20 ലക്ഷം പേരുടെ വിശ്വാസം, ഇന്ത്യയില്‍ പുതിയ ചരിത്രം കുറിച്ച് ഹോണ്ട കാര്‍സ്

ഹോണ്ട സിറ്റി | Photo: Honda
ഹോണ്ട സിറ്റി | Photo: Honda

ഇന്ത്യയിലെ പ്രീമിയം വാഹന നിര്‍മാതാക്കളില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിട്ടുള്ള കമ്പനിയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട. ഇന്ത്യന്‍ നിരത്തുകളില്‍ രണ്ട് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഹോണ്ട പുതിയ നേട്ടത്തിന്റെ നിറവിലാണ്. നിരത്തുകളില്‍ 20 ലക്ഷം വാഹനങ്ങള്‍ എത്തിച്ചതാണ് ഹോണ്ട സ്വന്തമാക്കിയിട്ടുള്ള പുതിയ നാഴികക്കല്ല്. എല്ലാ കാലത്തും ഹോണ്ടയുടെ മുഖമായി വിശേഷിപ്പിക്കുന്ന സിറ്റിയാണ് 20 ലക്ഷം എന്ന മാജിക്ക് നമ്പര്‍ തികച്ച് പുറത്തിറങ്ങിയത്.

1995 ഡിസംബറിലാണ് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് എന്ന പേരില്‍ ഈ ജാപ്പനീസ് കമ്പനി ഇന്ത്യയില്‍ എത്തുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 1997 ഡിസംബറില്‍ ഹോണ്ട ഇന്ത്യയില്‍ വാഹനം നിര്‍മിക്കാനും ആരംഭിച്ചിരുന്നു. ലോകോത്തര നിലവാരത്തിലുള്ള വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ച് ഉപയോക്താക്കളില്‍ എത്തിക്കുക എന്നതായിരുന്നു ഹോണ്ടയുടെ പ്രധാന ലക്ഷ്യം. 20 ലക്ഷം എന്ന ഈ നേട്ടം ഇന്ത്യയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയോടുള്ള പ്രതിബദ്ധതയുമായാണ് ഹോണ്ട കാണുന്നത്. 

25 വര്‍ഷത്തെ പ്രവര്‍ത്തനത്തിലുടെ നേടിയ 20 ലക്ഷം സന്തുഷ്ടരായ ഉപയോക്താക്കളെ ചരിത്രനേട്ടമായാണ് കാണുന്നതെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. കാലഘട്ടത്തിനനുസരിച്ച് അത്യാധുനിക ഉത്പന്നങ്ങള്‍ എത്തിക്കുന്നതോടെ ഇന്ത്യയിലും വിദേശത്തും വിപണിയില്‍ മത്സരിക്കുന്നതിനുള്ള ശേഷി ഹോണ്ടയ്ക്ക് നല്‍കുന്നുണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. തുടര്‍ന്നും ആധുനിക സംവിധാനങ്ങളും കാര്യക്ഷമതയുമുള്ള വാഹനങ്ങള്‍ എത്തിക്കാന്‍ ഹോണ്ട പ്രതിജ്ഞബദ്ധമാണെന്നുമാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. 

പ്രധാന വിപണി എന്നതിലുപരി ഹോണ്ടയെ സംബന്ധിച്ച് നിര്‍മാണ ഹബ്ബ് കൂടിയാണ് ഇന്ത്യ. ഇവിടെ പൂര്‍ണമായും നിര്‍മിച്ച വാഹനങ്ങളും മറ്റ് പാര്‍ട്‌സുകളും വിദേശ രാജ്യങ്ങളില്‍ എത്തിക്കുന്നുണ്ട്. ഹോണ്ടയെ ഏറ്റവുമധികം ജനപ്രിയമാക്കുന്ന വാഹനങ്ങളായ സിറ്റി, അമേയ്‌സ് എന്നീ സെഡാന്‍ വാഹനങ്ങള്‍ ഇന്ത്യയില്‍ നിന്ന് 15 രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നതെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. ഇതിനൊപ്പം ഇന്ത്യയിലെ ഉപയോക്താക്കളുടെ ആവശ്യങ്ങളും കമ്പനിയുടെ പ്രധാന പരിഗണനയാണ്.

പ്രതിവര്‍ഷം 1,80,000 വാഹനങ്ങള്‍ നിര്‍മാണ ശേഷിയുള്ള പ്ലാന്റാണ് ഹോണ്ടയ്ക്ക് രാജസ്ഥാനിലെ തപുകരയിലുള്ളത്. 450 ഏക്കര്‍ സ്ഥലത്താണ് ഈ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി ഇന്ത്യയില്‍ നടത്തിയിട്ടുള്ളതെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. കഴിഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് വലിയ വിപണന ശൃംഖലയും ഹോണ്ട നിര്‍മച്ചിട്ടുണ്ട്. രാജ്യത്തെ 242 നഗരങ്ങളിലായി 330 ഡീലര്‍ഷിപ്പുകളാണ് ഹോണ്ടയ്ക്ക് ഉള്ളത്.

സിറ്റി എന്ന പ്രീമിയം സെഡാനാണ് ഹോണ്ടയ്ക്ക് ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരെ സമ്മാനിച്ചിട്ടുള്ള മോഡല്‍. ഈ വാഹനത്തിന്റെ അഞ്ചാം തലമുറ പതിപ്പ്, നാലാം തലമുറ മോഡല്‍ എന്നിവയ്ക്ക് പുറമെ, ഹൈബ്രിഡ് പതിപ്പായ സിറ്റി എച്ച്.ഇ.വി. മോഡലും ഇന്ത്യന്‍ വിപണിയില്‍ എത്തുന്നുണ്ട്. ഇതിനുപുറമെ, ഫാമിലി സെഡാന്‍ കാര്‍ എന്ന വിശേഷണം സ്വന്തമാക്കിയ അമേയ്‌സ്, പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ജാസ്, ഡബ്ല്യു.ആര്‍.വി. എന്നീ വാഹനങ്ങളാണ് നിലവില്‍ ഹോണ്ട ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുള്ളത്.

Content Highlights: Honda Cars India reaches 2 Million Production milestone in India, Honda City