'ഇനി നടക്കപ്പോറത് യുദ്ധം'; ഡിസയറിന് ചെക്ക് വെക്കാന്‍ മൂന്നാംതലമുറ അമേസുമായി ഹോണ്ട

ഇന്ത്യയിലെ കോംപാക്ട് സെഡാന്‍ വാഹനവിപണിയില്‍ ഒരു യുദ്ധത്തിന് കളമൊരുങ്ങുകയാണ്. ഒന്നാം സ്ഥാനക്കാരനായ മാരുതി സുസുക്കി ഡിസയറിന്റെ പുതിയ മോഡല്‍ നിരത്തുകളില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രധാന എതിരാളിയായ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ മോഡലിന്റെ വരവും നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. വലിയ ഡിസൈന്‍ മാറ്റങ്ങളോടെ എത്തുന്ന പുതിയ അമേസിന്റെ സൂചന ചിത്രം അടക്കമാണ് ഹോണ്ട വരവ് പ്രഖ്യാപിച്ചിരിക്കുന്നത്.
സെഡാന്‍ പാരമ്പര്യം ആവശ്യത്തിലേറെയുള്ള ഹോണ്ട 2013-ലാണ് അമേസ് എന്ന കോംപാക്ട് സെഡാന്‍ ഇന്ത്യയില്‍ എത്തിക്കുന്നത്. താരതമ്യേന ഒതുങ്ങിയ വാഹനം എന്ന നിലയില്‍ നഗരപ്രദേശങ്ങളില്‍ ഉള്‍പ്പെടെ മികച്ച സ്വീകാര്യതയാണ് ഈ വാഹനത്തിന് ലഭിച്ചത്. 2018-ലാണ് അമേസിലെ ആദ്യ തലമുറമാറ്റമുണ്ടാകുന്നത്. കൂടുതല്‍ ബോക്‌സി ഭാവം കൈവരിച്ചതായിരുന്നു പ്രധാന ഡിസൈന്‍ മാറ്റം. ഈ മോഡലും വിപണിയില്‍ ചലനം സൃഷ്ടിച്ചിരുന്നു. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അമേസ് മൂന്നാം തലമുറയിലേക്ക് മാറാനൊരുങ്ങുന്നത്.
പുറത്തുവന്നിട്ടുള്ള ടീസര്‍ ചിത്രം അനുസരിച്ച് കൂടുതല്‍ ഷാര്‍പ്പായിട്ടുള്ള ഡിസൈനാണ് മുന്‍ഭാഗത്തിനുള്ളത്. ഡ്യുവല്‍ സ്‌ക്വയര്‍ എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ ഷേപ്പിലുള്ള ഡി.ആര്‍.എല്‍. താരതമ്യേന വലിപ്പം കുറഞ്ഞ ഗ്രില്ല്, കൂടുതല്‍ സ്‌പോര്‍ട്ടിയായ ബമ്പര്‍, ക്രീസസും പവര്‍ലൈനുകളും നല്‍കി രൂപകല്‍പ്പന ചെയ്തിരിക്കുന്ന നീളമുള്ള ബോണറ്റ് എന്നിവയാണ് ടീസറില്‍ വെളിപ്പെടുത്തിയിട്ടുള്ള ഡിസൈന്‍ സവിശേഷതകള്‍. മറ്റ് പ്രത്യേകതകളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.
കൂടുതല്‍ ഫീച്ചര്‍ സമ്പന്നമായായിരിക്കും മൂന്നാം തലമുറ അമേസിന്റെ അകത്തളം ഒരുങ്ങുകയെന്നാണ് സൂചന. ഹോണ്ടയുടെ മുന്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ടയര്‍ വണ്‍, ടയര്‍ ടൂ സിറ്റികളാണ് ഹോണ്ട അമേസിന്റെ പ്രധാന വിപണി. ഹോണ്ട ഇന്ത്യയുടെ വില്‍പ്പനയുടെ സിംഹഭാഗവും അമേസിന്റെ സംഭാവനയാണ്. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് പ്രീമിയം അനുഭവം ഉറപ്പാക്കിയിട്ടുള്ള ഹോണ്ട അമേസ് അടുത്ത ഘട്ടത്തിലേക്കുള്ള ചുവടുവയ്പ്പാണെന്നാണ് ഹോണ്ട ഇന്ത്യ അറിയിച്ചിരിക്കുന്നത്.
ഡിസൈനിലും ഫീച്ചറുകളിലും മാറ്റങ്ങള്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മെക്കാനിക്കലായുള്ള പുതുക്കത്തിന് ഹോണ്ട മുതിരില്ലെന്നാണ് വിലയിരുത്തലുകള്‍. 90 ബി.എച്ച്.പി. പവറും 110 എന്‍.എം. ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയായിരിക്കും മൂന്നാം തലമുറ അമേസിലും നല്‍കുക. അഞ്ച് സ്പീഡ് മാനുവല്‍, സി.വി.ടി. ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്സുകളായിരിക്കും ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുക. ഇന്ധനക്ഷമത ഈ വരവിലും പ്രധാന ആകര്‍ഷണമായി തുടരും.
Content Highlights: Honda Cars India releases Teaser image for the All-New 3rd Generation Honda Amaze