തഴക്കര പഴഞ്ചിറക്കുളം; നിർമ്മാണത്തിലിരിക്കെ തകർന്ന പാർശ്വഭിത്തികളുടെ പുനർനിർമ്മാണം തുടങ്ങി

തഴക്കര പഞ്ചായത്തിലെ പഴഞ്ചിറക്കുളത്തിന്റെ പാര്‍ശ്വഭിത്തി തകര്‍ന്ന ഭാഗം യന്ത്രസഹായത്തോടെ പൂര്‍ണമായി പൊളിച്ചു നീക്കുന്നു
തഴക്കര പഞ്ചായത്തിലെ പഴഞ്ചിറക്കുളത്തിന്റെ പാര്‍ശ്വഭിത്തി തകര്‍ന്ന ഭാഗം യന്ത്രസഹായത്തോടെ പൂര്‍ണമായി പൊളിച്ചു നീക്കുന്നു

മാങ്കാംകുഴി: തഴക്കര ഗ്രാമപഞ്ചായത്തിൽ പൊതുമേഖലയിൽ സ്ഥിതി ചെയ്യുന്ന പഴഞ്ചിറക്കുളം, സംസ്ഥാന ബജറ്റിൽ ഒരു കോടി വകയിരുത്തി നീന്തൽ പരിശീലനകേന്ദ്രമായി നിർമ്മാണത്തിലിരിക്കെ പാർശ്വഭിത്തികൾ തകർന്ന കുളത്തിന്റെ പുനർനിർമ്മാണം തുടങ്ങി. 2025 ഒക്ടോബറിലാണ് കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

തിരുവനന്തപുരം സ്‌പോർട്ട്‌സ് കേരള ഫൗണ്ടേഷനാണ് നീന്തൽ പരിശീലനകേന്ദ്രത്തിന്റെ നിർമ്മാണച്ചുമതല. നിർമ്മാണം നടക്കുന്നതിനിടെ 2026 ജൂലൈയിൽ കുളത്തിന്റെ വടക്കുവശത്തെ ഭിത്തി തകർന്നുവീണു. കഴിഞ്ഞ ഒക്ടോബർ അവസാനവാരം തെക്കുവശത്തെ ഭിത്തിയും തകരുകയുണ്ടായി. അശാസ്ത്രീയമായ നിർമ്മാണമാണ് പാർശ്വഭിത്തികൾ തകരാനുള്ള കാരണമെന്ന് നാട്ടുകാർ പറയുമ്പോൾ, കാലാവസ്ഥാ വ്യതിയാനമാണ് കാരണമെന്ന് എൻജിനീയറിങ് വിഭാഗവും പറയുന്നു.

ടെണ്ടറെടുത്ത കരാറുകാരൻ ഒന്നരയേക്കർ വിസ്തീർണമുള്ള കുളത്തിൽ ആറടിയോളം താഴ്ചയിൽ ചെളി നീക്കം ചെയ്തിരുന്നു. ആദ്യം തകർന്നുവീണ കുളത്തിന്റെ വടക്കുഭാഗത്തെ ഭിത്തി പൂർണമായി മൂന്ന് യന്ത്രങ്ങളുടെ സഹായത്തോടെ പൊളിച്ചു നീക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. പഴയ കൽക്കെട്ടിന് മുകളിൽ നിന്നാണ് പാർശ്വഭിത്തികൾ കെട്ടിയിരുന്നത്. അത് പൂർണമായി പൊളിച്ചുമാറ്റി കുളത്തിന്റെ അടിത്തട്ടിൽനിന്ന് പാറകെട്ടിയാണ് പുതുതായി കെട്ടുകയെന്ന് അസി.എക്‌സിക്യുട്ടീവ് എൻജിനീയർ വിനയകൃഷ്ണൻ പറഞ്ഞു.

തെക്കുവശം തകർന്നതിന് പുതിയ എസ്റ്റിമേറ്റ് കൊടുത്തിട്ടുണ്ടെന്നും ആ തുക നൽകാമെന്ന് എം.എസ്.അരുൺകുമാർ എം.എൽ.എ. പറഞ്ഞിട്ടണ്ടെന്നും വിനയകൃഷ്ണൻ പറഞ്ഞു.

Content Highlights: Reconstruction works have started for the collapsed side walls of the Pazhanchira pond being built into a swimming facility in Thazhakkara.