടോള്‍ കരാര്‍ എടുത്തിട്ടുള്ള ശ്രീസായി ആന്‍ഡ് ദത്താര്‍ കമ്പനിയുടെ നിയന്ത്രണത്തിലുള്ള മറ്റ് ടോള്‍ പ്ലാസകളില്‍ നിന്ന് ജീവനക്കാരെ എത്തിച്ച് ടോള്‍ നിയന്ത്രിക്കാന്‍ കമ്പനി ശ്രമിച്ചിരുന്നു. എന്നാല്‍, പ്രതിഷേധവുമായി രംഗത്തെത്തിയ ജീവനക്കാര്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തിയവരെ ജോലി ചെയ്യാന്‍ അനുവദിച്ചില്ല.

ടോള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കരാര്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മാത്രമാണ് ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ ഒരു വര്‍ഷത്തെ മുഴുവന്‍ ബോണസും നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു ശ്രീസായി ആന്‍ഡ് ദത്താര്‍ കമ്പനിയുടെ ആദ്യ നിലപാട്. കുറഞ്ഞ ബോണസ് മാത്രമേ നല്‍കൂവെന്നും അവര്‍ ജീവനക്കാരെ അറിയിച്ചിരുന്നു.

ശ്രീസായി ആന്‍ഡ് ദത്താര്‍ കമ്പനികള്‍ക്കു വേണ്ടിയാണ് ജീവനക്കാര്‍ ജോലിചെയ്യുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കമ്പനി ടോള്‍ നടത്തിപ്പ് ഏറ്റെടുത്തത്. ദീപാവലി പ്രമാണിച്ചുള്ള ബോണസ് കഴിഞ്ഞയാഴ്ച അക്കൗണ്ടിലെത്തുമെന്ന് ഉറപ്പുനല്‍കിയിരുന്നെന്ന് ജീവനക്കാര്‍ ആരോപിച്ചു. മണിക്കൂറുകള്‍ നീണ്ടുനിന്ന സമരം, ബോണസ് നല്‍കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് പിന്‍വലിച്ചത്.

Content Highlights: Protesting lack of Diwali bonus, toll booth employees in Agra-Lucknow Expressway opened all gates, allowing thousands of vehicles free passage. Millions in losses incurred.