കേരളത്തിലെ പുതിയ ഹൈവേയിൽ സുരക്ഷ ഉറപ്പിക്കാൻ കളക്ടർമാർ ഇറങ്ങുന്നു; പരിശോധന നിർമാണത്തിലും

തിരുവനന്തപുരം: ദേശീയപാതാ നിർമാണ മേഖലകളിലെ റോഡ് സുരക്ഷാവീഴ്ചകൾ പരിശോധിക്കാൻ കളക്ടർമാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘത്തിന് രൂപംനൽകി. മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കളക്ടർമാരുടെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥർ നിർമാണമേഖലകൾ പരിശോധിക്കും.
നിർമാണം പൂർത്തിയാകാത്ത ഭാഗങ്ങൾ ഗതാഗതത്തിന് തുറന്നുകൊടുക്കുമ്പോൾ താത്കാലിക ലൈറ്റുകളും ദിശാസൂചകങ്ങളും സ്ഥാപിക്കും. വൈദ്യുതി എത്താത്ത സ്ഥലങ്ങളിൽ ജനറേറ്റർ ഉപയോഗിക്കും. വീഴ്ച കണ്ടെത്തിയാൽ ദേശീയപാതാ അധികൃതരോട് പരിഹരിക്കാൻ ആവശ്യപ്പെടും. പണിപൂർത്തിയായ മേഖലകളിൽ ഒരുമാസത്തിനുള്ളിൽ സ്ഥിരം തെരുവുവിളക്കുകൾ സ്ഥാപിക്കും.
സ്‌കൂളുകൾക്കുസമീപവും പ്രധാന കവലകളിൽ റോഡ് മുറിച്ചുകടക്കാൻ മേൽപ്പാലങ്ങൾ നിർമിക്കും. രണ്ടാഴ്ചകൂടുമ്പോൾ അവലോകനയോഗം ചേരും. ദേശീയപാതയ്ക്ക് സമീപം വിശ്രമകേന്ദ്രങ്ങൾ നിർമിക്കാൻ സംസ്ഥാന സർക്കാർ സ്ഥലമേറ്റെടുത്ത് നൽകും. ഇതിന് പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. .
ഉടനെങ്ങും പൂർത്തിയാകുമെന്ന് പ്രതീക്ഷയില്ല
നിർമാണം വൈകുന്നതിൽ ദേശീയ പാതാ ഉദ്യോഗസ്ഥർക്ക് മന്ത്രി പി.കെ. ബഷീറിന്റെ രൂക്ഷവിമർശനം. യോഗ തീരുമാനങ്ങൾ വിശദീകരിക്കവേ എൻ.എച്ച്.എ.ഐ. മേഖലാ ഓഫീസർ റിട്ട. കേണൽ എ.കെ. ജാൻബാസിനെ ഒപ്പമിരുത്തിയായിരുന്നു കുറ്റപ്പെടുത്തൽ. ''ഇവരോട് പറഞ്ഞിട്ട് കാര്യമില്ലെന്നും ഡൽഹിയിൽ പോയി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കാണേണ്ടിവരുമെന്നും'' മന്ത്രി പറഞ്ഞു.
നിർമാണം പൂർത്തിയാക്കുന്നതിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും കരാറുകാർ വീഴ്ചവരുത്തുന്നുണ്ട്. ഉടനെങ്ങും നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷയില്ല. 2028 ആകേണ്ടിവരുമെന്നാണ് ഇപ്പോൾ പറയുന്നത്. നിർമാണമേഖലകളിൽ വൻഗതാഗതക്കുരുക്കാണ്. യാത്രക്കാർ വലയുകയാണ് -മന്ത്രി കുറ്റപ്പെടുത്തി.
Content Highlights: District collector-led teams formed to inspect national highway safety lapses., Temporary lights and signboards will be installed on incomplete stretches., Permanent street lights to be installed within a month in completed areas., Minister PK Basheer criticized NHAI for construction delays, estimating completion by 2028.