ഹ്യുണ്ടായിയുടെ കിരീടത്തിലെ പൊന്‍തൂവല്‍; കാര്‍ ഓഫ് ദി ഇയര്‍ ആയി എക്സ്റ്റര്‍ എസ്.യു.വി.

ജൂലായ് പത്തിനാണ് ഹ്യുണ്ടായ് എക്സ്റ്റര്‍ എന്ന മൈക്രോ എസ്.യു.വി. ഹ്യുണ്ടായിയുടെ വാഹന ശ്രേണിയുടെ ഭാഗമാകുന്നത്. ആദ്യദിനം മുതല്‍ ഇന്നുവരെ ഒരുപോലെ സ്വീകരിക്കപ്പെട്ട വാഹനം അതിവേഗത്തില്‍ ഒരുലക്ഷം ബുക്കിങ്ങും സ്വന്തമാക്കിയിരുന്നു. നേട്ടങ്ങളുടെ നെറുകയില്‍ നില്ക്കുന്ന ഈ വാഹനത്തെ തേടി മറ്റൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. ഈ വര്‍ഷം നിരത്തുകളില്‍ എത്തിയ ഏറ്റവും മികച്ച വാഹനമായി പരിഗണിച്ച് ഇന്ത്യ കാര്‍ ഓഫ് ദി ഇയര്‍ പുരസ്കാരമാണ് ഹ്യുണ്ടായി എക്സ്റ്ററിനെ തേടി എത്തിയിരിക്കുന്നത്.
2023-ല്‍ എത്തിയ ഏറ്റവും മികച്ച മോഡലുകള്‍ എന്ന നിസംശയം പറയാന്‍ സാധിക്കുന്ന ഹോണ്ട എലിവേറ്റ്, ടൊയോട്ട ഇന്നോവ ഹൈക്രോസ് എന്നീ വാഹനങ്ങള്‍ക്ക് ശക്തമായ മത്സരം സമ്മാനിച്ചാണ് ഈ വാഹനം മികച്ച മോഡലായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനം എലിവേറ്റ്, ഹൈക്രോസ് എന്നീ മോഡലുകള്‍ പങ്കിട്ടെടുക്കും. 18 അംഗ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റുകള്‍ അടങ്ങുന്ന ഇന്ത്യ കാര്‍ ഓഫ് ദി ഇയര്‍ ജൂറി അംഗങ്ങളാണ് ഈ വാഹനത്തെ മികച്ച മോഡലായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഹ്യുണ്ടായ് എക്സ്റ്ററിന് ലഭിച്ച നേട്ടത്തിന് പുറമെ, ഹ്യുണ്ടായിയുടെ ഇലക്ട്രിക് മോഡലായ അയോണിക്-5 ഗ്രീന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് വാഹനങ്ങള്‍ക്ക് ഐകോട്ടി അംഗീകാരം ലഭിച്ചത് വലിയ നേട്ടമായാണ് കണക്കാക്കുന്നത്. ഉപയോക്താക്കള്‍ അര്‍പ്പിച്ച വിശ്വാസവും പരിഗണനയുമാണ് ഹ്യുണ്ടായിയുടെ വാഹനങ്ങളുടെ നേട്ടത്തിന് പിന്നിലെ ശക്തി. അതുകൊണ്ടുതന്നെ ഉപഭോക്തൃ സേവനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ ഹ്യുണ്ടായി പ്രതിജ്ഞബദ്ധമാണെന്ന് ഹ്യുണ്ടായ് ഇന്ത്യ സി.ഒ.ഒ. അഭിപ്രായപ്പെട്ടു.
ഹ്യുണ്ടായിയുടെ എക്സ്റ്ററിന് പുറമെ, ഹോണ്ട എലിവേറ്റ്, ടൊയോട്ട ഇന്നോവ ഹൈക്രോസ്, മാരുതി സുസുക്കി ജിമ്നി, സിട്രോണ്‍ സി3 എയര്‍ക്രോസ്, ഹ്യുണ്ടായി വെര്‍ണ, മഹീന്ദ്ര എക്സ്.യു.വി.400, എം.ജി. കോമറ്റ് തുടങ്ങിയ വാഹനങ്ങളും ഇന്ത്യ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മത്സരരംഗത്തുണ്ടായിരുന്നു. ഈ വാഹനങ്ങളെല്ലാം തന്നെ വില്‍പ്പനയില്‍ ഉള്‍പ്പെടെ 2023-ല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച മോഡലുകളാണ്. മുമ്പും ഹ്യുണ്ടായിയുടെ നിരവധി മോഡലുകള്‍ ഈ നേട്ടത്തിന് അര്ഹമായിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍.
ഹ്യുണ്ടായ് ഗ്രാന്റ് ഐ10 നിയോസ്, ഓറ തുടങ്ങിയ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനിലാണ് എക്സ്റ്റര്‍ എസ്.യു.വിയും എത്തിയിട്ടുള്ളത്. 83 ബി.എച്ച്.പി. പവറും 114 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്ജിന് ഉത്പാദിപ്പിക്കുന്നത്. പെട്രോളിനൊപ്പം സി.എന്‍.ജി കിറ്റും നല്കുന്ന മറ്റൊരു വേരിയന്റും എക്സ്റ്ററിലുണ്ട്. സ്മാര്‍ട്ട് ഓട്ടോ എ.എം.ടി, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ട്രാന്സ്മിഷന് ഓപ്ഷനുകളിലും എക്സ്റ്റര്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.
Content Highlights: Hyundai achieve India car of the year award, Hyundai Exter, ICOTY, India Car Of The Year