പൊതുവാഹനങ്ങളില്‍ ഡാഷ് ബോര്‍ഡില്‍ ക്യാമറ; നിര്‍ദേശം കൂടുതല്‍ പ്രസക്തമാകുന്നു

#ജോസഫ് മാത്യു

പകടങ്ങളുടെ കാരണംകണ്ടെത്താന്‍ പൊതുവാഹനങ്ങളുടെ ഡാഷ് ബോര്‍ഡില്‍ ക്യാമറകള്‍ (ഡാഷ് ക്യാം) വെക്കണമെന്ന കോടതിനിര്‍ദേശത്തിന് പ്രസക്തിയേറുന്നു. ഒക്ടോബറിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.

പൊതുവാഹനങ്ങള്‍ ഓടിക്കുന്നവരെ നിരീക്ഷിക്കാന്‍ ഇപ്പോള്‍ സംവിധാനമില്ല. പൊതുസ്ഥലങ്ങളിലെ ക്യാമറകളില്‍നിന്ന് കൃത്യമായ വിവരം കിട്ടണമെന്നുമില്ല. ഡാഷ് ക്യാം വഴി ഒരു യാത്ര മുഴുവന്‍ റെക്കോഡ് ചെയ്യാം. അപകടം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയാം. വാഹനാപകട കേസുകളും ഇന്‍ഷുറന്‍സ് തര്‍ക്കങ്ങളും പരിഹരിക്കാനും കഴിയും.

ക്യാമറയുണ്ടെങ്കില്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത കാണിക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്‍ജിന്‍ ഓണ്‍ചെയ്തില്ലെങ്കിലും ഡാഷ്‌ക്യാമുകള്‍ പ്രവര്‍ത്തിപ്പിക്കാം. പാര്‍ക്ക് ചെയ്തുപോകുന്ന വാഹനത്തിന് ആരെങ്കിലും കേടുപാട് വരുത്തിയാലും അറിയാന്‍കഴിയും. ലക്ഷ്വറി ബസുകള്‍, കാറുകള്‍ എന്നിവയ്ക്ക് ഡാഷ്‌ക്യാം തേടിവരുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് വിപണിയിലുള്ളവര്‍ പറയുന്നു.

വില 4500 മുതല്‍

4500 മുതല്‍ 30,000 വരെയൊക്കെ വിലയുള്ള ഡാഷ്‌ക്യാമുകളാണ് ഇപ്പോള്‍ കൂടുതല്‍ വിറ്റുപോകുന്നത്. എട്ട് ജി.ബി.മുതല്‍ 128 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. നൈറ്റ് വിഷന്‍, കൂടിയ റെസല്യൂഷന്‍ എന്നിവയുള്ളതിന് വില കൂടും. 

മുന്‍വശവും പിന്‍വശവും വാഹനത്തിന്റെ ഉള്‍വശവും റെക്കോഡ് ചെയ്യുന്നവയുണ്ട്. 1440 മിനിറ്റ് തുടര്‍ച്ചയായി എച്ച്.ഡി.യില്‍ റെക്കോഡ് ചെയ്യുന്ന ക്യാമറകള്‍ വിപണിയിലുണ്ടെന്ന് ഇടപ്പള്ളി ഗാലക്സി കാര്‍ ആക്സസറീസ് പാര്‍ട്ണര്‍ അബ്ദുള്‍ മുനീം പറഞ്ഞു. റെസല്യൂഷന്‍ കുറച്ചാല്‍ സമയം കൂട്ടാം.

ചട്ടം ഭേദഗതി ചെയ്യണം

മോട്ടോര്‍വാഹനച്ചട്ടം ഭേദഗതി ചെയ്താലേ പൊതുവാഹനങ്ങളില്‍ ഡാഷ്‌ക്യാമുകള്‍ നിര്‍ബന്ധമാക്കാന്‍ കഴിയൂവെന്ന് ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു. അപകടംനടന്ന വണ്ടിയില്‍നിന്ന് ഡാഷ്‌ക്യാമിന്റെ മെമ്മറികാര്‍ഡ് മാറ്റാന്‍ കഴിയും. ഏതെങ്കിലും വണ്ടിയിലെ കാര്‍ഡും ഹാജരാക്കാം. 

ജി.പി.എസ്. സംവിധാനത്തിന് പ്രത്യേകം സീരിയല്‍നമ്പരുകള്‍ ഉള്ളതുപോലെ ഡാഷ്‌ക്യാമുകള്‍ ടാഗ് ചെയ്യാന്‍ കഴിഞ്ഞാലെ സംവിധാനം കുറ്റമറ്റതാകൂ. ഡാഷ് ക്യാമുകള്‍ സ്ഥാപിക്കണമെന്ന ഹൈക്കോടതി നിലപാടിനെ വകുപ്പ് സ്വാഗതംചെയ്തിട്ടുണ്ട്.

Content Highlights: Dashboard Camera In Public Service Vehicle

Content Highlights: