എംജിയുടെ വെബ്‌സൈറ്റില്‍ മൂന്ന് മോഡലുകള്‍; ഹെക്ടര്‍ പ്ലസ് ലിസ്റ്റ് ചെയ്തു

ഹെക്ടർ എസ്യുവി, ZS ഇലക്ട്രിക് എന്നീ രണ്ട് മോഡലുകൾ മാത്രമുണ്ടായിരുന്ന എംജിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഹെക്ടർ പ്ലസ് എന്ന പുതിയ എസ്യുവി സ്ഥാനം പിടിച്ചു. ഹെക്ടറിന്റെ ആറ്-ഏഴ് സീറ്റർ പതിപ്പായ ഹെക്ടർ പ്ലസിന്റെ വരവിന് അധികം താമസമില്ലെന്ന സൂചന നൽകിയാണ് ഈ വാഹനം വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഈ വാഹനത്തിന്റെ നിർമാണം എംജിയുടെ ഗുജറാത്തിലെ ഹാലോൽ പ്ലാന്റിൽ ആരംഭിച്ചത്. നിർമാണം പൂർത്തിയായ ആദ്യ ഹെക്ടർ പ്ലസിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഈ വാഹനം ജൂലൈ രണ്ടാമത്തെ ആഴ്ചയോടെ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുഖഭാവത്തിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തിയാണ് ഹെക്ടർ പ്ലസ് എത്തുന്നത്. ഗ്രില്ല് റെഗുലർ മോഡലിലേത് നിലനിർത്തിയെങ്കിലും ഹെഡ്ലൈറ്റ്, ഡിആർഎൽ തുടങ്ങിയവയുടെ ഡിസൈനിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. സ്കിഡ് പ്ലേറ്റും പ്ലാസ്റ്റിക് ക്ലാഡിങ്ങും നൽകിയ വലിയ ബംമ്പറും ഹെക്ടർ പ്ലസിന്റെ മുൻവശത്തെ ഹെക്ടറിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
ഇന്റീരിയറിലെ ഫീച്ചറുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, സീറ്റുകളുടെ എണ്ണം ഉയരുന്നതിനൊപ്പം വാഹനത്തിന്റെ നീളം അൽപ്പം ഉയർത്തിയിട്ടുണ്ട്. ഹെക്ടറിന്റെ സിഗ്നേച്ചറായിരുന്ന ഇന്റർനെറ്റ് കാർ സാങ്കേതികവിദ്യ ഹെക്ടർ പ്ലസിലേക്ക് പറിച്ചുനടുന്നുണ്ടെന്നാണ് നിർമാതാക്കൾ അറിയിച്ചത്.
മൈൽഡ് ഹൈബ്രിഡ് ഉൾപ്പെടെ രണ്ട് 1.5 ലിറ്റർ പെട്രോൾ എൻജിനിലും 2.0 ലിറ്റർ ഡീസൽ എൻജിനിലുമാണ് ഹെക്ടർ പ്ലസ് എത്തുന്നത്. ഡീസൽ എൻജിൻ 170 പിഎസ് പവറും 350 എൻഎം ടോർക്കും ടർബോ പെട്രോൾ എൻജിൻ 143 പിഎസ് പവറും 250 എൻഎം ടോർക്കും ഹൈബ്രിഡ് എൻജിൻ 143 പിഎസ് പവറും 250 എൻഎം ടോർക്കുമേകും. ആറ് സ്പീഡ് മാനുവൽ, ഡ്യുവൽ ക്ലെച്ച് എന്നിവയായിരിക്കും ട്രാൻസ്മിഷൻ.
Content Highlights:MG Hector Plus Listed On Their Official Website
Content Highlights: