ഇന്ത്യക്കായി കരുതിവെച്ച വജ്രായുധം; ഇഷ്ടംപോലെ മൈലേജ്, കിടിലൻ ലുക്ക്‌; ഹോണ്ട ZR-V നമ്മുടെ നിരത്തിൽ

#സി. സജിത്
ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിച്ച ഇസെഡ്.ആര്‍-വി എസ്‌യുവി | Photo: Honda Cars India
ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിച്ച ഇസെഡ്.ആര്‍-വി എസ്‌യുവി | Photo: Honda Cars India

ഹോണ്ടയുടെ കരുത്തിന്റെ പ്രതീകം ഇന്ത്യയിലേക്ക് വരുകയാണ്. കുറേ കാലത്തിന് ശേഷമാണ് പുതിയൊരു വാഹനവുമായി ഹോണ്ട ഇന്ത്യയിൽ വരുന്നത്. ഇസെഡ്.ആർ.-വി. എന്ന ഹൈബ്രിഡ് പ്രീമിയം എസ്.യു.വി.യാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.

ഹോണ്ടയുടെ ആഗോള നിരയിൽ കരുത്തനാണിത്. ഡൽഹിയിൽ മുഖംമാറിയ ഹോണ്ട സിറ്റിയുടെ പുറത്തിറക്കലിനിടെയായിരുന്നു ഇത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനത്തിന്റെ വില പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ലെങ്കിലും പ്രീ-ബുക്കിങ് ഹോണ്ട ആരംഭിച്ചിട്ടുണ്ട്.

തനി എസ്.യു.വി.

ഹോണ്ടയുടെ പരമ്പരാഗത രൂപശൈലിയിൽ നിന്നും പൂർണമായും അകന്നു നിൽക്കുന്നതാണ് ഇസെഡ്.ആർ.-വി. എൽ. ആകൃതിയിലുള്ള ഡി.ആർ.എല്ലുകളുള്ള സ്ലീക്ക് എൽ.ഇ.ഡി. ഹെഡ്ലൈറ്റുകൾക്ക് നല്ല ഭംഗിയുണ്ട്. കറുത്ത ഗ്രില്ലും മുൻബമ്പറിൽ ഫങ്ഷണൽ എയർ വെന്റുകളും വരുന്നു. 18 ഇഞ്ച് അലോയ് വീലുകളുടെ വീൽ ആർച്ചുകളിലും ഡോറുകളുടെ താഴത്തെ ഭാഗത്തും ഗ്ലോസ്-ബ്ലാക്ക് ക്ലാഡിങ് വരുന്നു.

പിന്നിൽ കണക്ടഡ് ടെയിൽലൈറ്റുകൾ വന്നിട്ടില്ല. രണ്ട് എക്സ്ഹോസ്റ്റ് ഔട്ട്ലെറ്റുകളുണ്ട്. ഇന്റീരിയറിലും ഹോണ്ട ടച്ച് കൊണ്ടുവരുന്നുണ്ട്. ഫീച്ചർ റിച്ചാണ് ഈ വാഹനം. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഡാഷ്ബോർഡിൽ ഭദ്രം.

ഒപ്പം 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, 12-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, സീറ്റുകൾക്ക് ലെതറെറ്റ് അപ്ഹോൾസ്റ്ററി, രണ്ട് നിര യാത്രക്കാർക്കും സെന്റർ ആംറെസ്റ്റ്, 8-വേ പവേർഡ് ഡ്രൈവർ സീറ്റ്, 4-വേ പവേർഡ് കോ-ഡ്രൈവർ സീറ്റ്, പവേർഡ് ടെയിൽഗേറ്റ്, ആംബിയന്റ് ലൈറ്റിങ് തുടങ്ങിയവയെല്ലാം കൊണ്ട് സമ്പന്നമാണ് ഉൾവശം. ടച്ച് ബട്ടനുകൾക്ക് പുറമേ ആവശ്യത്തിന് ഫിസിക്കൽ ബട്ടണുകളും നോബുകളും കൊണ്ടുവന്നിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. എട്ട് എയർബാഗുകൾ, ലെവൽ-2 അഡാസ് എന്നിവയും സുരക്ഷയുടെ മാറ്റു കൂട്ടുന്നു.

2.0 ലിറ്റർ ഫോർ സിലിൻഡർ പെട്രോൾ എൻജിനും ഡ്യുവൽ-മോട്ടോർ സ്ട്രോങ്-ഹൈബ്രിഡ് സിസ്റ്റവുമാണ് ഹൃദയം. ഇ-സി.വി.ടി. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ചേർന്നിരിക്കുന്നത്. 184 ബി. എച്ച്.പി.യിൽ 315 എൻ.എം. ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ലിറ്ററിന് 22.79 കിലോമീറ്റർ മൈലേജ് കിട്ടുമെന്ന് കമ്പനി ഉറപ്പിക്കുന്നുണ്ട്. 40 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.

Content Highlights: Powerful 2.0L petrol engine with strong-hybrid technology., Delivers 184 BHP and 315 Nm torque with 22.79 kmpl fuel efficiency., Premium interiors featuring 12-speaker Bose audio and panoramic sunroof., Advanced safety with 8 airbags and Level-2 ADAS., Pre-booking is currently open for the imported premium SUV.