എക്സ്റ്റര്‍ ഇനി ഡാര്‍ക്ക് സീനാണ്, നൈറ്റ് എഡിഷന്‍ മോഡല്‍ പുറത്തിറക്കി ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ വാഹനനിരയിലെ ഏറ്റവും ചെറിയ വാഹനമാണ് എക്‌സ്റ്റര്‍. അവതരിപ്പിച്ച ഒരുവര്‍ഷം പിന്നിടുന്ന ഈ വാഹനം സ്വന്തമാക്കിയിട്ടുള്ള വിജയം പക്ഷെ, ഒട്ടും തന്നെ ചെറുതല്ല. വില്‍പ്പനയില്‍ ഹ്യുണ്ടായി വലിയ നേട്ടങ്ങള്‍ സമ്മാനിച്ച എക്സ്റ്ററിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി പുതിയ നൈറ്റ് എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് ഹ്യുണ്ടായി. SX, SX(O) എന്നീ രണ്ട് വേരിയന്റുകളെ അടിസ്ഥാനമാക്കി എത്തിയിട്ടുള്ള നൈറ്റ് എഡിഷന് 8.38 ലക്ഷം രൂപ മുതല്‍ 10.43 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
റെഗുലര്‍ എക്‌സ്റ്ററിന്റെ ഡിസൈന്‍ ഡി.എന്‍.എയില്‍ കോസ്മറ്റിക് പുതുമകള്‍ വരുത്തിയാണ് നൈറ്റ് എഡിഷനാക്കിയിരിക്കുന്നത്. ഇതിനൊപ്പം കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം നല്‍കുന്നതിനായി റെഡ് ആക്‌സെന്റുകളും ഈ വാഹനത്തില്‍ അങ്ങിങ്ങായി നല്‍കിയിട്ടുണ്ട്. ബ്ലാക്ക് നിറത്തില്‍ മുന്നിലും പിന്നിലും നല്‍കിയിട്ടുള്ള സ്‌കിഡ് പ്ലേറ്റ് ഈ വാഹനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. മുന്നിലെ ബംമ്പറില്‍ റെഡ് നിറത്തിലുള്ള ലൈനുകള്‍ നല്‍കിയതാണ് മുഖഭാവത്തിലെ പ്രധാന കൂട്ടിച്ചേര്‍ക്കല്‍.
പൂര്‍ണമായും കറപ്പുണിഞ്ഞ അലോയി വീലുകള്‍ ഇതിന് ഏറ്റവും ഇണങ്ങുന്ന തരത്തില്‍ ചുവപ്പ് നിറത്തില്‍ ഒരുക്കിയിട്ടുള്ള ബ്രേക്ക് കാലിപ്പറുകള്‍, നൈറ്റ് എഡിഷന്‍ എംബ്ലം, ഹ്യുണ്ടായി എക്സ്റ്റര്‍ ബാഡ്ജിങ്ങ് എന്നിവയിലും ചില പ്രത്യേകതകള്‍ വരുത്തിയിട്ടുണ്ട്. മുന്നിലെ ബമ്പറില്‍ നല്‍കിയിരുന്നതിന് സമാനമായ റെഡ്‌ലൈന്‍ ഹാച്ച്‌ഡോറിന്റെ താഴെ ഭാഗത്തും നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ ബോഡി കളറിന് ഏറ്റവും ഇണങ്ങുന്ന തരത്തിലാണ് ക്ലാഡിങ്ങ് ഉള്‍പ്പെടെയുള്ള അലങ്കാരങ്ങള്‍ നല്‍കിയിട്ടുള്ളത്.
എക്സ്റ്റീരിയറിന് അഴകേകുന്ന നിറങ്ങള്‍ തന്നെയാണ് അകത്തളത്തിലും നല്‍കിയിരിക്കുന്നത്. കറുപ്പ് നിറമുള്ള ഇന്റീരിയറില്‍ ചുവപ്പ് സ്റ്റിച്ചിങ്ങുകളും ആക്‌സെന്റുകളുമാണ് നല്‍കിയിട്ടുള്ളത്. മെറ്റല്‍ സ്‌കഫ് പ്ലേറ്റ്, റെഡ് സ്റ്റിച്ചിങ്ങ് നല്‍കിയിട്ടുള്ള ഫ്‌ളോര്‍മാറ്റ്, റെഡ് പൈപ്പുകളും സ്റ്റിച്ചും നല്‍കുന്ന നൈറ്റ് സീറ്റുകള്‍, ബ്ലാക്ക് സാറ്റിന്‍ ഇന്റീരിയര്‍ ഡോര്‍ ഹാന്‍ഡില്‍ എന്നിവയാണ് ഇന്റീരിയറിന് സ്‌പോര്‍ട്ടി ഭാവം നല്‍കുന്നത്. മറ്റ് ഫീച്ചറുകളും ഡിസൈനും റെഗുലര്‍ എക്സ്റ്ററിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ്.
റെഗുലര്‍ എക്‌സ്റ്റര്‍, ഗ്രാന്റ് ഐ10 നിയോസ് എന്നീ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനില്‍ തന്നെയാണ് എക്സ്റ്ററിന്റെ നൈറ്റ് എഡിഷനും ഒരുങ്ങിയിരിക്കുന്നത്. 83 ബി.എച്ച്.പി. പവറും 114 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. സ്മാര്‍ട്ട് ഓട്ടോ എ.എം.ടി, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും എക്സ്റ്റര്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.
Content Highlights: Hyundai launches night edition of exter micro suv in India