ഇന്ത്യക്കാരുടെ പ്രിയപ്പെട്ട 125 സി.സി. ബൈക്ക്; പുത്തൻ ഫീച്ചറുകളുമായി ഹോണ്ട ഷൈൻ എത്തി

.
.

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട 125 സി.സി. ബൈക്കാണ് ഷൈന്‍. 2006-ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഹോണ്ട ഷൈന്‍ വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന 125 സി.സി. മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതിയും സ്വന്തമാക്കിയിരുന്നു.

കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയിലെ മുന്‍നിര മോഡലായ ഷൈനിന്റെ 2025 പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. പുതിയ കൂടുതൽ ഫീച്ചറുകളോടെയാണ് വാഹനത്തിന്റെ വരവ്. എന്നാൽ അടിസ്ഥാന ഡിസൈനിൽ മാറ്റമില്ല.

സവിശേഷതകൾ

മുൻപുണ്ടായിരുന്ന അനലോ​ഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പൂർണമായി ഡിജിറ്റൽ ക്ലസ്റ്ററിലേക്ക് മാറിയെന്നതാണ് പ്രധാന മാറ്റം. റിയൽ ടൈം മൈലേജ്, റേഞ്ച് (ഡിസ്റ്റൻസ് ടു എംറ്റി), സർവ്വീസ് ഡ്യൂ ഇൻഡിക്കേറ്റർ, ​ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഇക്കോ ഇൻഡിക്കേറ്റർ, യു.എസ്.ബി ടൈപ് സി ചാർജിങ് പോർട്ട് എന്നിവ പ്രത്യേകതകളാണ്.  

എൻജിൻ

ഒ.ബി.ഡി 2ബി നിബന്ധന പാലിക്കുന്ന 123.94 സി.സി. എൻജിനാണ് പുതിയ മോഡലിൽ ഉള്ളത്. 14.9 എച്ച്.പി കരുത്തും 11 എൻ.എം ടോർക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. 


  
വിലയും നിറങ്ങളും

ബ്ലാക്ക്, ജെനി ഗ്രേ മെറ്റാലിക്ക്, മാറ്റ് ആക്സിസ് ​ഗ്രേ മെറ്റാലിക്ക്, റെബൽ റെഡ് മെറ്റാലിക്ക്, ഡീസന്റ് ബ്ലൂ മെറ്റാലിക്ക്, പേൾ സൈറൻ ബ്ലൂ എന്നീ ആറ് കളർ ഓപ്ഷനുകളുണ്ട്. രണ്ട് വേരിയന്റുകളിൽ വാഹനം ലഭിക്കും. ഡ്രം ബ്രേക്ക് വേരിയന്റിന് 84493 രൂപ, ഡിസ്ക് ബ്രേക്ക് വേരിയന്റിന് 89245 രൂപ എന്നിങ്ങനെയാണ് എക്സ് ഷോറൂം വില.

1242, 1994 എന്നിങ്ങനെ യഥാക്രമം വേരിയന്റുകൾക്ക് വില വർധിച്ചിട്ടുണ്ട്. ബജാജ് പൾസർ 125, ടി.വി.എസ് റൈഡർ, ഹീറോ സൂപ്പർ സ്പ്ലെൻഡർ 125 എന്നിവയാണ് പ്രധാന എതിരാളികൾ. 


 

Content Highlights: 2025 Honda Shine 125 Launched India