ആശങ്കവേണ്ട, വാഹനങ്ങൾ E25-റെഡിയെന്ന് മെഴ്‌സിഡീസ്; ഉറപ്പുനൽകി ആഡംബര ബ്രാൻഡ്

ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പെട്രോൾ വാഹനങ്ങളും ഇപ്പോൾ E25-റെഡിയാണെന്ന് സ്ഥിരീകരിച്ച് മെഴ്‌സിഡീസ്-ബെൻസ്. ഉയർന്ന അളവിൽ എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കാൻ കഴിയുംവിധം തങ്ങളുടെ എല്ലാ ഇന്ത്യൻ വാഹനങ്ങളും തയ്യാറാക്കിയ ആദ്യത്തെ ആഡംബര കാർ നിർമ്മാതാക്കളിൽ ഒന്നായി മെഴ്‌സിഡീസ് ബെൻസ് ഇതോടെ മാറി. എഥനോൾ കലർത്തൽ നിലവിലെ E20-യ്ക്ക് അപ്പുറത്തേക്ക് ക്രമാനുഗതമായി വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതിനിടെയാണ് പ്രഖ്യാപനം.
ഭാവിയിലെ ഇന്ത്യൻ ഇന്ധന മാനദണ്ഡങ്ങൾ മുന്നിൽക്കണ്ടാണ് തങ്ങളുടെ വാഹന ശ്രേണി നവീകരിക്കുന്നതെന്ന് പുതിയ എഎംജി E 53 പ്ലഗ്-ഇൻ ഹൈബ്രിഡ് പുറത്തിറക്കിയ വേളയിൽ മെഴ്‌സിഡീസ്-ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യർ പറഞ്ഞിരുന്നു. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മെഴ്‌സിഡീസ്-ബെൻസ് വാഹനങ്ങളും E25-അനുയോജ്യമാണെന്നും, ചട്ടങ്ങൾ വരുന്നതുവരെ കാത്തിരിക്കാതെ അവയ്ക്ക് മുമ്പേ ബ്രാൻഡ് നീക്കങ്ങൾ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ഇന്ധന ഉപയോഗ രീതികളിൽ അതിവേഗ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നതിനിടെ ഈ പ്രഖ്യാപനം പ്രധാനമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇന്റേണൽ കംബഷൻ എഞ്ചിൻ കാറുകൾ, പ്ലഗ്-ഇൻ ഹൈബ്രിഡുകൾ, ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗത്തിലുള്ള കാറുകൾ നിലവിൽ മെഴ്‌സിഡീസ് ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കുന്നുണ്ട്.
ഇ20 പെട്രോൾ ഉപയോഗത്തെ തുടർന്ന് തന്റെ ആഡംബര വാഹനത്തിന്റെ ഇന്ധനക്ഷമതയിൽ വലിയ ഇടിവുണ്ടായെന്നാണ് ആരോപിച്ച് പ്രമുഖ ലൈഫ് സ്‌റ്റൈൽ വ്ളോഗറായ സൗരവ് ജോഷി നേരത്തെ രംഗത്തുവന്നിരുന്നു. മെഴ്സിഡീസ് ബെൻസ് ജിഎൽസി SUV-യാണ് ഉപയോഗിക്കുന്നതെന്നും മുമ്പ് 16-17 കിലോ മീറ്റർ ഇന്ധനക്ഷമത ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ കേവലം അഞ്ച് കിലോ മീറ്ററാണ് മൈലേജ് ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പ്രതികരണം വൈറലായതോടെ അദ്ദേഹത്തിന് മറപടിയുമായി മെഴ്സിഡീസ് ബെൻസ് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
Content Highlights: All Mercedes-Benz petrol vehicles in India are now E25-ready., Proactive compliance with upcoming Indian fuel blending regulations., Commitment to a multi-powertrain strategy including ICE, PHEV, and BEV., Launch of the 2026 AMG E 53 Performance Edition at Rs 1.45 crore.