ക്രൂയിസ് കൺട്രോളും പുതിയ നിറവും, പുത്തൻ കെടിഎം ഡ്യൂക്ക് 390 ഇന്ത്യയിലെത്തി

യുവാക്കളുടെ ഹരമായ കെടിഎമ്മിന്റെ അഡ്വഞ്ചർ ബൈക്കായ ഡ്യൂക്ക് 390-യുടെ 2025 പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ നിറത്തോടൊപ്പം കൂടുതൽ ഫീച്ചറുകളുമായാണ് പുത്തൻ 390-യെ ഓസ്ട്രിയൻ മോട്ടോർ സൈക്കിൾ നിർമാതാക്കളായ കെടിഎം എത്തിച്ചിരിക്കുന്നത്.
ഡിസൈൻ
മുൻ പതിപ്പിന്റെ ഡിസൈൻ അതേപടി തുടർന്നിരിക്കുന്നു. എന്നാൽ ഇബോണി ബ്ലാക്ക് എന്ന പുതിയ ഡാർക്ക് പെയിന്റ് ഓപ്ഷൻ ഈ വരവിലെ പ്രധാന സവിശേഷതയാണ്. മുൻപുണ്ടായിരുന്ന അറ്റ്ലാന്റിക് ബ്ലൂ, ഇലക്ട്രോണിക് ഓറഞ്ച് മെറ്റാലിക്ക് നിറങ്ങൾ നിലനിർത്തിയിട്ടുമുണ്ട്.
സവിശേഷതകൾ
ക്രൂയിസ് കൺട്രോൾ സംവിധാനം കൊണ്ടുവന്നു എന്നതാണ് 2025 മോഡലിലെ പ്രധാന കൂട്ടിച്ചേർക്കൽ. ഹാൻഡിൽ ബാറിൽ ഇടതുഭാഗത്തായി ഒരു ടോഗിൾ സ്വിച്ച് ക്രൂയിസ് കൺട്രോൾ നിയന്ത്രിക്കാനായി നൽകിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ 390 അഡ്വഞ്ചറിലാണ് കെടിഎം ആദ്യമായി ക്രൂയിസ് കൺട്രോൾ അവതരിപ്പിച്ചത്. ദീർഘദൂര യാത്രകൾക്ക് ഏറെ പ്രയോജനപ്പടുമെന്നതിനാൽ അത്തരക്കാരെ ഈ സംവിധാനം ആകർഷിക്കും.
5ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, മോട്ടോർസൈക്കിൾ ട്രാക്ഷൻ കൺട്രോൾ, ലോഞ്ച് കൺട്രോൾ, കോർണറിങ് എബിഎസ്, റൈ ബെ വയർ ടെക്നോളജി, സൂപ്പർമോട്ടോ എബിഎസ്, പൂർണമായി അഡ്ജസ്റ്റു ചെയ്യാവുന്ന സസ്പെൻഷൻ, റെയിൻ, ട്രാക്ക്, റോഡ് എന്നീ മൂന്ന് റൈഡ് മോഡുകൾ എന്നിവയെല്ലാം പ്രത്യേകതകളാണ്.
മെക്കാനിക്കലി ഉൾപ്പടെ വേറെ മാറ്റങ്ങളൊന്നും ഇല്ല. 45 എച്ച്.പി കരുത്തും 39 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 398.63 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് ഡിഒഎച്ച്സി എഫ്ഐ എൻജിനാണ് വാഹനത്തെ ചലിപ്പിക്കുന്നത്. 6 സ്പീഡ് ട്രാൻസ്മിഷനാണുള്ളത്. 2.95 ലക്ഷം രൂപയാണ് 2025 മോഡൽ 390-യുടെ എക്സ്ഷോറൂം വില.
Content Highlights: 2025 KTM 390 Duke Launched India