വാഹനക്കടത്ത് ജിഎസ്ടി വെട്ടിച്ചും പരിവാഹന്‍ ആപ്പ് ഹാക്ക് ചെയ്തും, താരങ്ങളുടെ വീട്ടിലെ ED റെയ്ഡ് ഫെമ നിയമലംഘനത്തില്‍

കൊച്ചി: ഭൂട്ടാനില്‍ നിന്നും വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പരിശോധനക്ക് പിന്നാലെ താരങ്ങളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ജി എസ് ടി വെട്ടിച്ചും പരിവാഹന്‍ വെബ് സൈറ്റിലടക്കം കൃത്രിമം നടത്തിയുമാണ് രാജ്യത്തേക്ക് വാഹനക്കടത്ത് നടത്തിയിട്ടുള്ളത്. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലാണ് ഇഡി പരിശോധന. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് ഇഡി വ്യക്തമാക്കുന്നത്. അഞ്ച് ജില്ലകളിലായി വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നതായാണ് വിവരം.
മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയും ഇളംകുളത്തെ പുതിയ വീട്, മമ്മൂട്ടി ഹൗസ്, ദുല്‍ഖറിന്റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്റെ വീട്, അമിത് ചക്കാലക്കലിന്റെ കടവന്ത്രയിലെ വീട് എന്നിവിടങ്ങളിലടക്കം 17 സ്ഥലങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തുന്നത്. 50 മുതല്‍ 200 വരെ വാഹനങ്ങള്‍ കേരളത്തില്‍ ഉണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചുവെന്നും ഇതില്‍ 36 വാഹനങ്ങള്‍ പിടിച്ചെടുത്തു എന്നാണ് ആദ്യത്തെ റെയിഡിന് ശേഷം കസ്റ്റംസ് കമ്മിഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വാഹനക്കടത്ത് ജി എസ് ടി വെട്ടിച്ചും പരിവാഹന്‍ ആപ്പ് ഹാക്ക് ചെയ്തും
ആഡംബര വാഹനങ്ങളുടെ കള്ളക്കടത്ത്, അനധികൃത വിദേശ നാണ്യ ഇടപാടുകള്‍ എന്നിവയെ സംബന്ധിച്ചാണ് ഇഡി പരിശോധന നടത്തുന്നത്. ജിഎസ്ടി വെട്ടിച്ചും പരിവാഹന്‍ വെബ് സൈറ്റിലടക്കം കൃത്രിമം നടത്തിയുമാണ് രാജ്യത്തേക്ക് വാഹനക്കടത്ത് നടത്തിയിട്ടുള്ളതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഫെമ നിയമത്തിലെ 3,4,8 ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. അതേസമയം നിയമലംഘനം നടത്തിയിട്ടില്ലെന്നും പണം അക്കൗണ്ടില്‍ നല്‍കിയാണ് വാഹനം സ്വന്തമാക്കിയതെന്നുമുള്ള വിവരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും അമിത് ചക്കാലക്കലുമടക്കം വ്യക്തമാക്കുന്നത്. നിയമവിരുദ്ധം എന്ന് ബോധ്യപ്പെട്ടാണ് കസ്റ്റംസ് 36 വാഹനങ്ങള്‍ പിടിച്ചെടുത്തത്.
എല്ലാം നിഷേധിച്ച് അമിത്, വാഹനം വിട്ടുകിട്ടാനായി ദുല്‍ഖര്‍
കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ഉപയോഗിക്കുന്ന വാഹനമാണെന്നും കഴിഞ്ഞ 15 വര്‍ഷത്തോളമായി വാഹനങ്ങള്‍ കൈമാറി വന്നതിന്റെ രേഖകള്‍ എല്ലാം കസ്റ്റംസിന് കൈമാറിയിട്ടുണ്ടെന്നുമായിരുന്നു കസ്റ്റംസ് റെയ്ഡിന് പിന്നാലെ അമിത് ചക്കാലക്കല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആറ് വാഹനങ്ങള്‍ പിടിച്ചെടുത്തതില്‍ ഒരെണ്ണം മാത്രമാണ് തന്റേതെന്നും വാഹനങ്ങള്‍ പണിയുന്ന വര്‍ക്ക്ഷോപ്പില്‍ എന്റെ കെയര്‍ ഓഫില്‍ പണിയെടുപ്പിക്കുന്നതിനായി വന്ന വാഹനങ്ങളാണ് ബാക്കിയുള്ളവയെന്നുമാണ് അമിത് വ്യക്തമാക്കിയത്.
അതേസമയം രേഖകള്‍ പരിശോധിക്കാതെയാണ് കസ്റ്റംസ് വാഹനം പിടിച്ചെടുത്തതെന്നും വാഹനം താല്‍ക്കാലികമായി വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ട് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം താല്‍ക്കാലികമായി വിട്ടുകിട്ടുന്നതിനായി അഡ്ജുഡീക്കേറ്റിങ് അതോറിറ്റിയായ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറെ സമീപിക്കാനായി ഹൈക്കോടതി നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്.
Content Highlights: ED raids actors Dulquer Salmaan, Prithviraj, and Amit Chakkalakkal`s homes for car smuggling, GST evasion, and FEMA law violations. Over 36 luxury cars seized.