'മനുഷ്യരെപ്പോലെ ചിന്തിക്കുന്ന' കാറുമായി എൻവിഡിയ; മെഴ്‌സിഡീസ് ബെൻസുമായി സഹകരിച്ച് നിർമാണം

#ഓട്ടോമൊബൈല്‍ ഡെസ്‌ക്
1. സിഇഎസ് ടെക്‌നോളജി കോണ്‍ഫറന്‍സില്‍ ജെന്‍സന്‍ ഹുവാങ് സംസാരിക്കുന്നു. 2. ജെന്‍സന്‍ ഹുവാങ് | Photo - AP, AFP
1. സിഇഎസ് ടെക്‌നോളജി കോണ്‍ഫറന്‍സില്‍ ജെന്‍സന്‍ ഹുവാങ് സംസാരിക്കുന്നു. 2. ജെന്‍സന്‍ ഹുവാങ് | Photo - AP, AFP

കാറുകൾക്കും മനുഷ്യരെപ്പോലെ ചിന്തിക്കാൻ കഴിയുമോ? അത്തരം കാറുകൾ ഉടൻ നിരത്തിലിറക്കാൻ ഒരുങ്ങുകയാണ് ലോകത്തെ പ്രമുഖ ചിപ്പ് നിർമാതാക്കളായ എൻവിഡിയ. നിർമിതബുദ്ധി (എഐ) രംഗത്ത് ലോകമെമ്പാടും വൻമുന്നേറ്റമുണ്ടായതോടെ വിപണിമൂല്യം കുതിച്ചുയർന്ന കമ്പനിയാണ് എൻവിഡിയ. പ്രമുഖ ടെക് കമ്പനികളെല്ലാം തങ്ങളുടെ എഐ മോഡലുകളെ പരിശീലിപ്പിക്കുന്നത് വളരെ ഉയർന്ന പ്രവർത്തനശേഷിയുള്ള എൻവിഡിയ ചിപ്പുകൾ ഉപയോഗിച്ചാണ് എന്നതായിരുന്നു എൻവിഡിയുടെ കുതിപ്പിന് പിന്നിൽ. ലോകത്തെ തന്നെ എഐ മുന്നേറ്റത്തിന് പിന്തുണനൽകുന്ന ചിപ്പ് നിർമാതാക്കളാണ് ചിന്തിക്കാൻ ശേഷിയുള്ള കാർ എന്ന ആശയത്തിന് പിന്നിലും എന്നതാണ് ഏറെ ശ്രദ്ധേയം.

ഈ കാറിന് റോഡിലെ സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും സങ്കീർണമായ ചുറ്റുപാടുകളിൽ സുരക്ഷിതമായി കാർ ഓടിക്കാനും സ്വന്തം തീരുമാനങ്ങൾ യാത്രക്കാരോട് വിശദീകരിക്കാനും കഴിയുമെന്നാണ് എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് പറയുന്നത്. ലാസ് വെഗാസിൽ നടക്കുന്ന സിഇഎസ് ടെക്‌നോളജി കോൺഫറൻസിലാണ് ഹുവാങ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. നൂതനമായ ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഡ്രൈവർലെസ് കാർ മെഴ്സിഡീസ്-ബെൻസുമായി സഹകരിച്ച് നിർമ്മിക്കാൻ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതാനും മാസങ്ങൾക്കകം ഈ വാഹനം അമേരിക്കയിൽ പുറത്തിറക്കും. പിന്നീട് ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും എത്തുമെന്നും ജെൻസൻ ഹുവാങ് പറയുന്നു.

എഐ ഹാർഡ്വെയറും സോഫ്റ്റ്‌വെയറും സംയോജിപ്പിക്കുന്നതിൽ എൻവിഡിയ നടത്തുന്ന വൻ മുന്നേറ്റമായാണ് നിരീക്ഷകർ പ്രഖ്യാപനത്തെ കാണുന്നത്. ഫിസിക്കൽ എഐയിലേക്കുള്ള അവരുടെ മുന്നേറ്റം ശ്രദ്ധേയമാണെന്നും വിലയിരുത്തപ്പെടുന്നു. സെൽഫ് ഡ്രൈവിങ് കാറുകൾ അടക്കമുള്ളവയിലേക്കുള്ള എൻവിഡിയയുടെ ചുവടുമാറ്റം എതിരാളികളെപ്പോലും അമ്പരപ്പിക്കുന്നതാണ്. ഹുവാങ്ങിന്റെ പ്രഖ്യാപനത്തിന് പിന്നാലെ എൻവിഡിയയുടെ ഓഹരികളിൽ മുന്നേറ്റം ദൃശ്യമായതും ശ്രദ്ധേയമാണ്. സാൻ ഫ്രാൻസിസ്‌കോയിലൂടെ ഓടുന്ന എഐ-പവർഡ് മെഴ്സിഡീസ്-ബെൻസിന്റെ വീഡിയോ എൻവിഡിയ കോൺഫറൻസിൽ അവതരിപ്പിച്ചു. ഓരോ സാഹചര്യങ്ങളിലും എന്തു ചെയ്യാൻ പോകുന്നു എന്ന് യാത്രക്കാരോട് പറയുന്നതാണ് കാർ. യുക്തിസഹമായി ചിന്തിച്ചശേഷമാണ് കാർ ഓരോ തീരുമാനങ്ങളെടുക്കുന്നതും നടപ്പാക്കുന്നതും. ഒരു ഓപ്പൺ-സോഴ്‌സ് എഐ മോഡൽ ആണിതെന്ന് എൻവിഡിയ പറയുന്നു. അതിന്റെ അടിസ്ഥാന കോഡ് ഇപ്പോൾ മെഷീൻ ലേണിംഗ് പ്ലാറ്റ്ഫോം ഹഗ്ഗിങ് ഫേസിൽ ലഭ്യമാണ്. ഓട്ടോണമസ് വെഹിക്കിൾ ഗവേഷകർക്ക് ഇത് സൗജന്യമായി ഉപയോഗിക്കാനും മോഡൽ റീട്രെയിൻ ചെയ്യാനും കഴിയുമെന്ന് ഹുവാങ് കൂട്ടിച്ചേർത്തു..

ഒരുനാൾ ഓരോ കാറും, ഓരോ ട്രക്കും സ്വയം ഓടുന്നതായിരിക്കുമെന്ന് ജെൻസൻ ഹുവാങ് പറയുന്നു. അതിനിടെ ഈ പദ്ധതി ഇലോൺ മസ്‌കിന്റെ ടെസ്‌ല പോലുള്ള കമ്പനികൾക്ക് ഭീഷണിയായേക്കാം എന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രതികരണവുമായി ഇലോൺ മസ്‌ക് തന്നെ രംഗത്തെത്തി. ടെസ്‌ല ചെയ്യുന്ന കാര്യങ്ങൾ തന്നെയാണിതെന്ന് മസ്‌ക് സോഷ്യൽ മീഡിയയിൽ അവകാശപ്പെട്ടു. എൻവിഡിയ ലക്ഷ്യംവെക്കുന്നത് 99 ശതമാനം വരെ നടപ്പാക്കുന്നത് എളുപ്പമാണെന്നും പിന്നീട് പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറയുന്നു.

ടെസ്‌ലയ്ക്ക് സമാനമായി അടുത്ത വർഷത്തോടെ ഒരു കമ്പനിയുടെ പങ്കാളിത്തത്തോടെ റോബോടാക്‌സി സർവീസ് ആരംഭിക്കാനും എൻവിഡിയക്ക് പദ്ധതിയുണ്ട്. എന്നാൽ പങ്കാളിയുടെ പേര് വെളിപ്പെടുത്താനോ എവിടെയായിരിക്കും പദ്ധതി നടപ്പാക്കുക എന്ന് വെളിപ്പെടുത്താനോ കമ്പനി തയ്യാറായിട്ടില്ല.

ലോകത്തിലെ ഏറ്റവും മൂല്യം കണക്കാക്കപ്പെടുന്ന കമ്പനിയാണ് എൻവിഡിയ. വിപണി മൂലധനം 4.5 ട്രില്യൺ (45 ലക്ഷംകോടി) ഡോളറിന് മുകളിലാണ്. ഒക്ടോബറിൽ 5 ട്രില്യൺ ഡോളർ എന്ന നിലയിലെത്തുന്ന ആദ്യത്തെ കമ്പനിയായി ഇത് മാറിയിരുന്നു, എന്നാൽ എഐയുടെ മുന്നേറ്റം അതിശയോക്തിപരമാണോ എന്ന ആശങ്കകളെത്തുടർന്ന് പിന്നീട് മൂല്യം കുറഞ്ഞു. വർഷം അവസാനം പുറത്തിറങ്ങാനുള്ള എൻവിഡിയയുടെ റൂബിൻ എഐ ചിപ്പുകൾ ഇപ്പോൾ കമ്പനി നിർച്ചുകൊണ്ടിരിക്കുകയാണ്. വളരെയധികം പ്രതീക്ഷിക്കപ്പെടുന്ന ഈ ഹാർഡ്വെയർ എൻവിഡിയയുടെ നിലവിലെ എഐ ചിപ്പുകളെ അപേക്ഷിച്ച് കുറഞ്ഞ ഊർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്നവയാണ്.

Content Highlights: Nvidia`s Alpamayo platform enables self-driving cars to reason, navigate complex scenarios, and explain decisions. Learn how it`s changing autonomous driving.