ബസ്സുകൾക്ക് വയസ്സായി; റെട്രോഫിറ്റിങ്ങിന് KSRTC, ചൈനീസ് കിറ്റിൽ ഡീസൽ ബസ്സുകൾ ഇലക്ട്രിക്കാകും

#Auto Desk
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: പഴയ ബസുകളിൽ ബാറ്ററിയും മോട്ടോറും പിടിപ്പിച്ച് ഇ- ബസുകളാക്കാനുള്ള സാധ്യത തേടി കെ.എസ്.ആർ.ടി.സി. കേന്ദ്രസർക്കാരിന്റെ റെട്രോഫിറ്റിങ് നയപ്രകാരം പഴയവാഹനങ്ങൾക്ക് പുതുജീവൻ നൽകാനാണ് നീക്കം. ഇതിനായി സ്വകാര്യസംരംഭകരുടെ പങ്കാളിത്തം തേടി. പ്രാഥമികചർച്ചകൾ ആംരംഭിച്ചു.

15 വർഷം കാലാവധി കഴിഞ്ഞ 2050 ബസുകളാണ് കോർപ്പറേഷനുള്ളത്. ഇവ ഇ -ബസുകളാക്കിയാൽ വീണ്ടും ഉപയോഗിക്കാനാകും. ചൈനീസ് നിർമിത കിറ്റ് ഉപയോഗിക്കാമെന്ന വാഗ്ദാനവുമായി തദ്ദേശീയകമ്പനിയാണ് രംഗത്തുള്ളത്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അംഗീകരിച്ച കിറ്റുകൾ ഉപയോഗിക്കണമെന്ന നിബന്ധന കെ.എസ്.ആർ.ടി.സി. മുന്നോട്ടുെവച്ചിട്ടുണ്ട്.

കിറ്റ് ഘടിപ്പിച്ച് അംഗീകാരംനേടേണ്ട ചുമതല സ്വകാര്യ കമ്പനിക്കാണ്. പുതിയ ഇ-ബസിന് ഒരുകോടി രൂപ ചെലവു വരും. ഇതിനെക്കാൾ ലാഭകരമാണ് പഴയ ബസുകൾ മാറ്റംവരുത്തുന്നത്. റെട്രോഫിറ്റിങ് നയപ്രകാരം എല്ലാത്തരം വാഹനങ്ങളും വൈദ്യുതിയിലേക്ക് മാറ്റാമെന്ന് ഉപരിതല ഗതാഗതമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു വാഹനങ്ങളൊക്കെ ഇലക്ട്രിക്ക് ആക്കിയിട്ടുണ്ടെങ്കിലും ബസുകളിൽ കാര്യമായ പരീക്ഷണം നടന്നിട്ടില്ല.

പി.എം. ഇ-സേവ പദ്ധതിയിൽ പുതിയ ഇ ബസുകൾ കിട്ടുന്നതിനാൽ മിക്ക സംസ്ഥാനങ്ങളും ആ വഴിക്കാണ് നീങ്ങിയിട്ടുള്ളത്. ഗതാഗതവകുപ്പിന് കീഴിലുള്ള ശ്രീചിത്രതിരുനാൾ എൻജിനിയറിങ് കോളേജിൽ ഇ -വാഹനങ്ങൾ വികസിപ്പിക്കാനും റെട്രോഫിറ്റിങ് നടത്താനും നേരത്തേ പദ്ധതിയിട്ടിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

ചൈനീസ് സാങ്കേതിക വിദ്യയിൽ നിരവധി വാഹനങ്ങൾ ഇറക്കിയിട്ടുള്ള കമ്പനിയാണ് മുന്നോട്ടുവന്നിട്ടുള്ളത്. ഡീസൽവില വർധനയുടെ പശ്ചാത്തലത്തിൽ ബസുകൾ സി.എൻ.ജി.യിലേക്ക് മാറ്റാൻ നേരത്തേ പദ്ധതിയിട്ടിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഒരു ബസ് മാറ്റിയെങ്കിലും സി.എൻ.ജി.ക്കും വില കൂടിയതോടെ പിന്നീടതിൽ താത്പര്യം കാണിച്ചില്ല.

Content Highlights: KSRTC plans to convert 2,050 buses older than 15 years into electric vehicles., Retrofitting is being explored as a cost-effective alternative to buying new e-buses., The initiative follows the Union Ministry of Road Transport's retrofitting policy., Private companies are invited to provide approved conversion kits., Previous attempts to shift to CNG were abandoned due to rising fuel costs.