കോവിഡിനെ അതിജീവിക്കാന്‍ മുന്നിട്ടിറങ്ങി ഹോണ്ട; സംസ്ഥാനങ്ങള്‍ക്ക് 6.5 കോടി രൂപയുടെ സഹായം

കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം ഒരുക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ഹോണ്ട ഇന്ത്യ ഹൗണ്ടേഷനും രംഗത്ത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 6.5 കോടി രൂപയുടെ ധനസഹായമാണ് ഹോണ്ട വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് ഹോണ്ടയുടെ ധനസഹായം ലഭ്യമാക്കുന്നത്.
ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, ഹോണ്ട കാര്‍സ് ഇന്ത്യ കമ്പനികളുടെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗമാണ് സംസ്ഥാനങ്ങള്‍ക്ക് പണം കൈമാറുന്നത്. ഇതിനുപുറമെ, ഹോണ്ടയുടെ നേതൃത്വത്തില്‍ കോവിഡ് കെയര്‍ ഐസോലേഷന്‍ സെന്ററുകളും ഓക്‌സിജന്‍ പൊഡക്ഷന്‍ പ്ലാന്റുകളും ആരംഭിക്കുമെന്നും ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
രാജ്യം മുമ്പ് അഭിമുഖികരിച്ചിട്ടില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഈ സഹചര്യത്തില്‍ കൂട്ടായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. അതിനാലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഹോണ്ടയും പങ്കാളികളാകുന്നത്. പ്രതസന്ധിയില്‍ കഴിയുന്ന ജനങ്ങളെയും കുടുംബങ്ങളെയും സഹായിക്കാന്‍ ഹോണ്ട പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി അറിയിച്ചു.
ഹോണ്ട ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കമ്പനിയുടെ മനേസറിലെ പ്ലാന്റില്‍ 100 ബെഡുകളുള്ള കോവിഡ് കെയര്‍ സെന്റര്‍ ആരംഭിക്കുന്നുണ്ട്. ഇതിനുപുറമെ, രാജസ്ഥാനിലെ താപ്പുകര സര്‍ക്കാര്‍ സ്‌കൂളിലും കോവിഡ് കെയര്‍ സെന്റര്‍ ഒരുക്കുന്നുണ്ട്. അടുത്ത ആഴ്ചയോടെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് സ്ഥലങ്ങളിലും സമാനമായ സംരംഭങ്ങള്‍ ആരംഭിക്കും.
കര്‍ണാടക, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഹോണ്ട ഫൗണ്ടേഷന്‍ ഓക്‌സിജന്‍ പ്ലാന്റുകളും തുറക്കുന്നുണ്ട്. ഇതിനൊപ്പം, വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് പി.പി.ഇ കിറ്റ്, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ പ്രൊട്ടക്ഷന്‍ കിറ്റുകളുടെ വിതരണവും ഹോണ്ട ഒരുക്കുന്നുണ്ട്. കോവിഡ് മുന്‍നിര പോരാളികള്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കാനും ഹോണ്ട സന്നദ്ധത അറിയിച്ചു.
Content Highlights: Honda Foundation Announce 6.5 Crore Rupees For Covid Relief
Content Highlights: