പ്രതീക്ഷിച്ചത് അലോയി വീലും, ഇരമ്പുന്ന എക്‌സ്‌ഹോസ്റ്റുമൊക്കെ; കിട്ടിയത് സീറ്റ് കവറും ഡാഷ്‌ക്യാമും

തിരുവനന്തപുരം: വാഹനം മോടി പിടിപ്പിക്കുന്നതിൽ വമ്പൻ ഇളവുകൾ പ്രതീക്ഷിച്ച യുവത്വത്തെ നിരാശപ്പെടുത്തി മോട്ടോർവാഹനവകുപ്പ്.
സീറ്റ് കവറും ഫ്‌ളോർ മാറ്റും സ്റ്റീറിങ് വീൽ കവറും ഉൾപ്പെടെ നിലവിൽ മൗനാനുവാദം നൽകിയിട്ടുള്ള 18 പതിവ് മോടിപിടിപ്പിക്കലുകൾ മാത്രമാണ് മോട്ടോർവാഹനവകുപ്പ് സർക്കാരിന് നൽകിയ ശുപാർശയിലുള്ളത്. കേന്ദ്രനിയമം കർശനമായതിനാൽ കാര്യമായ ഇളവുകൾ സംസ്ഥാനത്തിന് നൽകാൻ കഴിയില്ലെന്നതാണ് കാരണം.
കേന്ദ്ര ഏജൻസികളുടെ അംഗീകാരം നേടിയശേഷമാണ് ഓരോ വാഹനമോഡലിനും നിരത്തിലിറങ്ങാൻ അനുമതി ലഭിക്കുന്നത്. മോഡൽ അംഗീകാരം (ടൈപ്പ് അപ്രൂവൽ) നേടുന്ന സമയത്തുള്ളതിനെക്കാൾ മാറ്റം വരുത്തുന്നത് അനധികൃത മോടിപിടിപ്പിക്കലായി കണക്കാക്കും. അതിനാൽ ഇളവനുവദിക്കുന്നതിന് സംസ്ഥാന സർക്കാരിന് പരിമിതിയുണ്ട്. വാഹനം മോടിപിടിപ്പിക്കാൻ അനുവദിക്കുമെന്നുള്ള യു.ഡി.എഫ്. പ്രകടനപത്രികയിലെ വാഗ്ദാനമനുസരിച്ച് ഗതാഗത കമ്മിഷണറാണ് റിപ്പോർട്ട് നൽകിയത്.
ഇളവുകൾ ഇതൊക്കെ
- സീറ്റ് കവർ
- ഫ്‌ളോർ മാറ്റ്
- സ്റ്റിയറിങ് കവർ
- ക്രോം ഗാർനിഷ്
- ഡോർ വൈസർ
- മഡ് ഫ്‌ളാപ്
- ബോഡി സ്റ്റിക്കർ
- ഇന്റീരിയർ ആംബിയന്റ് ലൈറ്റിങ്
- ഡാഷ്‌ക്യാം
- റിവേഴ്‌സ് ക്യാമറ
- പാർക്കിങ് സെൻസർ
- ജിപിഎസ് ട്രാക്കിങ്
- ആൻഡ്രോയിഡ് ഇൻഫോടെയിൻമെന്റ് സിസ്റ്റം
- അധികം സ്പീക്കറുകൾ
- ടയർ പ്രഷർ മോണിറ്റർ
- വാഹനം വലിച്ചുകൊണ്ടുപോകുന്നതിനുള്ള ഹുക്കുകൾ
- ലഗേജ് ക്യാരിയർ
- 50 ശതമാനം സുതാര്യമായ സൺ ഫിലിം
Content Highlights: MVD rejects major modification relaxations for 2026., Only 18 minor modifications like seat covers and floor mats are permitted., Central Motor Vehicle rules take precedence over state promises., Unauthorized modifications beyond type approval remain illegal.