ഡിസയറിനെ വെല്ലുവിളിക്കാന്‍ അമേസ്, പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഹോണ്ട; ഡിസംബറില്‍ വിപണിയില്‍

വാഹനപ്രേമികള്‍ കാത്തിരിക്കുന്ന മൂന്നാംതലമുറ ഹോണ്ട അമേസ് ഡിസംബര്‍ നാലിന് വിപണിയില്‍ അവതരിപ്പിച്ചേക്കും. വാഹനത്തിന്റെ ഏറ്റവും പുതിയ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് ഹോണ്ട ഡിസംബര്‍ നാലിന് വാഹനം അവതരിപ്പിക്കുമെന്ന സൂചന നല്‍കിയിരിക്കുന്നത്. കോംപാക്ട് സെഡാന്‍ വിപണിയില്‍ മാരുതി പുതിയ ഡിസയര്‍ പുറത്തിറക്കിയതിനൊപ്പമാണ് മത്സരം കടുപ്പിക്കാന്‍ അടിമുടി മാറ്റങ്ങളുമായി മൂന്നാംതലമുറ അമേസും വിപണിയിലെത്തുന്നത്.
പുതിയ അമേസിന്റെ മൂന്ന് ടീസര്‍ ചിത്രങ്ങളാണ് ഹോണ്ട ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. വാഹനത്തിന്റെ പുതിയ ഡിസൈന്‍ വ്യക്തമാക്കുന്ന ചിത്രങ്ങളാണിത്. മൂന്നാംതലമുറ അമേസിന്റെ മുന്‍വശത്ത് അടിമുടി മാറ്റങ്ങളാണുള്ളത്. ഹെക്‌സാഗൊണല്‍ ഗ്രില്ലും സ്ലീക്ക് എല്‍.ഇ.ഡി. ഹെഡ്‌ലൈറ്റുകളും ഡി.ആര്‍.എല്ലും കാറിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. പിന്‍വശത്ത് സഹോദരനായ ഹോണ്ട സിറ്റിയെ അനുസ്മരിപ്പിക്കുംവിധമാണ് അമേസിന്റെയും ഡിസൈന്‍. ഇതിനൊപ്പം ഡ്യൂവല്‍ ടോണ്‍ അലോയിയും വാഹനത്തിനുണ്ട്. ഹോണ്ടയുടെ പുതിയ എസ്.യു.വി.യായ എലവേറ്റില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് അമേസിന്റെ ഇന്റീരിയര്‍. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോന്‍ടെയ്ന്‍മെന്റ് സിസ്റ്റം ഡാഷ്‌ബോര്‍ഡിന്റെ മധ്യഭാഗത്തായി നല്‍കിയിരിക്കുന്നു.
ഹോണ്ടയുടെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനിലാകും മൂന്നാംതലമുറ അമേസും വിപണിയിലെത്തുകയെന്നാണ് സൂചന. 87.7 ബി.എച്ച്.പി. കരുത്തും പരമാവധി 110 എന്‍.എം. ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ് ഓപ്ഷനിലും സി.വി.ടി. ഓപ്ഷനിലും അമേസ് വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
Content Highlights: new honda amaze teaser images and will launch on december