കോടമഞ്ഞ് മൂടിയ വാല്‍പ്പാറയിലേക്ക് മഴനനഞ്ഞൊരു എലിവേറ്റ് യാത്ര

ഒരു ആന കുത്താന്‍ വന്നാല്‍ നമ്മള്‍ എന്തുചെയ്യുമെന്ന് ഒരു സിനിമയില്‍ നടന്‍ മുകേഷിന്റെ കഥാപാത്രം ചോദിക്കുന്ന ഒരു രംഗമുണ്ട്. ഇങ്ങനെ ചോദിച്ചാല്‍ നമ്മുടെ കൈയില്‍ കുറെയേറെ ഉത്തരങ്ങള്‍ കാണുമെങ്കിലും ഭൂരിഭാഗം ആളുകള്‍ക്കും പ്രത്യേകിച്ച് ഒന്നും ചെയ്യാനാകില്ലെന്നതാണ് അനുഭവിച്ചറിഞ്ഞ സത്യം. ഈ വലിയ സത്യം ഞാന്‍ മനസിലാക്കിയത് ഒരു വാല്‍പ്പാറ ട്രിപ്പിലായിരുന്നു. കുറച്ച് ദിവസം ഉപയോഗിച്ച് നോക്കാനായി ഹോണ്ട എലിവേറ്റ് എസ്.യു.വി. തന്നതും, കൂട്ടുക്കാര്‍ക്കൊപ്പമുള്ള സംഭാഷണത്തില്‍ ഞാന്‍ ഇതുവരെ വാല്‍പ്പാറയില്‍ പോയിട്ടില്ലെന്ന് പറഞ്ഞതുമാണ് നില്‍ക്കുന്ന നില്‍പ്പില്‍ ഒരു അതിരപ്പിള്ളി-വാല്‍പ്പാറ ട്രിപ്പ് സെറ്റാകാന്‍ കാരണം.
തൃശ്ശൂരിലെ ക്ലബ് എഫ്.എം. ഓഫീസില്‍ ഹോണ്ട എലിവേറ്റ് എത്തിയിട്ടുണ്ടെന്നും നീ ഇവിടെ എത്തിയാല്‍ മാത്രം മതിയെന്നുമായിരുന്നു സഹപ്രവര്‍ത്തകനും ഈ ട്രിപ്പിലെ സഹയാത്രികനുമായ സെന്തില്‍ അറിയിച്ചത്. ഇത് അനുസരിച്ച് തൃശ്ശൂരില്‍ എത്തി. ആകെയുണ്ടായിരുന്ന പ്ലാന്‍ രാവിലെ ആറുമണിക്ക് പുറപ്പെടണമെന്നതായിരുന്നു. ഒരു മണിക്കൂര്‍ വൈകിയാണെങ്കിലും യാത്ര തുടങ്ങി. ആദ്യലക്ഷ്യം പോകുന്ന വഴിയില്‍ തന്നെയുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടമായിരുന്നു. ഗുഗിള്‍ മാപ്പ് നോക്കി 53.8 കിലോമീറ്റര്‍. വഴിയില്‍ സ്റ്റോപ്പോന്നും ഇല്ലാതെ പോയാല്‍ 1 മണിക്കൂറും 20 മിനിറ്റിലും അങ്ങ് ചെല്ലാം.
ഹൈവേയില്‍ അല്‍പ്പം തിരക്കുണ്ടായിരുന്നു. അത് പിന്നിട്ട് അതിരപ്പിള്ളി റൂട്ടിലേക്ക് തിരഞ്ഞതോടെ വാഹനങ്ങളുടെ എണ്ണവും കുറഞ്ഞുവന്നു. അതോടെ നമ്മുടെ യാത്രയ്ക്ക് കുറച്ച് വേഗം കൈവന്നിരുന്നു. ഒരു ദീര്‍ഘദൂര യാത്രയ്ക്ക് ഇണങ്ങുന്ന വാഹനമാണ് ഹോണ്ടയുടെ എലിവേറ്റ് എസ്.യു.വിയെന്ന് ഓരോ നിമിഷവും മനസിലാക്കിയായിരുന്നു യാത്ര. അത്യാവശ്യം സുപ്പീരിയര്‍ പൊസിഷനിലുള്ള സീറ്റിങ് ആയതിനാല്‍ തന്നെ യാത്രയിലെ കാഴ്ചകള്‍ എല്ലാം ഒന്നൊഴിയാതെ ആസ്വദിക്കാനായി. മാറിമാറിയുള്ള ഡ്രൈവിങ് ആയിരുന്നു. മാനുവല്‍ മോഡലാണ് വാഹനം എന്നറിഞ്ഞപ്പോള്‍ അല്‍പ്പം മടിയായിരുന്നു. എന്നാല്‍, ഡ്രൈവിങ് സീറ്റിലെത്തി അല്‍പ്പസമയത്തിനുള്ളില്‍ ആ പരാതി മാറി. ഇടയ്ക്ക് ഗിയര്‍ മാറേണ്ടിവരുന്നില്ലെന്നത് തന്നെയാണ് അതിനുള്ള കാരണം. കൂടുതല്‍ സമയവും അഞ്ച്-ആറ് ഗിയറുകളിലായിരുന്നു ഡ്രൈവിങ്.
ഈ വഴിയിലൂടെ യാത്ര ചെയ്തിട്ടുള്ള ആളുകള്‍ക്ക് അറിയാം. അത്യാവശ്യം വളവും തിരിവുമുള്ള റോഡായിരുന്നിട്ട് കൂടി ഗിയര്‍ ഷിഫ്റ്റിങ് വളരെ ചുരുക്കമായി മാത്രമാണ് വേണ്ടി വന്നത്. വാഹനത്തിന്റെ വേഗത 30 കിലോമീറ്ററിലേക്ക് താഴ്ന്നിട്ട് പോലും ആറാമത്തെ ഗിയറിലും എന്‍ജിന്‍ ജര്‍ക്ക് ചെയ്യാതിരുന്നത് ശരിക്കും ഞെട്ടിച്ചു. ഓട്ടോമാറ്റിക്-മാനുവല്‍ ഗിയര്‍ ബോക്‌സുകളിലല്ല, എന്‍ജിന്‍ നന്നായാല്‍ ഡ്രൈവിങ് അടിപൊളി ആയിരിക്കുമെന്നത് അതില്‍നിന്ന് ഒന്ന് മനസിലായി. യാത്രയ്ക്ക് ഞങ്ങള്‍ തിരഞ്ഞെടുത്ത വാഹനം തെറ്റിയിട്ടില്ലെന്ന് ഉറപ്പിച്ച് യാത്ര തുടര്‍ന്നു. രണ്ട് മണിക്കൂറിന് മുകളില്‍ എടുത്തു ആദ്യ ലക്ഷ്യമായ അതിരപ്പിള്ളിയില്‍ എത്താന്‍.
വാഹനം പാര്‍ക്ക് ചെയ്ത് അല്‍പ്പം നടന്നുവേണം വെള്ളച്ചാട്ടിലേക്ക് എത്താന്‍. സിനിമയിലും ചിത്രങ്ങളിലും കണ്ടിട്ടുള്ളത് കൊണ്ടുതന്നെ വെള്ളച്ചാട്ടത്തിനോട് അപരിചിതത്വം തോന്നിയില്ല. പ്രതീക്ഷിച്ചത് പോലെ തന്നെ മനോഹരം. സഞ്ചാരികളുടെ തിരക്ക് അല്‍പ്പം കൂടുതലാണ്. ഞങ്ങളുടെ പ്രധാനലക്ഷ്യം മലക്കപ്പാറ ആയതുകൊണ്ടുതന്നെ അധികസമയം അവിടെ ചിലവഴിക്കാതെ തിരിച്ചിറങ്ങി. ഭക്ഷണം കഴിക്കുന്നതിടെയാണ് വെള്ളച്ചാട്ടത്തിന്റെ താഴ്‌വാരത്തെ കുറിച്ച് അറിയുന്നത്. അവിടെ വണ്ടി ഇറങ്ങി ചെല്ലുമെന്നും അറിഞ്ഞു. എന്നാല്‍, പിന്നെ അതുകൂടി കണ്ടുകളയാമെന്ന് കരുതി വാഹനവുമായി അങ്ങോട്ട് തിരിച്ചു. പേരിനുമാത്രമാണ് അങ്ങോട്ട് വഴി. വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സിന് നന്ദി പറഞ്ഞ് വാഹനവുമായി പുഴയ്ക്ക് അരികിലെത്തി. ഇവിടെ വരാതെ പോയിരുന്നുവെങ്കില്‍ വലിയ നഷ്ടമാകുമായിരുന്നു. മെലിഞ്ഞൊഴുകുന്ന പുഴയാണെങ്കിലും പാറക്കെട്ടുകളും പച്ചനിറത്തിലൊഴുകുന്ന പുഴയും മനോഹരമെന്ന് തന്നെ പറയാം.
അതിരപ്പിള്ളിയില്‍ നിന്നും വീണ്ടും ഞങ്ങള്‍ എലിവേറ്റിനെ സ്റ്റാര്‍ട്ട് ചെയ്തു. അതിരപ്പിള്ളിയില്‍ നിന്നും കാടുകടന്നു ചെന്നാല്‍, തേയിലക്കൊളുന്തിലും കോടമഞ്ഞിലും കോര്‍ത്തിട്ട സ്വര്‍ഗതുല്യമായ അതിര്‍ത്തി ഗ്രാമം കാണാം. മലയാളത്തിലും തമിഴിലും ആളുകള്‍ സംസാരിക്കുന്ന കൊച്ചുഗ്രാമം. അതിരപ്പിള്ളിയില്‍ നിന്ന് മലക്കപ്പാറയിലേക്കിവിടുന്ന് 53 കിലോമീറ്ററുണ്ട്. അതില്‍ അമ്പത് കിലോമീറ്ററോളം പച്ചപ്പ് പീലിവിടര്‍ത്തി നില്‍ക്കുന്ന വനമേഖലയാണ്. താരതമ്യേന വീതി കുറഞ്ഞതും വളവുകളും തിരിവുകളും നിറഞ്ഞതുമായ പാതപിന്നിട്ട് മഞ്ഞിന്റെയും തണുപ്പിന്റെയും ലോകം. തമിഴ്നാടിന്റെയും കേരളത്തിന്റെയും അതിര്‍ത്തിയില്‍ കോടമഞ്ഞ് മണ്ണിനെ തൊടുന്ന, തേയില ചെടികള്‍ പച്ചപ്പ് വിതറുന്ന ഒരു ഗ്രാമം. ഏതാണ്ട് അഞ്ചുമണിയോട് അടുപ്പിച്ചാണ് അവിടെ എത്തിയത്.
ഇതുവരെയുള്ള യാത്രയില്‍ എലിവേറ്റ് എസ്.യു.വിയുടെ ഹാന്‍ഡിലിങ് മേന്മ തിരിച്ചറിഞ്ഞത് ഒടുവില്‍ പിന്നിട്ട ഈ 50 കിലോമീറ്ററിലായിരുന്നു. വളവുകളും തിരിവുകളും നിറഞ്ഞ പാതയാതിനാല്‍ തന്നെ ബോഡിറോള്‍ ഉള്‍പ്പെടെയുള്ളവ അനുഭവപ്പെടാനുള്ള സാധ്യത ഏറെയായിരുന്നു. എന്നാല്‍, എലിവേറ്റിന്റെ സസ്പെന്‍ഷന്‍ മാജിക്കില്‍ യാത്രക്കാരന് ഉലച്ചിലിന്റെ ഒരു ലാഞ്ചനപോലും ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. സ്റ്റീയറിങ്ങ് ട്യൂണിങ്ങിലെ മികവുകൊണ്ട് ഡ്രൈവിങ് അനായാസമായിരുന്നുവെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ.
വാല്‍പ്പാറ, ഇത് ശരിക്കും വേറെയൊരു ലോകമാണ്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞുമാണ് യാത്ര. ഓരോ കോണില്‍ നിന്നും വാല്‍പ്പാറയ്ക്ക് വ്യത്യസ്തമായ ഭാവങ്ങളാണ്. തേയിലത്തോട്ടങ്ങള്‍ മാറി മാറി ചിത്രങ്ങള്‍ വരച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ തൊഴിലാളികളുടെ ലയങ്ങള്‍. നരച്ചതും വ്യത്യസ്തവുമായ നിറങ്ങളുടെയും ലയങ്ങള്‍ സിനിമകളുടെ ലൊക്കേഷന്‍ പോലെ മുന്നില്‍ തെളിയുന്നു. ഈ തേയിലത്തോട്ടങ്ങളും അതിനോട് ചേര്‍ന്ന് കിടക്കുന്ന കാടുകളുമാണ് മറ്റൊരു ആകര്‍ഷണം.
വളരെ കുറഞ്ഞ സമയം മാത്രം മലക്കപ്പാറയില്‍ ചിലവഴിച്ച് മടങ്ങാനായിരുന്നു തീരുമാനം. ഏഴ് മണിക്കുള്ളില്‍ ഫോറസ്റ്റ് ചെക്ക്പോസ്റ്റ് കടന്നില്ലെങ്കില്‍ പിന്നെ പിറ്റേന്ന് മാത്രമേ യാത്ര നടക്കൂ. അന്തരീക്ഷം കറുപ്പ് മൂടി തുടങ്ങി. യാത്ര ആരംഭിച്ചതോടെ തുള്ളിക്ക് ഒരുകുടം എന്നപോലെ മഴയുമെത്തി. പിന്നീടുള്ള യാത്രയായിരുന്നു തുടക്കത്തില്‍ പറഞ്ഞ സംഭവമുള്‍പ്പെടെയുള്ള സാഹസിക യാത്ര. കാട്, മഴ, ആന, ആനവണ്ടി കൂടെ ഒരു എലിവേറ്റും ഇതായിരുന്നു ഒറ്റവാക്കില്‍ മടക്കയാത്രയിലെ കോമ്പിനേഷന്‍. യാത്ര ആയാസരഹിതമാക്കിയതില്‍ എലിവേറ്റിലെ എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്ലാമ്പിനും ഡിഫോഗര്‍ സംവിധാനത്തിനുമുള്ള പങ്ക് എടുത്തുപറയണം.
ഏകദേശം അഞ്ചുമണിക്കൂറോളം നീളുന്ന മടക്കയാത്രയില്‍ കൂടുതല്‍ സമയവും മഴ കൂട്ടിനുണ്ടായിരുന്നു. ഒറ്റദിവസത്തെ യാത്ര, പുലര്‍ച്ചെ ആരംഭിച്ച് രാത്രി ഏറെ വൈകി അവസാനിച്ചു. സാധാരണ ഇത്തരം യാത്രകള്‍ അവസാനിക്കുന്നത് മനസ് നിറയുന്ന സന്തോഷത്തിലും ശരീരത്തിനേല്‍ക്കുന്ന ക്ഷീണത്തോടെയുമായിരിക്കും. എന്നാല്‍, ഈ യാത്ര അവസാനിച്ചപ്പോഴുള്ള അനുഭവം ഈ പതിവിന് വിപരീതമായിരുന്നു. ഇതിന്റെ ക്രെഡിറ്റ് യാത്രയ്ക്കായി തിരഞ്ഞെടുത്ത ഹോണ്ട എലിവേറ്റ് എന്ന മിഡ്സൈസ് എസ്.യു.വിക്ക് കൂടി അവകാശപ്പെട്ടതാണ്.
വാഹനത്തെ കുറിച്ച്
ഹോണ്ട കാറുകള്‍ക്ക് കരുത്തേകുന്ന ഐ-വിടെക് പെട്രോള്‍ എന്‍ജിനാണ് എലിവേറ്റ് എസ്.യു.വിയുടെ ഹൃദയം. 1.5 ലിറ്റര്‍ എന്‍ജിന്‍ 121 ബി.എച്ച്.പി. പവറും 145 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, സി.വി.ടി. ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകള്‍ ഈ മോഡലില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്.
Content Highlights: trip to valparai with honda elevate suv